1992 -ലാണ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുന്ന സമയം. കരുത്തന്‍, ശക്തന്‍, ചാണക്യന്‍, എല്ലാ തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും തമ്പുരാന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ലീഡര്‍.
ഞാന്‍ അക്കാലത്ത് 'ഇന്ത്യാ ടുഡേ' ലേഖകനാണ്. ആസ്ഥാനം തിരുവനന്തപുരം തന്നെ. 'ഇന്ത്യാ ടുഡേ' മലയാളം എഡിഷന്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന കാലം. വാര്‍ത്താ വാരികയായിറങ്ങുന്ന 'ഇന്ത്യാ ടുഡേ'യ്ക്ക് അന്നു മൂന്നുലക്ഷത്തോളം കോപ്പിയുണ്ട് പ്രചാരം.
കരുണാകരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ യുദ്ധം മുറുകിയ സമയംകൂടിയാണത്. അക്കാലത്തെ 'ഇന്ത്യാ ടുഡേ' വാര്‍ത്തകള്‍ക്ക് ചൂടേറെയായിരുന്നു. മിക്കതും കരുണാകരനെതിരെയുള്ള തീ പാറുന്ന വാര്‍ത്തകള്‍.
അതുകൊണ്ടുതന്നെ കരുണാകരന് എന്നോടത്ര അടുപ്പമോ സൗഹൃദമോ ഇല്ല. എന്നാല്‍ കാണുമ്പോള്‍ വിദ്വേഷം പ്രകടിപ്പിക്കുകയുമില്ല. ഒരിക്കല്‍ എനിക്കു കരുണാകരനെ അത്യാവശ്യമായി ഒന്നു കാണണം.
'ഇന്ത്യാ ടുഡേ' പത്രാധിപന്മാര്‍ക്കൊരു നിര്‍ബന്ധമുണ്ട്. എന്തു വാര്‍ത്തയായാലും അത് നമ്മുടേതു മാത്രമായിരിക്കണം. പത്രക്കാരുടെ ഭാഷയില്‍ എക്സ്ക്ലൂസീവ് ആയിരിക്കണമെന്നര്‍ത്ഥം. സാധാരണ ദിനപത്രങ്ങളില്‍ വരുന്നതു കോപ്പി പേസ്റ്റ് ചെയ്ത് റിപ്പോര്‍ട്ടാക്കാന്‍ പറ്റില്ലെന്നു സാരം.
കരുണാകരനോടു നേരിട്ടു സംസാരിക്കണം. കോണ്‍ഗ്രസ് രാഷ്ട്രീയം തന്നെയാണ് വിഷയം. ഞാന്‍ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയിലെ മുഖ്യ മന്ത്രിയുടെ ഓഫീസിലെത്തി. ഒരു ശനിയാഴ്ച ദിവസമാണ്.
സമയം ഉച്ചതിരിഞ്ഞ് ഏതാണ്ട് നാലു മണി. സഹായി കണ്ണപ്പന്‍ ഉള്ളില്‍ ചെന്നു പറഞ്ഞു. ഉടനെ തന്നെ വിളിച്ചു. കണ്ണപ്പന്‍ എന്നെയും കൊണ്ട് ഉള്ളിലേയ്ക്ക്. പക്ഷെ കണ്ണപ്പനൊരബദ്ധം പറ്റി. 'ഇന്ത്യാ ടുഡേ' എന്നതിനു പകരം 'സണ്‍ഡേ' എന്നാണ് കണ്ണപ്പന്‍ കരുണാകരനെ അറിയിച്ചത്. ഉടനെ വിളിക്കുകയും ചെയ്തു.
