സ്വരം നന്നായപ്പോൾ പാട്ട് നിർത്താതെ മുഖ്യമന്ത്രി പത്ര സമ്മേളനങ്ങളുമായി മുന്നേറിയപ്പോൾ കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിമാർ ബിബിസിയിലും യുഎന്നിലുമൊക്കെ വാർത്തകൾ സൃഷ്ടിച്ചു ! ഓടുന്ന നായ്ക്ക് ഒരു മുഴം മുമ്പേ എറിഞ്ഞുകൊണ്ട് പോരാളിഷാജിമാർ വാഴ്ത്തിപ്പാടി ! അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നപോലെ പോരാളികൾ മാധ്യമങ്ങൾക്കെതിരെ തിരിയുമ്പോൾ പഴഞ്ചൊല്ലുകൾ കൊണ്ടുള്ള വിമർശനങ്ങളുമായി ദാസനും വിജയനും  

ദാസനും വിജയനും
Tuesday, August 11, 2020

‘പാടത്തെ പണിയും വരമ്പത്തെ കൂലി’യുമായി ജീവിച്ചുപോകുന്ന നേതാവും പോരാളികളുമാണ് നമ്മളെ ഭരിക്കുന്നത്. ഇതുപോലെ ഒരബദ്ധം ലോകത്ത് ഒരു രാഷ്ട്ര നേതാവിനോ മുഖ്യമന്ത്രിക്കോ പാർട്ടിക്കോ ഉണ്ടായിട്ടുണ്ടെന്ന് നമ്മൾ കരുതുന്നില്ല.

‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്നതുപോലെ ജനങ്ങളുടെ കണ്ണിലുണ്ണിയാകുവാൻ ഇറങ്ങിപ്പുറപ്പെട്ട നേരത്ത് ഇങ്ങനെയൊരു തിരിച്ചടി നേരിടുമെന്ന് കൺസൾട്ടൻസി കമ്പനിക്കാരോ പിആർ മാനേജർമാരോ മാധ്യമ ഉപദേശകരോ മനസ്സിൽ കരുതിക്കാണില്ല.

”മടിയിൽ കനമുള്ളവൻ, ഉപ്പു തിന്നവൻ, കാളപെറ്റു എന്ന് പറയുമ്പോൾ”, എന്നൊക്കെ പഴഞ്ചൊല്ലുകൾ എഴുതിക്കൊടുക്കുന്ന ഉപദേശകർ സംഭവങ്ങൾ ഇങ്ങനെ ‘ഞെട്ടിയില്ല വട്ടയില’ പോലെ പൊടിഞ്ഞു നുറുങ്ങുമെന്ന് കരുതിക്കാണില്ല.

‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്നത് പാലത്തായി കേസിൽ ടീച്ചറമ്മയെക്കുറിച്ച് മലയാളി വിമോചന സ്ത്രീകൾക്ക് മനസിലായതുപോലെ ‘മടിയിൽ കനമുള്ളവൻ ഇപ്പോൾ ഉപ്പും തിന്ന് വെള്ളം കുടിക്കുന്നത്’ കാണുമ്പോൾ ഈ പഴഞ്ചൊല്ലുകൾ കണ്ടുപിടിച്ചവരെ നമുക്ക് ആദരിക്കേണ്ടിവരും.

കഴിഞ്ഞ നാല് ദശാബ്ദങ്ങളായി പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമായി ‘ കണ്ണടച്ചു പാലുകുടിക്കുന്ന ‘ ഈ വിഭാഗം ഇന്നിപ്പോൾ ‘സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് ‘ എടുക്കാനാകാതെ ചക്രശ്വാസം മുട്ടുകയാണ്.

അന്നൊക്കെ ‘സമ്പത്ത് കാലത്ത് തൈ വെച്ചതുകൊണ്ട് ആപത്തുകാലത്ത് കാ പത്ത് തിന്നാം ‘എന്ന് കരുതി കാ പറിക്കുവാൻ നോക്കുമ്പോൾ ‘വേലി തന്നെ വിളവ് തിന്നുന്ന’ അവസ്ഥകളാണ് ഇവരൊക്കെ നേരിട്ടുകൊണ്ടിരിക്കുന്നത്.

