Advertisment

ദു:ഖവെള്ളി: ഒരോർമ്മ കുറിപ്പ്

author-image
admin
New Update

- ഡോ. ഡെയ്സൻ പാണേങ്ങാടൻ 

Advertisment

ലോകം സമീപകാല ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത ഒരു സാഹചര്യത്തിലൂടെയാണല്ലോ, ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്.

കുരിശിന്റെ വഴികളുടെ ശബ്ദാരവങ്ങളില്ലാതെ നോമ്പുകാലത്തെ വെള്ളിയാഴ്ചകളും, കുരുത്തോല പ്രദക്ഷിണമില്ലാതെ ഓശാന ഞായറും, കാൽകഴുകലും പൊതുവാരാധനയുമില്ലാതെ പെസഹാ വ്യാഴവും, യേശുക്രിസ്തുവിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള നഗരി കാണിക്കൽ പ്രദക്ഷിണമില്ലാതെ ദുഃഖവെള്ളിയും, പുലർച്ച കുർബാനയില്ലാതെ ഈസ്റ്ററും, വിശ്വാസ സമൂഹത്തെ വിട്ടുപിരിഞ്ഞു കൊണ്ടിരിക്കുന്നു.

publive-image

ഒരു ചെറുവിഭാഗമാളുകളുടെയെങ്കിലും ആണ്ടു കുമ്പസാരത്തിന്റെ വലിയ സാധ്യതയായിരുന്ന വലിയ വാരത്തിലെ കുമ്പസാരവും, പെസഹാ ബുധനാഴ്ചയിലെ മാധ്യമങ്ങളിലെ അനുതാപ ശുശ്രൂഷയിലേയ്ക്കു പരിമിതപ്പെട്ട കാഴ്ചയ്ക്ക് വിശ്വാസ സമൂഹം മൂകസാക്ഷ്യം വഹിച്ചു.

കോവിഡ് കാലത്തെ നിയന്ത്രണങ്ങളെ തുടർന്ന് പരിമിതപ്പെട്ട ദൈവാലയ ശുശ്രൂഷകൾക്ക് പകരമാകില്ലെങ്കിലും മാധ്യമങ്ങളിലെയും യുട്യൂബ് ചാനലുകളിലൂടെയുമുള്ള വിവിധ സമയങ്ങളിലെ, വി.കുർബാനകളും ഓൺലൈൻ തിരുകർമ ശുശ്രൂഷകളും, ഈ വലിയ വാരത്തിൽ നമ്മുടെ ദിനചര്യയായിട്ടുണ്ടെന്നത് ക്രൈസ്തവരുടെ ആത്മിയ ജീവിതത്തെ സംബന്ധിച്ചിടത്തോളം ശുഭോദർക്കം തന്നെ.

പക്ഷേ, ഈ പ്രതിസന്ധിഘട്ടത്തിലും ഇതിനോടൊക്കെ മുഖം തിരിച്ച് നിൽക്കുന്ന ഒരു ചെറു ന്യൂനപക്ഷം, നാം വിശ്വാസികൾക്കിടയിൽ കാണാം. വിമർശന കുതുകികളായ അവർ ഓൺലൈൻ കുർബാനകളെയും ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന തിരുകർമ്മങ്ങളേയും അടച്ചാപേക്ഷിച്ച് നിർവൃതിയടയുന്നുണ്ട്.

കേരളത്തിലെ ഭൂരിഭാഗം ഇടവകകളും, ഇടവകാതിർത്തിയിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് അവശ്യം വേണ്ട സാധന സാമഗ്രികൾ എത്തിച്ചു നൽകുമ്പോൾ, അതു പോരെന്നും എല്ലാ കുടുംബങ്ങൾക്കും ഇടവക പള്ളിയിൽ നിന്നും സഭാ സ്ഥാപനങ്ങളിൽ നിന്നും അയ്യായിരം രൂപ വെച്ചെങ്കിലും ഇടക്കാലാശ്വാസമായി അനുവദിക്കണമെന്ന വിമർശന പോസ്റ്റുകളുമായും അവർ കളത്തിലിറങ്ങി വാട്സ് ആപ്പിലും ഫേസ് ബുക്കിലും വിലസുന്നുണ്ട്.

സഭാഗാത്രത്തിന്റെ വളരെ കൃത്യതയും സുശക്തവുമായ പ്രദേശിക സഭ -രൂപത - ഫൊറോന - ഇടവകയെന്ന സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രോളുകളായും പോസ്റ്ററുകളായും പങ്കുവെയ്ക്കപ്പെടുന്നത്, കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള അവരുടെ കുതന്ത്രം തന്നെയാണ്.

വിശ്വാസ സമൂഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസം സംരക്ഷിക്കുകയെന്നതിനോടൊപ്പം, ഇത്തരത്തിലുളള കുപ്രചരണങ്ങളെ അതിജീവിക്കുകയെന്നതും ഈയവസരത്തിൽ വലിയൊരു കടമ്പ തന്നെയായി നില നിൽക്കുന്നു. "പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല" എന്നു പറഞ്ഞ ക്രൂശിതൻ അവർക്ക് മാപ്പു കൊടുക്കട്ടെ.