'സണ്‍ഡേ' അന്ന് വളരെ പ്രസിദ്ധമായ ഇംഗ്ലീഷ് വാരികയാണ്. 'സണ്‍ഡേ' ലേഖകനെ പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി കരുണാകരന്‍റെ മുമ്പിലേയ്ക്കു ചെല്ലുന്നത് ഞാന്‍, 'ഇന്ത്യാ ടുഡേ' ലേഖകന്‍. വിശാലമായൊരു കള്ളച്ചിരിയോടെ അദ്ദേഹം എന്നെ സ്വീകരിച്ചു. എന്നിട്ട് കണ്ണപ്പനെയൊരു നോട്ടം. "എടോ, ഇതാണോ സണ്‍ഡേ ?" എന്നു ചോദ്യം. ഒരു നിര്‍ത്ത്. വീണ്ടും അദ്ദേഹം തുടര്‍ന്നു. "എടോ, സണ്‍ഡേ നാളെയാ. ഇതു ടുഡേ."
പിറ്റേന്നു സണ്‍ഡേയാണെന്നറിഞ്ഞ് ഇന്ത്യാ ടുഡേയിലെ 'ഇന്നു' കൂട്ടിചേര്‍ത്ത് ഒരു നിമിഷാര്‍ദ്ധത്തില്‍ കരുണാകരന്‍റെ സാമര്‍ത്ഥ്യപ്രകടനം കണ്ട് ഞാന്‍ കൗതുകം പൂണ്ടു നില്‍ക്കെ അദ്ദേഹത്തിന്‍റെ മുഖത്ത് ഇരുള്‍ പടരുന്നത് കണ്ടു. ഇത്തിരി കടുത്ത ഭാഷയില്‍ എന്നോടായി: "എടോ, എന്നെക്കണ്ട് സംസാരിച്ചിട്ട് എനിക്കെതിരെ എഴുതാനല്ലേ താന്‍ വന്നത് ? തന്‍റെ സ്ഥിരം പണിയിതാണെന്നെനിക്കറിയാം."
എന്നെ കാണുമ്പോള്‍ ഇങ്ങനെ കുത്തിയുള്ള വര്‍ത്തമാനം മുഖ്യമന്ത്രിക്കു പതിവാണ്. സ്ഥിരമായി തുടരുന്ന കരുണാകരന്‍ - ആന്‍റണി പോരില്‍ ഞാന്‍ എപ്പോഴും ആന്‍റണി പക്ഷത്തായിരുന്നു. എന്നാലും കരുണാകരന്‍ എന്നോടൊരു വാത്സല്യം കാണിക്കുകയും ചെയ്യും. ഉടന്‍ തന്നെ മുഖത്തു വെളിച്ചം വീഴുന്നതും ഞാന്‍ കണ്ടു. താന്‍ ഇരിക്ക്. എന്തൊണെന്നു വെച്ചാല്‍ ചോദിക്ക് എന്നായി മുഖ്യമന്ത്രി. ശരി ലീഡര്‍ എന്നു പറഞ്ഞ് ഞാന്‍ സ്വസ്ഥമായി ഇരുന്നു. എല്ലാം കൂടി ഒരു ഇരുപതു മിനിട്ട് വര്‍ത്തമാനം. കിട്ടാനുള്ളതൊക്കെ കിട്ടി.
സംസാരം തീര്‍ന്ന് എഴുന്നേറ്റപ്പോള്‍ പതിവില്ലാതെ എന്‍റടുത്തേയ്ക്ക് ലീഡര്‍ മേശ ചുറ്റി നടന്നു വന്നു. തോളില്‍ പിടിച്ച് ചേര്‍ത്തു നിര്‍ത്തി. താന്‍ ഒന്നും വിചാരിക്കരുത്, ഇന്നത്തെ ദിവസം ഒരു വല്ലാത്ത ദിവസമാ. അതിന്‍റെ മന:പ്രയാസം കൊണ്ടു പറഞ്ഞു പോയതാ - ലീഡര്‍ പതറിയ ശബ്തത്തില്‍ പറഞ്ഞു.
