Advertisment

ക്യാപിറ്റോള്‍ ആക്രമണം: നാഷണല്‍ ഗാര്‍ഡിനെ വിളിക്കാനുള്ള തന്റെ ശ്രമങ്ങളെ സെനറ്റ് ഉദ്യോഗസ്ഥര്‍ നിരസിച്ചുവെന്ന് പോലീസ് മേധാവി

New Update

publive-image

Advertisment

വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപിനെ പിന്തുണച്ചുകൊണ്ടുള്ള പ്രകടനത്തിന് മുന്നോടിയായി നാഷണല്‍ ഗാർഡിനെ വിളിക്കണമെന്ന തന്റെ അഭ്യർത്ഥനകളെ സഭയിലെ സെനറ്റ് ഉദ്യോഗസ്ഥർ നിരസിച്ചതായി യുഎസ് ക്യാപിറ്റോള്‍ പോലീസ് മേധാവി ആരോപിച്ചു.

സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥരുടെ വാദത്തിന് ഘടകവിരുദ്ധമായാണ് പോലീസ് മേധാവി സ്റ്റീവൻ സണ്‍‌ഡിന്റെ പ്രസ്താവന. ക്യാപിറ്റോളിലെ അക്രമത്തിന് മുമ്പും ശേഷവും ഒന്നിലധികം തവണ നാഷണൽ ഗാർഡിനെ വിളിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം മുമ്പത്തെ പ്രകടനങ്ങളെക്കാൾ വളരെ വിപുലമായിരിക്കുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അഭിപ്രായപ്പെട്ടിട്ടും ഗാർഡിനെ വിളിക്കാനുള്ള ഔദ്യോഗിക നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ സൂപ്പർവൈസർമാർ വിമുഖത കാണിച്ചു. ഞായറാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സണ്‍‌ഡിന്റെ ഞെട്ടിപ്പിക്കുന്ന പ്രസ്താവന.

publive-image

ബുധനാഴ്ച, സായുധ പ്രക്ഷോഭകർ യുഎസ് ക്യാപിറ്റോളിലേക്ക് അതിക്രമിച്ചു കയറി, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാക്ഷ്യപ്പെടുത്തുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന വോട്ടുകൾ നിർത്താൻ ചേംബറിനെ നിർബന്ധിച്ചു. നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കാൻ വിസമ്മതിച്ച ട്രംപ് അക്രമത്തിന് തുടക്കമിട്ടു, “നരകം പോലെ പോരാടുക” എന്നാണ് തന്റെ അനുഭാവികളോട് ട്രം‌പ് ആവശ്യപ്പെട്ടത്.

“വെറും പ്രകടനമല്ല, പ്രക്ഷോഭമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു,” സണ്‍‌ഡ് പോസ്റ്റിനോട് പറഞ്ഞു. “ഞങ്ങൾക്ക് ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വലിയ ജനക്കൂട്ടമുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. അക്രമാസക്തമായ നീക്കങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ടായിരുന്നു. വലിയൊരു ജനക്കൂട്ടം ക്യാപിറ്റോള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും എനിക്ക് അറിയാമായിരുന്നു," സണ്‍‌ഡ് പറയുന്നു.

ബുധനാഴ്ച ക്യാപിറ്റോള്‍ ഹില്ലിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഉദ്യോഗസ്ഥർ ഉന്നയിച്ച അവകാശവാദങ്ങൾക്ക് വിരുദ്ധമായാണ് സണ്‍‌ഡിന്റെ പ്രസ്താവന. നാഷണൽ ഗാർഡും മറ്റ് അധിക സുരക്ഷാ പിന്തുണയും നൽകാമായിരുന്നുവെന്ന് സണ്‍‌ഡിന്റെ മേലുദ്യോഗസ്ഥർ പറഞ്ഞിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

ക്യാപിറ്റോള്‍ ആക്രമിക്കുന്നതിനു മുമ്പ് ആറ് തവണ താൻ സഹായം അഭ്യർത്ഥിച്ചതായി സണ്‍‌ഡ് പറയുന്നു. ഓരോ അഭ്യർത്ഥനകളും നിരസിക്കുകയോ വൈകിപ്പിക്കുകയോ ചെയ്തെന്നും അദ്ദേഹം പറയുന്നു.

"വാഷിംഗ്‌ടൺ ഡിസി മേയർ മുരിയൽ ബൗസറും ക്യാപിറ്റോളില്‍ ചെറിയ പോലീസ് സന്നാഹമേ ആഗ്രഹിച്ചിരുന്നുള്ളൂ. കഴിഞ്ഞ വേനൽക്കാലത്ത് വൈറ്റ് ഹൗസിനു സമീപം സമാനമായ ഒരു സാഹചര്യത്തിലും അവര്‍ അതേ വഴിയാണ് സ്വീകരിച്ചത്. എന്നാല്‍, അന്ന് ഫെഡറല്‍ സൈന്യമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ പ്രതിരോധിക്കാനെത്തിയത്," അദ്ദേഹം പറയുന്നു.

publive-image

ബുധനാഴ്ച നടന്ന അക്രമത്തിനിടെ, ഡി‌സി നാഷണൽ ഗാർഡിൽ നിന്ന് വെറും 340 സൈനികരെയാണ് ആവശ്യപ്പെട്ടതും വിന്യസിച്ചതും. അവരാകട്ടേ നിരായുധരുമായിരുന്നു. കാരണം, അവരുടെ ജോലി ട്രാഫിക് നിയന്ത്രണമായിരുന്നു, നിയമപാലനമായിരുന്നില്ല. അത് ക്യാപിറ്റോള്‍ പോലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നു.

ജനക്കൂട്ടം ബുധനാഴ്ച 12:40 ഓടെ ക്യാപിറ്റോള്‍ സമുച്ചയത്തിലെത്തിയപ്പോൾ, കെട്ടിടത്തിന്റെ പടിഞ്ഞാറ് വശത്തെ പരിധി ലംഘിക്കാൻ 15 മിനിറ്റു മാത്രമേ എടുത്തുള്ളൂ എന്ന് അദ്ദേഹം പറയുന്നു. അന്ന് 1,400 ഓളം വരുന്ന ക്യാപിറ്റോള്‍ പോലീസ് സംഘത്തെ 8,000ത്തോളം കലാപകാരികൾ പെട്ടെന്ന് കീഴടക്കി. നേരെ മറിച്ച് ഞങ്ങൾക്ക് നാഷണല്‍ ഗാര്‍ഡിന്റെ സഹായമുണ്ടായിരുന്നുവെങ്കില്‍ പ്രക്ഷോഭകാരികളെ തടഞ്ഞു നിര്‍ത്താമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഉച്ചകഴിഞ്ഞ് 2: 26 ന് നിരവധി നിയമപാലകരുമായി നടത്തിയ കോൺഫറൻസ് കോളിനിടെയാണ് ബാക്കപ്പ് നൽകാൻ പെന്റഗണിനോട് അദ്ദേഹം ആവശ്യപ്പെട്ടതെന്നു പറഞ്ഞു. മൂന്നു മണിക്കൂറിനു ശേഷം നാഷണല്‍ ഗാര്‍ഡ് എത്തുന്നതിനു മുന്‍പേ നാശനഷ്ടങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരുന്നു എന്നും സണ്‍‌ഡ് കൂട്ടിച്ചേര്‍ത്തു.

അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു ക്യാപിറ്റൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. സഭാ സ്പീക്കർ നാൻസി പെലോസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ജനുവരി 16 ന് സണ്‍‌ഡ് സ്ഥാനമൊഴിയുന്നു.

us news
Advertisment