Advertisment

വിശ്വകേരള മാതൃക (കവിത)

New Update

publive-image

Advertisment

നാർത്തി മൂത്തുവെന്നാലോ

ലഹരിബാധപോയൊ൦

ഗുരുനാഥൻ ബന്ധുമിത്ര -

മെല്ലാം വിസ്മൃതമായിടും

പണമുണ്ടെങ്കിൽ നേടീടാ-

മെന്തുമെന്നൊരു ചിന്തയിൽ

പണത്തിൻ മീതെയിലൊന്നു-

മെന്നതാണീയവസ്ഥകൾ

മാനുഷ്യകവികാരങ്ങൾ

വിചാരങ്ങൾ സമസ്തവും

ധനമാണു, ധനം തന്നേ-

യെല്ലാറ്റിന്നും നിയാമകം

ആത്മീയവ്യവഹാരങ്ങൾ

ഭൗതികൈശ്വര്യമൊക്കെയും

നിയന്ത്രിക്കും പരാശക്തി

ധനമെന്നൊരു ചിന്തകൻ

സിദ്ധാന്തമായാവിഷ്കാരം

മാർക്സെന്നുള്ള മുനീശ്വരൻ

എതിർത്തുമനുകൂലിച്ചു-

മിന്നും ചർച്ച നടക്കയായ്

ധനാധിപത്യം സാമ്രാജ്യ

ശക്തികൾ മൂല്യനിർണ്ണയം

ഒന്നാം സ്ഥാനത്തു നിൽക്കുന്നോ -

രെല്ലാം സാമ്രാജ്യശക്തികൾ

ശാസ്ത്രാന്വേഷണരംഗത്തും

നേട്ടങ്ങൾ കൈവരിച്ചവർ

ലോകം ഞെട്ടിത്തരിക്കുന്നു

കൊറോണാജ്വരഭീതിയിൽ

മൃത്യു താണ്ഡവമാടുന്നൂ

നിശബ്ദം ! മതഭാഷണം

മതപ്രഭാഷകന്മാരേ

കണ്ടില്ലീ പ്രതിസന്ധിയിൽ

നിസ്സഹായം നോക്കിനിന്നൂ

ഖ്യാതം സാമ്രാജ്യശക്തികൾ

ജനലക്ഷം മരിയ്ക്കുന്നീ -

തീയാംപാറ്റ കണക്കവേ

ലോകാധിപത്യം മോഹിച്ചോർ

വിശ്വനായകമേനിയിൽ

അണുബോംബുകൾകണ്ടെത്തി-

ത്തീരാനാശം വിതച്ചവർ

ജ്വരാണു ബാധതൻമുന്നിൽ

പകയ്ക്കുന്നു, വിറക്കയും

കൊച്ചുക്യൂബ മുതൽക്കിങ്ങു

'നിസ്സാരം' കേരളം വരെ

ശിരസ്സുയർത്തി നിൽക്കുന്നൂ

ലോകത്തിൻ മാർഗ്ഗദർശിയായ്

ധനമല്ല, മനുഷ്യത്വം

ജയിക്കുന്നിതിഹാസമായ്

ജനസാന്ദ്രതയിൽ മുന്നിൽ

നിൽക്കും സംസ്ഥാനമൊന്നിതാ

സമ്പത്തിൻ ബാക്കി പത്രത്തി-

ലേറ്റം പിന്നിലുമെങ്കിലും

ഭൂരിപക്ഷസുഖം ലക്ഷ്യ-

മാരോഗ്യം നയമാകവേ

രാഷ്ട്രബാധ്യതയായ് തീർന്നി -

താരോഗ്യപരിരക്ഷകൾ

ജ്വരത്തെ പ്രതിരോധിക്കാ-

നൊന്നാംസ്ഥാനത്ത് തന്നെയാം

ജനകീയാസൂത്രണത്തിൻ

വിശ്വകേരള മാതൃക

അഭിനന്ദനവർഷത്താൽ

നിറഞ്ഞു ലോകമാധ്യമം

വ്യത്യസ്ത മാർഗ്ഗം കാണിക്കൂ

കേരളം വഴികാട്ടിയായ്

Advertisment