കേരളത്തില്‍ തുടക്കംകുറിച്ച ചാനലുകളും അതില്‍ പണം ഇറക്കി കൈപൊള്ളി സ്ഥലം കാലിയാക്കിയ പ്രവാസി വ്യവസായികളും. ജോയ് ആലുക്കാസും അബ്ദുള്‍ വഹാബും തുടങ്ങി കെ മുരളീധരന്‍ വരെ – അക്കഥകള്‍ ഇങ്ങനെ !

ദാസനും വിജയനും
Wednesday, May 13, 2020

കേരളത്തിന്റെ സ്വന്തമായ, അഭിമാനമായ ടെലിവിഷൻ ചാനലുകൾ, അതിലേറെയും പ്രവാസികളുടെ കയ്യൊപ്പുകൾ പതിഞ്ഞവയും. പക്ഷെ ഈ ചാനലുകളിൽ തൊടുന്നവരുടെ കൈകൾ പൊള്ളുന്നതിനെക്കുറിച്ച് ആരും ചർച്ചകൾക്ക് മുതിരാറില്ല . എന്തോ ഒരു ശനിദശ ചാനലിൽ പണമിറക്കുന്നവരെ പിടികൂടുന്നുണ്ടോ എന്ന് വേണം കരുതുവാൻ .

ബുദ്ധിയില്ലായ്മയോ കച്ചവടക്കണ്ണുകൾ ഇല്ലാതെയോ അല്ല അവരിങ്ങനെ ഓരോ കുടുക്കുകളിൽ ചെന്ന് ചാടുന്നത് . എന്തോ ഒരു ശക്തി അവരിലെല്ലാം പിടിമുറുക്കുന്നുണ്ട് . അതെന്താണ് എന്നതിനെക്കുറിച്ച് ആരും ഇവിടെ ചർച്ചകൾ ചെയ്തിട്ടില്ല ! കൈപൊള്ളുന്നവരായ നിക്ഷേപകർ എല്ലാം നിശബ്ദമായി നേരിടുമ്പോൾ ചില ചാനൽ കഥകളിലൂടെ നമ്മുക്ക് സഞ്ചരിക്കാം…

കൊടുങ്ങല്ലൂരിനടുത്ത കരൂപ്പടന്നയിലെ പാരിജാതപുരം അമ്പലത്തിന്നടുത്തായി ജനിക്കുകയും ലയോള കോളേജിലും മലബാർ ക്രിസ്ത്യൻ കോളജിലുമായി ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്ത ശശികുമാർ മേനോൻ . പി ഭാസ്കരന്റെ മകളെ വിവാഹം ചെയ്ത് ഡൽഹിയിൽ ദി ഹിന്ദുവിലും ദൂരദർശനിലും പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അമരത്തും ജോലിചയ്തു നേടിയ അറിവിന്റെ ബലത്തിൽ ഒരു ചാനൽ സ്വന്തമായി തുടങ്ങുവാൻ തീരുമാനിക്കുന്നു .

ഒരു സകലകല വല്ലഭനായിരുന്ന അദ്ദേഹം മണി മാറ്റേഴ്സ് എന്ന ഷോയിലൂടെയാണ് മലയാളിക്ക് സുപരിചിതനായത് . എൻഎസ് മാധവന്റെ വന്മരങ്ങൾ കടപുഴകുമ്പോൾ എന്ന കൃതിയെ ആസ്പദമാക്കി സംവിധാനം നിർവഹിച്ച ”കായ താരൻ ”എന്ന സിനിമക്ക് അരവിന്ദൻ സ്മാരക പുരസ്‌കാരം നേടിയപ്പോൾ മുതൽ അദ്ദേഹത്തിന് കേരളത്തിലേക്ക് പറിച്ചു നടുവാനുള്ള മോഹം ഉദിച്ചു .

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യൻ ദൗത്യസേനക്കൊപ്പം ശ്രീലങ്കയിൽ പോയി വന്നതിന് ശേഷം അദ്ദേഹം ചാനൽ മോഹം സ്വന്തം അമ്മാവനായ റെജി മേനോനോട് പറഞ്ഞു .

