ഞായറാഴ്ച വിപണി സജീവം; ബജറ്റിന് തൊട്ടുമുമ്പ് ഓഹരി വിപണിയിൽ ചാഞ്ചാട്ടം, സ്വർണവില ഇടിഞ്ഞു

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവയില്‍ മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് സ്വര്‍ണം, വെള്ളി ഫ്യൂച്ചറുകള്‍ 6 ശതമാനത്തോളം ഇടിഞ്ഞു.

New Update
Untitled

മുംബൈ: 2026-ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം. ഞായറാഴ്ച പ്രത്യേക വ്യാപാരം നടക്കുന്നതിനാല്‍ നിക്ഷേപകര്‍ അതീവ ജാഗ്രതയോടെയാണ് വിപണിയെ സമീപിക്കുന്നത്.

Advertisment

വിപണി തുടങ്ങിയപ്പോള്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സെന്‍സെക്‌സ് വ്യാപാരം തുടങ്ങിയ ഉടന്‍ 100 പോയിന്റ് താഴ്‌ന്നെങ്കിലും, പിന്നീട് തിരിച്ചുകയറി നേട്ടത്തിലേക്ക് (പച്ച) മാറി. എന്നാല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ  നിഫ്റ്റി രാവിലെ 9:40-ഓടെ നഷ്ടത്തിലാണ് (ചുവപ്പ്) തുടരുന്നത്.


നേട്ടമുണ്ടാക്കിയവര്‍: സണ്‍ ഫാര്‍മ, ഭാരത് ഇലക്ട്രോണിക്സ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്.

നഷ്ടത്തിലായവര്‍: ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, എറ്റേണല്‍, ടെക് മഹീന്ദ്ര.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാവിലെ 11 മണിക്ക് തന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരിപ്പിക്കുന്നതിനാലാണ് ഞായറാഴ്ചയായിട്ടും ഓഹരി വിപണികള്‍ക്ക് പ്രത്യേക പ്രവൃത്തിദിനം പ്രഖ്യാപിച്ചത്. അതേസമയം, ഡെറ്റ്, ഫോറെക്‌സ് വിപണികള്‍ക്ക് അവധിയാണ്.


കഴിഞ്ഞ ബജറ്റിന് ശേഷം നിഫ്റ്റി 50 വെറും 7.8 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചതും കോര്‍പ്പറേറ്റ് വരുമാനത്തിലെ കുറവും കാരണം ഏഷ്യന്‍ വിപണികളെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണിയുടെ പ്രകടനം മങ്ങിയതായിരുന്നു. എങ്കിലും, ജിഎസ്ടി ഇളവുകളും പലിശ നിരക്ക് കുറച്ചതും വിപണിക്ക് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്.


സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവയില്‍ മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് സ്വര്‍ണം, വെള്ളി ഫ്യൂച്ചറുകള്‍ 6 ശതമാനത്തോളം ഇടിഞ്ഞു.

വ്യാഴാഴ്ച പുറത്തിറക്കിയ സാമ്പത്തിക സര്‍വേ പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം 7.4 ശതമാനവും, അടുത്ത സാമ്പത്തിക വര്‍ഷം (202627) 6.8 മുതല്‍ 7.2 ശതമാനം വരെയും ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Advertisment