മാര്‍ക്‌സിസം മരിക്കുന്നില്ലെന്ന് പുസ്തകങ്ങള്‍

റാംമോഹന്‍ പാലിയത്ത്
Monday, February 11, 2019

കൊച്ചി:  മാര്‍ക്‌സിസം മരിക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അവര്‍ കൃതിയിലേയ്ക്കു വരിക. ഡെല്‍ഹിയില്‍ നിന്നുള്ള ജനചേതനയുടെ സ്റ്റാളില്‍ രാഹുല്‍ ഫൗണ്ടേഷന്‍, അര്‍വിന്ദ് മെമ്മോറിയല്‍ ട്രസ്റ്റ് തുടങ്ങിയ പ്രസാധകരുടെ നൂറു കണക്കിന് മാര്‍ക്‌സിസ്റ്റ് ക്ലാസിക്കുകളും സമകാലീന പഠനങ്ങളുമാണ് മാര്‍ക്‌സിസത്തിന് കടുത്ത അനുഭാവികളും അതിലും കടുത്ത ശത്രുക്കളുമുള്ള കേരളത്തിലെ വായനക്കാരെ തേടിയെത്തിയിരിക്കുന്നത്.

DCIM100GOPROGOPR9631.JPG

മാര്‍ക്‌സും ഏംഗല്‍സും തനിച്ചും ഒരുമിച്ചുമെഴുതിയ ക്ലാസിക്കുകള്‍, മാര്‍ക്‌സിസത്തിന്റെ ആദ്യപ്രയോക്താവായ ലെനിന്റെ മാസ്റ്റര്‍പീസുകള്‍, പ്ലെഖനോവ്, സ്റ്റാലിന്‍, മാവോസേതുങ്ങ് എന്നിവരുടെ കൃതികള്‍ തുടങ്ങിയവ സ്റ്റാളിലുണ്ട്.

കൃതിയുടെ ആദ്യ പതിപ്പില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നെന്നും ഇതു കണക്കിലെടുത്താണ് കൂടുതല്‍ പുസ്തകങ്ങളുമായി ഇക്കുറി വീണ്ടും വന്നതെന്നും സ്റ്റാളിന്റെ ചുമതലയുള്ള ഡെല്‍ഹിക്കാരന്‍ സണ്ണി സിംഗ് പറഞ്ഞു. ക്ലാസിക്കുകള്‍ക്കു പുറമെ മാര്‍ക്‌സിസം പഠിക്കാനുള്ള സ്റ്റഡി കോഴ്‌സും സ്റ്റാളിലുണ്ട്.

ഇവയ്ക്കു പുറമെ മാര്‍ക്‌സിസ്റ്റ് ആചാര്യന്മാരുടെ ജീവചരിത്രങ്ങള്‍, സ്മരണകള്‍ എന്നിവയും സാംസ്‌കാരിക വിപ്ലവം, യുഎസ്എസ്ആറിന്റെ തകര്‍ച്ച തുടങ്ങിയവ മുതല്‍ ജാതിവ്യവസ്ഥ, സ്ത്രീവിമോചനം, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തൊഴിലാളി മുന്നേറ്റങ്ങള്‍, ജനാധിപത്യം തുടങ്ങിയ സമകാലിക വിഷയങ്ങളെപ്പറ്റിവരെ വിദേശീയരും ഇന്ത്യക്കാരുമായ മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ എഴുതിയ പുസ്തകങ്ങളും മാര്‍ക്‌സിസത്തിന് മരണമില്ലെന്ന് പ്രഖ്യാപിച്ച് ജനചേതനയില്‍ കേരളീയരെ കാത്തിരിക്കുന്നു.

×