ബംഗളൂരു: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഏഴ് മാസത്തോളമായി തടവില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട് കര്‍ണാടക ഹൈക്കോടതി. അഞ്ച് കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലുണ്ട്. ഈ പണം മത്സ്യം, പച്ചക്കറി കച്ചവടം നടത്തി ലഭിച്ച തുകയാണെന്ന് മുന്‍പ് ബിനീഷ് കോടതിയില്‍ വാദിച്ചിരുന്നു. ഇതിന് വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
പണത്തിന്റെ കൃത്യമായ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി ബിനീഷിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. എന്നാല്‍ കേസില്‍ ആദ്യം അറസ്‌റ്റിലായ അനൂപ് മുഹമ്മദ് നല്‍കിയ പണമല്ല ഇതെന്നും രേഖകള്‍ മുന്‍പ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ അക്കൗണ്ടിലെ പണത്തിന്റെ രേഖ സംബന്ധിച്ച് കൃത്യമായൊരു വിശദീകരണം തരാന്‍ അഭിഭാഷകന് കഴിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
രേഖകള്‍ സമര്‍പ്പിക്കാന്‍ മേയ് 24 വരെ സമയം തരുമെന്നും ഹാജരാക്കിയില്ലെങ്കില്‍ ജാമ്യഹര്‍ജി തളളുമെന്നും കോടതി ബിനീഷിന്റെ അഭിഭാഷകരെ അറിയിച്ചു. കേസ് ഇനി മേയ് 24ന് പരിഗണിക്കും.നവംബര്‍ മാസത്തില്‍ ഇ.ഡിഅറസ്‌റ്റ് ചെയ്‌ത ബിനീഷ് കാന്‍സര്‍ ബാധിതനായ അച്ഛനെ കാണാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാമ്യഹര്‍ജി നല്‍കിയത്.