ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇയിലെ ജയിലില്‍ അകപ്പെട്ട പ്രമുഖ മലയാളികളും അനുഭവങ്ങളും ? മണലാരണ്യങ്ങളുടെ നാട്ടില്‍ പ്രവാസി ഇനിയും പഠിക്കാത്ത പാഠങ്ങള്‍ ..

ദാസനും വിജയനും
Tuesday, September 10, 2019

മൂസക്കുട്ടിക്ക, ഒരു തനിനാടന്‍ പട്ടാമ്പിക്കാരൻ, വെറും പച്ച മനുഷ്യൻ.  ഗള്‍ഫിലെത്തിയ അദ്ദേഹം റാസ് അൽ ഖൈമയിൽ മിഡിൽ ഈസ്റ്റ് ഹാർഡ് വെയർസ് എന്ന സ്ഥാപനം തുടങ്ങി.  കഠിനാധ്വാനം കൊണ്ട് അത് അത്യുന്നതങ്ങളിൽ എത്തിച്ചു. പക്ഷേ, ആ മഹാമനസ്കന് എവിടെയോ ചില വീഴ്ചകൾ പറ്റി. കൂടെയുള്ളവരുടെ മുട്ടൻ പാരകൾ തന്റെ കാലിന്റടിയിലെ മണ്ണിളക്കിയത് അറിയുവാൻ അദ്ദേഹം സ്വൽപ്പം വൈകിപ്പോയി.

കദനകഥകൾ കുറെ തവണ പലരും എഴുതിയിട്ടുള്ളതുകൊണ്ട് എഴുതുന്നില്ല. ഓർമകൾ ശരിയാണെങ്കില്‍ 2004 ൽ കൈരളി ചാനൽ മെലഡി ബൈറ്റ്സ് എന്നൊരു മ്യൂസിക്കൽ ഷോ ദുബായിൽ നിന്നും ആരംഭിച്ചു. കൈരളി ചാനലിന്റെ മിഡിൽ ഈസ്റ്റ് ഹെഡ് ആയിരുന്നു നിർമ്മാതാവ്. ഈ ഷോ സ്പോൺസർ ചെയ്തത് മൂസക്കുട്ടി ആയിരുന്നു.

കൈരളിയുടെ ദുബായിൽ നിന്നുമുള്ള ആദ്യ എന്റർടൈൻമെൻറ് ഷോ ആയിരുന്നു മെലഡി ബൈറ്റ്സ്. എന്നിട്ടും ആ സ്പോൺസർ ചെയ്ത വ്യക്തിക്ക് ഒരു കഷ്ടകാലം വന്നപ്പോൾ ഒരു ജനതയുടെ ആത്മാവിഷ്കാരമായ കൈരളി അദ്ദേഹത്തെ ഗൗനിച്ചില്ല എന്ന് പരാതിയുണ്ട്. ഏഷ്യാനെറ്റ് ഗൾഫ് ദിസ് വീക്കിലൂടെയാണ് ആ മനുഷ്യൻ ഇന്ന് നാട്ടിലേക്ക് തിരിക്കുന്നത്.

മൂസക്കുട്ടിക്ക ശരിക്കും നന്ദി പറയേണ്ടത് തുഷാർ വെള്ളാപ്പള്ളിയോടും നാസിലിനോടും സോഷ്യൽ മീഡിയയയോടും ഏഷ്യാനെറ്റിനോടും പിന്നെ നമ്മുടെ പ്രിയങ്കരനായ യുസഫലിക്കയോടുമാണ് . കാരണം മൂസക്കുട്ടി വിഷയം ഗൾഫ് മാധ്യമവും ഇപ്പറഞ്ഞ ഏഷ്യാനെറ്റും ജൈഹിന്ദും ഒക്കെ നിരവധി തവണ ജനങ്ങളിൽ എത്തിച്ചതായിരുന്നു.

