എല്‍ജെപിയെ പിളര്‍ത്തി നാടകീയ നീക്കങ്ങള്‍! ആറു എംപിമാരില്‍ അഞ്ചു പേരും ലോക്‌സഭാ കക്ഷി നേതാവായി പശുപതി കുമാര്‍ പരാസിനെ തിരഞ്ഞെടുത്തു; തങ്ങളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്നും എംപിമാര്‍; ഒറ്റരാത്രി കൊണ്ട് പാര്‍ട്ടിയിലെ ഏക എംപിയായി ചിരാഗ് പാസ്വാന്‍; നീക്കങ്ങള്‍ക്ക് പിന്നില്‍ നിതീഷ് കുമാര്‍?

New Update

publive-image

Advertisment

പട്‌ന: ബിഹാറില്‍ ചിരാഗ് പസ്വാന്റെ ലോക് ജനതാ ശക്തി പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് അഞ്ച് ലോക്‌സഭാ എംപിമാര്‍ പശുപതി കുമാര്‍ പക്ഷത്തേക്ക് ചാടി. ഒറ്റരാത്രി കൊണ്ട് ചിരാഗ് എല്‍ജെപിയിലെ ഏക എംപിയായി മാറി. ഒപ്പമുണ്ടായിരുന്ന അഞ്ച് എംപിമാരാണ് ചിരാഗിനെ വിട്ട് പുറത്തുചാടിയത്.

പാര്‍ലമെന്റില്‍ തങ്ങളുടെ നേതാവായി പശുപതിയെ തിരഞ്ഞെടുത്തതായി എംപിമാര്‍ പ്രഖ്യാപിച്ചു. തങ്ങളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് പാര്‍ട്ടി വിട്ട എംപിമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. ചിരാഗ് പസ്വാന്റെ ഇളയച്ഛനും എല്‍ജെപി ഹിജാപുര്‍ എംപിയുമായ പശുപതി കുമാര്‍ പരസ്‌ ആണ് എല്‍ജെപിയിലെ വിമതനീക്കത്തിന് പിന്നില്‍.

ചിരാഗിന്റെ ബന്ധുവായ പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്, വീണാ ദേവി, മെഹബൂബ് അലി കൈസര്‍ എന്നിവരാണ് പരസിനു പുറമേ പാര്‍ട്ടിവിട്ടിരിക്കുന്നത്. അതേസമയം പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ളവരാണ് തനിക്കൊപ്പം വന്നതെന്നും പാര്‍ട്ടി സംരക്ഷിക്കപ്പെടുകയാണ് ഇപ്പോഴുണ്ടായതെന്ന് പശുപതി കുമാര്‍ പ്രതികരിച്ചു.

പസ്വാന്റെ മരണശേഷം ചിരാഗും ഇളയച്ഛനും തമ്മില്‍ നിലനിന്നിരുന്ന കലഹം മൂര്‍ച്ഛിച്ച് ഒടുവില്‍ പിളര്‍പ്പിലെത്തുകയായിരുന്നു. ഇരുവരും ഏറെ നാളുകളായി പരസ്പരം സംസാരിക്കുക പോലും ചെയ്തിരുന്നില്ല. രാംവിലാസ് പാസ്വാന്റെ നിര്യാണത്തെ തുടര്‍ന്ന് ചിരാഗ് പാര്‍ട്ടിയുടെ തലപ്പെത്തെത്തിയത് മുതല്‍ ഇരുവരും തമ്മിലുള്ള അധികാര തര്‍ക്കം രൂപപ്പെട്ടിരുന്നു.

ഒക്ടോബര്‍ എട്ടിന് രാംവിലാസ് പാസ്വാന്‍ മരിച്ച് നാല് ദിവസത്തിന് ശേഷം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ചുകൊണ്ട് പരാസ് നടത്തിയ അഭിപ്രായ പ്രകടനം ചിരാഗിനെ പ്രകോപിപ്പിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു ഇത്.

പരസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നും 'താങ്കള്‍ എന്റെ രക്തമല്ലെന്നും' ചിരാഗ് പറഞ്ഞിരുന്നു. ഇന്നു മുതല്‍ താങ്കളുടെ അമ്മാവന്‍ മരിച്ചതായി കരുതിക്കോളൂ' എന്നായിരുന്നു പരസിന്റെ മറുപടി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനം നല്‍കി ഒപ്പം നിര്‍ത്താന്‍ ശ്രമിച്ച ബന്ധു പ്രിന്‍സ് രാജും പരസിനൊപ്പം പോയത് ചിരാഗിനു വന്‍തിരിച്ചടിയായിരിക്കുകയാണ്.

നിതീഷ് കുമാറുമായി അടുത്തബന്ധമുള്ള പശുപതി കുമാറും ചിരാഗും ഏറെക്കാലമായി ശീതയുദ്ധത്തിലായിരുന്നു. ചിരാഗിന്റെ പല പ്രവര്‍ത്തനങ്ങളിലും പശുപതി കുമാര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

പശുപതി കുമാര്‍ പരസിന് നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് ചിരാഗിനെതിരെ കളത്തിലിറക്കിയതെന്നാണ് സൂചനകള്‍. ലോക്ജനശക്തി പാര്‍ട്ടിയെ നിതീഷ് കുമാറിന്റെ ജെഡിയുവുമായി ലയിപ്പിക്കാനാണ് പശുപതിയുടെ നീക്കമെന്നാണ് അഭ്യൂഹങ്ങള്‍.

ബിഹാര്‍ തിരഞ്ഞെടുപ്പ് വേളയില്‍ എന്‍ഡിഎ വിട്ട ചിരാഗ് സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് നിതീഷിന്റെ ജെഡിയുവിന് കനത്ത തിരിച്ചടിയായിരുന്നു. ബിജെപിക്കും പ്രതിപക്ഷമായ ആര്‍ജെഡിക്കും പിന്നില്‍ മൂന്നാമതായിരുന്നു ജെഡിയുവിന്റെ സ്ഥാനം.

ഇതിന്റെ പ്രതികാരമാണ് എംപിമാരെ അടര്‍ത്തിയെടുത്തു ചിരാഗിനെ ഒറ്റപ്പെടുത്താനുള്ള നിതീഷിന്റെ നീക്കത്തിനു പിന്നിലെന്നാണു വിലയിരുത്തല്‍. അതേസമയം ചിരാഗിന്റെ ധാര്‍ഷ്ട്യമാണ് പിളര്‍പ്പിനു പിന്നിലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനം.

Advertisment