തമിഴ്‌നാട്ടില്‍ മലയാളി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് സംശയാസ്പദമെന്ന ആരോപണം പോലെ കേരളത്തിലും അങ്ങിങ്ങ് നടക്കുന്ന ചില അപകടങ്ങള്‍ സംശയനിഴലില്‍ ! മരണത്തെപ്പോലും വിശ്വസിക്കുവാനാകാതെ മലയാളി

ദാസനും വിജയനും
Thursday, September 19, 2019

ലപ്പുറം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തി പങ്കുവെക്കുന്ന പെരുമ്പടപ്പ് ദേശത്തിൽ വെച്ചുണ്ടായ ഒരു അപകടമാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. രണ്ടു കൗമാരക്കാർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ പോസ്റ്റിലിടിച്ചു രണ്ടുപേരും തൽക്ഷണം മരിച്ചതുമായി ബന്ധപ്പെട്ട് ഒരു പയ്യന്റെ പിതാവാണ് ത്രൃശൂരിലെ ഒരു പ്രമുഖ ക്യാൻസർ ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കൂലം കുഷമായി ചിന്തിക്കുകയാണെങ്കിൽ നാടിന്റെ ഇപ്പോഴത്തെ പോക്ക് അനുസരിച്ചു ഇതല്ല ഇതിന്നപ്പുറവും സംഭവിക്കാം. കാരണം
പണത്തിന്റെ മീതെ പരുന്തും പറക്കില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

എവറസ്റ്റ് ഹിമാലയ ചിട്ടിക്കമ്പനികളുടെ ചേരിപ്പോരുകൾക്കിടയിൽ നാഷണൽ ഹൈവേയിൽ സംഭവിച്ച ഒരു അപകടം , മരിച്ചയാളുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അതൊരു കൊലപാതകമെന്ന് തെളിയിക്കപ്പെട്ടു. അതുപോലെ എത്രയെത്ര അപകടമരണങ്ങൾ ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ റോഡുകളിൽ ഏറ്റവുമധികം അപകടങ്ങളും അപകടമരണങ്ങളും നടക്കുന്നത് കുന്നംകുളം തൃശൂർ റോഡിലാണ്. പലപ്പോഴും ഈ റോഡിനെ പേടിച്ചു ഞങ്ങൾ പന്നിത്തടം വഴിയേ പോകാറുള്ളൂ.

ഇന്നിപ്പോൾ ഈ വിഷയം ചർച്ച ചെയ്യുവാൻ കാരണമായത് മൂന്ന് കാര്യങ്ങൾ മനസ്സിനെ അലട്ടുന്നതുകൊണ്ടാണ്. ഒന്നാമതായി തമിഴ്‌നാട്ടിലെ റോഡുകളിൽ നടക്കുന്ന ഒട്ടുമിക്ക അപകടങ്ങളിലും ചതി ഒളിഞ്ഞുകിടക്കുന്നുണ്ട് എന്ന് പലതവണ നാം ഇവിടെ പ്രതിപാദിച്ചതാണ്.  ശരാശരി ഒരു മലയാളി വണ്ടി അപകടത്തിൽ പെട്ടാൽ ചുരുങ്ങിയത് പത്തു പവനും ഒരു ലക്ഷം രൂപയും ആ വണ്ടിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഈ പണവും സ്വർണ്ണവും ലക്ഷ്യമാക്കി ഉണ്ടാക്കുന്ന അപകടങ്ങളാണ് ഒട്ടുമിക്കവാറും . തൃശൂർ ജില്ലയിലെ കുതിരാൻ കഴിഞ്ഞാൽ പിന്നവിടന്നങ്ങനെ വടക്കോട്ട് ആര് അപകടത്തിൽ പെട്ടാലും ചിലര്‍ സഹായത്തിനായി എത്തുന്നത് എന്തിനാണെന്ന് രണ്ടു തവണ ആലോചിക്കണം.

വർഷങ്ങൾക്ക് മുമ്പ് ആലത്തൂരിനടുത്ത ചിതലിയിൽ വെച്ച് ഞങ്ങൾ അപകടത്തിൽ പെട്ടു . ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ ആദ്യം പണം ആവശ്യപ്പെട്ടു.  അപകടം നടന്നു ഒരു മണിക്കൂറിന് ഉള്ളിൽ കാറിന്റെ സ്റ്റെപ്പിനി ടയർ അടക്കം എല്ലാ ടയറുകളും സ്റ്റീരിയോയും ഒക്കെ കളവുപോയിരുന്നു.