കൊടുങ്ങലൂരിലെ തന്നെ ശ്രീനാരായണപുരത്ത് ജനിക്കുകയും ഇടതു സഹകാരിയുമായ അദ്ദേഹം പഠനശേഷം മോസ്‌കൊയിലാണ് കച്ചവടങ്ങൾ നടത്തിയിരുന്നത് . തേയിലയും പിന്നീട് ക്രൂഡോയിലും ആയിരുന്നു കച്ചവടമെങ്കിലും ചാനലിനെക്കുറിച്ചുള്ള ഇഷ്ടം
മനസ്സിൽ കുടുങ്ങിയപ്പോൾ സീഡ് ഫണ്ടിങ്ങായി പണം നിക്ഷേപിച്ചു .

അങ്ങനെ ഇന്ത്യയിൽ ആദ്യത്തെ പ്രാദേശിക ഭാഷയിലുള്ള പ്രൈവറ്റ് ചാനലായ ഏഷ്യാനെറ്റ് തിരുവനന്തപുരത്തുനിന്നും പ്രക്ഷേപണം ആരംഭിച്ചു . ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഏഷ്യാനെറ്റ് കേബിൾ ആരംഭിക്കുകയും അതിലേക്കുള്ള നിക്ഷേപമായി മുംബയിലെ പ്രമുഖ ബിൽഡർ രഹേജ ഗ്രൂപ്പ് 50 ശതമാനം ഓഹരികൾ വാങ്ങുകയും ചെയ്തു .

കേബിളുകൾ കേരളത്തിലെ എല്ലാ ഇലക്ട്രിക്ക് പോസ്റ്റുകളിലൂടെയും വലിക്കുവാൻ അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ സമ്മതിക്കുകയും ചെയ്തു . പക്ഷെ കുറച്ചുനാൾ കഴിഞ്ഞപ്പോൾ രഹേജഗ്രൂപ്പിന് ചാനലിലും ഷെയർ വേണമെന്ന് വാശി പിടിച്ചപ്പോൾ ശശികുമാർ അത് മുഖവിലക്കെടുത്തില്ല . അമ്മാവൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന് മനസ്സിലാക്കിയ രഹേജ അമ്മാവനെ കൂട്ടുപിടിച്ചുകൊണ്ട് ചാനലിന്റെ ബോർഡിൽ കയറിപ്പറ്റി . പിന്നീട് അവരുടെ കുറെ ഷെയറുകൾ സീ ഗ്രൂപ്പിന് കൈമാറിയപ്പോൾ ശശികുമാർ ഏറെ വേദനയോടെ പടിയിറങ്ങി .

ഒരു നാൾ വരുമെന്ന് അന്ന് അദ്ദേഹത്തോട് പലരും ഉപദേശിച്ചു . പിന്നീട് ഇടപാടുകളിലെ ഇടനിലക്കാരൻ ചാനലിൽ ബോർഡ് മെമ്പറാവുകയും ചാനലിനെ രാജീവ് ചന്ദ്രശേഖറിന് നല്ല വിലക്ക് വിൽക്കുകയും ചെയ്തു . ഈ ഡീലിൽ അമ്മാവൻ പുറത്തുപോകുകയായിരുന്നു . പിന്നീട് സ്റ്റാറും ഡിസ്‌നിയുമൊക്കെ ഏഷ്യാനെറ്റിനെ സ്വന്തമാക്കിയപ്പോൾ അവരുടെ ദുബായിലെ വരുമാനമാർഗമായിരുന്ന റേഡിയോ പൂട്ടിക്കെട്ടി . ഇന്നിപ്പോൾ നേരോടെ നിർഭയം നിരന്തരം എന്ന തലക്കെട്ടോടെ ചാനൽ കേരളത്തിന്റെ ഒന്നാം സ്ഥാനം അലങ്കരിച്ചുകൊണ്ട് മുന്നേറുന്നു !!!

ഇന്ത്യാവിഷൻ എന്ന ചാനലിനായി ഡോ. എംകെ മുനീറും സംഘവും സൗദിയിൽ ഷെയർ പിരിവിനായി പോയപ്പോൾ മഹാനടൻ മമ്മുട്ടി ചെയർമാനായ സിപിഎം അനുകൂല ചാനലിന്റെ പിരിവിനായി പിവി അബ്ദുൽ വഹാബ് ദുബായിലേക്കും അബുദാബിയിലേക്കും ഖത്തറിലേക്കും പറന്നു .