‘വിത്തിനു കുത്തുണ്ടെങ്കിൽ ഇലക്ക് ഓട്ട നിശ്ചയം’ എന്നതുപോലെ ‘വിത്തുഗുണം
പത്തല്ല, അതിനപ്പുറവും ഗുണം’ കാണിക്കുകയാണ്.

‘മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്’ എന്നത് പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കൊക്കെ ഏകദേശം മനസ്സിലായി തുടങ്ങിയപ്പോഴേക്കും നേരം ഏറെ വൈകിയിരിക്കുന്നു.

‘സ്വരം നന്നായപ്പോൾ പാട്ട് നിർത്താതെ’ പത്രസമ്മേളനങ്ങളായി മുന്നോട്ട് നീങ്ങിയപ്പോൾ, ‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെ’ ആവേശം കാണിച്ചപ്പോൾ ‘കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിമാർ’ യുഎന്നിലും ബിബിസിയിലും സിഎൻഎന്നിലും എൻഡിടിവിയിലും ഒക്കെ വാർത്തകൾ വരുത്തി.

അപ്പോൾ പോരാളിഷാജിമാരും ചില ചാനൽ റിപ്പോർട്ടർമാരും സോഷ്യൽ മീഡിയ എഴുത്തുകാരുമൊക്കെ ‘കാള പെറ്റപ്പോൾ കയറെടുത്ത’ അവസ്ഥയിൽ ‘ഓടുന്ന നായക്ക് ഒരുമുഴം മുന്നേ എറിഞ്ഞു’ കൊണ്ട് ഇവരെയൊക്കെ വാഴ്ത്തിപ്പാടി.

‘മുറ്റത്തെ മുല്ലയുടെ മണം’ അറിയാത്തവരാക്കി മറ്റുള്ളവരെ മാറ്റി. ‘അഞ്ജനമെന്നത് ഞങ്ങൾക്കറിയാം അത് മഞ്ഞള് പോലെ വെളുത്തിരിക്കും’ എന്ന് റിപ്പോർട്ടർമാർ ബഹളം വെച്ചപ്പോൾ യുഎന്നിലെ ആരോഗ്യചർച്ച അവാർഡുകളാക്കി മാറ്റി.

‘അധികമായാൽ അമൃതും വിഷമെന്നത്’ മനസ്സിലാക്കുവാൻ സൈബർ എഴുത്തുകാർ ഏറെ പണിപ്പെട്ടിരുന്നു. അവസാനം ‘ചക്കിന് വെച്ചത് കൊക്കിന് കൊണ്ട’പ്പോൾ’ കയ്യിൽ നിന്നും വിട്ട ആയുധവും വായിൽ നിന്നും വിട്ട വാക്കുകളും ഒരിക്കലും തിരിച്ചെടുക്കുവാൻ ആകില്ല ‘ എന്ന സത്യം ഇപ്പോൾ പി ആർ ഉപദേശകർ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

‘പട്ടി ചന്തക്ക് പോകുന്നതുപോലെ’ കുറെ മാധ്യമക്കാർ പത്രസമ്മേളനങ്ങളിൽ പോയിക്കൊണ്ടിരിക്കുന്നു.

എന്നു പറയുമ്പോൾ പട്ടിയെ അവഹേളിച്ചെന്നോ മാധ്യമ പ്രവർത്തകരെ അവഹേളിച്ചെന്നോ പറഞ്ഞ് ചീത്ത വിളിക്കരുത്. കുറെ കാലങ്ങളായി റേഡിയോ പോലെ ഒരാൾ പറയുന്നത് മാത്രം അക്ഷരംപ്രതി കേട്ടുകൊണ്ട് ചാനലിലും പത്രങ്ങളിലും വാർത്തകളായി വിളമ്പിയിരുന്നവർ, ഊതിപ്പെരുപ്പിച്ച പ്രതിച്ഛായയുമായി തുടർഭരണങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇങ്ങനെയൊരു ‘പണി പാലും വെള്ളത്തിൽ കിട്ടുമെന്ന്’ ഉപദേശകരും വാലാട്ടികളും ഉൾപ്പെടെ കരുതിക്കാണില്ല.

‘എല്ലാറ്റിനും ഒരതിരുണ്ട്’ എന്ന പഴഞ്ചൊല്ല് മാത്രം ഇവരെ മലയാളം അധ്യാപകൻ പഠിപ്പിച്ചുകാണില്ല.

