എവിടെ നോക്കിയാലും യാത്രകള്‍ ! ഹിമാലയം താണ്ടുന്നവര്‍ മുതല്‍ ഒറ്റയ്ക്കൊരു പെണ്‍കുട്ടി അയ്യായിരം കി. മീറ്റര്‍ ബുള്ളറ്റില്‍ കറങ്ങുന്നതുവരെ, കാറോടിച്ച് അഞ്ചും പത്തും രാജ്യങ്ങള്‍ താണ്ടുന്നവര്‍, തായലന്റും മക്കാവും ഫുക്കറ്റും മലേഷ്യയും പോകുന്നത് തൃശൂര്‍ പൂരത്തിന് പോകുന്ന ലാഘവത്തോടെ ? പിന്നെ പെന്‍ഷന്‍കാരുടെ ജറുസലേം യാത്രകളും. ഒടുവിലീ യാത്രകളൊക്കെ പലായനങ്ങളിലവസാനിക്കുമ്പോള്‍ ! എന്നാലും ഇങ്ങനെയുണ്ടോ ഒരു കൂട്ട പലായനം ?

ദാസനും വിജയനും
Monday, May 18, 2020

ഇവിടെ ആരെയും കുറ്റപ്പെടുത്തുന്നില്ല. വിധിയെയും പഴിക്കുവാൻ ഉദ്ദേശിക്കുന്നില്ല. ജേസിയുടെ പുറപ്പാടിലും സെസിലിന്റെ ടെൻകമാൻഡ്മെൻറ്സിലും കണ്ടതാണ് ഈ പാലായനം. അന്നത് എൺപതുകളുടെ അവസാനങ്ങളിൽ നാമത് കാണുമ്പോള്‍ സിനിമയല്ലേ എന്ന് കരുതി സമാധാനിച്ചു. കാലം ഏറെ മാറിയെങ്കിലും അതിപ്പോൾ കാണേണ്ടിവരുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നു .

എന്നാലും ഇങ്ങനെയുണ്ടോ ഒരു കൂട്ട പലായനം !!

മനുഷ്യന്റെ കാൽപ്പാദങ്ങൾ വിണ്ടുകീറി രക്തവും മാംസവും ഇല്ലാതെയുള്ള ആ നടത്തം. ഇതൊക്കെ ചിത്രങ്ങളിലൂടെയാണ് നാം കാണുന്നത്. ചിത്രമെടുക്കുവാൻ സാധിക്കാത്ത എത്രയോ അനുഭവങ്ങൾ , എടുത്ത ചിത്രങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ ഭയപ്പെടുന്നവർ , എടുത്ത ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പോസ്റ്റ് ചെയ്യു വാൻ അറിയാത്തവർ … സാധിക്കാത്തവർ . എന്താണ് ഇതൊക്കെ ?

കഴിഞ്ഞ പത്ത് വർഷങ്ങളോളമായി നാം എവിടെ നോക്കിയാലും യാത്രകളായിരുന്നു. ബുള്ളറ്റുകളിൽ കൂട്ടത്തോടെ ഹിമാലയം താണ്ടുന്ന യാത്രകൾ , ഒറ്റക്ക് ഒരു പെൺകുട്ടി അയ്യായിരം കിലോമീറ്റർ ബുള്ളറ്റിൽ കറങ്ങിയ കാഴ്ചകൾ , അമ്മമാരെ പിന്നിലിരുത്തി ആയിരക്കണക്കിന് കിലോമീറ്ററുകൾ ബുള്ളറ്റുകളിൽ വിലസുന്ന വീഡിയോകൾ , പത്തും ഇരുപതും രാജ്യങ്ങൾ കടന്നുകൊണ്ട് കാറിലൂടെ യാത്ര ചെയ്യുന്നവർ , ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എവിടെ നോക്കിയാലും ജോർജ്ജിയയും മോസ്‌കോയും മിലാനും ദാവോസും മഡഗാസ്കറും മൊണാക്കോയും പിന്നിൽ കാണുന്ന ഒട്ടനവധി സെൽഫികൾ .

തായ്‌ലന്റും ഫുക്കറ്റും ലണ്ടനും മലേഷ്യയും ദുബായും സിംഗപ്പൂരുമൊക്കെ തൃശൂരിൽ പോയിവരുന്ന ലാഘവത്തോടെയായിരുന്നു പോയി വന്നിരുന്നത് . പിന്നെ ഭക്തിയുടെ പേരിൽ റിട്ടയേർഡ് ആയവരുടെ ജറുസലേം യാത്രകൾ , ചെറുപ്പക്കാർക്കിടയിൽ മക്ക- മദീന- ഉംറ തീർത്ഥാടനം എല്ലാം ഒരു ഫാഷനായിരുന്നു .

