Advertisment

എന്തുകൊണ്ട് തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ ഇടപെട്ടപ്പോള്‍ ജനം ജാഗരൂകരായി ? എന്തുകൊണ്ട് ഗോകുലം ഗോപാലന്റെ മകനെ സോഷ്യല്‍ മീഡിയ വെറുതെവിട്ടു ? ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വിലയ്ക്കെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം കാത്ത മലയാളിയായിട്ടും എം എ യൂസഫലി വിമര്‍ശിക്കപ്പെട്ടു - ദാസനും വിജയനും പറയാനുണ്ട് !

author-image
ദാസനും വിജയനും
Updated On
New Update

യൂസഫലിക്കാ , അങ്ങ് ഇടക്കിടക്ക് പത്രവാർത്തകൾ കൊടുത്തുകൊണ്ട് സമയം കളയേണ്ട ! അങ്ങയുടെ ഓഫീസ് ഇടക്കിടക്ക് പത്രക്കാർക്ക് വാർത്തകൾ അയച്ചുകൊടുക്കേണ്ട ! അങ്ങയെ ആരും ഒരു ചുക്കും ചെയ്യുവാൻ പോകുന്നില്ല !

Advertisment

ഇന്നത്തെ അവസ്ഥയിൽ അങ്ങയുടെ ഒരു രോമത്തിൽ തൊടുവാൻ ഒരാൾക്കും സാധ്യവുമല്ല ! അങ്ങുണ്ടാക്കിവെച്ച ബന്ധങ്ങൾ നിസ്സാരമല്ല , അതാരും നിസ്സാരവത്കരിക്കുകയുമില്ല !

അങ്ങേക്ക് ലഭിക്കുന്ന പ്രാർത്ഥനകൾ കുറച്ചൊന്നുമല്ല , ലക്ഷക്കണക്കിന് പ്രാർത്ഥനകളാണ് അങ്ങേക്ക് ലഭിക്കുന്നത് ! ബന്ധപ്പെടുന്ന ഓരോ രാജ്യത്തിന്റെയും തലവന്മാർ തന്നെ അങ്ങയുടെ പങ്കാളികളായി തീരുന്നു ! അങ്ങയുടെ കളിക്കൂട്ടുകാരായി മാറുന്നു !

publive-image

ഇതൊന്നും പണം കൊണ്ടൊന്നും ആർക്കും നേടാവുന്ന കാര്യങ്ങളല്ല എന്നത് ഏവരും മനസ്സിലാക്കിയിരിക്കുന്നു ! പണത്തിനേക്കാൾ മേലെ ബന്ധങ്ങളെ വളർത്തുമ്പോൾ പലതും സഹിച്ചേ പറ്റൂ !

തുഷാർ വെള്ളാപ്പള്ളി വിഷയത്തിൽ കൈതൊട്ട നിമിഷം മുതൽ അങ്ങ് ഇത്രേം നാൾ ഉണ്ടാക്കിയ ഒരു പടുകൂറ്റൻ ഇമേജിന്റെ ഗ്രാഫ് ഇടിയുകയായിരുന്നു, എന്തുകൊണ്ടാണ് അങ്ങനെയൊക്കെ സംഭവിക്കുന്നു എന്നത് താങ്കൾ കൂലംകുഷമായി ആലോചിക്കേണ്ടതാണ് .

സിപിഎം സെക്രട്ടറി കോടിയേരിയുടെ മക്കളുടെ വിഷയത്തിലാണ് താങ്കൾ ഇടപെട്ടിരുന്നെങ്കിൽ ആരും ഒന്നും പറയില്ലായിരുന്നു . സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ മകന്റെ വിഷയത്തിലാണ് താങ്കൾ ഇടപെട്ടിരുന്നതെങ്കിലും ആരും ഒന്നും പറയില്ലായിരുന്നു .

