തിരുവനന്തപുരം: പാല ബിഷപ്പിന്റെ പ്രസ്താവനയിൽ കേസെടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ബിഷപ്പിന്റെ വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
സമൂഹത്തിൽ യോജിപ്പുണ്ടാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സമൂഹത്തിൽ വിയോജിപ്പുണ്ടാക്കുന്ന വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. ആഭിചാര പ്രവൃത്തിയിലൂടെ മതത്തിലേക്കു വശീകരിക്കാൻ കഴിയും എന്നു പറയുന്നത് നാടുവാഴി കാലത്തെ സംസ്കാരമാണ്.
ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം അന്നുണ്ടായിരുന്നു. അതൊന്നും ഇന്ന് ചെലവാകില്ല. ഇത് ശാസ്ത്രയുഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കുന്ന പ്രചരണത്തിനെതിരെ കർശന നടപടി സ്വീകരിക്കും. നര്‍ക്കോട്ടിക്ക് എന്ന വാക്ക് കേള്‍ക്കാത്തതല്ലെന്നും ഇത്തരം മാഫിയകള്‍ക്ക് മതചിഹ്നം നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.