വഹാബ് – മുനീർ മത്സരത്തിൽ വഹാബ് ഏകപക്ഷീയമായി ഗോളുകളടിച്ചുകൊണ്ട് മുനീറിനെ പരാജയപ്പെടുത്തി . ഒട്ടുമിക്ക വ്യവസായ പ്രമുഖരും കൈരളിയിൽ നിക്ഷേപിച്ചപ്പോൾ ടെക്‌നോളജിയിൽ കേരളത്തിലെ ഒന്നാം നമ്പർ ചാനലായി കൈരളി മാറുകയായിരുന്നു . പക്ഷെ കൈരളിക്ക് കാര്യങ്ങൾ എല്ലാം അനുകൂലമായെങ്കിലും അബ്ദുൽ വഹാബിനും അദ്ദേഹത്തിന്റെ പാർട്ടിക്കും അത് വല്ലാതെ ക്ഷീണം ചെയ്തു .

പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ ലീഗിന്റെ കോട്ടകൾ തകരുവാൻ കാരണയമായതുകൊണ്ട് വഹാബിന് കൈരളിയിൽ നിന്നും രാജിവെക്കേണ്ടിവന്നു . ദുബായിലെ മീഡിയ സിറ്റിയിലെ ഓഫീസ് അടച്ചുപൂട്ടിയെങ്കിലും സ്വന്തമായി ഒരു ഓഫീസും അതുപോലെ തലസ്ഥാനത്ത് ഒരു കെട്ടിടവുമായി ഒരു കൂട്ടം ജനതയുടെ ആത്മാവിഷ്കാരമായി ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്നു !

ഇന്ത്യാവിഷന്റെ കാര്യങ്ങൾ  ഒട്ടേറെയുണ്ടെങ്കിലും ചിലത് പറയാതെ വയ്യ . മോശം ഉപദേശകരും മോശം ഉപദേശങ്ങളും എന്തിനെയും തകർക്കുവാനേ ഉപകരിക്കൂ എന്ന ബൈബിൾ വാചകങ്ങൾ ഇവിടെ സ്മരിക്കാം . മുസ്ലിം ലീഗുകാരും കെഎംസിസിയും മനസ്സ് വെച്ചാൽ സ്റ്റാറിനേക്കാളും സിഎൻഎന്‍ ചാനലിനെ ക്കാളും വലിയ ചാനൽ തുടങ്ങാവുന്നതേയുള്ളൂ .

പണം നിക്ഷേപിക്കുവാൻ അവരെ കഴിഞ്ഞിട്ടേ വേറെ ആരുമുള്ളൂ . പക്ഷെ മുനീറിന് കിട്ടിയത് ദുബായിലെ ഒരു അറബിയും പിന്നെ ജനകോടികളുടെ വിശ്വസ്തനായിരുന്ന നമ്മുടെ സ്വന്തം അറ്റ്‌ലസ് രാമചന്ദ്രേട്ടനും മാത്രം. അദ്ദേഹം ജയിലിൽ പോയത് അക്കാരണത്താൽ അല്ലെങ്കിലും ഒരു ചാനൽ പ്രേതം അദ്ദേഹത്തെയും പിന്തുടർന്നിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . എന്തായാലും ഇന്ത്യാവിഷൻ ഇന്നിപ്പോൾ റെസ്റ്റ് ഇൻ പീസിലാണ് .

അതിന്റെ പിന്നാലെ ഏറെ ബഹളത്തോടെ കേരളത്തിൽ എത്തിയ റിപ്പാർട്ടർ ചാനൽ. ഒരു ചാനൽ ആരംഭിച്ചിട്ട് ഇത്രയധികം ആളുകൾ ഇഷ്ടപ്പെട്ട് തുടങ്ങിയത് റിപ്പോർട്ടറിന്റെ ഒരു കഴിവായി കരുതാം . ആനയുടെ കണ്ണുകൾ ചെറുതാക്കിയും കുതിരക്ക് കൊമ്പുകൾ കൊടുക്കാതെയും പടച്ചുവിട്ട ദൈവം ആ ചാനലിന്റെ നടത്തിപ്പുകാരനും എന്തൊക്കെയോ കുറവുകൾ പടച്ചുവെച്ചിരുന്നു .