ഇനി ഗോകുലം ഗോപാലേട്ടന്റെ മകന്റെ വിഷയത്തിലാണെങ്കിലും ജനം കണ്ണടച്ചേനെ . എന്തിനധികം പറയുന്നു ശശികല ടീച്ചറുടെ മകനായിരുന്നാലും ജനം ഒന്നും പറയില്ലായിരുന്നു .

പിന്നെന്തുകൊണ്ട് കേരളത്തിലെ ഒരു പ്രബല സമുദായത്തിന്റെ നേതാവായ വെള്ളാപ്പള്ളിയുടെ മകന്റെ കാര്യം വന്നപ്പോൾ ജനങ്ങൾ ഇത്രേം ഇടപെടുന്നു എന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ ?

വെള്ളാപ്പള്ളി ഒരു സമുദായത്തിന്റെ നേതാവായതുകൊണ്ടല്ല , മകൻ ഒരു രാഷ്ട്രീയപാർട്ടിയുടെ നേതാവായതുകൊണ്ടല്ല ഇതൊന്നും സംഭവിക്കുന്നത് . അവർ ഇത്രേം നാളുകൾ കൊണ്ട് കേരളത്തിൽ ഉണ്ടാക്കിയ അവസരവാദ നിലപാടുകളെ ജനം പുച്ഛിച്ചു തള്ളുന്നു എന്നതിന്റെ തെളിവാണിപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

നാസിൽ ഒരു മുസ്ലിം സമുദായക്കാരനായതുകൊണ്ടോ , തുഷാർ ഒരു ഈഴവ സമുദായക്കാരൻ ആയതുകൊണ്ടോ , അല്ലെങ്കിൽ യുസഫലിക്ക ഒരു മുസ്ലിം ആയതുകൊണ്ടോ ഒന്നും അല്ല.

അങ്ങനെയൊക്കെ ചിന്തിക്കുവാൻ നമ്മൾ വടക്കേ ഇന്ത്യക്കാരോളം അധഃപതിച്ചിട്ടില്ല. ഇവിടെ മനുഷ്യത്വവും അഹങ്കാരവും തമ്മിലുള്ള അങ്കമാണ് . അല്ലാതെ ജാതിപ്പോരല്ല.

publive-image

അതുകൊണ്ടാണ് അതേസമയം തന്നെ അതിനേക്കാൾ ഇരട്ടി സ്ട്രോങ്ങ് ആയ ഗോകുലം ഗോപാലേട്ടന്റെ മകന്റെ കേസ് ജനം ചർച്ച ചെയ്യാതെ അവസാനിപ്പിക്കുന്നത്. പണ്ടത്തെ ദൈവമല്ല ഇന്നത്തെ ദൈവം . പാടത്ത് പണിയും വരമ്പത്ത് കൂലിയുമാണ് നടന്നുവരുന്നത്.

നമ്മുക്ക് വേണ്ടത് നീതിയും ന്യായവും നടപ്പാക്കുന്ന ഒരു വ്യവസ്ഥിതിയാണ് . ഇരകൾ വലിയവരായാലോ ചെറിയവർ ആയാലോ അവർ തിരസ്കരിക്കപ്പെടരുത് . നാം മലയാളികൾ നമ്മുടെ നാട്ടിലെ ഭരണ രീതികളും കൈക്കൂലികളും സ്വാധീനമുപയോഗിച്ചുള്ള അട്ടിമറികളും എല്ലാം അവർ ഇപ്പോൾ ജീവിക്കുന്ന നാടുകളിലും ഉപയോഗപ്പെടുത്തുവാൻ തുടങ്ങിയിരിക്കുന്നു.

