Advertisment

ആയിരം കോടിയുടെ പദ്ധതി വമ്പന്‍ അബദ്ധമായപ്പോള്‍ അത് മറയ്ക്കാന്‍ തുണയായത് ഒരു തേങ്ങലും ഒരു കെട്ടിപ്പിടുത്തവും തഴുകലുമായിരുന്നു. നമ്മുടെ കാര്‍മേഘങ്ങള്‍ ജപ്പാനിലേക്ക് സഞ്ചരിച്ചു മഴ പെയ്യിക്കുന്ന കണ്ടുപിടുത്തം നിലമ്പൂര്‍ തമ്പുരാന്‍ നടത്തിയശേഷം അതിനെ മറികടന്നത് യൂബറും ഓലെ ടാക്സിയും കാര്‍ വിപണിയെ തകര്‍ത്ത കഥയാണ്‌. ഇനിയിപ്പോള്‍ യുവതലമുറ ജെട്ടിയിടാത്തതുകൊണ്ടാണ് ഇന്ത്യയിലെ കോട്ടൺ കമ്പനികൾ അടച്ചുപൂട്ടുന്നതെന്ന് ഒരു മന്ത്രിയും പറയാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ സോഷ്യല്‍ മീഡിയ 

author-image
ദാസനും വിജയനും
Updated On
New Update

നമ്മുടെ കാർമേഘങ്ങൾ ജപ്പാനിലേക്ക് പോകുകയും ജപ്പാനിൽ മഴപെയ്യുകയും അങ്ങനെ ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ കേരളത്തിൽ വെള്ളം ലഭിക്കുമെന്നൊക്കെ നിലമ്പൂർ കോവിലകത്തെ ഒരു വേദനിക്കുന്ന കോടീശ്വരൻ പത്രസമ്മേളനത്തിൽ പറഞ്ഞു കേട്ടതാണ് മലയാളികള്‍ ഇന്നേവരെ കേട്ട ഏറ്റവും വലിയ തമാശകളിലൊന്ന്. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നുവെന്നറിയാതെ മലയാളി തലപുകച്ചിരിക്കുമ്പോഴാണ് ഡൽഹിയിൽ നിന്നും മറ്റൊരു വിടുവായത്തം കേൾക്കേണ്ടിവന്നത്.

Advertisment

''1980 - 1990 കാലഘട്ടങ്ങളിൽ ജനിച്ചവരാണ് വാഹന വിപണിയെ ഇല്ലാതാക്കിയതെന്ന് , യൂബെറും ഓല ടാക്‌സിയും ഇന്നത്തെ യുവതലമുറ കൂടുതൽ ഉപയോഗിക്കുന്നതുകൊണ്ട് കാർ വിപണി തകർന്നു പോയെന്ന് ''.

publive-image

ഇവരെയൊക്കെ നമ്മൾ എന്താ പറയാ ! കണ്ണടച്ച് ഇരുട്ടാക്കുന്ന ഈ രീതികൾ വടക്കേ ഇന്ത്യയിൽ വരെ വിലപ്പോവുമെന്ന് തോന്നുന്നില്ല . ഐഎസ്ആർഒ ചെയർമാനെ കെട്ടിപ്പിടിച്ചുകൊണ്ടു പുറം തഴുകുന്നത് വരെ തട്ടിപ്പാണെന്ന് മനസിലായി തുടങ്ങി അവർക്കൊക്കെ.

അതോടെ ആയിരം കോടി അബദ്ധത്തിലായിപ്പോയ വാര്‍ധക്യം മീതെയായിപ്പോയി ആ തേങ്ങലും കെട്ടിപ്പിടുത്തവും തഴുകലുമൊക്കെ.  ഇതുവരെ ദേശസ്നേഹത്തിന്റെ പേരിൽ ഉണ്ടാക്കിയെടുത്ത ഇമേജ് എല്ലാം രണ്ടാം എൻഡിഎ വന്നപ്പോൾ ജനത്തിന് എന്തോ ബോറടിച്ചെന്നു തോന്നിപ്പോകുന്നു. ആരിലും അമിതമായ ആവേശമോ അമിതമായ വാശിയോ വൈരാഗ്യമോ കാണുന്നില്ല. രണ്ടാം യുപിഎയ്ക്കും ഇതുതന്നെയായിരുന്നു ഗതി. ഇതുതന്നെയാണ് മധ്യപ്രദേശത്തിലും നമ്മൾ കണ്ടത്.