ചെന്നൈ കമ്പനി കോടതിയിലും മറ്റുള്ള കോടതികളിലുമായി കേസുകളും ഡയക്ടറായ ലാലി ജോസഫും പ്രവാസി ഡയറക്ടർമാരുമായുള്ള അങ്കം വെട്ടലുകളിലും എല്ലാവര്ക്കും നഷ്ടങ്ങൾ മാത്രമേ ബാക്കിയായുള്ളൂ . ഇന്നിപ്പോൾ ഉന്നതങ്ങളിലെ ഇടപെടലുകൾ ഉള്ളതിനാൽ എല്ലാവരും യുദ്ധം അവസാനിപ്പിച്ച് മിണ്ടാതിരിക്കുന്നു . പക്ഷെ എന്തൊക്കെ തന്നെയായാലും ചാനൽ ഒരു മുടക്കവുമില്ലാതെ കൊണ്ട് നടത്തുവാൻ നടത്തിപ്പുകാർക്ക് ആയതിൽ എല്ലാവർക്കും സമാധാനിക്കാം .

സഭയുടെ സ്വന്തം ചാനലായ ജീവൻ. കേരളത്തിലെ വാർത്തകൾ ഇംഗ്ലീഷ് ഭാഷയിലും പ്രക്ഷേപണം ചെയ്യുന്നുവെന്ന ഖ്യാതിയുമായി മുന്നോട്ട് പോകുന്നതിനിടക്കാണ് നമ്മുടെ ജോയേട്ടനെ , ( ആലുക്കാസ് ജോയ് ) അതിന്റെ അമരത്തേക്ക് പ്രതിഷ്ഠിക്കുന്നത് . അദ്ദേഹം ആ ദൗത്യം വളരെ ഭംഗിയായി നിറവേറ്റുകയും ചാനൽ ന്യു ജെൻ ചെറുപ്പക്കാരുടെ ഇടയിലേക്ക് കയറിപ്പോകുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജോയേട്ടൻ പെട്ടെന്ന് ചാനലിൽ നിന്നും പടിയിറങ്ങുന്നത് .

സഭ ജോയേട്ടന്റെ കീഴിൽ ഒരു ജോയിന്റെ എംഡിയെ നിയമിച്ചതുകൊണ്ടാണ് ജോയേട്ടന്റെ പിന്മാറ്റം എന്നാണ് അറിയുവാൻ കഴിഞ്ഞത്. എങ്കിലും ചാനലിൽ ഉള്ള സമയത്ത് അദ്ദേഹത്തിന് കച്ചവടത്തിൽ ശ്രദ്ധിക്കുവാൻ കഴിഞ്ഞിരുന്നില്ലത്രേ !! എന്തായാലും സഭ ചാനലിനെ വളരെ ഉഷാറോടെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഏവർക്കും സന്തോഷിക്കാം .

കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ഗൾഫിലെത്തി സകലമാന വേദനിക്കുന്ന കോടീശ്വരന്മാരെയും പോയിക്കണ്ട് ഒരു ചാനൽ തുടങ്ങി .
നാട്ടിലെ പ്രാഞ്ചിമാരും ഗൾഫിലെ പ്രാഞ്ചിമാരും ഒന്നിച്ചപ്പോൾ ടിവി ന്യൂ എന്ന ചാനൽ പിറന്നു . ഈ കച്ചവടക്കാർ തമ്മിലുള്ള ആശയ സംഘട്ടനം അധികരിച്ചപ്പോൾ ചാനൽ പെരുവഴിയിലാകുകയും ജോസേട്ടനും അബ്ദുള്ളക്കയും ചാനലിനെ അടച്ചുപൂട്ടുകയും ചെയ്തു . പിന്നെ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല . അവരെയൊന്നും ദുബായിലും പരിസരത്തൊന്നും കാണാറുമില്ല .

