കോമാളിയും മുതലാളിയും കൊലയാളിയും മുതല്‍ കയ്യേറ്റക്കാര്‍ വരെ ! കളംനിറയാന്‍ ആലത്തൂരിലെ പെങ്ങളൂട്ടിയും വടകരയിലെ മുരളീരവവും പിന്നെ മിനികൂപ്പര്‍ സഖാവും … തെരഞ്ഞെടുപ്പിലേക്ക് കണ്ണെറിയുമ്പോള്‍

ദാസനും വിജയനും
Thursday, March 21, 2019

കേരളത്തിന്റെ 20/ 20 ആരംഭിക്കാറായി. അങ്കത്തട്ടിൽ ചേകവന്മാരും ചേകവത്തികളും അണിചേർന്നു. അല്ലെങ്കിൽ പറയാം ബൗളർമാരും ബാറ്റസ്മാന്മാരും ഫീൽഡിൽ ലൈൻ അപ്പ് ചെയ്തു എന്ന്. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഒരു തിരഞ്ഞെടുപ്പ്. അല്ലാതെ കുണ്ടറ അണ്ടിക്കമ്പനിയിലെ ചൗക്കിദാറിനെ തിരഞ്ഞെടുക്കുവാനുള്ള ഒരു തിരഞ്ഞെടുപ്പല്ല .

ഇനി ബാക്കിയുള്ള ഇന്ത്യ ആര് ഭരിക്കണം അല്ലെങ്കിൽ ഇനി നമ്മുടെ ഭാവി എങ്ങോട്ട് എന്ന് നിശ്ചയിക്കുവാൻ ദൈവം തന്ന ഒരു അവസരം . ദൈവം എപ്പോഴും അങ്ങനെയാണ് . ഒരിക്കലും ഒന്നും നേരിട്ട് ആർക്കും എത്തിച്ചുകൊടുക്കില്ല.

ഇതുപോലെ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ തീരുമാനിക്കുവാനുള്ള അവസരം തരും , അതിനുള്ള പവറും തരും. അതിനെ അവസരോചിതമായി ഉപയോഗിച്ചാൽ ഇനിയുള്ള നാളുകളിൽ ഒരാളും നിങ്ങളുടെ പണത്തിനായി നിങ്ങളെ പൊരിവെയിലത്ത് ക്യു നിർത്തിക്കുകയില്ല.

ഒരാളും നിങ്ങളുടെ അടുക്കളയിൽ എത്തിച്ചു നോക്കുവാൻ വരില്ല. ഒരാളും നിങ്ങളെ ജനക്കൂട്ടത്തിന്റെ തല്ലു കൊള്ളുവാൻ തള്ളി വിടുകയില്ല. ഒരാളും നിങ്ങളുടെ ബാങ്ക് സമ്പാദ്യങ്ങളിൽ കയ്യിട്ട് വാരുകയില്ല.

നിങ്ങൾക്ക് ലഭിച്ച സ്വാതന്ത്ര്യം ഭയപ്പാടില്ലാതെ ഉപയോഗപ്പെടുത്തുവാൻ നിങ്ങൾക്കുള്ള മനോധൈര്യം വീണ്ടെടുക്കാം . ഒരു സർജിക്കൽ സ്‌ട്രൈക്കിലും നിങ്ങളുടെ മക്കളോ ഭർത്താക്കന്മാരോ അച്ഛന്മാരോ കൊല്ലപ്പെടുകയില്ല. ഒരു തീവ്രവാദിയും ക്വട്ടേഷൻ എടുത്തുകൊണ്ട് നാട്ടിൽ പടക്കം പൊട്ടിച്ചുകളിക്കില്ല . ഒരു പട്ടാളക്കാരനെയും ഒരാളും തൊടില്ല .

ഒരു മോഡിയെ ലണ്ടനിൽ അറസ്റ്റ് ചെയ്തുവെന്ന് വാർത്ത വായിച്ചു . അതൊരു അഡ്ജസ്റ്റ്‌മെന്റ് അറസ്റ്റ് എന്നേ നമുക്ക് കരുതുവാനാകൂ . കാരണം കണ്ണിൽ പൊടിയിടാൻ ഭരണസിരാ കേന്ദ്രങ്ങൾ എന്നും മുൻപന്തിയിൽ ആണല്ലോ.

