കോഴിക്കോട്: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോൺ ആയി മാധ്യമങ്ങൾ മാറരുതെന്നും മാധ്യമങ്ങൾ ഇടതുപക്ഷത്തെയാകെ അപമാനിക്കുന്നുവെന്നും മുഖ്യമന്ത്രി കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.
സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് മാധ്യമ പ്രവർത്തനം സാമൂഹ്യ സേവനമായിരുന്നു. ഭരണകൂടത്തോട് സന്ധി ചെയ്ത് മാധ്യമ പ്രവർത്തനം നടത്താൻ അന്നത്തെ മാധ്യമങ്ങൾ തയ്യാറായില്ല. സ്വാതന്ത്ര്യനാന്തരം ശേഷം നാലാം തൂണായി പ്രവർത്തിക്കാൻ ഒരു പരിധി വരെ മാധ്യമങ്ങൾക്ക് കഴിഞ്ഞു.
എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് ചില പത്രങ്ങൾ വിനീത ദാസന്മാരായി ആഗോളവൽക്കരണത്തിന് ശേഷം മാധ്യമ പ്രവർത്തനം ബിസിനസ് മാത്രമായി. ജനങ്ങളേക്കാൾ പ്രാധാന്യം കമ്പോളത്തിനായി. ഇതോടെ മൂല്യ ബോധത്തിൽ മാറ്റം വന്നു.
മാധ്യമങ്ങൾ മൗനം പാലിച്ച് തുടങ്ങി ഭരണാധികാരികളുടെ വാഴ്ത്ത് പാട്ടില്ലായി ശ്രദ്ധ. ജനങ്ങളുടെ പ്രശ്നം വാർത്തയേ അല്ലാതായി. പൗരവകാശങ്ങൾക്കെതിരെ നിൽകുന്ന ഗവൺമെൻ്റുകൾക്കെതിരെ നാവനക്കാതായി.
ജനാധിപത്യ അവകാശങ്ങൾ ഇല്ലാതെ മാധ്യമങ്ങൾ നിലനിൽക്കില്ല. സർക്കാരുകളുടെ താൽപര്യം അതേപടി പ്രചരിപ്പിക്കുന്നത് നല്ലതാണോ എന്ന് ആലോചിക്കാൻ സമയമായി. മാധ്യമ പ്രവർത്തനത്തിന് തടസം നിൽകുന്ന ഒന്നും സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല. എന്നാൽ മാധ്യമങ്ങൾ ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. അതിൽ ബേജാറില്ല. ഇടതുപക്ഷത്തെയാകെ അപമാനിക്കുന്ന നിലപാടാണ് ചില മാധ്യമങ്ങൾക്ക്.
വാർത്ത അവതാരകൻ ട്രേഡ് യൂണിയൻ നേതാവിനെ കുറിച്ച് പറഞ്ഞത് മാധ്യമ പ്രവർത്തകരെ തന്നെ ആക്ഷേപിക്കുന്നതിന് തുല്യമായിട്ടാണ്. വിമർശിക്കാം, കുറ്റപ്പെടുത്താം. എന്നാൽ പുച്ഛിക്കുകയും ആക്ഷേപിക്കുകയുമരുത്.... അതൊന്നും മാധ്യമ പ്രവർത്തനമല്ല. ഇത്തരക്കാരെ മാധ്യമ പ്രവർത്തകരുടെ സംഘടന ഇടപെട്ട് തിരുത്തണം. ഇന്ന് നാടിൻ്റെ വികസനത്തിൻ്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല. നിക്ഷിപ്ത താൽപര്യക്കാരെ തുറന്ന് കാട്ടാൻ കഴിയുന്നില്ല.
മുൻപ് വികസനോന്മുഖ പത്ര പ്രവർത്തനമായിരുന്നു. ഭിലായ് സ്റ്റീൽ പ്ലാൻ്റ് അടക്കം വന്നത് ഇത്തരം പത്ര പ്രവർത്തനത്തിൻ്റെ കൂടി ഭാഗമായാണ്. ഫാക്ട് ടൈറ്റാനിയം തുടങ്ങിയ സ്ഥാപനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എന്തായിരുന്നു സ്ഥിതി? ചെറിയ ചില കുടുംബങ്ങൾക്ക് വരുന്ന പ്രയാസങ്ങൾ അന്ന് വാർത്തയായില്ല.