അദ്ദേഹം ജയിലിൽ നിന്നും ഇറങ്ങിയതും അസുഖ ബാധിതനായതും അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെട്ടതും ഒക്കെ ഗൾഫ് മാധ്യമം വലിയ പ്രാധാന്യത്തോടെ  വാർത്തയാക്കിയപ്പോഴും അന്നൊന്നും അദ്ദേഹത്തെ കാണാത്തവരൊക്കെ ഇപ്പോൾ കണ്ടതിൽ സോഷ്യൽ മീഡിയ ഏറെ സന്തോഷിക്കുന്നു. തുഷാർ ആയാലും ബൈജുവായാലും ബിനോയ് ആയാലും ബിനീഷ് ആയാലും ഇനിയെങ്കിലും ചെക്കുകളിൽ ഒപ്പിടുമ്പോൾ നൂറ്റിയൊന്ന് തവണ ആലോചിക്കും എന്നതാണ് ഇപ്പറഞ്ഞ വിഷയങ്ങളിലെ ഗുണപാഠം.

ഇനി ഒരു സംഭവ കഥ ഇവിടെ പറയാം;

വ്യാഴാഴ്ച രാത്രി 11 : 30

യു എ ഇ യിലെ അൽ ഖിസൈസിലെ ഫോർച്ചുണ് ഗ്രാൻഡ് ഹോട്ടലിന്റെ പിറകുവശത്തെ പാർക്കിങ്, നാല് പ്രമുഖ ചെറുപ്പക്കാർ പഞ്ചാബി ഡാബയിൽ ഭക്ഷണം എല്ലാം കഴിച്ചു അർമ്മാദിച്ചുകൊണ്ട് മെഴ്സിഡസ് ബെൻസിന്റെ ജി 63 എന്ന കാറിലേക്ക് ( ഈ അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ മൂന്നു കോടിയുടെ വാഹനം മലപ്പുറത്തുകാരൻ സ്വന്തമാക്കി എന്ന് നമ്മൾ കണ്ട സാധനം ) കയറുന്നു . പെട്ടെന്ന് ടൊയോട്ട ഹയാസിന്റെ ഒരു വെള്ള വാൻ ഈ വണ്ടിയെ വട്ടം വെച്ച് നിര്ത്തുന്നു .

ആരാടാ ഞങ്ങളെ വട്ടം വെച്ചതെന്ന് ഒരുത്തൻ ചോദിക്കുന്നതിനിടയിൽ 3/4 പാന്റ്സ് ധരിച്ച ഒരു ആൾ ഹയാസിൽ നിന്നും ഇറങ്ങി ജി 63 വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്തേക്ക് എത്തി ഗ്ലാസിൽ തട്ടി , എന്നിട്ടു ഐഡി കാണിച്ചുകൊണ്ട് പറഞ്ഞു ” we are from dubai police , show yours ids ”. നാലു പേരും ഐഡി കൊടുത്തു. രണ്ടു പേര് പെട്ടു. നേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി , ഒരാൾക്ക് ബാങ്ക് ലോൺ മുടക്കവും മറ്റേയാൾക്ക് വീട് വാടക കുടിശ്ശിഖയും. രണ്ടാളെയും കസ്റ്റഡിയിൽ വിട്ടു.

രാത്രി 1 : 30
ലോക്കപ്പ് റൂമിൽ എഫെൻസി കമ്പനിയിലെ നാല് ഉത്തർ പ്രദേശ് സ്വദേശികൾ. സൂപ്പർവൈസറെ തല്ലിയതാണ് വിഷയം. ഇനി സൂപ്പർ വൈസർ വന്ന് മാപ്പു പറഞ്ഞാൽ ഇറങ്ങാം അല്ലെങ്കിൽ നേരെ ഉത്തർ പ്രദേശത്തിലേക്ക്. പിന്നെ പ്രമുഖ ഹിന്ദി ചാനലിന്റെ മാനേജർ , ബാങ്ക് ലോൺ ആണ് വിഷയം , കേസ് അബുദാബിയിലും . പിന്നെ ഒരു ഇമാറാത്തി സ്വദേശി , ഓവർസ്പീഡ് ആണ് വിഷയം. ഒരു ബോംബെക്കാരൻ അടിച്ചുപൂസായി കിടക്കുന്നുണ്ട് . പിന്നെ ഒരു മലയാളി വന്നു കൂടെ ഒരു പലസ്തീനിയും.