അത് ഒരു അപകടം പതിയിരിക്കുന്ന പണിയാണ് , അതൊക്കെ മുളയിലേ നുള്ളിയില്ലെങ്കിൽ ഇന്നത്തെ ഇന്ത്യൻ വ്യവസ്ഥിതികളും കേരളത്തിന്റെ സ്വഭാവവും മറ്റുള്ള രാജ്യങ്ങളിൽ കൂടി നാം അനുഭവിക്കേണ്ടിവരും . കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന പ്രവണത കുറച്ചൊക്കെ അവസാനിപ്പിക്കണം .


ഇന്ത്യാ മഹാരാജ്യം ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയെന്ന ബ്രാൻഡ് മറ്റൊരു ലാഭവും പ്രതീക്ഷിക്കാതെ ഇന്ത്യക്കാരനെന്ന കൂറ് തെളിയിക്കുവാൻ പണം ചിലവാക്കി സ്വന്തമാക്കിയ വ്യക്തിത്വമാണ് അങ്ങയുടേത് .

ഒരു ടാറ്റക്കോ ബി...ര്‍ളക്കോ അംബാനിക്കോ ഗോദ്‌റെജിനോ മിത്തലിനോ ഹിന്ദുജാക്കോ തോന്നാത്ത ഒരു സ്നേഹമായിരുന്നു അങ്ങ് ഈസ്റ്റ് ഇന്ത്യാകമ്പനി സ്വന്തമാക്കിയതിലൂടെ ഇന്ത്യയോട് കാണിച്ചത് .


ബ്രിട്ടനിലെ പ്രശസ്തമായ സ്കോട്ട്ലാന്റ് യാർഡിന്റെ ഹെഡ്‌കോർട്ടേഴ്സും സ്വന്തമാക്കി ഇന്ത്യാക്കാരന്റെ അല്ലെങ്കിൽ മലയാളിയുടെ അതിനുമപ്പുറം ഒരു തൃശൂർക്കാരന്റെ ഖ്യാതി ലോകത്തിന്റെ നെറുകയിൽ എത്തിച്ചു .

ദുബായിലെ ഗവൺമെൻറ് സമ്മിറ്റിലും ഗൾഫുഡിലും എല്ലാം താങ്കൾ നിറസാന്നിദ്ധ്യമായിരുന്നു . കൊച്ചി ബിനാലെയും ഫാഷൻ ഷോകളും സ്പോൺസർ ചെയ്തുകൊണ്ട് സകലകലാ വല്ലഭനായി . സ്മാർട്സിറ്റിയുടെയും കൊച്ചി കണ്ണൂർ വിമാനത്താവളങ്ങളുടെയും അമരക്കാരനായി .

ജെറ്റ് എയർ ഇത്തിഹാദ് ഡീൽമേക്കർ ആയ അങ്ങുതന്നെ എയർ കേരള പ്രാബല്യത്തിലാക്കുമെന്നും ഓരോരോ പ്രവാസിയും വിശ്വസിക്കുന്നു .  ഇതൊന്നും ആരും വിസ്മരിക്കുന്നില്ല .

publive-image

അങ്ങേയ്ക്ക് അറിയുന്ന ഒരു ഉദാഹരണം പറയട്ടെ .   2002 ൽ അബുദാബിയിലെ പ്രമുഖനായ ഒരു സ്ഥാപനത്തിന്റെ ഉടമയും ചാവക്കാട് മണത്തല സ്വദേശിയുമായ ഒരു നല്ല മനുഷ്യനെ ഒരു ദിവസം കാണാതായി .

പിറ്റെന്നാൾ പ്രമുഖ മലയാളം പത്രത്തിൽ അദ്ദേഹം മുങ്ങിയെന്ന വാർത്തയും വന്നു  . ഇത് വായിച്ച ആ വ്യവസായി പത്രത്തിൽ വിളിച്ചു ഖേദം അറിയിച്ചു . ഇതറിഞ്ഞ മറ്റൊരു വ്യവസായി ഇതേ പത്രത്തിൽ വിളിച്ചുകൊണ്ട് ഈ പാവം മനുഷ്യനെകുറിച്ചുള്ള കഥകളും അദ്ദേഹത്തിന്റെ പൂർവകാല കച്ചവടങ്ങളും എന്തിനധികം പണ്ട് സൈക്കിൾ റിപ്പയർ ആയിരുന്നു പണിയെന്നുവരെ എഴുതിപ്പിടിപ്പിക്കുവാൻ പത്രത്തിൽ സമ്മർദ്ദം ചെലുത്തി .