ഇന്നിപ്പോൾ ജിഎസ്ടി വന്നപ്പോൾ ഒരു ചുക്കും ചുണ്ണാമ്പും നടക്കുന്നില്ല. ഭൂമി കച്ചവടങ്ങളോ മറ്റുള്ള വമ്പൻ ഡീലുകളോ നടക്കാതെ വന്നപ്പോൾ നമ്മളും ശ്രീലങ്കക്കാരും ബംഗ്ലാദേശിയും തുല്യ ദുഖിതരായായി മാറുന്ന കാഴ്ചകളാണ് കാണുന്നത്. ഇന്ത്യയുടെ നോട്ടിന്റെ മൂല്യവും ബംഗ്ലാദേശിന്റെ നോട്ടിന്റെ മൂല്യവും ഒരേപോലെ വരുമ്പോൾ മറ്റൊരു മണ്ടത്തരവും രണ്ടാം എൻഡിഎക്ക് പാറ്റിയിരിക്കുന്നു.

ആസാമിലെ ജനസംഖ്യയെടുത്തുകൊണ്ട് ഇന്ത്യക്കാരല്ലാത്തവരെ പുറത്താക്കുവാൻ ശ്രമിച്ചപ്പോൾ ബംഗ്ലാദേശുകാരായ ചില ന്യുനപക്ഷക്കാരെയാണ് ലക്‌ഷ്യം വെച്ചത്. പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട ന്യുനപക്ഷങ്ങൾ അവരവരുടെ പേരുകൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തപ്പോൾ ഹിന്ദുക്കളായ ഭൂരിപക്ഷം എല്ലാം നിസ്സാരമായി തള്ളി. ഇന്നിപ്പോൾ അസമിൽ ചക്കിനുവെച്ചത് കൊക്കിനുകൊണ്ട വേദനയിലാണ് നമ്മുടെ സ്വന്തം അമിത്ഷാ.

ചന്ദ്രയാൻ എട്ടുനിലയിൽ പൊട്ടിയത് ഭൂമിയുമായുള്ള കമ്മ്യുണിക്കേഷൻ ഇല്ലാതായപ്പോഴാണ്.  ഇതറിഞ്ഞ കാശ്മീരി യുവാവ് ഐഎസ്ആർഒ ചെയർമാന് പോസ്റ്റ് ചെയ്ത കത്ത് ആണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സോഷ്യല്‍ മീഡിയ കണ്ട ഏറ്റവും വലിയ ഹിറ്റ്‌.  ''കമ്മ്യുണിക്കേഷൻ നഷ്ടപ്പെടുമ്പോഴുള്ള വേദന അങ്ങേക്ക് മനസ്സിലായിക്കാണുമല്ലോ ?'' എന്ന്.

publive-image

പഞ്ചാബിൽ തൊട്ടപ്പോൾ കൊണ്ടത് ഇന്ദിരാഗാന്ധിക്കാണ്. തമിഴ്പുലികളെ തൊട്ടപ്പോൾ രാജീവ്ഗാന്ധിക്കും. കാശ്മീരികൾ ഇനി എന്തൊക്കെയാണാവോ കുതുകുലം കാണിക്കുവാൻ പോകുന്നതെന്ന് ആർക്കറിയാം. എന്തായാലും കാശ്മീര്‍ ശാന്തമായി പാക്കിസ്ഥാന്‍ പാഠവും പഠിച്ചു.

എന്നാലും നമ്മുടെ കാരണവന്മാർ പറയുന്നതുപോലെ ചില വിഷക്കാവുകളിലും വിഷക്കല്ലുകളിലും വിഷസർപ്പങ്ങളിലും നിന്നും നമ്മൾ ദൂരം പാലിക്കേണ്ടതാണെന്ന്. അഥവാ അത് നമ്മുടെ പരിസരത്തുണ്ടെങ്കിൽ നല്ല നമ്പൂതിരിമാരെയോ ജ്ഞാനികളെയോ കൊണ്ടുവന്ന് അത് നീക്കം ചെയ്യേണ്ടതാണെന്നുള്ള പരാമർത്ഥങ്ങൾ ആരും അവഗണിക്കരുത്.  ചില വിഷം തീണ്ടിയാൽ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടതായി വരും.