വണ്ടികൾ അധികരിച്ചപ്പോൾ ഒരു ഹർത്താൽ കിട്ടിയാൽ വിട്ടു , ചാലക്കുടി അതിരപ്പിള്ളി മലക്കപ്പാറ വാൽപ്പാറ പൊള്ളാച്ചി വഴിയുള്ള ചിന്ന ചിന്ന യാത്രകൾ , ഊട്ടിയും കൊടൈക്കനാലും മൂന്നാറും ഒക്കെ പോയിപോയി മടുത്തതുകൊണ്ട് ഇപ്പോൾ വടക്കേ ഇന്ത്യക്കാർക്ക് നാം വിട്ടുകൊടുത്തു .

ആരുമറിയാതെ രഹസ്യമായി ഒതുങ്ങിക്കൂടി നിലകൊണ്ടിരുന്ന വയനാടും കുടകും മടിക്കേരിയും ബാണാസുരയുമൊക്കെ യാത്രക്കാരെക്കൊണ്ട് ശ്വാസം മുട്ടുകയായിരുന്നു . ഗൾഫിലും വിദേശങ്ങളിലും ജോലിയും കച്ചവടവുമൊക്കെ ആയി കൂടിയിരുന്നവർ ഒരു അവധി കിട്ടിയാൽ കുട്ടികളെ നാട്ടിലുള്ള അമ്മയെയും അമ്മൂമ്മയേയും ഗ്രാമങ്ങളും തോടും പുഴയും തൊടിയും ഒക്കെ കാണിക്കുന്നതിന് പകരം അമേരിക്കൻ യാത്രകളും
യൂറോപ്പ്യൻ പാക്കേജുകളുമായി ജീവിതം തള്ളിനീക്കുകയായിരുന്നു . ഈ യാത്രകളൊക്കെ പാലായനങ്ങളിലവസാനിക്കുമെന്ന് ആരും കരുതി കാണില്ല.

ഞായറാഴ്ച എല്ലാവരും ഒത്തുകൂടുമ്പോൾ ഒരു പ്ലാനിങ്ങുമില്ലാതെ പിക്നിക്കുകൾ . പ്രത്യേകിച്ച് സ്ത്രീകൾക്ക് ഭർത്താവിന്റെ വീട്ടിൽ പോകാൻ ഇഷ്ടമില്ലാത്തതുകൊണ്ട് അങ്ങനെയും കുറെയധികം ട്രിപ്പുകൾ .

ചിലർ ഫിലിപ്പീൻസ് , ഇന്തോനേഷ്യ, വിയറ്റ്നാം, ശ്രീലങ്ക ഗ്രാമങ്ങളിലേക്കായിരുന്നു പോയിരുന്നത് . ചില ഗ്രാമങ്ങളെ ദത്തെടുത്ത് തീറ്റിപ്പോറ്റുന്ന മലയാളികൾ ഉണ്ടെന്നറിയുമ്പോൾ , അവിടത്തെ കഥകൾ കേൾക്കുമ്പോൾ നാം ഞെട്ടിപ്പോകും !!!

ഇതൊക്കെ കാണുമ്പോൾ മനസ്സിൽ തോന്നിയിരുന്നു : എങ്ങോട്ടാണീ പോക്ക് എന്ന് . അത്രമാത്രം എയർലൈനുകളും ബുക്കിങ് സൈറ്റുകളും
അധികരിക്കുകയും നിസ്സാര തുകക്ക് പാക്കേജുകൾ ലഭിക്കുകയും ഒക്കെ ചെയ്യുമ്പോഴാണ് ജനം യാത്രകളിലേക്ക് തിരിഞ്ഞത് .

