തന്റെ റെഡ് കാർപെറ്റ് അഭിമുഖത്തിനിടെ ക്യാമറയ്ക്കു മുന്നിലൂടെ കടന്നുപോയ യുവാവിനെ തല്ലിയ സംഭവത്തിൽ ഒടുവിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായ ലക്ഷ്മി മഞ്ജു. ദുബായില്‍ നടന്ന സൈമ അവാര്‍ഡിനിടെ ലക്ഷ്മി സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം അരങ്ങേറുന്നത്. ലക്ഷ്മി മഞ്ജു യുവാവിനെ തല്ലുന്ന വിഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മോഹന്‍ലാലും ഹണി റോസും പ്രധാന വേഷങ്ങളിൽ എത്തിയ ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയായ നടിയാണ് ലക്ഷ്മി മഞ്ജു. അക്രമം ഒരിക്കലും ഒരു മറുപടിയല്ലെന്നും, എന്നാൽ തന്റെ ജോലിക്കിടയിൽ നുഴഞ്ഞു കയറിയാൽ അനുഭവം ഇങ്ങനെ തന്നെ ആയിരിക്കുമെന്നും ലക്ഷ്മി പറയുന്നു.
‘‘എന്റെ ജോലിക്കിടയിലേക്ക് അലക്ഷ്യമായി നുഴഞ്ഞു കയറിയാൽ ഫലം ഇതായിരിക്കും. ഞാൻ വെറുമൊരു നടി മാത്രമല്ല, സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കുന്ന ആളു കൂടിയാണ്. പക്ഷേ വയലൻസ് ഒന്നിനും മറുപടി അല്ലെന്നും എനിക്കറിയാം.’’ ലക്ഷ്മി മഞ്ജു എക്സ് അക്കൗണ്ടിൽ കുറിച്ചു. മാത്രമല്ല വിവാദങ്ങളോട് തമാശയോടെയായിരുന്നു നടിയുടെ പ്രതികരണം.
സൈമ അവാര്‍ഡിനിടെ റെഡ് കാര്‍പറ്റ് അഭിമുഖം നൽകുകയായിരുന്ന ലക്ഷ്മി മഞ്ജുവിനു മുന്നിലൂടെ ഒരാൾ കടന്നു പോയതാണ് താരത്തെ ഇങ്ങനെ പെരുമാറാൻ പ്രേരിപ്പിച്ചത്. ക്യാമറയ്ക്ക് മുന്നിലൂടെ പോയ ആളെ ലക്ഷ്മി മഞ്ജു ദേഷ്യത്തോടെ അടിക്കുകയായിരുന്നു. എന്നാൽ വീണ്ടും ക്യാമറയ്ക്കു മുന്നിലൂടെ മറ്റൊരാൾ വന്നെങ്കിലും ലക്ഷ്മിയുടെ ആക്രോശം കേട്ട് അയാൾ വഴിമാറിപ്പോകുന്നതും വിഡിയോയിൽ വ്യക്തമാണ്.
ലക്ഷ്മിയുടെ പ്രതികരണം കണ്ട് അവതാരക ചിരിക്കുന്നുണ്ടെങ്കിലും ലക്ഷ്മി ദേഷ്യത്തോടെ നിൽക്കുന്നതാണ് വിഡിയോയില്‍ കാണാൻ കഴിയുക. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷ്മി മഞ്ജുവിനെതിരെ വിമർശനം ഉയര്‍ന്നു. ആരെയും കയ്യേറ്റം ചെയ്യാൻ നടിക്ക് അവകാശമില്ലെന്നും അങ്ങേയറ്റം ധിക്കാരപരമായ പ്രവൃത്തിയാണ് ലക്ഷ്മി കാണിച്ചതെന്നായിരുന്നു വിമർശനം.
പ്രശസ്ത തെലുങ്കു നടന് മോഹന്‍ ബാബുവിന്റെയും ചലച്ചിത്ര നിര്‍മാതാവ് വിദ്യാദേവിയുടെയും മകളാണ് ലക്ഷ്മി മഞ്ജു. സിനിമകൾക്ക് പുറമെ ലാസ് വെഗാസ് എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയിലും ലക്ഷ്മി അഭിനയിക്കുന്നുണ്ട്.