മിഡിലീസ്റ്റ് ടെലിവിഷൻ, മെറ്റ് എന്ന പേരിൽ ഒരു ചാനൽ ദുബായ് മീഡിയ സിറ്റി ആസ്ഥാനമായി ആരംഭിച്ചിരുന്നു . ദുബായിലെ പ്രശസ്തമായ റേഡിയോക്കാർ മുഖ്യ അവതാരകരായി ആരംഭിച്ച ചാനൽ സാറ്റലൈറ്റ് പ്രശ്നത്താൽ പൂട്ടിക്കെട്ടിയപ്പോൾ ഒരു നല്ല മനുഷ്യൻ, സുധീർകുമാർ കംപ്യുട്ടറുകൾ വിറ്റുണ്ടാക്കിയ പണം മുഴുവൻ വായുവിലാവുകയായിരുന്നു . പണിക്കാരുടെ ശമ്പളത്തിന്റെ ഫോൺ കോളുകളും മറ്റുള്ള കുടിശിഖ കോളുകളും അധികരിച്ചപ്പോൾ മുതലാളി ഒരു ജോലിയിൽ പ്രവേശിച്ചു സുഖമായി ജീവിതമെന്ന ചാനൽ നടത്തുന്നു .

മീഡിയ വൺ ഗൾഫ് എന്ന പേരിൽ ചാനൽ വളരെ കൊട്ടിഘോഷിച്ച് ഉത്‌ഘാടനം നടത്തിയെങ്കിലും കാരണമറിയാതെ അതിനെയും അവർ ഒഴിവാക്കി . ഏറ്റവും കൂടുതൽ പ്രവാസികളുടെ നിക്ഷേപമുള്ള ചാനലായിട്ടും എന്തുകൊണ്ടോ അവർക്കും പച്ചപിടിക്കുവാനായില്ല . മീഡിയ വൺ നാട്ടിലേത് വളരെ ഉഷാറായിത്തന്നെ കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ഗൾഫിലെ ചാനൽ പൂട്ടിക്കെട്ടിയതിൽ പണമിറക്കിയവര്‍ക്ക് ദുഖമുണ്ട്.

കേരളത്തിലെ ഭീമന്മാരായ മനോരമയ്ക്കും മാതൃഭൂമിക്കും ഈയിടെ കയ്പുനീരുകൾ കുടിക്കേണ്ടിവന്നതിൽ വിഷമമില്ലാതില്ല . നാട്ടിലെങ്ങും പാട്ടായ റേഡിയോ ദുബായിൽ നഷ്ടത്തിലായതുകൊണ്ട് അടച്ചുപൂട്ടേണ്ടി വന്നപ്പോൾ മാതൃഭൂമിയുടെ മുഖ്യ നിക്ഷേപകരിൽ ഒരാളുടെ സ്ഥാവര ജംഗമ വസ്തുക്കൾ ബാങ്കുകാർ ജപ്തി ചെയ്തതും നാമറിഞ്ഞു . ശനിക്ക് അങ്ങനെ മാതൃഭൂമിയും മനോരമയും ഒന്നും ഇല്ലത്രേ ! പക്ഷെ ആരൊക്കെ പിടിച്ചാലും ശനികൾ അവതരിച്ചാലും ഇവർ രണ്ടുകൂട്ടരും ഇപ്പോഴും കേരളത്തിൽ അജയ്യരായി യാത്ര തുടരുന്നു . ഒന്നാം സ്ഥാനക്കാരായി തന്നെ !

മംഗളം എന്ന ചാനൽ ദുബായിൽ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് ഒരു ഉത്ഘടനമൊക്കെ നടത്തി അവിടെ നിന്നും പോന്നതാണ് . ഇപ്പോൾ ക്രൗൺ പ്ലാസ ഹോട്ടലുകാർ അവരെ അന്വേഷിച്ച് നടക്കുകയാണ് . ഇന്ത്യയിലെ ആദ്യത്തെ രാഷ്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്വന്തം ചാനലായ ജയ്‌ഹിന്ദ്‌ .

കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ്സ് പാർട്ടി ഭരിച്ചിരുന്ന സമയത്ത് ആരംഭിച്ചതുകൊണ്ട് ഒട്ടുമിക്ക പ്രവാസി പുലികളും അതിൽ നിക്ഷേപമിറക്കി . എന്നാലും മുൻനിരയിലെ ചില നിക്ഷേപകർ ഇന്നിപ്പോൾ നിലയില്ലാ കയത്തിലാണ് . കൊല്ലത്തുകാരനായ നജിമുദ്ധീൻ ദുബായിലെ കച്ചവടങ്ങൾ അവസാനിപ്പിച്ച് നാട് പിടിച്ചു .