പിന്നെയുള്ളത് പൊങ്ങച്ചവും . അയൽവക്കക്കാരൻ സ്വിട്സർലാന്റിലെ മഞ്ഞുമലകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടാൽ മൂന്നാറെങ്കിലും പോയില്ലെങ്കിൽ ശരിയല്ലല്ലോ എന്ന് കരുതുന്നവരാണ് ഏറെയും . ഒട്ടുമിക്ക ഹണിമൂണുകൾ എല്ലാമിപ്പോൾ വിദേശങ്ങളിലാണ് . എന്നിരുന്നാലും വെറും ആറു കിലോമീറ്റർ ദൂരെയുള്ള അറബിക്കടൽ കാണാത്ത നൂറു കണക്കിന് ആളുകൾ ഇപ്പോഴും ഞങ്ങളുടെ ഗ്രാമങ്ങളിലുണ്ട് എന്നറിയുമ്പോൾ വിഷമമില്ലാതെയില്ല .

ഇന്നിപ്പോൾ നാം കാണുന്ന ഈ പലായനം , ഒരു ശക്തമായ താക്കീതാണ് . കൊട്ടാര സദൃശ്യമായ ട്രെയിനുകളും മണിക്കൂറിൽ അഞ്ഞൂറ് കിലോമീറ്ററുകൾ താണ്ടാവുന്ന ട്രെയിനുകളും വിമാനം പോലെ സൗകര്യമുള്ള വോൾവോ ബസ്സുകളും മുട്ടിനു മുട്ടിനു വിമാനത്താവളങ്ങളും ഹെലികോപ്റ്ററുകളും രാജ്യത്ത് പൊടി പിടിച്ചു കിടക്കുമ്പോഴാണ് ഒരമ്മയെ ചുമലിലേറ്റി മകന്റെ യാത്ര , അതും എണ്ണൂറോളം കിലോമീറ്ററുകൾ കാൽനടയായി , ചെരുപ്പിന്റെ വള്ളികൾ പൊട്ടി പോയിരിക്കുന്നു .

നാൽപതോളം ഡിഗ്രിയിലെ ചൂട് . പാസില്ലെങ്കിൽ പോലീസിന്റെ വക ചന്തിക്കടി . ഭക്ഷണം എന്നത് ഒരു മിഥ്യ . വെള്ളത്തിന്റെ ഒരു ബോട്ടിൽ അഞ്ചോ ആറോ ആളുകൾ ഷെയർ ചെയ്ത് കുടിക്കുന്നു .

ഒരു വലിയ സ്യൂട്ട് കേസിൽ വള്ളി കെട്ടി റോഡിലൂടെ വലിക്കുന്ന ഒരു അമ്മയും തളർന്നവശനായി സ്യൂട്ട് കേസിന്റെ മേലെ കിടന്നുറങ്ങുന്ന കൊച്ചുപയ്യനും . സോഷ്യൽ മീഡിയയിലൂടെ ലോകം മുഴുവൻ കണ്ട ആ വീഡിയോ .

പക്ഷെ അവരെ വിധി പിന്നെയും വേട്ടയാടി . അവരുടെ സ്യൂട്ട് കേസിന്റെ ചക്രങ്ങൾ തേഞ്ഞു തേഞ്ഞു പൊട്ടിയപ്പോൾ അവരും നിസ്സഹരായി റോഡുവക്കിൽ കിടക്കേണ്ടി വന്നു .

ഗുജറാത്തിലെ കുടുസു മുറിയിൽ നിന്നും നാലായിരം രൂപ കൊടുത്തുകൊണ്ട് ട്രക്കിനുള്ളിൽ വലിഞ്ഞു കയറുകയും ബോർഡറിലെത്തിയപ്പോൾ ഒരാൾക്ക് അസുഖമാണെന്ന് അറിഞ്ഞപ്പോൾ ട്രക്ക് ഡ്രൈവർ റോഡിലുപേക്ഷിക്കുകയും ചെയ്ത ഹിന്ദു മുസ്ലിം സഹോദരങ്ങളിൽ ഒരാൾ സ്നേഹിതന്റെ മടിയിൽ കിടന്നു മരണപ്പെടുന്നു . ഇങ്ങനെയൊന്നും ഒരു പരീക്ഷണം ശത്രുക്കൾക്ക് പോലും നൽകല്ലേ എന്ന് പ്രാർത്ഥിക്കാം .

ഡൽഹിയിലെ നിസാമുദ്ധീൻ റെയിവേ പാലത്തിൽ നിന്നും പിടിഐ യുടെ ഒരു ഫോട്ടോഗ്രാഫർ പകർത്തിയ ഒരു ചിത്രം . ഖുതുബുദ്ധീൻ അൻസാരിക്കു ശേഷം നാം കണ്ട ഒരു ചിത്രം . ആയിരം കിലോമീറ്ററുകൾ അകലെ മകന്റെ അസുഖവാർത്ത അറിഞ്ഞ ഒരു തൊഴിലാളിയുടെ കരയുന്ന കരളലിയിപ്പിക്കുന്ന ഒരു ചിത്രം .