കുതിരാനടുത്ത കൊമ്പഴയിൽ ഫിനോൾ ആസിഡ് ലോറി തോട്ടിലേക്ക് മറിഞ്ഞപ്പോൾ പാം ഓയിൽ ആണെന്ന് തെറ്റിദ്ധരിച്ചു പിക്കാസുകൊണ്ട്
ടാങ്ക് ഓട്ടയാക്കിയപ്പോൾ ആസിഡ് വീണ് രണ്ടുപേരുടെ കൈകൾ നഷ്ടപ്പെട്ടത് ആരും മറന്നുകാണുവാൻ ഇടയില്ല . 1998 ൽ ടാറ്റ സുമോയിൽ
മേട്ടുപ്പാളയം ബ്ലാക്ക്തണ്ടറിലേക്കു വിനോദയാത്ര പോയ പത്ത് ചെറുപ്പക്കാരുടെ വാഹനം മധുക്കരയിൽ അപകടത്തിൽ പെട്ടു തീപിടിച്ചു .

ഏഴുപേരോളം മരിച്ച അപകടത്തിൽ ഒരു പയ്യൻ ബോധമില്ലാതെ കിടക്കുകയായിരുന്നു . അവന്റെ കയ്യിലെ കൈചെയിന്‍ നഷ്ടപ്പെട്ടു. പിന്നീട് അയാളും തീയിലകപ്പെടുകയായിരുന്നു. കാലൊടിഞ്ഞുകിടന്ന മറ്റൊരുപയ്യൻ കാണുവാനിടയായി . പിന്നീടാണ് ഇവർ ഇക്കാര്യം ചാനലിലൂടെ വെളിപ്പെടുത്തിയത് .

ഒരു പ്രശസ്ത മാധ്യമ പ്രവർത്തകൻ ഒരു കാര്യം വെളിപ്പെടുത്തുകയുണ്ടായി . ഗൾഫിൽ നിന്നും മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയക്കുന്ന ചിലരിൽ ചില കച്ചവട താത്പര്യങ്ങൾ ഉണ്ടെന്നുള്ള വസ്തുത . വളരെയേറെ ആന്ധ്രാക്കാരും തമിഴന്മാരും യുപിക്കാരും രാജസ്ഥാൻകാരുമൊക്കെ അപകടങ്ങളിൽ പെട്ട് മരിക്കുന്നുണ്ട് .

പലരുടെയും മേൽവിലാസങ്ങൾ പാസ്‌പോർട്ടിൽ ഉള്ളതുപോലെ കൃത്യമാകാത്തതുകൊണ്ടു മൃതദേഹങ്ങൾ അയക്കുവാൻ സാധിക്കാറില്ല . പക്ഷെ ഈയിടെയായി കുറെ സന്നദ്ധസംഘടനകളുടെ പേരിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുവാൻ തയാറായി വരുന്നതുകൊണ്ട് എംബസിയും മറ്റും എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുക്കാറുണ്ട് .

ഇതിൽ പല മൃതദേഹങ്ങളും അവരവരുടെ ബന്ധുക്കൾക്ക് കിട്ടാറില്ലത്രേ . സ്വകാര്യ മെഡിക്കൽ കൊളേജുകൾക്ക് വിൽക്കുകയാണ് എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ഉയര്‍ത്തിയ ആരോപണം.

വടക്കേ ഇന്ത്യയിലൊക്കെ സർവസാധാരണമായി അവയവ മാഫിയ ഇക്കളികൾ നടത്തിവരുന്നു.  അവിടെ ആരും ചോദ്യം ചെയ്യുവാൻ ഇല്ലാത്തതുകൊണ്ടും മരിക്കുന്നവരിൽ പലരും നാടും വീടും വിലാസവും ഇല്ലാത്തവരായതുകൊണ്ടും ഇങ്ങനെയൊക്കെ നടക്കുന്നു.

ഇതെല്ലം ചെയ്യുന്നത് ആശുപത്രിക്കാർ ആകണമെന്നില്ല , അതിലും കാണും ബ്രോക്കര്മാരും ഏജന്റുമാരുമൊക്കെ . ചിലപ്പോൾ വലിയ വലിയ മാഫിയകൾ വരെ പിന്നിൽ നിന്നും നിയന്ത്രിക്കുന്നുണ്ടാകാം.  ഇനിയിപ്പോൾ വർഷാവർഷം നടന്നുവരുന്ന പ്രകൃതിക്ഷോഭങ്ങൾ വരെ ഇക്കൂട്ടർ കാത്തിരിക്കുന്നുണ്ടാകും.

എന്തൊക്കെ തന്നെയാലൂം മരണത്തെ വരെ വിശ്വസിക്കുവാനാകാത്ത ഒരു കാലത്തിലൂടെ നാം കടന്നുപോയിക്കൊണ്ടിരിക്കുന്നു. അതുപോലെ മൃതദേഹത്തിനുവരെ ബഹുമാനമോ ആദരവോ കിട്ടാത്ത ഈ കലികാലത്തിൽ സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നോർമ്മപ്പെടുത്തിക്കൊണ്ട്,

നാഷണൽ ഹൈവേയിലെ ആംബുലൻസ് ഡ്രൈവർ ദാസപ്പനും പോസ്റ്റ്മോർട്ടം അറ്റൻഡർ വിജയപ്പനും

×