ജ്വല്ലറി ഉടമയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയെയും മകനെയും കൊലപ്പെടുത്തി; 17 കിലോ സ്വര്‍ണം കവര്‍ന്നു

ന്യൂസ് ബ്യൂറോ, ചെന്നൈ
Wednesday, January 27, 2021

ചെന്നൈ: തമിഴ്‌നാട്ടില്‍ ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി കൊള്ളസംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. 17 കിലോ സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച രാജസ്ഥാനില്‍ നിന്നുള്ള കൊള്ള സംഘവുമായി പൊലീസ് ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊലപ്പെടുകയും മൂന്ന് പേരെ പിടികൂടുകയും ചെയ്തു. ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെ ആറുമണിയോടെ മയിലാടുംതുറയിലെ സിര്‍ക്കഴിയില്‍ വച്ചാണ് സംഭവം. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ജ്വല്ലറി ഉടമ ധനരാജിന്റെ വീട്ടിലേക്കാണ് അഞ്ചംഗ സംഘം അതിക്രമിച്ച് കയറിയത്. ധനരാജിന്റെ ഭാര്യ ഡി ആശ, മകന്‍ അഖില്‍ എന്നിവരാണ് ആക്രമണത്തില്‍ കൊലപ്പെട്ടത്. ധനരാജിനും അഖിലിന്റെ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു.

വിവരം അറിഞ്ഞ സ്ഥലത്തെത്തിയ പൊലീസിന് കൊള്ളമുതലുമായി തൊട്ടടുത്തുള്ള ഗ്രാമമായ ഇരുക്കൂറിലേക്ക് അക്രമിസംഘം പോയതായി വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് കൊള്ളമുതല്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് അക്രമി സംഘവുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.

കൊള്ള സംഘാംഗമായ മണിബാല്‍ ആണ് കൊല്ലപ്പെട്ടത്. മൂന്ന് പേരെ പിടികൂടിയ പൊലീസ് കടന്നുകളഞ്ഞ അഞ്ചാമന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

×