കിട്ടാനുള്ള പണത്തിനായി വിളിച്ചിട്ടും തിരിച്ചു ഭീക്ഷണി ഉണ്ടായപ്പോള്‍ അറസ്റ്റിനുള്ള തിരക്കഥ ഒരുങ്ങിയത് കരീംഭായിയുടെ ഫാം ഹൌസിൽ ! വഴിത്തിരിവായത് ജയിലില്‍ വച്ചുണ്ടായ സൗഹൃദം. വിളിപ്പിച്ചത് ഒരു സ്ത്രീയെക്കൊണ്ട് ! തുഷാര്‍ വെള്ളാപ്പള്ളിയെ അഴിക്കുള്ളിലാക്കിയ ‘ഓപ്പറേഷൻ ബോയിങ്’ ഇങ്ങനെ ! കേന്ദ്രഭരണം കാണിച്ചു ഭീക്ഷണിപ്പെടുത്തിയപ്പോള്‍ എന്തും നേരിടാനുള്ള കരുത്ത് ഈ പ്രതി തന്നെ ഉണ്ടാക്കി തന്നിട്ടുണ്ടെന്ന് നാസിലിന്റെ മറുപടിയും

ദാസനും വിജയനും
Friday, August 23, 2019

ഇത് ഒരു കടം കഥപോലെ സംഭവിച്ചതല്ല, ശരിക്കും അങ്ങനെ സംഭവിക്കുകയായിരുന്നു. ആരും തൊടാൻ മടിക്കുന്നവരെ വല്ലാതെ പിടിച്ചുകുടുക്കിയ സംഭവവികാസം. ശരിക്കും ജീവിക്കുന്നവരുമായോ ശരിക്കും മരിച്ചവരുമായോ ഇതിനു എന്തെങ്കിലും സാദൃശ്യം തോന്നിയെങ്കിൽ തികച്ചും മനപ്പൂർവം മാത്രമാണ്.

മന്ത്രി ജയരാജന്‍ പറഞ്ഞതുപോലെ ബിജെപിക്കാര്‍ക്കുവേണ്ടിക്കൂടിയും ഭരണം നടത്തുന്ന കേരള മുഖ്യനോടോ കേരളത്തിന്റെ അംബാസിഡറോടോ കേരളത്തിന്റെ ചാണക്യനോടോ എന്തെങ്കിലും സാമ്യം തോന്നിയാൽ അതും തെറ്റായി കണക്കാക്കരുത്. മരിച്ചവരായ ഗോകുലം ഗോപാലന്റെ മകനോ വിദ്യസാഗറിന്റെ മകനോ സാക്ഷാൽ ശാശ്വതീകാനന്ദയോ എഴുന്നേറ്റ് വന്നാൽ അവർക്ക് പോയത് മിച്ചം.

തുഷാറിനെ പൂട്ടിയത് കരീ൦ ഭായിയുടെ തിരക്കഥ !

ഇക്കഴിഞ്ഞ വ്യാഴാഴ്ച : ദൈദിലുള്ള കരീംഭായിയുടെ ഫാം ഹൌസിൽ ഇരട്ടയക്കമുള്ളതും മൂന്നക്കമുള്ളതും ആയ വാഹനങ്ങളുടെ നീണ്ടനിര .

യെമനി മണ്ടി ബിരിയാണി കഴിക്കുവാനുള്ള ആർത്തിയാൽ വരുന്ന വണ്ടികളല്ല. അജ്മാനിൽ ജയിലിൽ ജീവിതം പണയം വെക്കേണ്ടിവന്ന ഒരു ബിടെക്കുകാരന്റെ ജീവിതം തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾക്കായി നല്ലവരായ കുറെ മനുഷ്യസ്നേഹികളുടെ കൂട്ടായ്മയായിരുന്നു അത് .

അജ്മാനിലേയും ഷാർജയിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർ തുടങ്ങി നല്ലവരായ കുറെ ജനങ്ങളും കച്ചവടക്കാരും എല്ലാം അവിടെ അന്ന് കൂടിയിരുന്നു. എല്ലാവർക്കും ഒരേയൊരു അജണ്ടയേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ . ആ പാവം പയ്യന്റെ ഇനിയുള്ള ജീവിതം .

