ആദായനികുതിയിലെ ഇളവുകൾ കൊള്ളാം, പക്ഷേ അത് 6 വർഷം മുമ്പ് മോഡി പറഞ്ഞത്രയും പോലും ആയിട്ടില്ല. കടംവാങ്ങി നികുതിയടയ്ക്കാൻ ജനത്തെ നിർബന്ധിക്കരുത് ! പകരം നീക്കിയിരിപ്പിൽ നിന്നും നികുതി അടയ്ക്കാൻ ജനത്തിന് കഴിയണം. വരുമാനത്തേക്കാൾ പതിന്മടങ്ങായി ചിലവ് വർധിക്കുന്നത് സർക്കാർ കാണാതെ പോകരുത് ! നിർമ്മലാ സീതാരാമനറിയാൻ ..

എഡിറ്റോറിയല്‍ / വിന്‍സെന്റ് നെല്ലിക്കുന്നേല്‍
Saturday, February 1, 2020

എഡിറ്റോറിയൽ / കുറഞ്ഞ വരുമാനക്കാർക്കിടയിലെ സാമ്പത്തിക ക്രയവിക്രയം വിപുലീകരിക്കാൻ ലക്‌ഷ്യം വച്ചുള്ള ബജറ്റിലെ ആദായനികുതി ഇളവുകൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ 2013 ൽ അഭിപ്രായപ്പെട്ടതിനൊപ്പമെത്തുകയോ കാലാനുസൃതമായി മാറുകയോ ചെയ്തിട്ടില്ലെന്നാണ് വിലയിരുത്തൽ.

15 ലക്ഷം വരെ വരുമാനമുള്ളവർക്കാണ് വിവിധ ഘട്ടങ്ങളിലായി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുമ്പ് 10 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ 30 % നികുതി നൽകേണ്ടിയിരുന്നത് ഇപ്പോൾ 15 ലക്ഷത്തിനു മുകളിലേക്ക് കുറച്ചിരിക്കുന്നു. 5 ലക്ഷം വരെയുള്ള വരുമാനക്കാർക്ക് നികുതി ഒഴിവാക്കി.

2013 ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പറഞ്ഞത് കുറഞ്ഞ ആദായനികുതി പരിധി 7 – 8 ലക്ഷമാക്കി ഉയർത്തണം, തങ്ങൾ വരുമാനമുള്ളവരാണെന്ന് ആദ്യം ജനം സമ്മതിക്കട്ടെ. അതിനുമുകളിലുള്ള വരുമാനത്തിന് നികുതിയാകാം എന്നതായിരുന്നു.

പക്ഷേ, അതിനുശേഷം രണ്ടാം വട്ടവും മോഡി പ്രധാനമന്ത്രിയാകുകയും 6 തവണ പൂർണ്ണ ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടും മോഡി അന്നുപറഞ്ഞ നിലയിലേക്ക് കുറഞ്ഞ വരുമാന പരിധി ഉയർത്താൻ കഴിഞ്ഞിട്ടില്ല.

ജനങ്ങളുടെ വരുമാനവും ചിലവും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നതാണ് നിലവിലെ സാഹചര്യം. പ്രതിമാസം 41600 രൂപ വരുമാനം ഉള്ള ഒരാൾക്ക് പോലും അതിൽ നിന്നും അധികമൊന്നും മിച്ചം വയ്ക്കാൻ കഴിയാത്തതാണു നിലവിലെ സാഹചര്യം.

വീടിന്റെ വായ്പയും മക്കളുടെ വിദ്യാഭ്യാസ ചെലവും പരിഗണിക്കുമ്പോൾ ഈ വരുമാനം കൊണ്ട് ഒന്നുമാകില്ല. അതിനാൽ തന്നെ 50000 രൂപ വരുമാനമുള്ള ഒരാൾ നികുതി അടയ്ക്കാൻ പണം കടമായി കണ്ടെത്തേണ്ടി വരും.

അതിനുപകരം അവന്റെ നീക്കിയിരുപ്പില്‍ നിന്നും നികുതി അടയ്ക്കാൻ കഴിയുംവിധം നികുതി ഘടന പരിഷ്കരിക്കണം എന്നായിരുന്നു പ്രധാനമന്ത്രിയാകും മുമ്പ് മോദിയുടെ കാഴ്ചപ്പാട്. അതിലേക്ക് എത്തണമെങ്കിൽ നിർമ്മലാ സീതാരാമൻ നികുതിദായകരോട് ഇനിയും കനിവ് കാണിക്കേണ്ടി വരും.

15 ലക്ഷം വരുമാനമുള്ള ഒരാൾ അതിന്റെ 30 ശതമാനം നികുതിയടക്കണം എന്നുപറയുമ്പോഴാണ് ജനം ഒളിച്ചുകളിക്ക് നിർബന്ധിതരാകുന്നത്. ആ പരിധി 15 ൽ നിന്നും 25 – 30 ലക്ഷമായി മാറേണ്ട കാലം കഴിഞ്ഞു.

20 ലക്ഷം വരെ വരുമാനമുള്ള ഒരാൾ 10 ശതമാന൦ നികുതി അടക്കണമെന്ന് പറയുമ്പോള്‍ അവന്റെ പരിമിതികൾ സർക്കാരും മനസിലാക്കണം. കാരണം വരുമാനത്തേക്കാൾ എത്രയോ അധികമായാണ് ചിലവിനങ്ങൾ വർധിച്ചത്.

ആദായനികുതി 2 സ്ലാബുകളിലാക്കിക്കൊണ്ട് പുതിയ സ്ലാബില്‍ നിന്നും ഭാവന വായ്പ, എല്‍ഐസി, സ്കൂള്‍ ഫീസ്‌ ഉള്‍പ്പെടെയുള്ള എല്ലാ ഇളവുകളും എടുത്തുകളഞ്ഞിരിക്കുകയാണ് ധനമന്ത്രി . രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. മൊത്തത്തില്‍ ഒരു കള്ളക്കളി !

എങ്കിലും, ‘ഇത് കൊള്ളാം, അഭിനന്ദനാർഹം, പക്ഷേ അത് പോരാ ..’ എന്നാണ് നിർമ്മലാ സീതാരാമന് നൽകാൻ കഴിയുന്ന മറുപടി.

– എഡിറ്റര്‍

×