കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ ഹവാല, ബിനാമി ഇടപാട്, കള്ളപ്പണം വെളുപ്പില്‍ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചിരുന്നത്. കേസന്വേഷണം ഇഡി ഏറ്റെടുത്തത് മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അവരുടെ നിരീക്ഷണത്തിലുമായിരുന്നു എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകള്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം, ബിനീഷിന്റെ ബംഗളുരു കമ്പനികള്‍ വഴി നടത്തിയ സംശയകരമായ ഇടപാടുകള്‍ എന്നിവയാണ് ഇഡി പരിശോധിച്ചത്.
നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിങ്ങിനുള്ള കരാര്‍ നേടിക്കൊടുത്തത് യുഎഎഫ്എക്‌സ് സൊല്യൂഷന്‍ എന്ന കമ്പനിക്കാണെന്നു മൊഴി നല്‍കിയിരുന്നു.
ഈ കമ്പനി തനിക്ക് 70 ലക്ഷം രൂപ നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. ഈ കമ്പനിയുടെ ഉടമ അബ്ദുള്‍ ലത്തീഫ് എന്നയാളാണ്. എന്നാല്‍ ഇയാള്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.
ബിനീഷ് തിരുവനന്തപുരത്ത് യാത്രചെയ്യുന്ന ആഡംബരകാറിന്റെ രജിസ്‌ട്രേഷന്‍ ലത്തീഫിന്റെ പേരിലാണെന്നും സൂചനയുണ്ട്. ഇത്തരം ബന്ധങ്ങളാണ് സ്വപ്നയെ ബംഗളുരുവിലേക്ക് രക്ഷപെടാന്‍ സഹായിച്ചതെന്നാണ് നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ ചിലത് ബിനീഷിന്റെ ബംഗളുരു കമ്പനി വഴിയായിരുന്നു. ബി ക്യാപ്പിറ്റല്‍ ഫൈനാന്‍ഷ്യല്‍ സൊലൂഷ്യന്‍സ്, ബി ക്യാപ്പിറ്റല്‍ ഫോറെക്‌സ് ട്രേഡിങ് എന്നീ കമ്പനികളാണ് ബിനീഷിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നത്.
ഈ കമ്പനികളുടെ അക്കൗണ്ടിലൂടെ കോടിക്കണക്കിന് രൂപയുടെ വിനിമയം നടന്നതായി വിവരമുണ്ട്. ഇതിന്റെ രേഖകളുടെ അടിസ്ഥാനത്തിലാണ് ബിനീഷിന്റെ ചോദ്യം ചെയ്യല്‍.
ബിനീഷിന്റെ രണ്ടു കമ്പനികളുടെയും ബാങ്ക് ഇടപാടിന്റെ വിവരങ്ങള്‍ ഇഡിയുടെ കയ്യിലുണ്ട്. ഈ ഇടപാടുകള്‍ സംബന്ധിച്ച് കൃത്യമായ മറുപടി ബിനീഷിന് നല്‍കാനായില്ലെങ്കില്‍ ബിനീഷിന് മേല്‍ കുരുക്കു മുറുകും.
അതേസമയം ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയും വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുമൊന്നും കമ്പനികാര്യ മന്ത്രാലയത്തിന് ഒരു വര്‍ഷം പോലും നല്‍കിയിട്ടില്ല.
ഇത്തരം ഹവാല ഇടപാടുകള്‍ നടക്കുന്നതിനാണ് കണക്കുകള്‍ നല്‍കാത്തതെന്നാണ് സൂചന. അതിനിടെ സ്വര്‍ണക്കള്ളക്കടത്തുമായി ബംഗളുരു മയക്കുമരുന്ന് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതായി ഇഡി രേഖാമൂലം കോടതിയെ അറിയിച്ചു. ഉന്നതനായ ഒരാളടക്കം 20 പേരെ ചോദ്യം ചെയ്യാനുണ്ടെന്നാണ് ഇഡിയുടെ വാദം. ഇതും ബിനീഷിന് തലവേദനയാകും.