ഇങ്ങനെയൊക്കെ ആളുകൾ തടിച്ചുകൂടുമ്പോഴും ചർച്ചകളിൽ പങ്കെടുക്കുമ്പോഴും കരീംഭായിക്ക് ഒന്നേ പറയുവാനുണ്ടായിരുന്നുള്ളൂ. എതിരാളി വളരെ ശക്തനാണ് , എന്തും ചെയ്യാൻ മടിക്കാത്തവൻ, എന്തും പറയുവാൻ മടിക്കാത്ത അച്ഛന്റെ മകൻ . കേന്ദ്ര ഭരണവും കേരള ഭരണവും ഒക്കെ വിലപേശലിലൂടെ കൈകാര്യം ചെയ്യുന്നവർ .

നമ്മുടെ ഒക്കെ അറിവിൽ എതിരാളികളെ വകവരുത്താനും അതിനെ ഭംഗിയായി ഒതുക്കുവാനും പ്രാവീണ്യം നേടിയവർ. പക്ഷെ അവരാരായിരുന്നാലും ആത്മഹത്യാ മുനമ്പിലെത്തി നില്‍ക്കുന്ന നാസില്‍ അബ്ദുള്ള എന്ന നമ്മുടെ പയ്യന് നീതി ലഭിച്ച പറ്റൂ.

അവനെ കാണുമ്പോൾ പണം കടം ചോദിക്കുമെന്ന് കരുതി ബന്ധുക്കളും കൂട്ടുകാരും വഴിമാറിനടക്കുന്നത് ഒഴിവാക്കണം. അവന്റെ വീട്ടിലെ തെറ്റിദ്ധാരണകൾ മാറ്റണം, ബന്ധുക്കളുടെ കളിയാക്കലുകളും പുച്ഛവും അവസാനിപ്പിക്കണം , ശരിക്കും ആ പയ്യന് നീതി ലഭ്യമാക്കി അവനെ കര കയറ്റണം.

വഴിത്തിരിവായത് ജയിലില്‍ വച്ചുള്ള ബന്ധങ്ങള്‍ ?

കൊടുങ്ങല്ലൂരിനടുത്ത പുതിയകാവിലെ നമ്പിപ്പൂന്നിലത്ത് തറവാട്ടിലെ സാധാരണക്കാരനായ ഒരു മനുഷ്യന്റെ മകന്റെ ജീവിതത്തെ വഴിതിരിച്ചുവിട്ട സംഭവം എന്താണെന്ന് നാലാൾ അറിയാന്‍ ഇടയാക്കിയത് നാസില്‍ അബ്ദുള്ളയുടെ ജയില്‍ ജീവിതമാണ്‌ .

അന്നാണ് മറ്റൊരു ചെക്ക് കേസിൽ നമ്മുടെ വിവാദനായകൻ ജയിലിൽ എത്തുന്നത് . എന്താണ് ശരിയായ കാരണം എന്നത് ഒറ്റയടിക്ക് ആർക്കും മനസ്സിലായില്ല. മനസ്സിലാകണമെന്നില്ല . കാരണം ഇവിടെ പണത്തിന്റെ മേലേ ഒരു കാക്കയും പറക്കില്ലല്ലോ ?

എന്തുകൊണ്ട് അവനെ അജ്‌മാൻ കോടതി ശിക്ഷിച്ചു എന്നത് അവൻ പണം കൊടുക്കാനുള്ളവർ അറിയണം . എന്തായിരുന്നു അവന്റെ തകർച്ചക്ക് കാരണം എന്നത് ബന്ധുക്കൾ അറിയണം . കരീഭായ് ജയിലിൽ കിടക്കുമ്പോഴാണ് എല്ലാം സംഭവിച്ചത് .

ജയിലില്‍ സഹ തടവുകാരനായിരുന്ന കരീം ഭായിയോട് നാസില്‍ എല്ലാം പറഞ്ഞു. അപ്പോഴാണ് കരീംഭായ് കഥകൾ അറിയുന്നത് . അഞ്ഞൂറും ആയിരവും രൂപക്കുവേണ്ടി കൂട്ടുകാരുടെയും ബന്ധുക്കളുടെയും കാലുപിടിക്കേണ്ടിവന്ന അവസ്ഥകൾ, നാട്ടിൽ നിന്നും ജോലിക്കായി കൊണ്ടുവന്ന ആളുകളുടെ വിമർശനങ്ങൾ , കടക്കാര്‍ പണം അന്വേഷിച്ചു വീട്ടിൽ എത്തുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ , എല്ലാം വളരെ വിശദമായി കരീംഭായിയോട് പറഞ്ഞപ്പോൾ ജയിലിൽ ഉള്ളവർ തന്നെ നല്ല ഉപദേശങ്ങൾ നൽകി.