അദ്ദേഹത്തിന്‍റെ വലതു കൈയില്‍ എന്‍റെ വലതു കൈ അമര്‍ന്നിരുന്നു. കണ്ണുകളില്‍ നേരിയ നനവുണ്ടോ എന്നു സംശയിച്ചു. പിന്നെയും ലീഡര്‍ തുടര്‍ന്നു: "ഇന്ന് കെപിസിസി യോഗമുണ്ട്. വൈകിട്ട്. അവരെന്നെ കൊത്തിവലിക്കാന്‍ പരിപാടിയിട്ടിരിക്കുകയാണെന്നെനിക്കറിയാം. മനസിനൊരു സുഖവുമില്ല. അതുകൊണ്ടാ ഞാനാദ്യം അങ്ങനെ പറഞ്ഞത്."
അതൊന്നും സാരമില്ല ലീഡര്‍. നമുക്കു വീണ്ടും കാണാമെന്നു പറഞ്ഞ് ഞാന്‍ തിരിഞ്ഞു. വാതില്‍ കടക്കുമ്പോള്‍ കസേരയിലേയ്ക്ക് അമര്‍ന്നിരിക്കുന്ന ലീഡറെ ഒന്നുകൂടി നോക്കി. മുഖത്ത് അപ്പോഴും ഇരുള്‍ നിറഞ്ഞിരിക്കുന്നു.
അന്നു രാത്രിയിലെ കെപിസിസി യോഗത്തില്‍ 40 കാരന്‍ യുവതുര്‍ക്കി പിടി തോമസ് ആഞ്ഞടിച്ചു. 'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളിയേ, എന്‍റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ' എന്ന ബിച്ചു തിരുമലയുടെ പ്രസിദ്ധമായ ചലച്ചിത്രഗാന വരികള്‍ ചൊല്ലിക്കൊണ്ടായിരുന്നു പിടി തോമസിന്‍റെ പതിവ് ആക്രമണം.
രാഷ്ട്രീയത്തിലിറങ്ങിയ മകനെ കരുണാകരന്‍ അതിരുവിട്ടു ലാളിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതിനെ പിടി അതിരൂക്ഷമായി പരിഹസിക്കുകയായിരുന്നു. പിറ്റേന്ന് ദിനപത്രങ്ങള്‍ അതൊരു വലിയ ഉത്സവമാക്കുകയും ചെയ്തു.
അതാണ് പുതിയപറമ്പില്‍ തോമസ് തോമസ്. കോണ്‍ഗ്രസിലെ അതിശക്തമായ ആന്‍റണി ഗ്രൂപ്പില്‍ തുടക്കം മുതല്‍ പാറപോലെ ഉറച്ചു നില്‍ക്കുന്നവന്‍. എതിരാളി ആരുമാവട്ടെ, കെ കരുണാകരനായാലും പിണറായി വിജയനായാലും, പിടി തോമസ് ആഞ്ഞടിക്കും.
നിയമസഭയിലായാലും മൈതാന പ്രസംഗവേദിയിലായാലും ടെലിവിഷന്‍ ചര്‍ച്ചയിലായാലും പിടിയുടെ വാക്കുകളും പ്രയോഗങ്ങളും മൂര്‍ച്ചയേറിയതായിരിക്കും. പ്രസംഗത്തിലുടനീളം അള്ളും മുള്ളും വേണ്ടുവോളമുണ്ടാകും. പലപ്പോഴും അതിരുകടക്കും.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ സ്ഥാനാര്‍ഥിയാവേണ്ട സമയത്താണ് പരിസ്ഥിതി വിഷയം സംബന്ധിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വന്നതും അത് ഇടുക്കിയിലാകെ സംഘര്‍ഷം വിതച്ചതും, കത്തോലിക്കാ സഭ ജനങ്ങളോടൊപ്പം രംഗത്തിറങ്ങിയതും. പിടി തോമസ് സഭയ്ക്കെതിരെ കത്തിക്കയറുക തന്നെ ചെയ്തു.
