ഇതൊരു പ്രകടന പത്രിക തന്നെ ? രാജ്യത്തെക്കുറിച്ചുള്ള ഭാവനയോ സ്വപ്നമോ ഇല്ലാത്ത ബജറ്റ് ! ‘കിടിലന്‍’ ആക്കാന്‍ ശ്രമിച്ചപ്പോള്‍ പോലും പറഞ്ഞുപോയ പദ്ധതികള്‍ക്ക് ആത്മാര്‍ഥതയുടെ അംശമില്ല !

എഡിറ്റോറിയല്‍ / വിന്‍സെന്റ് നെല്ലിക്കുന്നേല്‍
Friday, February 1, 2019

5 വര്‍ഷവും ജനത്തെ മറന്നും മുമ്പ് പറഞ്ഞു നടന്നത് മറന്നും അവതരിപ്പിച്ച 5 ബജറ്റുകള്‍ക്ക് ശേഷം നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥതയുണ്ടെന്നു തോന്നിക്കാത്ത വിധം പ്രഖ്യാപിച്ച ഒരു പ്രകടന പത്രികയായി മാറി നരേന്ദ്രമോഡി സര്‍ക്കാരിന്റെ പുതിയ ‘സമ്പൂര്‍ണ്ണ ബജറ്റ്’. ബജറ്റ് സമ്പൂര്‍ണ്ണമല്ലെന്നാകുന്നത് പോലെ തന്നെ ഇന്നത്തെ ബജറ്റില്‍ പറഞ്ഞിരിക്കുന്നതും സാധ്യമാകാന്‍ ആത്മാര്‍ഥതയില്ലാത്ത കാര്യങ്ങളാണ്.

ആദായനികുതി പരിധി 2.5 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി ഉയര്‍ത്തി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ ബജറ്റില്‍ തന്നെ രാജ്യം പ്രതീക്ഷിച്ചിരുന്നതായിരുന്നു അത്. ആദായനികുതി പരിധി ഏഴോ എട്ടോ ലക്ഷമാക്കി ഉയര്‍ത്തണമെന്നായിരുന്നു നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് പറഞ്ഞു നടന്നത്.

മോഡി വന്നാല്‍ ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കാമെന്ന് ജനം ചിന്തിച്ചത് അദ്ദേഹത്തിന്റെ അത്തരം ചില കാഴ്ചപ്പാടുകള്‍ കണ്ടുകൊണ്ടായിരുന്നു. അതൊക്കെ തെറ്റിക്കുന്ന വിധം ആദായനികുതി പരിധികളൊക്കെ കഴിഞ്ഞ 5 വര്‍ഷവും ചെറിയ മാറ്റങ്ങളോടെ അങ്ങനെ തന്നെ തുടര്‍ന്നു.

5 വര്‍ഷ൦ മുമ്പ് ചെയ്യേണ്ടിയിരുന്നത് അന്ന് ചെയ്യാതെ ഇപ്പോള്‍ അടുത്ത വര്‍ഷം പ്രാവര്‍ത്തികമാക്കാം എന്ന തരത്തില്‍ ഒരിളവ് പ്രഖ്യാപിച്ചിരിക്കുന്നതില്‍ എന്ത് ആത്മാര്‍ഥതയാണ് കാണേണ്ടത്.

കര്‍ഷകന്റെ പ്രശ്നം പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്നതിന്റെ തെളിവാണ് 2 ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് 6000 രൂപ സഹായം എന്ന പ്രഖ്യാപനം. അതിനൊരു മാനദണ്ഡമില്ലെന്നത് ആദ്യത്തെ ന്യൂനത. നഗരമധ്യത്തില്‍ 12 സെന്ററില്‍ ഒന്നര കോടിയുടെ വീട് വച്ച് താമസിക്കുന്ന കുത്തകകള്‍ക്കും കിട്ടും ഈ ആറായിരം രൂപ.

10 സെന്ററില്‍ ആയിരം ചത്രുരശ്രയടി വസതിയില്‍ താമസിക്കുകയായിരുന്ന ഇന്‍ഫോസിസ് മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിയ്ക്കും ഇത് ലഭിക്കാന്‍ അര്‍ഹതയുണ്ട്.

അപ്പോഴും കൃഷിനാശം സംഭവിച്ച് പ്രതീക്ഷ മുഴുവന്‍ തകര്‍ന്ന കര്‍ഷകര്‍ക്ക് താങ്ങാകാന്‍ കഴിയുന്ന ആശയങ്ങളൊന്നും സര്‍ക്കാരിന് കൈവശമില്ലെന്നതിന് തെളിവാണ് ഈ ബജറ്റ്. പകരം കാര്‍ഷിക സബ്സിഡികള്‍ ഉയര്‍ത്തി കുറച്ചുകൂടി ഉദാരമാക്കുകയോ കൃഷിനാശം സംഭവിച്ചവര്‍ക്ക് അടിസ്ഥാന വില പാരിതോഷികമായി നല്‍കുകയോ ചെയ്യുന്ന ഒരു പദ്ധതിയ്ക്ക് രൂപം നല്‍കാനുള്ള ഭാവന സര്‍ക്കാരിനില്ലാതായിരിക്കുന്നു.

ഇന്ത്യന്‍ ജനതയുടെ ഏറ്റവും വലിയ പ്രത്യേകത രാജ്യത്തിന്റെ യുവത്വമാണ്. ജനസംഖ്യയുടെ 63 ശതമാനവും 35 വയസിന് താഴെയുള്ളവരുടെതാണ്. അവര്‍ക്ക് 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന് പറഞ്ഞാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

പ്രവാസ ലോകത്ത് മാന്യമായി ജോലി ചെയ്യുന്ന പ്രവാസികളോട് മോഡി പറഞ്ഞത് ‘നിങ്ങള്‍ രാജിവച്ച് ഇന്ത്യയിലേക്ക് വരൂ, നിങ്ങള്‍ക്ക് അതിലധികം ഞാനിവിടെ തരാം’ എന്നായിരുന്നു. എന്നിട്ട് സംഭവിച്ചതോ, വര്‍ഷത്തില്‍ 1 കോടി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതാണ്. ഇതാണോ മോഡിയുടെ ‘സ്കില്‍ ഇന്ത്യ’ ?

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഈ ബജറ്റും സ്വപ്നങ്ങള്‍ വിതറുകയാണ്.  യുവത്വത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലാതായി. ഭരണത്തെ ഭാവനയോടെ സമീപിക്കുന്ന ഒരു ഭരണാധികാരിയുടെ മികവ് ബജറ്റില്‍ വ്യക്തമല്ല.

അല്‍ഫോന്‍സ്‌ കണ്ണന്താനം ആ ബജറ്റിനെ വിശേഷിപ്പിച്ച വാക്ക് ശ്രദ്ധേയമാണ് – ‘കിടിലന്‍’ ! ആളുകളെ പറഞ്ഞു പറ്റിക്കാന്‍ പോന്ന ഓഫറുകള്‍ക്കുള്ള ഒരു മാര്‍ക്കറ്റിംഗ് പ്രയോഗമാണ് ‘കിടിലന്‍’. അതൊരിക്കലും ഗംഭീരമാകില്ല. ഒരു ഗംഭീര ബജറ്റായിരുന്നു രാജ്യത്തിന് വേണ്ടിയിരുന്നത്, കിടിലനായിരുന്നില്ല. മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് വേണ്ടി രാജ്യം ഇനിയും കാത്തിരിക്കണം. അല്ലാതെ മാര്‍ഗ്ഗമില്ല.

– എഡിറ്റര്‍.

×