Advertisment

ഇറ്റലിയിൽ നിന്നെത്തിയ റാന്നിക്കാർ വിമാനത്താവളത്തിൽ നിന്നും പുറത്തെത്തിയതിൽ ആദ്യ പിഴവ് സർക്കാരിന് തന്നെ ! പിന്നത്തെ കുറ്റക്കാർ റാന്നി കുടുംബവും ! റാന്നിക്കാരുടെ റൂട്ട് മാപ്പിലില്ലാത്ത കണ്ണൂരിൽ കൊറോണ എത്തിയതെങ്ങനെ ? പിഴവുകൾ ഉള്ളത് തന്നെ ! മഹാദുരന്തങ്ങൾ വരുമ്പോഴല്ല രാഷ്ട്രീയവും പ്രമോഷനും ഒന്നും നടത്തേണ്ടത് ! എങ്കിലും ടീച്ചറമ്മയല്ല, ഡോക്ടർ ബ്രോകൾ ആണ് താരങ്ങൾ !

New Update

എഡിറ്റോറിയൽ / തിരുവനന്തപുരം:  കൊറോണയിൽ ആരുടെ രാഷ്ട്രീയമാണ് ശരി എന്നതാണ് കേരളത്തിലെ തർക്കം. കൊറോണയെക്കാളും പ്രളയത്തേക്കാളും കേരളത്തിന്റെ ഗതികേടും ഈ രാഷ്ട്രീയം തന്നെയാണ്.

Advertisment

മഹാദുരന്തങ്ങളെ ചിലർ രാഷ്ട്രീയത്തിനായും അതിനായുള്ള പ്രമോഷൻ ബൂസ്റ്റിനായും ഉപയോഗപ്പെടുത്തുന്നത് തന്ത്രപരമായാണ്. അക്കാര്യം ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അത് രാഷ്ട്രീയമായും സോഷ്യൽ മീഡിയ വ്യാജപ്രചാരണമായും ചിത്രീകരിക്കുന്നു.

publive-image

കൊറോണ കേരളത്തിലേക്ക് കൊണ്ടുവന്നത് റാന്നിയിലെ ഇറ്റലിക്കാരാണെന്നായിരുന്നു നിയമസഭയിൽ പോലും ആരോഗ്യ മന്ത്രി ഇന്നലെ വരെ പറഞ്ഞത്. അവരെ മനുഷ്യത്വ രഹിതമായി നിയമസഭയിലും പുറത്തും വിമർശിക്കുന്നതും കണ്ടു.

റാന്നിക്കാരുടെ ഭാഗത്ത് നിന്നും സംഭവിക്കാൻ പാടില്ലാത്ത വീഴ്ച ഉണ്ടായി എന്നതും സത്യം തന്നെയാണ്. പക്ഷെ അവരുടെയും കൂടിയാണ് സർക്കാർ എന്നത് മന്ത്രിമാർ മറക്കരുത്. അവരിപ്പോൾ രോഗത്തോട് മല്ലടിക്കുകയാണ്. അതിനെതിരെ ഒരു കേസെടുത്തിട്ടുമില്ല.

കണ്ണൂർ ജില്ലയിൽ ഇതുവരെ നിരീക്ഷണത്തിലുള്ളത് 170 പേരാണ്. 7 പേര് ആശുപത്രികളിലും 163 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. എന്തായാലും റാന്നിയിലെ ഇറ്റലിക്കാർ സഞ്ചരിച്ചതായി തയാറാക്കിയ റൂട്ടുമാപ്പിലൊന്നും കണ്ണൂരില്ല, കണ്ണൂർക്കാരുമായി അവർ ബന്ധപ്പെട്ടതിനും തെളിവില്ല. അപ്പോൾ അതെങ്ങനെ സംഭവിച്ചുവെന്ന് സർക്കാർ മനസിലാക്കുമല്ലോ.

റാന്നിയിലെ ഇറ്റലിക്കാർ വൈദ്യ പരിശോധന കൂടാതെ പുറത്തിറങ്ങിയതിൽ ഇറ്റലിക്കാരേക്കാൾ കുറ്റക്കാർ സർക്കാർ തന്നെയാണ്. അവർ എവിടെ നിന്നാണ് വരുന്നതെന്ന് പറഞ്ഞില്ലെന്നാണ് സർക്കാർ പറയുന്നത്.

അവരെന്തിന് അത് പറയണം. മിനിസ്റ്റർ, ഇന്റർനാഷണൽ ടെർമിനലിൽ വന്നിറങ്ങിയ അവരുടെ പാസ്പോർട്ട് നിങ്ങൾ വാങ്ങി നോക്കിയോ ? അതിലെ പേര് ഒന്ന് മറിച്ചു നോക്കിയാൽ അവർ ഏത് രാജ്യത്ത് നിന്ന് വന്നെന്നും എത്ര ദിവസം അവിടെ കഴിഞ്ഞെന്നും മനസിലാകില്ലായിരുന്നോ ?

ഇറ്റലിയിൽ നിന്ന് വരുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കണമെന്നു കേന്ദ്ര സർക്കാർ ഫെബ്രുവരി 27 ന് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. 29 നാണ് റാന്നിക്കാർ വന്നത്. എന്തുകൊണ്ട് അവരെ കൂട്ടിക്കൊണ്ടുപോയി പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.