കെപിസിസി അധ്യക്ഷനായിരുന്ന വിഎം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് അങ്കം കുറിച്ചു നില്‍ക്കുന്ന സമയം. കത്തോലിക്കാ സഭ പിടി തോമസിനെതിരെ ഇറങ്ങി. അച്ചന്മാരും ആത്മായക്കാരും ചേര്‍ന്ന് പിടി തോമസിന്‍റെ ശവഘോഷയാത്ര നടത്തിയാണു പകരം വീട്ടിയത്. ജീവിച്ചിരിക്കെ സ്വന്തം സഭ നടത്തിയ ശവഘോഷയാത്ര. നേതൃത്വം പിടിയെ തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാക്കി. അവിടെ ജയിക്കുകയും ചെയ്തു.
ചെറുപ്പത്തില്‍ തന്നെ പ്രഗത്ഭനെന്ന പേരു നേടിയെങ്കിലും പിടി തോമസിന് ഇതേവരെ ഒരു മന്ത്രി പദവി കിട്ടിയില്ല. എക്കാലത്തും ആന്‍റണി പക്ഷത്തായിരുന്നുവെങ്കിലും അവിടെ നിന്നകന്നു നില്‍ക്കുകയാണ് പിടി ഇപ്പോള്‍.
പക്ഷെ ആരോടുമാലോചിക്കാതെ ഹൈക്കമാണ്ട് കെ സുധാകരനോടൊപ്പം പിടിക്ക് വര്‍ക്കിങ്ങ് പ്രസിഡണ്ട് സ്ഥാനം നല്‍കിയിരിക്കുന്നു. ഒപ്പം കൊടിക്കുന്നില്‍ സുരേഷും ടി സിദ്ദിഖുമുണ്ട്. ഗ്രൂപ്പുകൊണ്ട് അവരും ആന്‍റണി പക്ഷക്കാര്‍. ഗ്രൂപ്പുകാരെ നിയമിച്ചപ്പോള്‍ ആലോചിക്കാത്തതിന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മുറുമുറുപ്പിലുമാണ്.
തെരഞ്ഞെടുപ്പു പ്രചരണവും സംഘടനാ പ്രവര്‍ത്തനവുമാണ് പിടി തോമസിന്‍റെ പ്രിയപ്പെട്ട മേഖല. ടെലിവിഷന്‍ ചര്‍ച്ചയിലും നിയമസഭാ ചര്‍ച്ചകളിലും ഏറെ ശോഭിക്കും. കൈയിലുള്ള കൂരമ്പുകള്‍ ഇടം വലം നോക്കാതെ പ്രയോഗിക്കും. ചിലപ്പോള്‍ തിരിച്ചടിയുമുണ്ടാകും.
ജൂണ്‍ എട്ടാം തീയതി ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കവെ മുട്ടില്‍ വനംകൊള്ളയെ പരാമര്‍ശിച്ച പിടി തോമസ് അതില്‍ പ്രതികളായവര്‍ തുടങ്ങിയ മാംഗോ ഫോണ്‍ ഉല്‍ഘാടനം ചെയ്ത ചടങ്ങുമായി മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി സംസാരിച്ചു. മാംഗോ ഫോണ്‍ നമ്മുടെ മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യും മുമ്പ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തെന്നായിരുന്നു പിടിയുടെ മുനവെച്ച പരാമര്‍ശം.