വികസനത്തിന് അനുകൂലമായിരുന്നു പൊതുവിൽ വാർത്തകൾ. ഇന്ന് വികസനം മൂലമുള്ള ബുദ്ധിമുട്ട് നേരിടുന്നവർക്ക് എല്ലാ പുനരധിവാസ പദ്ധതികളും ഉറപ്പാക്കിയിട്ടുണ്ട്. അതിനാണ് മുൻഗണന നൽകേണ്ടത്. അതാണ് പ്രചരിപ്പിക്കുന്നത്. വികസന പത്രപ്രവർത്തനം പത്ര പ്രവർത്തകർ പാടെ ഉപേക്ഷിച്ച മട്ടാണ്.
നാടിൻ്റെ ഭാവിക്കായി മാധ്യമങ്ങൾ പ്രവർത്തിക്കണം. സ്ഥാപിത താൽപര്യങ്ങൾ മുൻനിർത്തിയുള്ള കുത്തിത്തിരിപ്പുകൾക്ക് ഇട കൊടുക്കരുത്. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോൺ ആയി മാറരുത്. സെക്രട്ടറിയറ്റിൽ അഗ്നിബാധ ഉണ്ടായ ഉടനെ ഫയലുകൾ നശിപ്പിക്കാനാണെന്ന് വാർത്ത നൽകി. നുണയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ സെൻസേഷണൽ വാർത്ത നൽകി.ഒരു ഫയലും കത്തിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞിട്ടും വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറായില്ല. സ്വയം പരിശോധിക്കാനും തിരുത്താനും മാധ്യമങ്ങൾ തയ്യാറാകണം.
സമരങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ കുഞ്ഞിനെയും കൊണ്ട് വരുന്നവരെ മഹത്വ വൽക്കരിക്കുന്ന നിലയാണ് ഇപ്പോൾ ഉള്ളത്. മുത്തങ്ങയിൽ പാവപ്പെട്ട ആദിവാസികൾക്ക് നേരെ നടന്ന വെടിവെപ്പ് അടിച്ചമർത്തലായി കാണാത്ത പത്രങ്ങളുണ്ട്. മാധ്യമപ്രവർത്തനത്തിൽ പക്ഷപാതിത്വം പാടില്ല.
ദേശീയ പാതാ വികസനത്തിൽ ഭൂമിയേറ്റെടുക്കുന്നതിലെ തർക്കം നീണ്ടപ്പോൾ ഞങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടു, അദ്ദേഹം ഹൃദയ വിശാലതയോടെ കാര്യങ്ങളെ കേട്ടു. അങ്ങനെയാണ് കേരളത്തിൽ ദേശീയപാതാ വികസനം സാധ്യമായത്. ഭൂമി നേരത്തെ ഏറ്റെടുത്തിരുന്നെങ്കിൽ ദേശീയ പാത നേരത്തെ കേരളത്തിൽ വന്നേനെ.
ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ടു മാത്രം പദ്ധതി നടപ്പാക്കിതിരിക്കാനാവില്ല. ഓരോ പദ്ധതിയും നടപ്പാക്കേണ്ട സമയത്ത് നടപ്പാക്കണം. നിക്ഷിപ്ത താൽപര്യക്കാരുടെ നിലപാടിന് മാധ്യമങ്ങൾ വെള്ളവും വളവും നൽകരുത്. അതിന് പ്രാധാന്യം കൊടുക്കുന്നത് ശരിയല്ല. മാധ്യമ സംഘടനകൾ ഇക്കാര്യം ചിന്തിക്കണം.
സിൽവർ ലൈൻ പദ്ധതിക്ക് രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. അതുക്കും മേലെ നൽകാനും സർക്കാർ തയ്യാറാണ്. മാധ്യമങ്ങൾ പറയുന്നതെല്ലാം ജനം വിശ്വസിക്കും എന്ന് കരുതരുത്. മാധ്യങ്ങൾ പറയുന്നത് ജനം വിശ്വസിച്ചിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഇങ്ങനെ ഇവിടെ നിന്ന് സംസാരിക്കില്ലായിരുന്നു.