രാജാവ് നഗ്നൻ ആണെന്ന് പറയുവാൻ എല്ലാവരും ഭയപ്പെട്ടിരുന്ന സമയത്ത് എന്നിലുണ്ട് ചങ്കൂറ്റം എന്ന ആത്മവിശ്വാസത്തോടെ ഒരു ചാനൽ റിപ്പോർട്ടർ ഒരു ചോദ്യം എയ്തപ്പോൾ ഏകദേശം രണ്ടു മിനിറ്റോളം മിണ്ടാതിരുന്നത് എന്തുകൊണ്ടായിരുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

‘മൗനം വിദ്വാന് ഭൂഷണം’ എന്നൊക്കെ പോരാളികൾ പറയുമ്പോഴും അദ്ദേഹത്തിന്റെ ചിന്തകളിൽ എങ്ങനെ ഈ സ്ത്രീ ഇതിന്റെയുള്ളിൽ കയറിപ്പറ്റി എന്നതായിരുന്നു.

ഇങ്ങനെയുള്ളവരെ ‘മുളയിലേ നുള്ളണം’ എന്നൊക്കെ ഉത്തരവുകൾ ഇറക്കിയിട്ടും ആ ധീരവനിത ഒരു വെടി പൊട്ടിച്ചപ്പോൾ ഇരട്ടചങ്കിലേക്ക് അത് ആഞ്ഞുകയറിയിരുന്നു .

ആ പാവം ചാനൽ റിപ്പോർട്ടറുടെ ഫേസ്‌ബുക്ക് പേജിലും വീട്ടുപരിസരത്തും കുറെ പോരാളികൾ കുരച്ചു നടക്കുന്നു ഇപ്പോഴും.

അവരെ പത്ത് പ്രാവശ്യമെങ്കിലും വിവാഹ മോചിത ആക്കുവാനും മറ്റും ഇവർ ശ്രമിച്ചുകാണും. ‘അങ്ങാടിയിൽ തോൽക്കുമ്പോൾ അമ്മയോട്’ എന്ന് പറഞ്ഞ പോലെ പത്രസമ്മേളനത്തിൽ തോൽക്കുമ്പോൾ വീട്ടിലിരിക്കുന്നവരെ ഒന്നടങ്കം തെറി വിളിക്കും.

‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം / അല്ലെങ്കിൽ സ്വർണ്ണം / അല്ലെങ്കിൽ ബന്ധുക്കൾക്ക് ജോലി’ എന്ന നിലപാടിലാണ് ഇവരുടെയൊക്കെ ഏറാൻ മൂളികൾ.

‘അടിതെറ്റിയാൽ ആനയും വീഴു’മെന്നുള്ളത് മനസ്സിലാക്കുവാൻ ഇക്കൂട്ടർക്ക് വൈകിയപ്പോൾ അവർ ചാനൽ ബഹിഷ്ക്കരണവും മറ്റുമായി മാധ്യമങ്ങളെ വേദനിപ്പിച്ചു.

സർവേ ഫലങ്ങൾ അനുകൂലമാക്കി കൊടുത്തപ്പോൾ അതങ്ങ് ഏറ്റെടുത്തവർ ഇന്നിപ്പോൾ അവരെ ഒറ്റപ്പെടുത്തിയപ്പോൾ ‘കൊടുത്താൽ കൊല്ലത്തും കിട്ടും’ അല്ലെങ്കിൽ പത്രസമ്മേളനത്തിലും കിട്ടും എന്നത് മനസിലാക്കി.

‘ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടിയോളം ‘ എന്നതാണ് ഈ റിപ്പോർട്ടർമാരെ കുറിച്ചുള്ള സഖാക്കളുടെ അഭിപ്രായം. എങ്കിലും ‘കണ്ടറിയാത്തവൻ കൊണ്ടറിയും’ എന്നത് ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു.

‘ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്’ എന്ന രീതിയിൽ അവർ ആഞ്ഞടിച്ചപ്പോൾ ഉപ്പു തിന്നാതെ തന്നെ വെള്ളം കുടിക്കുന്നത് ലോകം മുഴുവൻ ആറുമണിതള്ളിനൊടുവിൽ കാണുവാനിടയായി.

