Advertisment

'ചെകുത്താന്റെ മനസ്സുള്ളവര്‍', ബ്രസീല്‍ നൃത്തം ചെയ്ത് കൊറിയയെ അപമാനിച്ചെന്ന് റോയ് കീന്‍

New Update

publive-image

Advertisment

ലോകകപ്പില്‍ പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ ഓരോ ഗോള്‍ നേടിയ ശേഷവുമുള്ള ബ്രസീല്‍ താരങ്ങളുടെ നൃത്തം കൊറിയന്‍ ടീമിനെ അപമാനിച്ചതിന് തുല്യമാണെന്ന് ഐറിഷ് മുന്‍ മിഡ്ഫീല്‍ഡറും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായിരുന്ന റോയ് കീന്‍. താന്‍ ഒരിക്കലും ഇത്രയധികം ഡാന്‍സ് കണ്ടിട്ടില്ലെന്നും ഇത് എതിരാളികളോടുള്ള അനാദരവാണെന്നും കോയ് കീന്‍ വിമര്‍ശിച്ചു.

ഞാന്‍ കാണുന്നതിനെ എനിക്ക് വിശ്വസിക്കാനായില്ല. ഞാന്‍ ഒരിക്കലും ഇത്രയധികം ഡാന്‍സ് കണ്ടിട്ടില്ല. ഇത് എതിരാളികളോടുള്ള അനാദരവാണ്. നാല് ഗോളടിച്ചപ്പോഴും അവര്‍ അങ്ങനെ ചെയ്തു. അതിന് പുറമെ പരിശീലകനും പങ്കാളിയായി. ഈ രീതി ഞാന്‍ ഇഷ്ടപ്പെടുന്നില്ല, ഇത് നല്ല രീതിയാണെന്ന് തോന്നുന്നില്ല- കീന്‍ പറഞ്ഞു.

എന്നാല്‍ ഗോള്‍ ആഘോഷിക്കുന്നതിനെ എതിരാളികളോടുള്ള അനാദരവായി കണ്ട് ആഘോഷങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കരുതെന്ന് ബ്രസീല്‍ പരീശീലകന്‍ ടിറ്റെ പറഞ്ഞു. ചെകുത്താന്റെ മനസ്സുള്ളവര്‍ക്കേ അങ്ങനെയൊക്കെ പറയാനാവൂ. കൊറിയന്‍ പരിശീലകനായ പൗളോ ബെന്റോയോട് തനിക്ക് ഏറെ ബഹുമാനമുണ്ടെന്നും വാക്കുകള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ എതിരാളികളോട് അനാദരവ് കാട്ടിയിട്ടില്ലെന്നും ടിറ്റെ വ്യക്തമാക്കി.

ടീം അംഗങ്ങളുമായുള്ള ആത്മബന്ധം തെളിയിക്കുന്നതാണ് ആ ആഘോഷപ്രകടനങ്ങള്‍. എന്റെ കുട്ടികള്‍ യുവാക്കളാണ്. അവരുടെ ആഘോഷത്തില്‍ പങ്കുചേരാനാണ് ഞാന്‍ ശ്രമിച്ചത്. ഗോളടിച്ചാല്‍ തന്നെക്കൊണ്ട് നൃത്തം ചെയ്യിക്കുമെന്ന് കളിക്കാര്‍ നേരത്തെ പറഞ്ഞിരുന്നെന്നും ടിറ്റെ പറഞ്ഞു.
Advertisment