വിസ ശരിയാക്കുവാൻ എമിഗ്രെഷൻ വകുപ്പിൽ കൈക്കൂലി കൊടുത്തതാണ് വിഷയം . തൊട്ടപ്പുറത്തെ സെല്ലിൽ നിന്നും ബഹളം കേട്ടു , വാതിൽ ചവുട്ടി തുറക്കുവാനുള്ള ശ്രമങ്ങളും , എല്ലാം മയക്കുമരുന്ന് കേസിൽ പെട്ടവർ. കസേരയിൽ ഇരുന്നുറങ്ങിയവർ നേരം വെളുപ്പിച്ചു.  മൂത്രം ഒഴിക്കുവാൻ മുട്ടിയാൽ മൂത്രം വെളിയിൽ പോകുന്നത് വരെ വാതിൽ തുറക്കില്ല. കാര്യങ്ങൾ അത്ര ഈസിയല്ല എന്ന് ബോധിപ്പിക്കുവാനുള്ള തന്ത്രങ്ങൾ.

രാവിലെ 8 മണി

ഒരു നല്ല പോലീസുകാരൻ വന്നു എല്ലാവരുടെയും പേരുകൾ വിളിച്ചു. റെഡി ആയി നിൽക്കുവാൻ പറഞ്ഞു. കുബൂസും ദാലും ചായയും വന്നു. കൈവിലങ്ങ് പിന്നിൽ വെക്കുവാൻ ഒരു പോലീസുകാരൻ പറഞ്ഞപ്പോൾ അത് ചെയ്യാതെ കൈകൾ മുന്നിൽ വെച്ചുതന്നെ വിലങ്ങുകൾ വെച്ചു ലോകവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ഇടി വണ്ടിയിൽ കയറ്റി.

നേരെ റഫ സ്റ്റേഷനിലേക്ക് പോയി ഒരാളെ അവിടെ ഇറക്കി . ബാക്കി എല്ലാവരെയും കൂട്ടി നേരെ ഹെഡ് കൗർട്ടേഴ്സിലേക്ക് നീങ്ങി . അവിടെയെത്തിയപ്പോഴാണ് കാര്യങ്ങൾ കൈവിടുന്നുവെന്ന് ബോധ്യമായത് .

വരാന്തകളിലൂടെ കൈവിലങ്ങകളുമായി എങ്ങോട്ടൊക്കെയോ കൊണ്ടുപോകുന്നു , ഒപ്പം ആളുകളും കൂടുന്നു . കുറെ പേരുടെ കയ്യിൽ അർമനിയുടെയും ഗുച്ചിയുടെയും ഷോപ്പിംഗ് ബാഗുകൾ , അതുപോലെ ചിലർ എയർപോർട്ടിൽ കുടുങ്ങിയവർ . ഇന്നിപ്പോൾ എല്ലാ മാളുകളിലും മെട്രോ സ്റ്റേഷനുകളിലും പബ്ലിക്ക് സ്ഥലങ്ങളിലെല്ലാം മൊബൈൽ ഫോൺ സെൻസറുകളും കണ്ണിന്റെ സെൻസറുകളും സ്ഥാപിച്ചുകൊണ്ട് കാര്യങ്ങൾ വളരെ ഈസിയാക്കിയിരിക്കുകയാണ് ദുബായ് സർക്കാർ. അവിടെ ഒരു വെയ്റ്റിങ് മുറിയിൽ ഒരു മണിക്കൂർ ഇരുത്തി.

