ബജറ്റ് സാരികളിലെ രാഷ്ട്രീയം: മംഗളഗിരി മുതൽ മധുബനി വരെ; 2026-ൽ എന്ത്?

'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന ആഹ്വാനം ഉയര്‍ത്തിപ്പിടിച്ച് ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും നെയ്ത്തുകാരെയും പിന്തുണയ്ക്കുന്നതാണ് അവരുടെ ഓരോ വസ്ത്രധാരണവും.

New Update
Untitled

ഡല്‍ഹി: ഓരോ ബജറ്റ് ദിനത്തിലും ധനമന്ത്രി നിര്‍മല സീതാരാമന്‍ ധരിക്കുന്ന സാരികള്‍ക്ക് പിന്നില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ തനതായ കൈത്തറി പൈതൃകത്തിന്റെ കഥയുണ്ട്.

Advertisment

'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന ആഹ്വാനം ഉയര്‍ത്തിപ്പിടിച്ച് ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും നെയ്ത്തുകാരെയും പിന്തുണയ്ക്കുന്നതാണ് അവരുടെ ഓരോ വസ്ത്രധാരണവും.

2019 - മംഗളഗിരി സില്‍ക്ക്: ആന്ധ്രാപ്രദേശിലെ മംഗളഗിരി സാരിയായിരുന്നു ആദ്യ ബജറ്റില്‍ അവര്‍ തിരഞ്ഞെടുത്തത്. പരമ്പരാഗതമായ ബ്രീഫ്‌കേസിന് പകരം 'ബഹി ഖാത' (ചുവന്ന തുണിയില്‍ പൊതിഞ്ഞ കണക്കുപുസ്തകം) കൊണ്ടുവന്ന് അവര്‍ ചരിത്രം കുറിച്ചതും അന്നാണ്.

2020 - മഞ്ഞയും നീലയും: ഒപ്റ്റിമിസത്തിന്റെ പ്രതീകമായ മഞ്ഞ സാരിയാണ് 2020-ല്‍ ധരിച്ചത്. സാമ്പത്തിക വളര്‍ച്ചയിലുള്ള ശുഭപ്രതീക്ഷയായിരുന്നു ആ നിറം നല്‍കിയ സന്ദേശം.


2021 - പോച്ചംപള്ളി ഇക്കത്ത്: തെലങ്കാനയുടെ തനതായ പോച്ചംപള്ളി ഇക്കത്ത് സാരിയായിരുന്നു കോവിഡ് കാലത്തെ ബജറ്റില്‍ അവര്‍ അണിഞ്ഞത്. ചുവപ്പും വെള്ളയും പച്ചയും കലര്‍ന്ന ഈ സാരി വളര്‍ച്ചയെയും അതിജീവനത്തെയും സൂചിപ്പിച്ചു.


2022 - ബൊംകായ് സാരി: ഒഡീഷയുടെ പൈതൃകം വിളിച്ചോതുന്നതായിരുന്നു 2022-ലെ ബ്രൗണ്‍ നിറത്തിലുള്ള ബൊംകായ് സാരി.

2023 - ക്ഷേത്ര രൂപങ്ങളുള്ള ചുവന്ന സില്‍ക്ക്: അധികാരത്തിന്റെയും ഊര്‍ജ്ജത്തിന്റെയും പ്രതീകമായ ചുവന്ന സാരിയാണ് അന്ന് തിരഞ്ഞെടുത്തത്. അതിലെ തേരിന്റെയും മയിലിന്റെയും രൂപങ്ങള്‍ സ്ഥിരതയെയും പാരമ്പര്യത്തെയും അടയാളപ്പെടുത്തി.

2024 - പശ്ചിമ ബംഗാള്‍ & ആന്ധ്ര: ഇടക്കാല ബജറ്റില്‍ പശ്ചിമ ബംഗാളിലെ കാന്ത എംബ്രോയ്ഡറി സാരിയും, പൂര്‍ണ്ണ ബജറ്റില്‍ ആന്ധ്രയുടെ മംഗളഗിരി സാരിയുമാണ് ധരിച്ചത്. പോളവാരം പദ്ധതി ഉള്‍പ്പെടെയുള്ളവയ്ക്കുള്ള സഹായം പ്രഖ്യാപിച്ച ബജറ്റില്‍ ആന്ധ്രയുടെ സാരി ധരിച്ചത് ശ്രദ്ധേയമായി.


2025 - മധുബനി മീന്‍ എംബ്രോയ്ഡറി: ബിഹാറിലെ പത്മശ്രീ ജേതാവ് ദുലാരി ദേവി സമ്മാനിച്ച മധുബനി സാരിയായിരുന്നു കഴിഞ്ഞ വര്‍ഷം. ബിഹാര്‍ പാക്കേജിന്റെ പശ്ചാത്തലത്തില്‍ ഈ സാരി വലിയ ചര്‍ച്ചയായിരുന്നു.


ഓരോ വര്‍ഷവും ഓരോ സംസ്ഥാനത്തെയും അവിടുത്തെ കലാകാരന്മാരെയും ആദരിക്കുന്ന രീതിയാണ് നിര്‍മല സീതാരാമന്‍ പിന്തുടരുന്നത്.

സുസ്ഥിരമായ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍സ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമീണ കൈത്തറി മേഖലയ്ക്ക് വലിയൊരു പ്രചോദനം നല്‍കാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇത്തവണയും ഏതെങ്കിലും സംസ്ഥാനത്തിന്റെ തനതായ നെയ്‌ത്തോ നിറമോ ബജറ്റിലെ നയപ്രഖ്യാപനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Advertisment