നാടണയാൻ പ്രവാസികൾ ! എന്തിനോ വേണ്ടി തിളയ്ക്കുന്ന നോർക്ക രജിസ്‌ട്രേഷൻ ! കൊറോണ രക്ഷാ ദൗത്യത്തിൽ ചിലർ പുലികളായി ! ചിലരുടെ സെൽഫികൾ പ്രവാസി ഭാരതീയ പുരസ്‌കാരത്തിനായും ! കൊറോണക്കാലത്തെ കാണാക്കളികളുമായി ദാസനും വിജയനും !

ദാസനും വിജയനും
Friday, May 8, 2020

കൊറോണക്കാലത്ത് കുറെയേറെ കാര്യങ്ങൾ ലോകം പഠിച്ചു , ലോക ജനത പഠിച്ചു . ബുദ്ധിജീവികൾ പഠിച്ചു , രാഷ്ട്രീയക്കാർ പഠിച്ചു , കോടീശ്വരന്മാർ പഠിച്ചു , പാവങ്ങളും പഠിച്ചു . ഒന്നും പഠിക്കാത്ത കുറെ അലവലാതികളും ഉണ്ടെന്നോർക്കുമ്പോഴാണ് ഏറെ ദുഃഖം . അതിപ്പോൾ ട്രമ്പ് മുതൽ ഇപ്പോൾ വീട്ടിലിരിക്കാത്ത എല്ലാവരും അതിൽ പെടും.

ഗൾഫ് രാജ്യങ്ങളിലെയും അമേരിക്കയിലെയും ലണ്ടനിലെയും ഒക്കെ കാര്യങ്ങൾ പറയുകയാണെങ്കിൽ അവിടെയൊക്കെ കുറെ സന്നദ്ധ സംഘടനകൾ എല്ലാ ഓണത്തിനും ഒരു കൊല്ലത്തോളം ഓണസദ്യ നടത്തുവാനും സകലമാന സിനിമക്കാരെയും പാട്ടുകാരെയും മിമിക്രിക്കാരെയും കൊണ്ടുനടന്ന് ഷോകൾ അവതരിപ്പിച്ച് സെൽഫിയുമെടുത്ത് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റാനും മുൻപന്തിയിൽ ഉണ്ടാകാറുണ്ടായിരുന്നു .

കോളേജുകളുടെ അലുംനികൾ മുതൽ മഹല്ലുകളുടെയും ഇടവകകളുടെയും സ്‌കൂളുകളുടെയും ഒക്കെ അലുംനികൾ വരെ കൂണ് പോലെ ആയിരക്കണക്കിന് സംഘടനകളും അവർക്കൊക്കെ കുറെ പ്രസിഡന്റുമാരും സെക്രട്ടറിമാരും . കൊറോണ വന്നപ്പോൾ എല്ലാം മാളത്തിൽ പതുങ്ങി . പിന്നെ സെൽഫിയുമില്ല ഷോകളുമില്ല സഹായങ്ങളുമില്ല !!!

ഏറ്റവും രസകരമായി തോന്നിയത് ഈ പാവപ്പെട്ട പ്രവാസികളെ ആർക്കും വേണ്ടാതായിരിക്കുന്നു , എല്ലാവര്ക്കും സ്വന്തം നാട് അണയുവാൻ കൊതി വന്നപ്പോൾ സ്വന്തം അമ്മയും പോറ്റമ്മയും കൈയൊഴിയുന്ന അവസ്ഥയാണ് നാം കണ്ടത് . പ്രളയത്തിന്റെ ഫണ്ടായി കൊടുത്ത ചെക്കുകളിൽ ഏറെയും മടങ്ങിയതുകൊണ്ടാകാം എന്നും കരുതുന്നവരുണ്ട് .