രാവിലെ 9 മണി :

നേരെ സെല്ലിലേക്ക് . മൊബൈൽ ഫോണുകളും പേഴ്സും പണവും ബാങ്ക് കാർഡുകളും ഒക്കെ ഒരു ലോക്കറിൽ സൂക്ഷിച്ച ശേഷം സെല്ലിലേക്ക് പ്രവേശിച്ചു . എല്ലാം വളരെ അത്യുന്നതങ്ങളിൽ സഞ്ചരിച്ചവരും കച്ചവടം ചെയ്തവരും ജോലി ചെയ്തവരും ആയ മുഖങ്ങൾ .

അമ്പത് വയസ്സിനുമേലെയുള്ളവർ ഏകദേശം 10 ആളുകൾ . ചെറുപ്പക്കാർ ഏകദേശം 10 ആളുകൾ , ബാക്കിയെല്ലാം മധ്യ വയസ്കർ. സെല്ലിന്റെ ഫോർമാൻ സുൽത്താൻ മൂന്നു കമ്പിളി പുതപ്പുകൾ കൊടുത്തു . ഒന്ന് തറയിൽ വിരിക്കാൻ ഒന്ന് പുതക്കാൻ മറ്റേത് ചുരുട്ടി തലയിൽ വെക്കുവാൻ . അറബ് രാഷ്ട്രക്കാർ എല്ലാം ഒരു മുറിയിലും മറ്റുള്ളവർ വേറെ മുറിയിലും ഒക്കെയായി സുൽത്താൻ മാനേജ് ചെയ്യുന്നു.

ഭാഗ്യത്തിന് എല്ലാവരും സാമ്പത്തിക കുറ്റകൃത്യക്കാർ ആയിരുന്നു . 70 ശതമാനവും വാടക കുടിശ്ശിഖകക്കാർ . മൂന്നു പേര് ഇന്റർപോൾ ആവശ്യപ്പെട്ടവർ, പ്രമുഖ ചാനലിന്റെ തലവൻ ലോൺ എടുത്തു കുടുങ്ങിയത്. സുൽത്താൻ ആഡംബര കാറുകൾ ഇറക്കുമതി ചെയ്ത വകയിൽ 110 മില്യൺ ദിർഹത്തിന്റെ ബാധ്യത വന്നയാൾ. ഒരു ദൽഹി സ്വദേശിക്ക് കച്ചവടത്തിന് ബാങ്ക്‌ലോൺ കിട്ടുവാൻ ഒപ്പിട്ടുകൊടുത്തശേഷം ഡൽഹിക്കാരൻ പണവുമായി മുങ്ങിയ വകയിൽ ആറു മാസമായി ശിക്ഷ നേരിടുന്ന യുഎഇ സ്വദേശി അബ്ദുല്ലയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

കോടതിവിധി പ്രകാരം മാസാമാസം അടക്കേണ്ട തുക അടക്കുവാനായി ഈജിപ്ത്യൻ വക്കീലിനെ ഏൽപ്പിക്കുകയും വക്കീൽ ആപണം തിരിമറി ചെയ്യുകയും അതിന്റെ പേരിൽ അകത്താവുകയും ചെയ്ത ജെബലലി ഫ്രീ സോണിലെ പ്രമുഖ ലോജിസ്റ്റിക്ക്സ് കമ്പനിയുടെ മുതലാളി മഹമൂദ് ഭായ് . നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും ഏറ്റവും അടുത്ത ആളുടെ മകൻ . ഐടി കമ്പനിയിൽ ജോലി നഷ്ടപ്പെട്ട് വീട്ടുവാടക അടക്കാനാകാതെ, നിസ്സാര തുക ഒപ്പിക്കുവാനാകാതെ ഒരുമാസമായി കിടക്കുന്ന ജഗൻ ഭായി . സുഷമാസ്വരാജ് ഉണ്ടായിരുന്നെങ്കിൽ രക്ഷെപ്പെട്ടേനെ എന്നും പറഞ്ഞു കരയുന്നു .