അടുത്ത മോഡിമാരെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിനും 25000 കോടിയുടെയും 30000 കോടിയുടെയും ശിക്ഷ വാങ്ങിക്കൊടുക്കുവാനും നമ്മുടെ ഓരോ വിലയേറിയ വോട്ടും ബുദ്ധിപരമായി ഉപയോഗിക്കുക.  ഏത് മോഡിയായാലും ഏത് വാദ്രയായാലും ഉപ്പുതിന്നെങ്കിൽ ഗോതമ്പുണ്ടയും തിന്നണം . മോഹന വാഗ്ദാനങ്ങളിൽ അകപ്പെടാതിരിക്കുക.

ഇനി കേരളത്തിലെ സ്ഥാനാത്ഥികളിലേക്ക് ഒന്നെത്തിച്ചു നോക്കാം , ആദ്യത്തെ സല്യൂട്ട് ആലത്തൂരിൽ നിന്നും തുടങ്ങാം . യുഡിഎഫിന്റെ ഏറ്റവും നല്ല തീരുമാനം. പണ്ടൊക്കെ ഇടതുപക്ഷത്താണ്‌ ഇത്രേം നല്ല സ്ഥാനാർത്ഥികൾ അണിനിരക്കാറുള്ളത് . പക്ഷെ അവരിപ്പോൾ മുകേഷിന്റെയും ആഷിഖിനെയും ഒക്കെ പിന്നിലാണ് .

കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സുവർണ്ണ കാലഘട്ടത്തിലായിരുന്നെങ്കിൽ രമ്യ ഹരിദാസ് എന്ന കുന്നമംഗലം സ്വദേശി , കൂലിപ്പണിക്കാരന്റെ വിദ്യാഭ്യസമുള്ള മകൾ , അടിപൊളി പാട്ടുകാരി , കോൺഗ്രസ്സുകാരുടെ പെങ്ങളൂട്ടി ഇടതുപക്ഷത്തിന്റെ പ്രചാരക ആകുമായിരുന്നു .

പക്ഷെ ജനങ്ങളിൽ നേരം വെളുത്തപ്പോൾ നികേഷ് കുമാർ പോലെയും , അബ്ദുറഹ്മാൻ പോലെയും , മിനി കൂപ്പർ സഖാവ് പോലെയും ആളുകൾ പണവും പവറുമായി കണ്ണൂരിലെ മാഫിയ നേതാക്കന്മാരുടെ തിണ്ണ ഞരങ്ങുമ്പോൾ സാധാരണക്കാരായ മനുഷ്യൻ മറ്റുള്ള പാർട്ടികളിലേക്ക് കൂടുമാറുന്ന വിവരം അവർ മനസ്സിലാക്കുവാൻ നേരം വൈകി.

എന്തായാലും ആരൊക്കെ ജയിച്ചാലും തോറ്റാലും ആലത്തൂരിന്റെ പെങ്ങളൂട്ടി ഡൽഹി കാണണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു.

ഇനി തലസ്ഥാന നഗരിയിലേക്ക് പോകാം , അവിടെയാണ് മത്സരം തീ പാറുന്നത് . കേരളത്തിന്റെ മുഖ്യമന്ത്രിയായി പത്തുകൊല്ലം എങ്കിലും ഇരിക്കേണ്ട ഒരാൾ ഡോക്ടർ ശശി തരൂർ .

അദ്ദേഹത്തെപോലെയുള്ള ആളുകളെയാണ് കേരളത്തിന്നാവശ്യം . ഡൽഹിയിൽ ഇരുന്നാലും കേരളത്തിനായി ഒട്ടനവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹം അനായാസം പാലമെന്റിൽ എത്തണമെന്നാണ് ആഗ്രഹിക്കുന്നത്.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎ 45 കോടി ചിലവാക്കി മണ്ഡലം പിടിക്കുവാൻ നോക്കിയെങ്കിലും തരൂരിന്റെ ബുദ്ധി ക്ഷമതയിൽ അക്കാര്യം നടന്നില്ല .