പക്ഷെ പിറ്റേന്നു തന്നെ പിടിക്കു മുഖ്യമന്ത്രിയുടെ തിരിച്ചടി കിട്ടി. 2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. " ഞാന്‍ അന്നു മുഖ്യമന്ത്രിയല്ല. മുഖ്യമന്ത്രി ആരായിരുന്നുവെന്ന് ഞാന്‍ പറയേണ്ട കാര്യമില്ല. അതെന്നെക്കൊണ്ടു പറയിക്കുന്നതില്‍ പിടി തോമസിന് പ്രത്യേകമായ സന്തോഷമെന്തെങ്കിലുമോണ്ടോയെന്നു നിശ്ചയമില്ല", മുഖ്യമന്ത്രിയുടെ അളന്നു മുറിച്ച വാക്കുകള്‍ കുറിക്കു കൊള്ളുന്നതുതന്നെയായിരുന്നു. 2016 മെയ് 25 -ാം തീയതിയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമറ്റത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ശേഷം.
അതിവേഗം ഓടുമ്പോഴും വാഹനമോടിക്കുമ്പോഴും അപകടങ്ങള്‍ക്കുള്ള സാധ്യതയുമേറും. ശത്രുവിനെ ആക്രമിക്കാനുള്ള തിരക്കില്‍ കിട്ടുന്ന വിവരം ഉപയോഗിച്ച് എടുത്തുചാടി പ്രസ്താവന നടത്തും. ഇതുപോലുള്ള അപകടങ്ങളില്‍ ചെന്നു ചാടുകയും ചെയ്യും. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ സമയത്ത് അദ്ദേഹത്തെ മാത്രമല്ല, കുടുംബാംഗങ്ങളെയും ആക്രമിച്ചിട്ടുണ്ട് പിടി തോമസ്. അതിനൊക്കെകൂടിയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ കുത്തിയുള്ള മറുപടി.
രാഷ്ട്രീയ വിഷയങ്ങളില്‍ സ്വന്തമായ നിലപാടുള്ള നേതാവാണു പിടി തോമസ്. ഗാഡ്ഗില്‍ വിഷയം തീകത്തി നിന്നപ്പോഴും കത്തോലിക്കാ സഭ ശവഘോഷയാത്ര നടത്തിയപ്പോഴും ഉറച്ച നിലപാടില്‍ത്തന്നെ നിന്നു പിടി. ഇതില്‍ സര്‍ക്കാരിന്‍റെ നിലപാട് പിടി തോമസ് മുറുകെ പിടിച്ചു നിന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അയവു വരുത്തുകയും ചെയ്തു.
അതിന്‍റെ പേരില്‍ പിന്നീട് 2016 -ല്‍ സീറ്റ് നിഷേധിക്കപ്പെട്ടു. ഒതുവില്‍ വിഎം സുധീരന്‍ ഇടപെട്ടാണ് ബെന്നി ബഹനാനെ നീക്കി തൃക്കാക്കര സീറ്റ് പിടി തോമസിനു നല്‍കിയത്. അതോടെ ജീവിതകാലം മുഴുവന്‍ ഉറച്ചു നിന്ന ആന്‍റണി ഗ്രൂപ്പിനോട് അദ്ദേഹം വിട പറഞ്ഞു. ഗ്രൂപ്പിന്‍റെ എല്ലാ മുന്നേറ്റങ്ങളിലും ആക്രമണങ്ങളിലും മുന്‍നിരക്കാരനായിരിക്കെത്തന്നെ സ്വന്തം നിടപാടിലുറച്ചു നില്‍ക്കാന്‍ പിടി സ്വന്തം പക്ഷത്തോടു യാത്രപറഞ്ഞിറങ്ങുകയായിരുന്നു.
ഇനിയിപ്പോള്‍ കോണ്‍ഗ്രസിന്‍റെ വര്‍ക്കിംങ്ങ് പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് വരികയാണ് പിടി. കഴിവുകളേറെയുണ്ട് പിടിക്ക്. സംഘടനാ പ്രവര്‍ത്തനവുമറിയാം. പിടി ഉള്‍പ്പെട്ട നേതൃസംഘത്തിന് വളര്‍ത്തിയെടുക്കാനാവുമോ കോണ്‍ഗ്രസിനെ.