ഇന്നിപ്പോൾ ചോദ്യം ചോദിച്ചവരുടെ ഭാര്യമാരെ തെറിവിളിക്കുന്നു. അവർ തമ്മിൽ വിവാഹമോചനത്തിന് കേസെടുക്കുന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതൊക്കെ സ്വന്തം നേതാക്കന്മാരുടെ അടുക്കളകളിൽ സംഭവിച്ചപ്പോൾ ഇവന്മാരൊക്കെ ‘കണ്ണുപൊട്ടൻ മാങ്ങക്ക് കല്ലെറിയുന്ന പോലെ’ ആയിരുന്നു.

സ്വന്തം നേതാവിന്റെ മകന് ബീഹാറിൽ കുഞ്ഞുപിറന്നു എന്നറിഞ്ഞപ്പോൾ ‘നാണമില്ലാത്തവന്റെ ആസനത്തിൽ ആലുമുളച്ചതു’പോലെയായിരുന്നു  ഇവരൊക്കെ കാട്ടിക്കൂട്ടിയത്.

ഇപ്പോഴും ആ ഡിഎൻഎയെ കുറിച്ച് ചോദിക്കുമ്പോൾ; മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തെങ്ങ വീണത് പോലെ’ ആയി പോരാളിമാരുടെ ശൗര്യം .

ഹോട്ട് ഡോഗ് എന്നാൽ ചത്ത പട്ടി എന്നെഴുതിയ ഒരു പത്രത്തിന്റെ വാലുകളായ കുറെയെണ്ണം ഇന്നിപ്പോൾ ഒരു പാവം വാർത്ത അവതാരികയെ ഡിവോഴ്സ് ചെയ്യിക്കുന്ന തിരക്കിലാണ്.

‘പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും’ എന്നത് ഓർക്കാതെ സകലമാന പോരാളികളും ആ പെൺകുട്ടിയുടെ ജീവിതം പിരിക്കുവാൻ ശ്രമിക്കുമ്പോൾ സ്വന്തം നേതാക്കന്മാരുടെ വീടുകളിൽ പിരിക്കലും വഴക്കും വക്കാണവും ശതൃപൂജയും മന്ത്രവാദവുമൊക്കെ നടക്കുന്നു എന്നത് ഇവരൊക്കെ അറിയുന്നത് നല്ലതാണ്.

അവരുടെ ആദ്യകാല നേതാവിന് സംഭവിച്ച ചില സ്ലിപ്പ് ഓഫ് ദ ടാങ് എന്ന പ്രതിഭാസം ചില ചാനൽ അവതാരകർക്ക് സംഭവിച്ചപ്പോൾ അതിനെ വലിയ ആഘോഷമാക്കി മാറ്റുന്നവർ ഇനിയും ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു.

നാല് അണക്കെട്ടുകൾ തുറന്നു എന്നത് തകർന്നു എന്ന് പറയുമ്പോഴും, നാല് പേർക്ക് കോവിഡ് എന്നത് നാൽപ്പത് പേർക്ക് കോവിഡ് എന്ന് പറയുമ്പോഴും അതൊക്കെ ഒരു ‘കെപി കുഞ്ഞിക്കണ്ണൻ’ ആയി മാത്രം കണ്ടാൽ മതി.

ഇവിടെ മുഹമ്മദലിയെ പന്തുകളിക്കാരൻ ആക്കിയവരുടെ അണികളാണ് ഈ കളിയാക്കുന്നത് എന്നോർക്കുക.

അന്ന് ആ മാധ്യമ പ്രവർത്തക ഒന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ പതിനഞ്ച് മിനിറ്റോളം ആ മന്ത്രിയെ ചാനലിലൂടെ തുണിയുരിച്ച് വിടാമായിരുന്നു. അന്നത്തെ സംഭവം തിരിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ അത് പോരാളികളുടെ ചാനലിൽ ആയിരുന്നെങ്കിൽ എന്തായിരിക്കും  സംഭവിക്കുക എന്നത് ഓർക്കുക !!!

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട !!!

നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ !!!

മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം ഒരു സൗരഭ്യം എന്നോർത്തുകൊണ്ട് റിപ്പോർട്ടർ ദാസനും
വല്ലഭന് പുല്ലും ആയുധം എന്നോർമ്മിപ്പിച്ചുകൊണ്ട് റിപ്പോർട്ടർ മിസിസ് വിജയനും 

×