അന്ന് എൻഡിഎ യുടെ സുവർണ്ണ കാലഘട്ടവും തരൂരിന്റെ മോശം കാലഘട്ടവും ആയിരുന്നു . എന്നിട്ടും അവസാന റൗണ്ടിൽ പൊരുതി ജയിച്ച ആ മിടുക്ക് ഇത്തവണയും കാണിക്കാതിരിക്കില്ല . ആരൊക്കെ വോട്ടുകൾ മറിച്ചുവിറ്റാലും കളിച്ചാലും.

മറ്റൊരിടത്ത് മത്സരിക്കുന്നത് ഒരു മാഫിയ തലവനാണെന്ന് എതിരാളികള്‍ പറയുന്നു . ഐഎസ് ഐഎസ് സംഘടനക്കാരുടെ രീതികളെ തോൽപ്പിക്കുമാറ് ഒരു നിരപരാധി പയ്യനെ , അച്ഛനില്ലാത്ത പയ്യനെ നാലോളം മണിക്കൂർ പൊരിവെയിലത്ത് കത്തികൾക്കും വടിവാളുകൾക്കും ഇടയിൽ നിർത്തിക്കൊണ്ട് മരണശിക്ഷ വിധിച്ച ആ മനസ്സുണ്ടല്ലോ . അതാണ് പിശാചിന്റെ മനസ്സ് .

ഇത് മരണവാറണ്ടും കാത്തുകൊണ്ട് ഒരു നിരപരാധി നാലോളം മണിക്കൂറുകള്‍ ഒരു തുള്ളി വെള്ളവും കുടിക്കുവാനാകാതെ മരണത്തിന് കീഴടങ്ങിയപ്പോൾ താലിബാൻ വരെ തല താഴ്ത്തി .

ആ കൊലപാതകത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് ഇന്ത്യന്‍ നീതിന്യായ സംവിധാനങ്ങള്‍ സംശയിക്കുന്ന ഒരാളെ സ്ഥാനാർത്ഥിയാക്കിയപ്പോൾ അതും അയാളെക്കൊണ്ട് ജീവൻ പോയ ഒട്ടനവധി മനുഷ്യരുടെ വീട്ടുകാർക്കിടയിൽ മത്സരിപ്പിക്കുവാൻ തീരുമാനിച്ചപ്പോൾ അഹങ്കാരത്തിന്റെ ഒരു വെല്ലുവിളി തന്നെയായിരുന്നു . എന്തായാലും അവിടത്തെ എംപി ഒരിക്കലും ഒരു കൊലപാതകി ആയിക്കൂടാ.

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണെന്ന് തോന്നുന്നു , അങ്ങനെയൊരു ചൊല്ലുണ്ട് . ഒരു എംപി എന്നാൽ എന്ത് , ഒരു എം എൽ എ എന്നാൽ എന്ത് , ഒരു മന്ത്രി എന്നാൽ എന്ത് , അവരുടെ കടമകൾ എന്ത് , അവർക്ക് എന്തൊക്കെ ചെയ്യുവാൻ സാധിക്കും എന്നത് നൂറു ശതമാനവും പാലിക്കുന്ന ഒരു വ്യക്തിത്വമാണ് എൻ കെ പ്രേമചന്ദ്രൻ .

ആളെന്ത് ‘പരനാറി’യാണെങ്കിലും ഇന്ത്യൻ പാർലമെന്റിനെ ഞെട്ടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. സ്പീക്കർ സുമിത്ര മഹാജൻ മുതൽ ഏവരും കൊടിയുടെ നിറം നോക്കാതെ നല്ലതെന്ന് പറഞ്ഞ വ്യക്തിത്വം . അദ്ദേഹത്തിന്റെ എതിരാളിയും അത്ര മോശക്കാരനല്ല.

ഇനി നമുക്ക് പ്രളയം അമ്മാനമാടിയ മധ്യകേരളത്തിലേയ്ക്ക് തന്നെ എത്തിനോക്കാം . ലോകത്ത് ഏറ്റവും വലിയ ബിവറേജ് ക്യു കാണുന്ന നാടിനു കിട്ടിയ എംപിയാകട്ടെ രാഷ്ട്രീയത്തില്‍ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന അവസ്ഥയുള്ള ഒരു കോമാളിയെ.