പാർട്ണർഷിപ്പിൽ കമ്പനി തുടങ്ങുകയും വാടകയും മറ്റും പാർട്ട്ണറെ ഏൽപ്പിക്കുകയും പാർട്ണർ ആ പണമെല്ലാം റോൾ ചെയുകയും ചെയ്തതുകൊണ്ട് അകത്തായ പളനിസ്വാമി . ഫോറെക്സ് ട്രേഡിങ്ങിൽ എന്തൊക്കെയോ കൈപ്പിഴകൾ സംഭവിച്ചപ്പോൾ പാകിസ്താനിലെ ഇമ്രാൻഖാൻ സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സർദാരിയുടെ അനുയായി വാക്കർ യുൻസ് ഭായ്.

ഫിലിപ്പീൻ സ്വദേശിയെ കല്യാണംകഴിക്കുകയും അവരുമായി അക്കമഡേഷൻ കച്ചവടം ആരംഭിക്കുകയും വാടക കെട്ടാതെ കേസിൽ പെടേണ്ടിവന്ന ശ്രീലങ്കൻ സ്വദേശി ഡോൺ വിൻസെന്റ് . പണം വെളുപ്പിക്കൽ ഇടപാടുമായി ബന്ധപ്പെട്ട് ഇന്റർപോൾ ആവശ്യപ്പെടുന്ന റഷ്യൻ സ്വദേശികളായ കാസ്പറോവും അഹമ്മദും . രണ്ടാം ഭാര്യയുടെ പേരിൽ വില്ലവാങ്ങി മാസാമാസം പണം നൽകുകയും പണം അടക്കാതെ രണ്ടാം ഭാര്യ പറ്റിക്കുകയും ചെയ്ത അജ്‌മാൻ സ്വദേശി സയീദ് .

നാളെ ചെയ്യേണ്ടത് ഇന്ന് ചെയ്യുക ഇന്ന് ചെയ്യേണ്ടത് ഇപ്പോൾ ചെയ്യുക എന്ന സ്വാമി വിവേകാന്ദന്റെ വാക്കുകൾ കടമെടുത്തുകൊണ്ടു ഹിന്ദി ഭാഷയിൽ ഉപദേശം നൽകിയ അഫ്ഘാൻ സ്വദേശി തക്കത് ഭായിയുടെ വാക്കുകൾ ഏവരെയും ഇരുത്തി ചിന്തിച്ചു . ശരിക്കുമുള്ള കുറ്റവാളികൾ ആരും ജയിലിൽ അകപ്പെടുന്നില്ല . അവരെല്ലാം ബുദ്ധിപരമായി കാര്യങ്ങൾ നീക്കുന്നവരാണ് . പക്ഷെ ഏറെയും നിരപരാധികളാണ് കബളിക്കപ്പെടുന്നത് .

ഒന്നും നാളേക്ക് വെക്കാതെ ജീവിതത്തിൽ ഒന്നും ഈസിയായി കണക്കാക്കാതെ ഒന്നിനെയും പുച്ഛിച്ചു തള്ളാതെ കാര്യങ്ങൾ കാര്യഗൗരവമായി നീക്കിയില്ലെങ്കിൽ ഇനിയുള്ള കാലം ഇനിയും മൂസക്കുട്ടികൾ സൃഷ്ടിക്കപ്പെടും എന്നതും , എന്നും യുസഫലിക്ക പോലുള്ളവർ സഹായഹസ്തവുമായി വരില്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്,

ദുബായ് ഹെഡ്‍ക്വർട്ടർസിലെ സെല്ലിൽ നിന്നും നിരപരാധി ദാസനും അൽ അവീർ ഔട്ട് ജയിലിൽ നിന്നും മറ്റൊരു നിരപരാധി വിജയനും

×