ആ ഫോട്ടോഗ്രാഫർ തന്നെ അദ്ദേഹത്തെ നാട്ടിൽ മകന്റെയടുത്ത് എത്തിക്കുവാൻ സൗകര്യം ഏർപ്പെടുത്തിയെങ്കിലും മകൻ അച്ഛനെ കാണാതെ ലോകത്തോട് വിടപറഞ്ഞു ! ഭാര്യയെയും നാല് കുട്ടികളെയും സൈക്കിളിൽ വെച്ചുകെട്ടി എണ്ണൂറോളം കിലോമീറ്ററുകൾ അകലെയുള്ള വീട്ടിലേക്ക് യാത്രതിരിച്ച ഒരു പാവം .

യാത്രയുടെ പകുതിയിൽ നിയന്ത്രണം വിട്ടു വന്ന ഒരു ട്രക്ക് ഇവരുടെ മേലേക്ക് മറിയുകയും രണ്ടു കുട്ടികളൊഴികെ നാലുപേരും മരണപ്പെടുകയും ചെയ്തപ്പോൾ ആ രണ്ടുകുട്ടികളുടെ അവസ്ഥ ഇനി എന്താകും ? പോലീസിനെ പേടിച്ച് തീവണ്ടിപ്പാളത്തിലൂടെ നടന്ന് ക്ഷീണിച്ചു തളർന്ന 14 പേരുടെ ശരീരത്തിലൂടെ ഇന്ത്യയുടെ തീവണ്ടി കയറി ഇറങ്ങിയപ്പോൾ തന്നെ 130 കോടി ജനതയുടെ ആത്മാവിനെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു !!!

ആറുമാസം ഗർഭിണിയായ ഭാര്യയേയും രണ്ടുവയസ്സുള്ള കൈക്കുഞ്ഞിനെയും ഒരു ട്രോളി വണ്ടിയിൽ ഇരുത്തി വലിച്ചുകൊണ്ട് ഹൈദരാബാദിൽ നിന്നും എണ്ണൂറ് കിലേമീറ്റർ താണ്ടുവാൻ യാത്ര തിരിച്ച ആ പാവത്തിന്റെ ഭാര്യ അമിത രക്തസ്രാവത്താൽ റോഡിലേക്ക് കുഴഞ്ഞുവീണു . അവരിപ്പോൾ എവിടെ എത്തിയോ ആവോ ?

ഒരു നല്ല ക്ഷമാപണം എഴുതിക്കൊണ്ട് അന്യന്റെ സൈക്കിൾ മോഷ്ടിച്ച് നാട്ടിലേക്ക് പുറപ്പെട്ട , ഒരു പാവം ആയിരം കിലോമീറ്റർ താണ്ടുന്നതിനിടക്ക് ബോർഡറിൽ പോലീസിൽ നിന്നും അടിവാങ്ങി പിന്നെയും സൈക്കിൾ ചവിട്ടുകയാണ് . ഒരു കൈക്കുഞ്ഞുമായി ബസ്റ്റാന്റിൽ എത്തുകയും വളരെ വിഷമത്തോടെ കരയുകയും ചെയ്ത ഒരു സ്ത്രീ കുഴഞ്ഞു വീഴുന്ന കാഴ്ച നാം കണ്ടു . രണ്ടുകുട്ടികൾ രണ്ടു തോളിലുമായി നടന്നുനീങ്ങുന്ന ഒരു സ്ത്രീ . അവരൊക്കെ ഇപ്പോൾ വീടെത്തിയോ ആവോ ? ഗുജറാത്തിലെ ഒരു ആശുപത്രിക്കാർ അവിടെയുള്ള ഒരു ബസ് സ്റ്റോപ്പിൽ 65 വയസുള്ള ഒരു കോവിഡ് രോഗിയുടെ മൃതദേഹം കൊണ്ടിട്ടതും ഇന്ത്യ കണ്ടു.

എന്തായിരിക്കും ഇങ്ങനെയൊക്കെ പരീക്ഷണങ്ങൾ കിട്ടുന്നത് ? എന്തായിരിക്കും നാം ചെയ്ത തെറ്റുകൾ ? പ്രകൃതിയെ സംരക്ഷിക്കാത്തതിനാലാണോ ? ഭക്തി അധികരിച്ചതിനാലാണോ ? ഒന്നും തന്നെ മനസ്സിലാകുന്നില്ല .

