ജയ്പൂര്‍: മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണയ്ക്കാന്‍ മുന്‍ മുഖ്യമന്ത്രിയും രാജസ്ഥാനിലെ പ്രമുഖ ബിജെപി നേതാവുമായ വസുന്ധര രാജെ ശ്രമിക്കുന്നതായി ആരോപണം. എന്‍ഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയുടെ നേതാവും എംപിയുമായ ഹനുമാന്‍ ബെനിവാളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗെലോട്ടിനെ പിന്തുണയ്ക്കണന്ന് തന്നോട് അടുപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരോട് വസുന്ധര രാജെ ആവശ്യപ്പെട്ടതായാണ് ബെനിവാള്‍ ആരോപിച്ചത്. 'സച്ചിന്‍ പൈലറ്റില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും വസുന്ധര എംഎല്‍എമാരോട് ആവശ്യപ്പെട്ടു. എന്റെ കൈയ്യില്‍ തെളിവുണ്ട്'-ബെനിവാള്‍ ട്വീറ്റ് ചെയ്തു.
ആരോപണത്തോട് വസുന്ധര രാജെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാനഘടകം ബെനിവാളിനോട് ആവശ്യപ്പെട്ടു. നേരത്തെയും വസുന്ധര രാജെയുമായി വാക്‌പോര് നടത്തിയിട്ടുള്ള നേതാവാണ് ഹനുമാന്‍ ബെനിവാള്‍.