ഒരു കാര്യം ഉറപ്പാണ്; കുരിശിക്കപ്പെടുന്നവന് മാത്രമേ, ക്രൂശിതനോടൊപ്പം ഉയിർത്തെഴുന്നേൽക്കാൻ അവകാശമുള്ളൂ. പീഢാനുഭവങ്ങളിലൂടെ കുരിശു ചുമന്നു കാൽവരി കയറിയവനും അധിക്ഷേപങ്ങൾ നേരിട്ടവരും ചാട്ടവാറടിയേറ്റവനും മാത്രമേ ഉയിർത്തെഴുനേൽക്കാൻ അവകാശമുള്ളൂവെന്ന് വ്യക്തം.

രാത്രിയ്ക്ക് പകലെന്ന പോലെ, കയറ്റത്തിന് ഇറക്കമെന്ന പോലെ ദു:ഖവെള്ളിയ്ക്ക് ഉയിർപ്പെന്നത്, അനിവാര്യത തന്നെയും കാവ്യനീതിയുമാണ്.

കാലഘട്ടത്തിന്റെ കുത്തൊഴുക്കിൽ പക്ഷെ, കുരിശ്ശെടുക്കാതെയും ക്രൂശിയ്ക്കപ്പെടാതെയും ഉയിർത്തെഴുന്നേൽപിന്റെ മഹത്വത്തിൽ പങ്കു പറ്റാൻ വെമ്പൽ കൊള്ളുന്നവരാണ് നമ്മിൽ ഭൂരിഭാഗവും.

കാലഘട്ടത്തിന്റെ തിരക്കുകൾക്കിടയിലും നമ്മുടെ വ്യഗ്രതകൾക്കിടയിലും നമ്മുടെ ചുറ്റുമുള്ള കുരിശുകൾ നാം കാണാതെ പോകുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.

ആരാലും ശ്രദ്ധിക്കപ്പെടാനില്ലാതെ അഗതിമന്ദിരങ്ങളിലും തെരുവോരങ്ങളിലും ആശുപത്രി വരാന്തകളിലും ഇപ്പോൾ നമ്മുടെ നാട്ടിൽ പ്രസിദ്ധമായ ഐസൊലേഷൻ ക്യാമ്പുകളിലും അനാഥശാലകളിലും എയ്ഡ്സ് രോഗബാധിതരായ നിഷ്കളങ്കരായ കുട്ടികൾക്കിടയിലും ആരാലും സഹായിക്കപ്പെടാനില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്നവർക്കിടയിലും ഭക്ഷണമില്ലാതെയലയുന്നവർക്കിടയിലുമൊക്കെ ഒന്നു ശ്രദ്ധിച്ചാൽ വേണ്ടുവോളം ആ കുരിശിനെ കണ്ടെത്താൻ നമുക്ക് കഴിയും.

അവനവന്റെ സുഖങ്ങൾ തേടിയുള്ള നമ്മുടെ യാത്രക്കിടയിൽ, പക്ഷേ ആ കുരിശുകളെ കാണാൻ അത്ര ആവേശമില്ലെന്നു മാത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിശബ്ദമായി അത്തരം കുരിശുകളെ വഹിക്കാതെ, പ്രകടനപരയ്ക്കായി അവയെ സമീപിക്കാനാണ് നമുക്ക് കൂടുതലിഷ്ടം. നാട്ടുഭാഷയിൽ പറഞ്ഞാൽ, കൈ നനയ്ക്കാതെ മീൻ പിടിയ്ക്കാൻ.

പക്ഷേ കുരിശുകളൊക്കെ, ക്രൂശിതനെ തേടി പൊതുസമൂഹത്തിൽ അവിടവിടായി ഇരിപ്പുണ്ട്. അവയോടു മുഖം തിരിച്ചാൽ,ആ കുരിശുകൾ ഒരു ബാധ്യതയായി നമ്മുടെ നൻമ പുസ്തകത്തിൽ അവശേഷിക്കുമെന്ന് തീർച്ച.

അതു കൊണ്ട് തന്നെ കാൽവരിയിലെ കുരിശിനോടും പീഢാനുഭവത്തോടും ആ ക്രൂശിതനോടും താരതമ്യം ചെയ്യാനാകില്ലെങ്കിലും, ആ കുരിശുകൾ ഭാഗികമായെങ്കിലും നമുക്കു ചുമക്കാനുള്ളതത്രേ.

മുഴുനീളെ കാൽവരി വരെയും ചുമന്നില്ലെങ്കിലും, ക്രൂശിതനെ സഹായിക്കുന്ന ശിമയോനായിട്ടെങ്കിലും നമുക്ക് പോകാൻ ശ്രമിയ്ക്കാം. അങ്ങിനെ ഉയിർപ്പിന്റെ നൻമയിലും പ്രഭാവത്തിലും പങ്കുപറ്റുന്ന യഥാർത്ഥ വിശ്വാസികളായി നമുക്കു മാറാം.

Advertisment