മുംബൈ: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ മിഥുൻ ചക്രവർത്തിയുടെ മകനും നടനുമായ മഹാക്ഷയ്ക്കെതിരേ കേസെടുത്തു. മൂന്ന് വർഷത്തിലേറെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമാണ് ആരോപണം. 38കാരിയുടെ പരാതിയിൽ മുംബൈ ഒഷിവാര പൊലീസാണ് കേസെടുത്തത്.
/sathyam/media/post_attachments/mUG85b5krHuf7dJJ8EZH.jpg)
ബലാത്സംഗക്കുറ്റമടക്കം ചുമത്തിയാണ് പൊലീസ് മഹാക്ഷയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിത ബാലിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
2015 മെയ് മാസത്തിലാണ് മഹാക്ഷയ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയിൽ ആരോപിച്ചിട്ടുള്ളത്. വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തിനൽകി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. വിവാഹവാഗ്ദാനം നൽകി മൂന്ന് വർഷത്തിലേറെ പീഡനം തുടർന്നെന്നും യുവതി പറയുന്നു.
മഹാക്ഷയുടെ മാതാവ് യോഗിത ബാലി തന്നെ ഭീഷണിപ്പെടുത്തിയെന്നും 2018-ൽ മഹാക്ഷയ് വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിനുശേഷമായിരുന്നു നടിയും മോഡലുമായ മദാലസ ശർമ്മയുമായുള്ള മഹാക്ഷയുടെ വിവാഹമെന്നും ഇവർ പറയുന്നു. ഡൽഹിയിലാണ് യുവതി ഇപ്പോൾ താമസിക്കുന്നത്.
2018 ജൂണിൽ ഡൽഹി ബേഗംപുർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. മഹാക്ഷയിയും മാതാവും കേസിൽ മുൻകൂർ ജാമ്യം നേടിയിരുന്നു. തുടർന്ന് യുവതി ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും കോടതി നിർദേശമനുസരിച്ച് ഒഷിവാര പൊലീസിൽ പരാതി നൽകുകയുമായിരുന്നു.