അറ്റ്ലസ് രാമചന്ദ്രൻ ജയിലിൽ ആയപ്പോൾ , അദ്ദേഹം താങ്കളുടെ ഒരു വാടകക്കാരൻ കൂടിയായിരുന്നു , എന്നിട്ടും അദ്ദേഹത്തെ പുറത്തിറക്കാന്‍ അങ്ങ് ചെറുവിരൽ അനക്കിയില്ല . അതിനു അങ്ങേയ്ക്ക് യുക്തമായ കാരണങ്ങള്‍ കണ്ടേക്കാം. ശരി തന്നെ.

അമ്പതിനായിരത്തോളം ആളുകൾ ജോലി ചെയ്യുന്ന അങ്ങയുടെ കമ്പനിക്കും അങ്ങേക്കും നാസിൽ അബ്ദുള്ളക്ക് മറുപടി കൊടുക്കേണ്ട ആവശ്യമില്ല . പക്ഷെ ജനം എല്ലാം കാണുന്നു അവരെല്ലാം അറിയുവാൻ ആഗ്രഹിക്കുന്നുവെന്ന് അങ്ങേക്കും ഉപദേശകർക്കും സോഷ്യൽ മീഡിയയിലൂടെ മനസ്സിലായതോടെയാണ് ഇങ്ങനെ തുരുതുരെയുള്ള വിശദീകരണങ്ങള്‍ .

'ഞാൻ ഒന്നിലും ഇടപെട്ടില്ല , ആകപ്പാടെ രണ്ടുകോടി രൂപ കൊടുത്തു ജാമ്യത്തിൽ ഇറക്കി എന്നേയുള്ളൂ '. ഇത്രേം പോരേ ? ഇന്ത്യ മഹാരാജ്യവും ലോകം മുഴുവനായും സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടിരിക്കുന്ന ഈ സന്ദർഭത്തിൽ രണ്ടു കോടിക്കൊന്നും ഒരു വിലയുമില്ലേ ?

എത്രഎത്ര പരിപ്പുവടയും ചായയും കുടിക്കാം, ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്ന് കാരണവന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് .

ഇനിയും ഇങ്ങനെയുള്ള അനാവശ്യ കാര്യങ്ങളിൽ അങ്ങ് ഇടപെടരുത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം, ആരെന്തൊക്കെ പറഞ്ഞാലും താങ്കള്‍ നല്ലവനാണ്.

അങ്ങനുള്ള ഒരാള്‍ കേരളത്തിന്‍റെ അംബാസിഡറായി മലയാളി എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ വേണം. രാജ്യത്തിന്‌ ഒരാളെ ഒരു രാജ്യത്ത് മാത്രമേ അംബാസിഡറാക്കാന്‍ കഴിയൂ. പക്ഷേ താങ്കള്‍ മലയാളിയുള്ളടത്തൊക്കെ അംബാസിഡറാണ്.

ഉപദേശകരോട് എല്ലാം ഒന്ന് വിലയിരുത്തി മാത്രമേ താങ്കളെ ഇടപെടുത്താവൂ എന്നും പറയുക , താങ്കൾ ഇപ്പോൾ പഴയ ആ യുസഫലിയല്ല, അതവരും ഓര്‍ക്കണം .

എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അടച്ചുപൂട്ടിയ ഒരു ഗ്രോസറിയുടമ ദാസനും ആടച്ചുപൂട്ടുവാൻ നിൽക്കുന്ന വിജയനും

Advertisment