പിന്നെ തൽക്കാലം ആശ്വസിപ്പിക്കുവാൻ നോർക്ക എന്ന് പറയുന്ന വെള്ളാന സംഘടന വെബ്‌സൈറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു . ആദ്യ നാളിൽ തന്നെ സെർവറുകൾ കെഎസ്ആർടിസി യുടെ പോലെ ബ്രേക്ക് ഡൗൺ ആയി , പിന്നെ മെല്ലെ മെല്ലെ രജിസ്‌ട്രേഷൻ മൂന്നു ലക്ഷത്തിലേറെ കഴിഞ്ഞു .

ഇത് ഇഷ്ടപ്പെടാത്ത കേന്ദ്ര സർക്കാർ എംബസി മുഖേനയും കോൺസുലേറ്റ് മുഖേനയും രെജിസ്ട്രേഷൻ ആരംഭിച്ചു . പാവപ്പെട്ട പ്രവാസികൾ പിന്നെയും പേരുകൾ രജിസ്റ്റർ ചെയ്തു . അപ്പോഴും ഈ ഇന്റർനെറ്റ് ഇല്ലാത്തവരും ഡാറ്റ ഇല്ലാത്തവരും ക്വറന്റൈനിൽ തന്നെയായിരുന്നു .
നോർക്ക രെജിസ്ട്രേഷൻ ചെയ്യുന്നത് പ്രവാസികളുടെ ഡാറ്റ കൈവശപ്പെടുത്താനാണ് എന്നത് അതിന്നിടയിൽ സോഷ്യൽ മീഡിയക്കാർ പറഞ്ഞു പരത്തിയതും ഈ പ്രവാസികൾ കണ്ടു .

അതിലൊക്കെ എത്രമാത്രം ശരിയുണ്ടാകുമോ ആവൊ ? പക്ഷെ ഒരു കാര്യം ഉറപ്പിച്ചു . ഈ നോർക്ക വഴി രജിസ്റ്റർ ചെയ്ത ഒരുത്തനെയും ഇതുവരെ വിമാനകമ്പനിക്കാർ വിളിച്ചിട്ടില്ല . കോൺസുലേറ്റിനെയും എംബസിയുടെയും രജിസ്ട്രഷനുകൾ തകൃതിയായി നടക്കുന്നു , അതിലൂടെ ആളുകൾ സീറ്റുകൾ തരപ്പെത്തുന്നുമുണ്ട് .

നോർക്ക ഇപ്പോൾ കെഎസ്ആർടിസിയുടെ ഗതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത് . എത്രയും പെട്ടെന്ന് പിരിച്ചുവിട്ടാൽ അത്രയും നല്ലത് -പ്രവാസിക്ക് !

ഗൾഫ് രാജ്യങ്ങളിൽ കെഎംസിസി എന്ന സംഘടന ആത്മാർത്ഥമായി പ്രവർത്തിച്ചു കാണിച്ചുവെന്ന് യുഎഇ ഭരണാധികാരികൾ പ്രശംസിക്കുമ്പോൾ അവർക്കും കുറെയധികം ജീവനുകൾ ബലികൊടുക്കേണ്ടിവന്നു . അബുദാബിയിൽ മരണപ്പെട്ട ബഹുമാനപ്പെട്ട കരീം ഹാജി സ്വർഗം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു .

ഈ കൊറോണക്കാലത്ത് അദ്ദേഹം പാവങ്ങൾ തിങ്ങിത്താമസിക്കുന്ന  വിവിധ ലേബർ ക്യാമ്പുകളിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോൾ യൂസഫലി അടക്കമുള്ളവർ അദ്ദേഹത്തെ പ്രശംസിച്ചിരുന്നു . പ്രായത്തെ കണക്കിലെടുത്ത് ഉപദേശിക്കുകയും ചെയ്തിരുന്നു . ഒന്നും ചെവി കൊള്ളാതെ ആ നന്മമരം എവിടെയും മുന്നിട്ടിറങ്ങി .