രണ്ടാം എൻഡിഎയുടെ ഏറ്റവും വലിയ നഷ്ടങ്ങളാണ് അരുൺ ജെയ്റ്റ്ലിയും സുഷമ സ്വരാജും. അവര്‍ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ മാന്യതയുടെ ഔന്നത്യങ്ങള്‍ സമീപ കാലത്തെ നേതാക്കള്‍ക്കൊന്നും അവകാശപ്പെടാനാകില്ല.

എത്ര ഉന്നതിയിൽ സഞ്ചരിച്ചാലും എത്ര ഭൂരിപക്ഷത്തിൽ അധികാരത്തിൽ കയറിക്കൂടിയാലും മരണമെന്ന യാഥാർഥ്യം എന്താണെന്ന് കാണിച്ചുകൊടുത്തതാണ് ഈ രണ്ടു വിയോഗങ്ങളും.  സ്വതവേ മാന്യന്മാരായിരുന്ന മനോഹർ പരീഖറും ഗോപിനാഥ് മുണ്ഡെയും എല്ലാം ഉത്തമോദാഹരങ്ങളാണ്.

ഒരുവൻ ലോകം മുഴുവനായി നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെട്ടാൽ പിന്നെന്ത് പ്രയാജനമെന്നുള്ള വചനങ്ങൾ താത്കാലികമായെങ്കിലും എല്ലാവരും മറക്കുന്നു. എതിരാളികളെ ഒന്നൊന്നായി വിലക്കെടുത്തതുകൊണ്ടോ മറുകണ്ടം ചാടിച്ചതുകൊണ്ടോ ജയിലിൽ അടച്ചതുകൊണ്ടോ ബ്ലാക്ക്മെയിൽ ചെയ്യിച്ചതുകൊണ്ടോ ഇവിടെ ആരും ഒന്നും നേടുവാൻ പോകുന്നില്ല . നേന്ത്രപ്പഴം തൊണ്ടുരിച്ചുകൊണ്ട് കഴിക്കുന്നതുപോലെ അധികാരം കയ്യിൽ എത്തുമ്പോൾ ഉന്നതിയിലേക്കുള്ള ചവിട്ടുപടികൾ ചവുട്ടിക്കയറുമ്പോൾ സമ്മാനം വാങ്ങുവാൻ താഴേക്ക് വരണമെന്ന് ചിന്തിച്ചാൽ നിങ്ങൾക്ക് നല്ലത് .

publive-image

സോഷ്യൽമീഡിയ ഈയിടെയായി ആവശ്യത്തിനും അനാവശ്യത്തിനും കാര്യങ്ങളിൽ ഇടപെടുന്നതായി ആർക്കെങ്കിലും തോന്നിയാൽ അത്ഭുതമില്ല. സോഷ്യമീഡിയ എന്താണെന്നു പറയുന്നതെന്ന് നോക്കി ചാനലുകാർ വരെ ന്യുസ് അവറും പത്രങ്ങൾ മുൻപേജ് വാർത്തകളും സെറ്റ് ചെയ്യുന്ന ഈ നാളുകളിൽ സോഷ്യൽ മീഡിയ അനാവശ്യ പോസ്റ്ററുകൾ ആരിറക്കിയാലും അവരെ ഒറ്റപ്പെടുത്തണം എന്നഭ്യർത്ഥിക്കുന്നു.

ഉദാഹരണമായി കണ്ണൂരിന്റെ കണ്ണിലുണ്ണിയും കണ്ണൂരിലെ കണ്ണുനീർ തുള്ളിയുമായ സഖാവ് പി ജയരാജൻ ബിജെപിയിലേക്കെന്നുള്ള വാർത്തകൾ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ബിജെപിയുടെ പേരിലും ഒരു ചാനലിന്റെ പേരിലും ഒക്കെയാണ് ഈ പോസ്റ്ററുകൾ പറന്നു നടക്കുന്നത്.