വീക്ഷണം പത്രത്തെപോലെതന്നെ എന്തൊക്കെയോ ബാലാരിഷ്ടതകൾ ചാനലിനെയും പിടിമുറുകിയിരിക്കുന്നു . പക്ഷെ ഗൾഫിലെ ജയ്‌ഹിന്ദ്‌ പ്രവർത്തനങ്ങൾ ഒന്നാം കിട ചാനലുകളെക്കാൾ വളരെ ഭംഗിയായി നടക്കുന്നതിൽ പ്രവാസികൾക്കും പണമിറക്കിയവർക്കും അഭിമാനിക്കാം.

മണ്മറഞ്ഞ ബിസ്ക്കറ്റ് രാജാവ് രാജൻപിള്ളയുടെ ഭാര്യ നീനപിള്ളയെ മുൻനിർത്തി കുറെ അമ്മായിമാർ ചേർന്ന് തുടങ്ങിയ സഖിയെന്ന ഒരു പാവം ചാനൽ . അതിലേക്ക് പണം പിരിക്കുവാനായി കുറെ സ്ത്രീകൾ ദുബായിലേക്ക് വണ്ടി കയറുകയും പ്രദീപ് കുമാർ എന്ന ഒരു കച്ചവടക്കാരനെ വലയിൽ വീഴ്ത്തുകയും ചെയ്തു . പത്തിരുപത് കൊല്ലങ്ങളോളമായി നല്ല രീതിയിൽ വെള്ളം കച്ചവടം ചെയ്തു ജീവിച്ചിരുന്ന പാവം പ്രദീപ് ദുബായിൽ നിന്നും ഓടി രക്ഷപ്പെട്ടപ്പോൾ ഇപ്പോൾ ചാനലുമില്ല വെള്ളം കൊണ്ടുണ്ടാക്കിയ പണം വായുവിൽ കളഞ്ഞു എന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ കിടപ്പ് .

ദുബായ് ആസ്ഥാനമായി ഈവിഷൻ പ്ലാറ്റ്‌ഫോമിൽ ആദ്യമായി തുടങ്ങിയ കേബിൾ ചാനലാണ് എൻ ടിവി. ഗൾഫിലെ കുറെയധികം സാധാരണ കലാരന്മാർക്കും കച്ചവടക്കാർക്കും ഒക്കെ ഉപകാരപ്രദമായിരുന്ന ചാനലിന്റെ മുതലാളി കടൽ കടന്നുവന്ന ഒരു മാത്തുക്കുട്ടിച്ചായനായിരുന്നു .
ഇൻഷുറൻസ് മേഖലയിൽ നിന്നും അദ്ദേഹം സമ്പാദിച്ചുകൂട്ടിയ പണം തീർന്നപ്പോൾ അദ്ദേഹം ആരുമറിയാതെ സ്ഥാപനം അടച്ചുപൂട്ടി വീട്ടിൽ ലോക്ക് ഡൗണിലേക്കു നീങ്ങി .

കേരളത്തിന്റെ കേബിൾ ഓപ്പറേറ്റർമാരുടെ സഹായത്തോടെ ദുബായിലെ ഒരു ജയ്‌മേനോൻ ആരംഭിച്ച കേബിൾ ചാനലായിരുന്നു വേൾഡ് ഓൺ എച് ഡി . സംഭവം നല്ല സംരംഭമായിരുന്നു . ടിവി കാണുന്നവർക്ക് നല്ല ജീവനുള്ള എച് ഡി പടങ്ങൾ ഒക്കെ കാണാമായിരുന്നു . പക്ഷെ അതും അധികകാലം നീണ്ടുപോയില്ല . ആ പെട്ടിയും പൂട്ടിക്കെട്ടി .

പിന്നെയാണ് ന്യു ജെൻ ആശയങ്ങളുമായി ഒരു കൂട്ടം ആളുകൾ ഡി ചാനൽ ആരംഭിച്ചത് . ശ്യാമും കൂട്ടുകാരും ആ ചാനൽ തുടങ്ങുമ്പോൾ ഏറെ മോഹങ്ങൾ ഉണ്ടായിരുന്നു . ചാനലിലെ ഷോകളും വളരെ നിലവാരമുള്ളത് ആയിരുന്നു . ഇന്നിപ്പോൾ മുതലായിമാരൊക്കെ പല സ്ഥലങ്ങളിൽ ജോലിയെടുത്ത് ബാധ്യതകൾ തീർത്തുകൊണ്ടിരിക്കുന്നു .