എണ്ണൂറോളം കിലോമീറ്റർ നടന്നു വീടെത്തിയ ഒരു ബീഹാറുകാരൻ ഉടനെത്തന്നെ കൂട്ടുകാരെയും കൂട്ടി തന്റെ വീടിനടുത്തുള്ള ഹൈവേയിൽ പത്തു കിലോമീറ്ററോളും വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കുന്നു എന്നൊരു വാർത്തകണ്ടപ്പോൾ സന്തോഷം തോന്നി . ഇന്നിപ്പോൾ ഈ ലോക്ക് ഡൗൺ ഇത്രേം നാൾ പിന്നിട്ടിട്ടും ജനങ്ങളിൽ ഒരു കൂസലും ഉണ്ടായിട്ടില്ല എന്നതിന്റെ മുഖ്യ കാരണം ഇന്റർനെറ്റിന്റെയും ഡാറ്റയുടെയും സൗകര്യമുള്ളതുകൊണ്ടാണ് .
നാളെ ഈ പണ്ടാരവും ആരെങ്കിലും ഓഫ് ചെയ്താൽ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ ?

അതുപോലെ എത്രയോ മലയാളികൾ ഇന്നിപ്പോൾ ചെന്നൈയിലും അഹമ്മദാബാദിലും മുംബൈയിലും ഡൽഹിയിലും അതുപോലെ ഇന്ത്യയുടെ ഓരോരോ മുക്കിലും മുലകളിലും അധിവസിക്കുന്നു . അവരിൽ വിദ്യാർത്ഥികളുണ്ട് , സ്ത്രീകളുണ്ട് , കുടുംബങ്ങളുണ്ട് , പാവങ്ങളുണ്ട് , കഷ്ടപ്പാടുകൾ ഉള്ളവരുണ്ട് . എപ്പോഴും പാവങ്ങളെ സഹായിക്കുവാൻ ആളുകൾ കാണുമായിരിക്കും .

പക്ഷെ കഷ്ടത അനുഭവിക്കുന്ന ഇടത്തരക്കാരുടെ വേദനകൾ ആരും കാണാറില്ല . അവർക്ക് ആരോടും കൈകൾ നീട്ടുവാനും സാധിക്കാറില്ല . അന്യസംസ്ഥാനങ്ങളിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളികളായ മലയാളികൾ തൊണ്ണൂറ് ശതമാനവും ഇടത്തരക്കാരാണ് . കുടുംബവും കുഞ്ഞുകുട്ടികളുമായി അവരെത്തുമ്പോൾ വാളയാറിൽ പിടിച്ചുവെക്കുന്നത് ശരിയാണെന്ന് അരിയാഹാരം കഴിക്കുന്ന ആരും പറയില്ല . പിന്നെ എന്തിന് അവർ ഈ ചുട്ടു പൊള്ളുന്ന ചൂടത്ത് റോഡുവക്കുകളിൽ കിടക്കേണ്ടിവന്നു എന്നത് ഒരു ചോദ്യചിഹ്നമാണ് ?

ചാനലുകളും പത്രങ്ങളുമൊക്കെ ഇത്തരം കാര്യങ്ങൾ തുറന്നു കാട്ടേണ്ടവരാണ് , അവർ കാണിച്ചാലേ ആരെങ്കിലുമൊക്കെ കണ്ണുകൾ തുറക്കൂ .
നമ്മുടെ നാട്ടിൽ ഇപ്പോഴും സ്നേഹത്തിന്റെ ഉറവ വറ്റാത്തവർ ജീവിക്കുന്നുണ്ട് . ഭരണാധികാരികളെ നമ്മൾ കുറ്റം പറയുന്നില്ല . കാരണം ഭരണത്തിൽ എത്തിയാൽ എല്ലാവരും അങ്ങനെയാണ് .

പാലം കടക്കുവോളം നാരായണ അല്ലെങ്കിൽ കൂരായണ . അവരിപ്പോൾ എസി മുറികളിൽ ഇരിക്കുമ്പോൾ 45 ഡിഗ്രിയിൽ ചെരുപ്പില്ലാതെ നടക്കുന്നവന്റെ വേദന അറിയണമെന്നില്ല . പാവപ്പെട്ടവന്റെ വിശപ്പിന്റെ വേദന അറിയുവാനാണ് റമദാനിൽ വ്രതമനുഷ്ഠിക്കുന്നത് . അതുപോലെ ഓരോരോ മതക്കാരും വ്രതം നോൽക്കുന്നതും .