സ്വന്തമായി സോഷ്യൽ മീഡിയയിൽ ഇമേജ് ഉണ്ടാക്കുന്നു എന്നപേരിൽ സ്നേഹിതന്മാരായ സഖാക്കളിൽ നിന്നും പഴി കേൾക്കേണ്ടി വന്ന സഖാവിനെ അടുത്ത പാർട്ടി സെക്രറ്ററി ആക്കുവാതിരിക്കുവാൻ വടകരയിൽ ഇട്ടൊതുക്കിയതും അതിന്റെ പകയിൽ ബീഹാരിപ്പെണ്ണിന്റെ കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് വിവാദം ഉണ്ടാക്കിയതൊക്കെ അങ്ങാടിപ്പാട്ടാണ്. പക്ഷെ ഇപ്പോൾ അദ്ദേഹത്തിനെതിരെ ഇറങ്ങിയിരിക്കുന്ന പോസ്റ്ററുകൾ ഏറെ വേദനാജകമാണ് . ചിലപ്പോൾ അരിയിൽ ഷുക്കൂറിന്റെ ഉമ്മയുടെ പ്രാർത്ഥനയായിരിക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.

publive-image

ശശി തരൂര്‍ ബിജെപിയിലേക്കെന്നുള്ള പോസ്റ്ററുകളും കാണുന്നുണ്ടായിരുന്നു. അസൂയയും വിദ്യാഭ്യസമില്ലായ്മയും ആണ് അത്തരം പോസ്റ്ററുകൾക്കു പിന്നിലെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാം.  അദ്ദേഹത്തിന്റെ ഭാഷ മനസിലാകാത്ത കുറെ മരമണ്ടന്മാർ പടച്ചുവിടുന്ന ഇത്തരം നുണകൾ മലയാളിക്ക് നന്നായറിയാം. പുതുപ്പള്ളി അച്ചായൻ പാർട്ടിയിൽ നിന്നും പോയാലും ശശി തരൂർ പോകില്ലെന്ന് നമ്മുക്ക് നൂറു ശതമാനവും വിശ്വസിക്കാം .

നിലമ്പൂരിന്റെ പിവി അബ്ദുൽ വഹാബ് എന്നും രണ്ടു വഞ്ചിയിൽ കാലിടുന്ന ഒരു സ്വഭാവക്കാരനാണ്. ഇന്ത്യാവിഷൻ ചാനലിന്റെ പിരിവിനായി ഡോക്ടർ എംകെ മുനീർ സൗദിയിലേക്ക് പോയപ്പോൾ അതേസമയത്തുതന്നെ കൈരളി ചാനലുമായി യുഎഇ യിലും ഖത്തറിലും ഓടിനടന്ന് പിരിച്ചു കൈരളിയെ സഹായിച്ച ആളാണ് വഹാബ് . ഇകെ നായനാരുടെ മകന് ദുബായിൽ പണമിറക്കി ബിസിനസ്സ് ഇട്ടുകൊടുത്തതും വഹാബായിരുന്നു എന്നായിരുന്നു ആരോപണം.

2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്നും ഇടതുപക്ഷസ്വതന്ത്രനാകുവാൻ കുപ്പായം തയ്പ്പിച്ച വഹാബ് ലീഗിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് മാറിനിന്നത് . പിന്നീട് എംപിയായി ലീഗിനെ നാമാവശേഷമാക്കുകയും ചെയ്തു . ഇന്നിപ്പോൾ ജപ്പാൻ അൻവർ ജയിച്ചതു കണ്ടപ്പോഴുള്ള കൃമികടിയാണ് പാർട്ടി മാറുമെന്ന പ്രചാരണത്തിൽ നിന്നും മനസിലാക്കേണ്ടത് . ആര്യാടൻ മുഹമ്മദിനെ ഇവന്മാർക്കൊക്കെ പേടിയായിരുന്നു . ഇന്നിപ്പോൾ മകൻ ഷൗക്കത്തിന് എതിരെ ജയിക്കാമെന്ന വിശ്വാസമാണ് വഹാബിന്റേത് .

ആരൊക്കെ പോയാലും വന്നാലും ഇനിയെങ്കിലും അത്യവശ്യം ബോധമുള്ളവരെ ജയിപ്പിച്ചയച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല . യുവതലമുറ ജെട്ടിയിടാത്തതുകൊണ്ട് കോട്ടൺ കമ്പനികൾ അടച്ചുപൂട്ടുന്നു എന്നൊരു മന്ത്രിയും പറയുവാൻ ഇടനൽകരുത് എന്നഭ്യർത്ഥിച്ചുകൊണ്ട്,

ഡൽഹിയിലെ യൂബർ ടാക്സി ഡ്രൈവർ ദാസൻ ഗുപ്തയും പാർട്ടി മാറുവാനൊരുങ്ങുന്ന സഖാവ് വിജയനും

 

 

Advertisment