നൂറു ശതമാനം സാക്ഷരതാ, ബുദ്ധിജീവികളുടെ കേന്ദ്രം എന്നൊക്കെ വിശേഷിപ്പിക്കുന്ന ആ പ്രദേശത്തുകാർക്ക് ദൈവത്തിന്റെ ശിക്ഷയാണ് ഒരു എംപിയിലൂടെയും പ്രളയത്തിലൂടെയും കാണുവാൻ കഴിഞ്ഞത് .

ചികിത്സക്ക് അമ്മയിൽ നിന്നും പണം ചിലവാകാതിരിക്കുവാൻ മമ്മുട്ടി കണ്ടെത്തിയ ഒരു കോമാളി . അതാണ് ഇപ്പോഴത്തെ എംപിയായ ആ മനുഷ്യൻ. മമ്മുട്ടി പണ്ടേ അങ്ങനെയാണ് , ഗൾഫ് അമേരിക്കൻ പര്യടനങ്ങളിൽ കുഞ്ചന്റെയും കൊച്ചിൻ ഹനീഫയുടെയും പേരുകൾ കൂടി സംഘാടകരുടെ മുന്നിൽ അവതരിപ്പിക്കും.

മമ്മുട്ടി പറഞ്ഞാൽ കേൾക്കാതിരിക്കുവാൻ ആകാത്തതുകൊണ്ട് അവർക്കും വിസ കൊടുക്കും . തിരിച്ചു വരുമ്പോൾ മമ്മുട്ടിക്ക് കിട്ടുന്ന അല്ലെങ്കിൽ ചോദിച്ചുവാങ്ങുന്ന സമ്മാനങ്ങളും മറ്റും കൊണ്ടുവരുവാൻ മാത്രമാണ് ഈ പാവങ്ങളെ അങ്ങേര് കൊണ്ടുപോകുന്നത് . അല്ലെങ്കിൽ ലഗേജിന് കിലോക്ക് പണം കെട്ടേണ്ടിവരുമെന്ന കാര്യം ഒഴിവാക്കുവാൻ . ഇക്കളിയാണ് മമ്മുട്ടി പിണറായിലൂടെ ചാലക്കുടിക്കാർക്ക് അടിച്ചേൽപ്പിച്ചത്.

കോഴിക്കോട് എന്നും നല്ല മനുഷ്യനാണെന്ന് വാർത്തകളിൽ സ്ഥാനം പിടിച്ച സ്ഥലമാണ് , കോഴിക്കോട്ടെ ഓട്ടോ റിക്ഷക്കാർ സത്യസന്ധതയ്ക്ക് പേരുകേട്ടവർ . അതുപോലെ തന്നെ എംപിയും അദ്ദേഹത്തിനെതിരെ മത്സരിക്കുന്ന എംഎൽഎ യും , രണ്ടും രണ്ടിനൊന്നു മെച്ചം .

എംപിയെ കളക്ടർ ബ്രോ ഏറെ കളിയാക്കി നോക്കിയിരുന്നു. ബ്രോയുടെ കണ്ണും ഈ തിരഞ്ഞെടുപ്പിലെ ടിക്കറ്റിൽ ആയിരുന്നു . സിപിഎം വളർത്തിക്കൊണ്ടുവന്ന ഒരു പയ്യൻ . പക്ഷെ പയ്യൻ ബിജെപിയിലേക്ക് കൂറുമാറി .

പയ്യൻ കുറെ പ്രോജക്ടുകളുമായി കോഴിക്കോട്ടുകാരെ ഞെട്ടിച്ചിരുന്നു . പക്ഷെ എല്ലാം ഐഐഎം കോഴിക്കോട്ടിനായി സമ്മാനിച്ചതാണെന്ന് ആർക്കും അറിയില്ലായിരുന്നു .