അതുകൊണ്ടൊക്കെ കുറെ മനുഷ്യർ ഇതൊക്കെ കാണുന്നു . പ്രതികരിക്കുന്നു . ഗുജറാത്തിലെ ഒരു ബസ്റ്റാന്റിൽ അന്യസംസ്ഥന തൊഴിലാളികളെ ഇന്റർവ്യൂ ചെയ്യാൻ വന്ന റിപ്പോർട്ടറെ ജനം റോഡിലിട്ട് തേമ്പുന്നത് ഇന്നിപ്പോൾ നാം കണ്ടു . ഈ പോക്ക് പോയാൽ ചിലരെയൊക്കെ ജനം അവരവരുടെ ഇരിപ്പിടങ്ങളിൽ ചെന്ന് തേമ്പാതിരുന്നാൽ മതിയായിരുന്നു .

സോഷ്യൽ മീഡിയ തുറന്നാൽ പ്രസ്സ് മീറ്റുകളും വാക്ക് പോരുകളും ട്രോളുകളും പാട്ടുകളും നൃത്തങ്ങളും ഭക്ഷണമുണ്ടാക്കലുകളും റ്റിക്റ്റോക്കുകളും പഴയ സിനിമ പാട്ടുകളും ഗ്രൂപ്പുകളും പേജുകളും ലൈക്കുകളും ഷെയറുകളും പ്രസംഗങ്ങളും ഉപദേശങ്ങളും വാർത്തകളും കോവിഡ് സ്കോറുകളും സ്കിറ്റുകളും മൈമുകളും ഒക്കെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് .

അമേരിക്കക്കോ അല്ലെങ്കിൽ ചൈനക്കോ ഈ സാധനങ്ങളൊക്കെ ഓഫ് ചെയ്തുകളയാം എന്ന് തോന്നുകയാണെങ്കില്‍  പിന്നെ കൊറോണയെക്കാൾ വലിയ മഹാമാരി ലോകം കാണേണ്ടിവരും, ആത്മഹത്യകൾ പെരുകും , മാനസിക രോഗികൾക്കായി പ്രത്യേക മെന്റൽ ക്വറന്റൈനുകൾ സ്ഥാപിക്കേണ്ടി വരും .

പിആർ നടത്തി ഷൈൻ ചെയ്ത് ജീവിക്കുന്നവർ തെണ്ടും . ട്രോളർമാർ സ്വന്തം വീട്ടിലെ ചുമരുകളിൽ കരിക്കട്ടകൾ കൊണ്ട് ട്രോളുകൾ രചിക്കും . സോഷ്യൽ മീഡിയയിലെ തെറിവിളിക്കാർ സ്വന്തം അമ്മയെയും പെങ്ങളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് തെറിയഭിഷേകം നടത്തും .

പാട്ടുകാർ തെരുവ് ഗായകരാകും . വാട്സാപ്പിലെ അഡ്മിന്മാരെയും പ്രസംഗികരെയും ബിവറേജ് ക്യു വിൽ കാണാം . ഓൺലൈൻ പത്രക്കാർ റബ്ബർ വെട്ട് പഠിച്ചു തുടങ്ങും . കമിതാക്കൾ വേലിചാട്ടം , ഒളിച്ചോട്ടം , ആത്മഹത്യ ഇത്യാദി കലാരൂപങ്ങളിൽ പ്രാവീണ്യ നേടും . കൊറോണയെ നേരിടുവാൻ ഞങ്ങളിപ്പോൾ പ്രാപ്തരായി, പേടിയൊക്കെ പമ്പ കടന്നു .

പക്ഷെ ഈ ഇന്റർനെറ്റങ്ങാനും ട്രമ്പണ്ണൻ ഓഫ് ചെയ്‌താൽ വൈറ്റ് ഹാവ്‌സിന്റെ മുന്നിൽ തൂങ്ങിമരിക്കും എന്ന ഭീഷണിയുമായി ദാസനും
പാലായനം ചെയ്യുന്നവരുടെ കാര്യങ്ങൾ ഓർത്തുകൊണ്ട് വേദനയോടെ വിജയനും

 

[email protected]

 

×