Advertisment

ട്വന്റി ട്വന്റി (2020)

New Update

നവവത്സരശുഭാശംസ - നന്മയും നവോന്മേഷവും നല്ലനാളെയും

Advertisment

publive-image

കാലമാം വന്മരത്തിന്റെ -

ഇല പോലൊരു വർഷവും

പൊഴിയുന്നു, തളിർക്കുന്നു,

പുതുവർഷപ്രതീക്ഷകൾ

അകന്മഷനവോന്മേഷം

നന്മയും നല്ല നാളെയും

കൈവരാനായ് ശ്രമിച്ചീടാം

ആത്മാവർപ്പിച്ചഹർന്നിശം

പുതുവർഷം പിറക്കാനായ്

പേറ്റുനോവിന്റെ യാതന

നേരിടുന്നോരു കാലത്തിൻ

വർഷസംക്രമ വേളയിൽ

വേട്ടയാടുന്നിതിന്നിപ്പോൾ

ജീവിതപ്രതിസന്ധികൾ

മുറിച്ചുകേറാനാർജ്ജിക്കാം

പുതുവർഷക്കരുത്തുകൾ

മതത്തെ മറയാക്കുന്നു

ബലിയാടോ മനുഷ്യരും ?

നീതിയേ വേട്ടയാടുമ്പോൾ

നമ്മളൊന്നിച്ചെതിർക്കുക

വർഗ്ഗവർണ്ണമതാതീത -

മാനുഷ്യകമഹത്വമേ !

രാജ്യാന്തരസമൂഹങ്ങ-

ളേറ്റുവാങ്ങട്ടെ പ്രാണനായ്

നവവർഷാഗമത്തോടെ

സങ്കീർണ്ണപരിതസ്ഥിതി

നേരിടാനായ് ശുഭാശംസ-

യായുരാരോഗ്യ സൗഖ്യവും

നവവത്സരമെന്നാളും

മംഗളോദാരമാക്കുവാൻ

കൈകോർക്കാമൊത്തുചേർന്നിടാം

പുതുവർഷപ്രതിജ്ഞയിൽ

ഈ ശതാബ്ദത്തിലേയേക -

ട്വന്റി ട്വന്റി സമാഗതം

മത്സരിക്കാം മനുഷ്യത്വ -

വിജയം ലക്ഷ്യമാവണം.

ഏതു മത്സരവും ലോക -

ശാന്തിക്കായി ഭവിയ്ക്കണം

മുദ്രാവാക്യമിതാവട്ടെ

'വസുധൈവകുടുംബകം'

Advertisment