അതുപോലെ ബ്രോയുടെ ഇരുട്ടിലെ ഫോൺ കോളുകൾ പുറത്തുവരുമെന്ന് കണ്ടപ്പോളാണ് എഫ്ബി പേജ് പൂട്ടി കണ്ടം വഴി ഓടിയത് . അതുകൊണ്ട് എംപിക്ക് സമാധാനിക്കാം . ഒരു നല്ല മത്സരം നടക്കുന്ന കോഴിക്കോട്ടുകാർക്ക് എംപി എംപി തന്നെ ആയും എംഎൽഎ എംഎൽഎ ആയും തുടരാനാണോ ആഗ്രഹം , കാത്തിരുന്നു കാണാം .

ആരൊക്കെ ജയിച്ചാലും രണ്ടുപേര് കേരളത്തിൽ ഒരിക്കലും ജയിക്കുവാൻ പാടില്ലെന്ന് പ്രകൃതി സ്നേഹികള്‍ പറയുന്നു . ഒന്നാമൻ ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും രണ്ടാമൻ പൊന്നാനിയിലെ സ്വാതന്ത്രനും.

രണ്ടുപേരും നമ്മുടെ പ്രകൃതിയെ ദ്രോഹിച്ചവരാണ്, ഇപ്പോഴും ദ്രോഹിക്കുന്നവരാണ് . പറയുന്നത് ഒന്ന് ചെയ്യുന്നത് ഒന്ന് എന്നതാണ് ഇവരുടെ മുദ്രാവാക്യം .

പൊന്നാനിയിലെ സ്ഥാനാർത്ഥിയുടെ ജപ്പാൻ കാർമേഘത്തെ കുറിച്ചുള്ള പ്രസ്സ് മീറ്റ് ആരെങ്കിലും കണ്ടിരുന്നെങ്കിൽ അരിയാഹാരം കഴിക്കുന്ന ഒരുത്തനും അങ്ങേർക്ക് വോട്ടു ചെയ്യില്ല .

ഇടുക്കിയിലെ സ്ഥാനാർത്ഥി പള്ളിക്കാരെയും അരമനകളെയും കൂട്ടുപിടിച്ചുകൊണ്ട് ഇടുക്കിയെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് . പ്രളയം ചുമ്മാ അല്ല ഇടുക്കിയെ വിഴുങ്ങിയത് . ഈ വക ആളുകളെയൊക്കെ ഇനി ആ പരിസരത്തൊന്നും കണ്ടുപോകരുത് .

ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞതുപോലെയാണ് ആറ്റിങ്ങലിലെ സ്ഥാനാർത്ഥികൾ . രണ്ടും വില്ലന്മാർ . അത് കാത്തിരുന്നു കാണാം. പാലക്കാട്ടെ മട്ട് ഒന്നൊന്നര മുട്ടാണ് .

കാസറഗോട്ടും നല്ല മുട്ടാണ് . അവിടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഒരു പോരാളിയാണ് . പാലക്കാട്ടെ സ്ഥാനാർഥി ഒരു സംഘടകനാണ് . അവിടത്തെ എംപിയും മോശക്കാരനല്ല . ഏറെ ശ്രദ്ധിക്കേണ്ടത് കോട്ടയമാണ് .

അവിടെ ഒരു സ്ഥാനാര്‍ഥി കാലുമാറ്റത്തിന്റെ സംസ്ഥാന അധ്യക്ഷനാണ് . എറണാകുളവും ആലപ്പുഴയും അര്‍ഹതയുള്ളവരെ ജനം തിരഞ്ഞെടുക്കട്ടെ . വയനാട്ടിലും മലപ്പുറത്തും ഫലത്തെക്കുറിച്ച് ധാരണ ഉള്ളതിനാല്‍ പ്രത്യേകിച്ചൊന്നും പറയാനില്ല .

എന്തായാലും ഒരു കോമാളിയോ കൊലയാളിയോ മുതലാളിയോ ഇനി കേരളത്തിൽ നിന്നും ഡൽഹിക്ക് വണ്ടികയറുവാൻ അനുവദിക്കരുത് എന്ന സ്വന്തം അഭിപ്രായത്തിൽ,

കാസർഗോട്ടെ പെരിയയിൽ നിന്നും സഖാവ് ദാസനും ആലത്തൂരിലെ നാടൻ പാട്ടുകാരൻ വിജയനും

×