[തുഷാറിനെ കുടുക്കിയ ചെക്ക്]

കുരുക്കാന്‍ ഉപയോഗിച്ചത് ഭൂമിക്കച്ചവടം

പിന്നീട് വളരെ തന്മയത്വത്തോടെ പ്രതിയുടെ നാട്ടിലെ നമ്പറിലേക്ക് വിളിച്ചപ്പോൾ, നിനക്കൊന്നും എന്നെ തൊടാനാവില്ല എന്നും എനിക്കൊരു ചുക്കും സംഭവിക്കില്ല എന്നൊക്കെയുള്ള മറുപടികൾ കേൾക്കേണ്ടിവന്നതായി നാസില്‍ പറയുന്നു . പിന്നീട് വയനാട്ടിലെ തിരഞ്ഞെടുപ്പ് സമയത്തും വിളിച്ചു. ഒരു തരത്തിലും പിടികൊടുക്കാതെ അഹങ്കാരം തലയ്ക്കു പിടിച്ച രീതിയിലായിരുന്നു മറുപടികൾ .

പിന്നീടാണ് കാര്യങ്ങളെല്ലാം വിശദമായി സിപിഎമ്മിന്റെ സമുന്നതരായ ചില വ്യക്തികളുമായി ചർച്ച ചെയ്തത് . അജ്മാനിലെ ഒരു കേസിനായി നാട്ടിൽ ഒന്നും ചെയ്യുവാനാകില്ല എന്നുള്ള ഉപദേശവും മുഖ്യധാരാ പത്രങ്ങളും ചാനലുകളും പ്രതിക്കെതിരെ ഒരക്ഷരം മിണ്ടില്ലെന്നുമുള്ള തിരിച്ചറിവ് വന്നപ്പോൾ പ്രതിയുടെ ഒരു മുൻ പാർട്ട്ണറുടെ ഉപദേശപ്രകാരമാണ് ഉമ്മുൽ ഖുവൈനില്‍ ഇദ്ദേഹത്തിന്റെ പേരിലുള്ള സ്ഥലം വാങ്ങുവാനെന്ന വ്യാജേന പ്രതിയെ വിളിച്ചുവരുത്തിയത് .

ക്ഷണിച്ചുവരുത്തിയത് സ്ത്രീ ശബ്ദ൦തന്നെ !

ഒരു സ്ത്രീയെക്കൊണ്ട് തുഷാറിനെ വിളിപ്പിക്കുവാനുള്ള ഉപദേശം നൽകിയത് പാർട്ണറാണ്. അങ്ങനെയാണ് അജ്മാനിലെ മുതിർന്ന പോലീസ് മേധാവികളെ മുന്നിൽ നിർത്തിക്കൊണ്ട് ‘ഓപ്പറേഷൻ ബോയിങ്’ എന്നപേരിൽ വല വീശിയത്.

അറസ്റ്റ് ചെയ്‌താൽ ആരൊക്കെ ഇടപെടും എന്നുള്ളത് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് കാര്യങ്ങൾ നീക്കിയത്. തെളിവ് ശക്തമായതിനാല്‍ എന്ത് ഇടപെടല്‍ ഉണ്ടായാലും ദുബായിലെ നിയമം തുണയ്ക്കും എന്ന് വിശ്വാസമുണ്ട്‌.

ചെക്ക് മാത്രമല്ല ആ ചെക്കിന് പാരലലായി തുഷാറിന്റെ കമ്പനിയും നാസിലിന്റെ കമ്പനിയുമായി എഴുതി തയ്യാറാക്കിയ കരാറും കൈവശം ഉണ്ടെന്ന ധൈര്യമാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്. ആകെയുണ്ടായിരുന്ന ഒരു സംശയം, അറ്റ്‌ലസ് രാമചന്ദ്രൻ വിഷയത്തിൽ യുസഫലിക്കയെ ചിലർ സമീപിച്ചപ്പോൾ യുസഫലിക്ക പറഞ്ഞ ചില ന്യായങ്ങളായിരുന്നു.

അതിനാല്‍ വ്യക്തി ജീവിതത്തില്‍ ശുദ്ധിയില്ലാത്തവരുടെ കാര്യത്തില്‍ യൂസഫലിക്ക ഇടപെടില്ലെന്ന് വിശ്വസിച്ചു. മുഖ്യമന്തിയുടെ ഇടപെടൽഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല . പക്ഷെ എല്ലാവര്‍ക്കും എല്ലാം അറിയാമായിരുന്നു .

