ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും കക്ഷിഭേദമില്ലാതെ സ്ഥാനാർത്ഥികളെല്ലാം വാഗ്ദാനം ചെയ്യും. ജയിച്ചാൽ പുതിയ പാലം ഉറപ്പ്. പക്ഷേ പാലം കടന്നാലോ, പിന്നെയാരെയും ഈ വഴി മഷിയിട്ടു നോക്കിയാൽ കാണില്ലെന്നാണ് നാട്ടുകാരുടെ പരാതി.രാമപുരം -കടനാട് പഞ്ചായത്തുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഐങ്കൊമ്പ് അഞ്ചാം മൈൽ പാലം വീതി കൂട്ടി ഗതാഗത യോഗ്യം ആക്കണമെന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ടിൻ്റെ പഴക്കമുണ്ട്.
/sathyam/media/post_attachments/HzkDtjjCYWSwoosZUzys.jpg)
1994 ൽ പണിത നടപ്പാലം രാമപുരം പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളും കടനാട് പഞ്ചായത്തിലെ പത്താം വാർഡും അതിരിടുന്നു.
നിലവിൽ ഐങ്കൊമ്പ് ഭാഗത്തു നിന്നും ഏഴാച്ചേരി ഹോമിയോ ആശുപത്രിയിലേക്കും മറ്റും വരുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ കേവലം 300 മീറ്റർ സഞ്ചരിക്കേണ്ടിടത്തു മൂന്നര കിലോമീറ്റർ ചുറ്റി കൊല്ലപ്പിള്ളി വഴിയാണിപ്പോൾ ആശുപത്രിയിൽ എത്തുന്നത്. ഒരു ഓട്ടോറിക്ഷാ കടന്നു പോകാനുള്ള വീതി പോലും ഈ പാലത്തിനില്ല എന്നതു തന്നെ കാരണം
ഏഴാച്ചേരിയിൽ നിന്നും ഐങ്കൊമ്പ് പള്ളി, പാറേക്കാവ് ദേവീക്ഷേത്രം, ഐങ്കൊമ്പ് ഗവ :എൽ. പി.സ്കൂൾ, അംബികാ വിദ്യാഭവൻ, ആയൂർവ്വേദ ചികിത്സാ കേന്ദ്രം, അംഗൻവാടി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ടവരും ഇപ്പോൾ വഴി ചുറ്റി ബുദ്ധിമുട്ടുകയാണ്.
പാലത്തിൻ്റെ ഇരു വശങ്ങളിലുമുള്ള റോഡിനു വീതിയുണ്ടെങ്കിലും പാലത്തിന്റെ വീതിക്കുറവാണ് യാത്രാ തടസ്സം സൃഷ്ടിക്കുന്നത്.
കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള നടപ്പാലത്തിനിപ്പോൾ ബലക്ഷയവും ഉണ്ട്.കൽക്കെട്ടുകൾ ഇളകിയ നിലയിലാണ്. പാലത്തോടു ചേർന്നുള്ള അപ്രോച്ച് റോഡിലും വിള്ളലുകളുണ്ട്. വെള്ളപ്പൊക്കത്തിൽ പാലത്തിൽ വെള്ളം കയറുന്ന സ്ഥിതിയുമുണ്ട്. എത്രയും വേഗം പാലം വീതി കൂട്ടി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.
ജനപ്രതിനിധികൾ പറയുന്നത്......
അഞ്ചാംമൈൽപാലം വീതി കൂട്ടി ഗതാഗതയോഗ്യമാക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി സന്തോഷ്, കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ രാജു, വാർഡ് മെമ്പർ രെജി ജയൻ എന്നിവർ പറഞ്ഞു. എന്നാൽ പുതിയ പാലം നിർമ്മിക്കാൻ തക്കവണം തുക പഞ്ചായത്തുകൾക്കില്ല. ഈ സാഹചര്യത്തിൽ ഇരു പഞ്ചായത്തുകളും സംയുക്തമായി എം. എൽ. എ , എം.പി. എന്നിവർക്ക് നിവേദനം നൽകുന്ന കാര്യം പരിഗണിക്കുകയാണെന്നും രാമപുരം, കടനാട് പഞ്ചായത്ത് പ്രസിഡൻ്റുമാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us