ഖത്തറിലെ കുറെ നല്ലവരായ ആളുകളുടെ പണം നിക്ഷേപിച്ചുകൊണ്ട് തുടങ്ങിയ റേഡിയോ മി , അതിന്റെ അടുത്ത തലത്തിലേക്ക് പോകുന്നതിന്റെ ഭാഗമായി ഒരു ചാനൽ കൂടി പ്ലാൻ ചെയ്തു . വളരെ നല്ലവനായ ഒരു മനുഷ്യനായിരുന്നു ചെയർമാൻ . അദ്ദേഹത്തെ പറഞ്ഞു ഫലിപ്പിച്ചാണ് പുതിയ പ്രോജക്ടിന്റെ ആശയം മുന്നോട്ട് വെച്ചത് .

അമേരിക്കൻ മലയാളി റേഡിയോവിൽ പണം നിക്ഷേപിക്കുമ്പോൾ മലയാളത്തിന്റെ സൂപ്പർസ്റ്റാർ ലാലേട്ടനും ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരും കൂടാതെ ഒട്ടുമിക്ക പ്രശസ്ത താരങ്ങളും സാഹിത്യകാരന്മാരും കാരികളും ഒക്കെ അവതാരകരായി വരുന്ന റേഡിയോ-ടിവി പ്രോജക്റ്റ് .  ഒടിയൻ മേനോനായിരുന്നു ക്രിയേറ്റീവ് ഡയറക്ടർ . സംഭവബഹുലമായ ലോഞ്ച് ദുബായിലെ ഒബറോയിൽ വെച്ച് ലാലേട്ടന്റെ സാന്നിധ്യത്തിൽ നടന്നുവെങ്കിലും എല്ലാം സ്വപനങ്ങൾ മാത്രമായിരുന്നു എന്ന് തിരിച്ചറിയുവാൻ നന്നായി നടന്നിരുന്ന റേഡിയോക്കാർ വൈകിപ്പോയി . ഒടുവിൽ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിൽ റേഡിയോ മൺമറഞ്ഞു .

കേരളത്തിലെ ഒരു ആൾ ദൈവത്തിന്റെ പേരിലുള്ള അമൃത ചാനലിന്റെ ഗൾഫ് ഓപ്പറേഷനിൽ അമ്മയുടെ ഒരു കടുത്ത ആരാധകനായ ജയറാം ബറക്കത്ത് ചാനലിനുവേണ്ടി പണമിറക്കിയെങ്കിലും പിന്നീട് അദ്ദേഹം വളരെ ഭംഗിയായി അതിൽ നിന്നും മെല്ലെ തടിയൂരി . അമേരിക്കയിൽ നിന്നും കെട്ടിയിറക്കിയ സുധാകർ ജയറാമും ക്രിയേറ്റിവ് തലപ്പത്തുണ്ടായിരുന്ന ശ്യാമപ്രസാദും പടിയിറങ്ങിയപ്പോൾ എന്തൊക്കെയോ ചെയ്തുകൊണ്ട് ചാനൽ ഇപ്പോഴും കേരളജനതക്ക് മുന്നിൽ വളരെ ഭംഗിയായി പ്രക്ഷേപണം ചെയ്യുന്നു .

വളരെ പെട്ടെന്ന് കേരളമനസ്സുകളിൽ ഇടം കണ്ടെത്തിയ ജനം ടിവി , പ്രിയദർശനെപ്പോലെ ഒരാളെ ചെയർമാനായി കിട്ടിയെങ്കിലും ഇന്നിപ്പോൾ ഏറെ സങ്കടത്തിലാണ് . ബിആർ ഷെട്ടിയുടെ തകർച്ചയിൽ ജനവും ഏറെ ദുഖിക്കുന്നുണ്ടാകാം . ഒരു മടിയുമില്ലാതെയാണ് ഷെട്ടി അതിലേക്ക് പണം നൽകിയത് . എന്തായാലും ചാനൽ വളരെ ഭംഗിയായി കേരളത്തിൽ മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്നു .