ദുബായിലെ കെഎംസിസി കാർ ചെയ്തുകൂട്ടിയ പ്രവർത്തനങ്ങൾ യുനെസ്‌കോ വരെ പ്രകീർത്തിച്ചുകൊണ്ട് എഴുതിയിരുന്നു . കയ്യും മെയ്യും മറന്ന് ആയിരക്കണക്കിന് ചെറുപ്പക്കാർ നൈഫ് എന്ന ആ ഡിസ്ട്രിക്ടിനെ ഏറ്റെടുക്കുകയായിരുന്നു .

ഓരോരോ മുറികളിലും ആറും എട്ടും പേരെ വെച്ച് താമസിച്ചിരുന്ന കെട്ടിടങ്ങളിൽ കയറിച്ചെന്ന് ഓരോരുത്തരെ ചെക്കപ്പിനയച്ച് അവർക്കാവശ്യമുള്ള ഭക്ഷണവും ആരോഗ്യ സാമഗ്രികളും എത്തിച്ചു കൊടുത്തു .

ദുബായ് പോലീസ് അവർക്കായുള്ള വാഹനങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു , ഭരണാധികാരികൾ അവരെ നേരിട്ട് വിളിച്ചു സന്തോഷം പങ്കിടുന്നു . എവിടെയൊക്കെ രോഗികൾ ഉണ്ടോ എവിടെയൊക്കെ പട്ടിണിയുണ്ടോ എവിടെയൊക്കെ കഷ്ടതകൾ ഉണ്ടോ മണിക്കൂറിനുള്ളിൽ അവിടെയൊക്കെ പാഞ്ഞെത്തി കുറെ ചെറുപ്പക്കാർ കാരുണ്യം കാണിക്കുമ്പോൾ നമ്മുടെ നാട്ടിലെ
പ്രളയവും അന്നത്തെ നന്മമരങ്ങളായ കടലിന്റെ മക്കളെ ഓർമ്മയിൽ വരുന്നു .

ഖത്തറിലും സൗദിയിലും ഒക്കെ ഇതേ സംഘടന ആത്മാർത്ഥമായി കാര്യങ്ങൾ നീക്കുന്നുണ്ട് എന്നത് അവിടെനിന്നും വരുന്ന വാർത്തകളിൽ വ്യക്തമാകുന്നു .

കേരളത്തിലാണെങ്കിൽ ആരോഗ്യവകുപ്പ് കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നതുകൊണ്ട് ഏറെക്കുറെ എല്ലാം പിടിച്ചുകെട്ടാനായി എന്നതിൽ ആരോഗ്യവകുപ്പിന് ആശ്വസിക്കാം . അല്ലറ ചില്ലറ രാഷ്ട്രീയ ആരോപണ പ്രത്യാരോപണ വിഷയങ്ങൾ ഒഴിവാക്കിയാൽ മുഖ്യമന്ത്രിക്ക് കിട്ടിയ ഒരു നല്ല അവസരം നല്ല രീതിയിൽ ജനങ്ങളിൽ എത്തിക്കുവാൻ അദ്ദേഹത്തിനും സാധിച്ചു എന്നതിൽ അദ്ദേഹത്തിനും അഭിമാനിക്കാം .

അതിന് മുഖ്യമന്ത്രി നന്ദി പറയേണ്ടത് ഇറ്റലിയിൽ നിന്നും വന്ന ആ റാന്നിക്കാരെയും കാസർഗോട്ടെ ആ ദുബൈക്കാരനെയുമാണ് . അവരാണ് പകർച്ചവ്യാധിയുടെ വ്യാപ്തി എന്താണെന്നു ജനങ്ങളിൽ എത്തിക്കുവാൻ കേരളത്തിന് മോഡലുകളായത് . അപ്പോഴൊക്കെ തമിഴ്‌നാടും കർണ്ണാടകയുമൊക്കെ ഇത് മലയാളികളുടെ അസുഖമായി കണക്കാക്കി വാതിലുകൾ കൊട്ടിയടക്കുകയായിരുന്നു .