എന്തായാലും സംഭവിച്ചത് സംഭവിച്ചു. ഇനി പഴി പറഞ്ഞിരുന്നിട്ട് കാര്യമില്ല. ഒരു ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നയാളെ ഗേറ്റിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനു പകരം ഒന്നും നോക്കാതെ കടത്തിവിട്ടിട്ട് ഗ്രൗണ്ടിലിറങ്ങി ആൾക്കൂട്ടത്തിൽ നിന്ന് ഓടിച്ചിട്ട് പിടിക്കുന്ന പണിയാണ് റാന്നിയിൽ സംഭവിച്ചത്.

publive-image

റാന്നി താലൂക്ക് ആശുപത്രിയിലെ ഡോ. ആനന്ദും മെഡിക്കൽ സൂപ്രണ്ട് ഡോ. ശംഭുവും ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ സ്ഥിതി എന്താകുമായിരുന്നു.  ഡോ. ആനന്ദിന് മുമ്പിലെത്തിയ രോഗിയോടു അതീവ ജാഗ്രതയോടെ അദ്ദേഹം ആവർത്തിച്ചു ചോദിച്ച രണ്ടാമത്തെ ചോദ്യമാണ് നാടിനു രക്ഷയായി മാറിയത്.

വിദേശത്തെങ്ങാനും പോയിട്ടുണ്ടോ എന്ന ആദ്യ ചോദ്യത്തിന് ഇല്ലെന്നു രോഗി മറുപടി പറഞ്ഞിട്ടും ഡോക്ടർ വിട്ടില്ല. സുഹൃത്തുക്കളോ, അയൽക്കാരോ ബന്ധുക്കളോ അടുത്തറിയുന്ന ആരെങ്കിലുമോ വിദേശത്ത് നിന്നും വന്നിട്ടുണ്ടോ എന്നായിരുന്നു ഉപചോദ്യം.

ഉണ്ടെന്ന് ഉത്തരം കിട്ടിയപ്പോൾ തെളിഞ്ഞത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വീഴ്ച തന്നെയാണ്. ആ പിഴവ് ആരോഗ്യ വകുപ്പിന് സംഭവിച്ചു. അത് മറച്ചുവയ്ക്കാൻ വ്യാപകമായ സൈബർ സംരക്ഷണം സർക്കാരിനോട് ഇഷ്ടമുള്ളവർ നടത്തി.

പിന്നെ കണ്ടത് 'ടീച്ചറമ്മ' പ്രമോഷനായിരുന്നു. കൊറോണ മുൻകരുതലുകളേക്കാൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത് 'ടീച്ചറമ്മ പ്രമോഷനായിരുന്നു'.

യഥാർത്ഥത്തിൽ ഈ മഹാവിപത്ത് കേരളത്തിൽ പടർന്നു പന്തലിക്കുന്നത് തടഞ്ഞ ഡോ. ആനന്ദ് എന്ന ഡോക്ടർ ബ്രോയെയും ഡോ. ശംഭുവെന്ന ഡോക്ടർ ബ്രോയെയും ആരും പരാമർശിച്ചുപോലുമില്ല.

ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ കെ ശൈലജ തന്നെ നിയമസഭയിൽ ഡോ. ശംഭുവിന്റെ പേരെടുത്തു പറയാൻ തയാറായത് അഭിനന്ദനം തന്നെ. രോഗികളുമായി നേരിട്ടിടപഴകിയ ഡോ. ആനന്ദ് ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്.

കൊറോണ കേരളത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത് തടയുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. തുടർ പ്രവർത്തനങ്ങളിലും വീഴ്ചകൾ ഉണ്ട്. അത് ചൂണ്ടിക്കാട്ടുന്നവരെയൊക്കെ കേസെടുക്കും എന്ന് ഭീഷിണിപ്പെടുത്തി ഭയപ്പെടുത്തി നിർത്താം എന്ന് വിചാരിക്കരുത്.

വീഴ്ചകൾ മനസിലാക്കി തിരുത്തുമ്പോഴാണ് ഒരു മന്ത്രി പദവികൾക്കപ്പുറം ടീച്ചറമ്മയും മറ്റു പലതുമായി വളരുന്നത്. അല്ലാതെ അത്തരം പ്രയോഗങ്ങളൊന്നും സൈബർ പോരാളികളുടെ പ്രമോഷനിലൂടെ ലഭിക്കേണ്ടതല്ല.

പിഴവുകൾ പിഴവുകൾ തന്നെയാണ്. പക്ഷെ പിഴവുകളുള്ളതുകൊണ്ട് സർക്കാർ ചെയ്യുന്നതെല്ലാം മോശം കാര്യം എന്ന് പറയാനാകില്ല. പ്രതിരോധ പ്രവർത്തനങ്ങൾ സാമാന്യം മികച്ച നിലയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. അതും എടുത്തുപറയേണ്ടത് തന്നെ.

പിഴവുകൾ ചൂണ്ടിക്കാണിച്ചും തെറ്റുകൾ തിരുത്തിയും ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകുകയാണ് ഇപ്പോൾ ആവശ്യം. രാഷ്ട്രീയവും പ്രമോഷനുമൊക്കെ പിന്നീടാകാം. കൊറോണയെ നാടിന്റെ പടി കടത്തി വിടണം. അതിന് ജാഗ്രത തന്നെ പ്രധാനം. ഒപ്പം പ്രതിരോധവും !

corona kerala
Advertisment