ഫ്‌ളവേഴ്‌സ് ചാനൽ , നേരത്തെ പറഞ്ഞതുപോലെ വൈകിയാണ് വന്നതെങ്കിലും മുന്‍നിരക്കാരായ എല്ലാ ചാനലുകളെയും ഞെട്ടിക്കുവാൻ ഫ്ളവേഴ്സിന് സാധിച്ചിരുന്നു . എല്ലാം ഏറെ സൂക്ഷ്മതകളോടെയാണ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത് . സ്റ്റുഡിയോവും ടെക്‌നോളജിയും ഒക്കെ വളരെയേറെ പണം വാരിക്കോരി ചിലവഴിച്ചിട്ടുണ്ടാക്കിയതുകൊണ്ട് നിലവാരം കേരളത്തിലെ മുൻനിരയിൽ തന്നെയായിരുന്നു .

അതിപ്പോഴും തുടരുമ്പോഴും അതിലേക്കായി പത്തു കോടിക്ക് മുകളിൽ നിക്ഷേപിച്ച ദുബായിലെ ഡോക്ടർ (എംബിബിഎസ്‌ അല്ല) വിദ്യ വിനോദ് ഇന്നിപ്പോൾ കഷ്ടത്തിലാണ്  . അവർ ഉണ്ടാക്കിയ വിദ്യാഭ്യസ സാമ്രാജ്യം ഒന്നൊന്നായി തകർന്നടിഞ്ഞപ്പോൾ ആദ്യമായി ഫ്‌ളവേഴ്‌സ് റേഡിയോ പ്രക്ഷേപണം അവസാനിപ്പിച്ചു . ആന്ധ്രക്കാരനായ ഒരു റെഡ്‌ഡിയിൽ നിന്നും വീണുകിട്ടിയ ഒരു വമ്പൻ യൂണിവേഴ്സിറ്റിയെ ദൈവം റെഡ്ഢിക്ക് തന്നെ തിരിച്ചേൽപ്പിച്ചപ്പോൾ വിദ്യയുടെ കാലിടറി .

കെ മുരളിധരൻ ഷെയറുകൾ വാങ്ങി കൈപൊള്ളിച്ച ജനപ്രിയ ചാനലിന്റെ പുതിയ അവതാരമായ 24 നു പഴയ നിക്ഷേപകരുടെ ശാപമാണോ ആവോ? . കുറെ മാസങ്ങളുടെ ശമ്പള കുടിശ്ശികക്കായി റേഡിയോ ജോക്കികളും മറ്റുള്ള ജോലിക്കാരും കാത്തിരിക്കുമ്പോൾ ഫ്‌ളവേഴ്‌സ് കോമഡിഷോകളുമായി ഇന്നും ജനമനസ്സിൽ നിറഞ്ഞു നിൽക്കുന്നു .

കേരളത്തിലെ ഏകദേശം എല്ലാ ചാനലുകളിലും പണമിറക്കിയിട്ടുള്ള പാവം പ്രവാസികൾക്ക് തിരിച്ചുകിട്ടുന്നത് എല്ലാം ഇതുപോലെ ഉണ്ടൻ ചുരുട്ടുകൾ ആവുമ്പോൾ , പണം പോയത് പോകട്ടെ കേസും കൂട്ടവും ഒന്നും ഇല്ലാതിരുന്നാൽ മതിയെന്നാണ് ഓരോരുത്തരും ഇപ്പോൾ പ്രാർത്ഥിക്കുന്നത് . ഇനിയിപ്പോൾ പ്രവാസിയെയും ആർക്കും വേണ്ടതായിരിക്കുന്ന ഈ അവസരത്തിൽ ,

ചാനൽ മോഹങ്ങൾ എല്ലാം അവസാനിപ്പിച്ചുകൊണ്ട് ,

ലോക്ക് ഡൗണിൽ ടൗണിൽ പോകുവാനാകാതെ മക്കളെ കളിപ്പിച്ചുകൊണ്ട് ചാനൽ മുതലാളി ദാസനും
ചാനലിൽ ഇറക്കിയ പണത്തിനായി കേസുകൾ ഫയൽ ചെയ്യുവാൻ ഒരുങ്ങിക്കൊണ്ട് വിജയനും

 

dasanivijayanblog@gmail.com

×