അറസ്റ്റ് നടന്നത് ഏറ്റവും മാന്യമായി, ഇങ്ങനെ …

സിനിമ സ്റ്റൈലിൽ ആയിരുന്നു അജ്മാനിൽ സംഭവിച്ചത് : ഉമ്മുൽ ഖുവൈനിലെ സ്ഥലം വാങ്ങുവാനായി അറബിയുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു തുഷാറിനെ വിളിച്ചു വരുത്തിയതെന്ന് പറയുന്നു. അറബിയെ കാണുവാനുമായിരുന്നു പ്രതി കൂട്ടുകാരനുമൊത്ത് ബെന്റ്ലിയിൽ എത്തിയത് .

സ്യൂട്ട് മുറിയിൽ വെച്ചു മീറ്റിങ് നടക്കുമ്പോൾ പോലീസ് താഴെ കാത്തുനിൽക്കുകയായിരുന്നു. മുറിയിൽ പ്രവേശിച്ചു ആരെയും അറസ്റ്റ് ചെയ്യാറില്ല. അതുപോലെ ഭയങ്കരമായ സീൻ ഉണ്ടാക്കാറുമില്ല.

ഒരാൾ വന്നു മെല്ലെ ഐഡി ചോദിച്ചു , കാണിച്ചു . കേസ് ഉണ്ടെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോകുമ്പോൾ വിളിക്കുവാനുള്ളവരെയെല്ലാം പ്രതി വിളിക്കുന്നുണ്ടായിരുന്നു . പക്ഷെ അജ്മാനിൽ ആയതുകൊണ്ട് നൂലാമാലകൾ കൂടുതലായിരിക്കും. അതുകൊണ്ടാണ് ഒന്നര ദിവസം കിടക്കേണ്ടിവന്നത് . പിന്നെ ചെക്ക് തുകയും കൂടുതലാണ് . എല്ലാ പ്ലാനുകളും വളരെ ഭംഗിയായാണ് നീക്കിയത് .

എന്നെ കരുത്തനാക്കിയത് തുഷാര്‍ തന്നെയെന്ന് നാസില്‍

പിന്നെ നടന്ന ചര്‍ച്ചകളില്‍ കേന്ദ്രം ഭരിക്കുന്നത് അമിത്ഷായാണെന്നും, ഇതിനൊരു പ്രത്യാഘാതം ഉണ്ടാകും എന്നൊക്കെ ചർച്ചകളിൽ പങ്കെടുത്തവർ പറഞ്ഞപ്പോഴും ജീവിതം ഒന്നേയുള്ളൂ എന്നും എന്തും നേരിടുവാനുള്ള പ്രാപ്തി ഈ പ്രതിതന്നെ ജീവിതത്തിൽ തന്നുവെന്നും വാദിയുടെ മറുപടി.

പിന്നെ കേരളഭരണത്തിലും കേന്ദ്രഭരണത്തിലും വളരെയേറെ പിടിപാടുള്ള ഒരു ഗുജറാത്തിയേയും കൂടെ കൂട്ടി . ആരൊക്കെ ഇടപെട്ടാലും അതുക്കുംമേലെ പറക്കുവാനുള്ള ആർജ്ജവം ആദ്യം സമ്പാദിച്ചു. പണം എത്രവേണേലും ഇറക്കുവാനുള്ള ആളെയും കൂടെ കൂട്ടിയാണ് ഓപ്പറേഷൻ ബോയിങ് ഇത്രത്തോളമെത്തിച്ചത് .

കേരളപോലീസ് നാട്ടിലെ വീട്ടിലെത്തി സമാധാനിപ്പിച്ചു. എന്ത് ആവശ്യം വന്നാലും വിളിക്കണമെന്ന് നിര്‍ദേശം നല്‍കിയാണ്‌ പോലീസ് മടങ്ങിയത് . അത് പക്ഷേ, പിണറായിയുടെ പോലീസ് നാസിലിന്റെ വസതിയില്‍ റെയ്ഡ് നടത്തിയെന്നായിരുന്നു പ്രചരിക്കപെട്ടത് .

ആർക്കും എന്തും സംഭവിക്കാം, പക്ഷെ ഇവിടെ അഹങ്കാരമാണ് എല്ലാറ്റിനും കാരണമായത് . ഇനിയും വണ്ടിച്ചെക്കുകൾ കൊണ്ട് പാവപ്പെട്ടവന്റെ ജീവിതം പണയം വെക്കാതെ നോക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്,

അജ്മാനിലെ ദൈദിൽ നിന്നും കരീംഭായിയുടെ ഡ്രൈവർ ദാസനും കുശിനിക്കാരൻ വിജയനും

×