ഇന്ത്യ മൊത്തമായി എടുത്താൽ നമ്മൾ ഇച്ചിരി വൈകിയെങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും പോലീസുകാർ പെരുമാറിയതും കാരണം കുറെയൊക്കെ പിടിച്ചുകെട്ടാനായി . പാത്രം കൊട്ടിയാണെങ്കിലും വെളിച്ചം തെളിച്ചാണെങ്കിലും ജനങ്ങൾക്ക് നേരം വൈകിയാലും കാര്യങ്ങൾ ബോധ്യപ്പെട്ടു .

കേരളത്തിലെയും ഇന്ത്യയിലെയും എന്തിനധികം പറയുന്നു , ഈ ലോകം മുഴുവനും നമ്മൾ ആരാധിക്കേണ്ടത് പോലീസുകാരെയും , ഡോക്ടർമാരെയും , നഴ്സുമാരെയും പിന്നെ അതുമായി ബന്ധപ്പെട്ട ലാബ് ടെക്‌നീഷ്യന്മാർ സഹായികൾ എന്നിവരെയാണ് . അവരെയാണ് ഈ ലോകം അവാർഡുകളെകൊണ്ട് ആദരിക്കേണ്ടത് , അവരെയാണ് നിങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടത് .

ഈയിടെ തെലുങ്കാനയിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന ഒരു ഡോക്ടറെ അവരുടെ വീടിന്റെ സമീപത്തുള്ള വീട്ടുകാർ ചേർന്ന് കൈകൊട്ടി സ്വീകരിക്കുന്ന വീഡിയോ ഫേസ്‌ബുക്കിൽ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഷെയർ ചെയ്തത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി .

ദുബായിൽ പാതിരാത്രിയിൽ ജോലി കഴിഞ്ഞു മടങ്ങിയിരുന്ന ഒരു മലയാളി ഡോക്ടറെ ദുബൈ പോലീസ് പിടിച്ചു നിർത്തുകയും ഡോക്ടർ ആണെന്ന് അറിഞ്ഞപ്പോൾ സല്യൂട്ട് ചെയ്‌തെതും കണ്ടപ്പോൾ ഏറെ അഭിമാനം തോന്നി .

അതുപോലെ പലരും പുര കത്തുമ്പോൾ ആ തീയിൽ നിന്നും ബീഡി വലിക്കുന്നവരും ഇല്ലാതില്ല . അവർക്ക് വേണ്ടത് പ്രശസ്തിയാണ് , പണമാണ്,  നാലാളുടെ മുന്നിൽ കാണിക്കുവാനുള്ള സെൽഫികളാണ് . അതിനായുള്ള പിആർ വേലകൾ നാമറിയാതെ അവരും ചെയ്തുകൊണ്ടിരിക്കുന്നു .

ഇടതു കൈ കൊണ്ട് കൊടുക്കുന്നത് വലതുകൈ അറിയുവാൻ പാടില്ല എന്ന് നമ്മെ ഉപദേശിച്ച പ്രവാചകന്റെ വാക്കുകൾ ഒന്നുകൂടി മനസ്സിൽ ഓർത്തെടുക്കുന്നു .

ഈ കോവിഡ് വന്നിട്ടും നിങ്ങൾ നിങ്ങളുടെ പിആർ കളികൾ അവസാനിപ്പിച്ചില്ലെങ്കിൽ ദുരന്തങ്ങൾ ഇനിയും പിറകെ വരുമെന്ന് ഭയപ്പെടുന്നു .

സാമൂഹ്യ സേവനങ്ങൾക്കിടയിൽ സ്വന്തം ജീവൻ ഹോമിച്ച പ്രവാസി മലയാളി കരീം ഹാജിക്കായി പ്രാർത്ഥിച്ചുകൊണ്ട് ദാസനും
ഇപ്പോഴും സന്നദ്ധസേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആയിരങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട് വിജയനും

×