ഈ മഹാ വിപത്തിനെതിരെ ലോകം തന്നെ പോരാട്ടത്തിലാണ്. ലോകത്തിന്റെ നിശ്ചിത മേഖലകൾ അടച്ചുപൂട്ടി കഴിഞ്ഞു. മാതാപിതാക്കളുടെ മരണവാർത്തയറിഞ്ഞ് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ജന്മം നൽകിയ പിതാവിനെ അവസാനമായി കാണാൻ പോലും അവസരമില്ല. അത് ജനം പൊറുക്കുന്നു, പക്ഷേ ഈ നിതാന്തജാഗ്രതകൾക്കിടയിലും മദ്യ വില്പന കേന്ദ്രങ്ങളും ബാറുകളും തുറന്നു തന്നെയിരിക്കുമെന്ന സർക്കാരിന്റെ വാശിക്ക് കേരള ജനത മാപ്പുനൽകണോ? ഒരു മീറ്റർ അകലത്തിലല്ല, ഒരു മീറ്ററിൽ നാലും അഞ്ചും പേരാണ് പരിസരത്ത് കാർക്കിച്ചു തുപ്പിയും മുറുക്കിത്തുപ്പിയും തോളിൽ പിടിച്ചു തള്ളിയും നിരനിരയായി ക്യൂവിൽ നിൽക്കുന്നത്. ഇത് നിരോധിക്കാതെ എന്ത് ജാഗ്രതയാണ് ? എന്ത് പ്രതിരോധമാണ് നിങ്ങൾ തീർക്കുന്നത് മുഖ്യമന്ത്രി.. ‘ടീച്ചറമ്മേ’ ? മറുപടിയുണ്ടോ നിങ്ങൾക്ക് ?

എഡിറ്റോറിയല്‍ / വിന്‍സെന്റ് നെല്ലിക്കുന്നേല്‍
Monday, March 23, 2020

എഡിറ്റോറിയൽ/  കോവിഡ് 19 എന്ന മഹാവിപത്തിനെ പ്രതിരോധിക്കാൻ ലോകം ഒറ്റക്കെട്ടായി നിതാന്ത ജാഗ്രതയിലും പോരാട്ടത്തിലുമാണ്. കോവിഡിനെ അകറ്റി നിർത്താനുള്ള എല്ലാ ശ്രമങ്ങളും പരീക്ഷിക്കുന്നു.

ലോകത്തിന്റെ തന്നെ അത്ര ചെറുതല്ലാത്ത ശതമാനം പ്രദേശങ്ങൾ നിശ്ചലമാണ്. ജനങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവാദമില്ലാത്ത മേഖലകൾ നിരവധി.

ജനങ്ങൾ കൂട്ടംകൂടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ചില രാഷ്ട്ര ഭരണാധികാരികൾ പോലും ക്വോറന്റൈന് വിധേയമായിരിക്കുന്നു. കേരളവും ഈ ജാഗ്രതയിലാണ്. പക്ഷെ കേരളത്തിൽ കൊട്ടിഘോഷിക്കപ്പെടുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ എടുത്തുപറയേണ്ട പോരായ്മകൾ അനവധിയാണ്.

അതിനിടയിലാണ് നാട്ടിൽ ഏറ്റവുമധികം ആളുകൾ യാതൊരു നിയന്ത്രണങ്ങളും വൃത്തിയുമില്ലാതെ കൂട്ടംകൂടുന്ന വിദേശ മദ്യവിൽപ്പനശാലകളും ബാറുകളും യഥേഷ്ടം തുറന്നിരിക്കുന്നത്. ഷാപ്പ്‌ ലേലത്തിനായി സര്‍ക്കാര്‍ വിളിച്ചു കൂട്ടിയിരിക്കുന്നത് നൂറു കണക്കിനാളുകളെയാണ്.

മിക്ക മദ്യവിൽപ്പന ശാലകളിലും വൈകുന്നേരമായാൽ മുട്ടിയുരുമ്മിയും തിക്കിത്തിരക്കിയും നീണ്ട ക്യൂവാണ്. പരിസരം മുഴുവൻ കാർക്കിച്ചും മുറുക്കിയും തുപ്പി അപകടകരമായ വൃത്തിഹീനത. രോഗം അയൽപക്കത്തെങ്കിലും ഉണ്ടെങ്കിൽ ഈ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറുന്ന അവസ്ഥ.

മദ്യശാലകളിലെത്തുന്നവർ ഒരു മീറ്റർ അകലം പാലിക്കണമെന്ന നിർദ്ദേശം പോലും പ്രാവർത്തികമല്ല, ഒരു മീറ്ററിനുള്ളിൽ നാലോ അഞ്ചോ ആളുകളാണ് വൈകിട്ട് 5 മണി കഴിഞ്ഞാൽ മദ്യ വിൽപ്പന കേന്ദ്രങ്ങളിലെ ക്യൂവിലുള്ളത്.

എന്നിട്ടും ബാറുകളും മദ്യവിൽപ്പന ശാലകളും അടച്ചുപൂട്ടില്ലെന്നു സർക്കാരിന് വാശി. ഷാപ്പ്‌ ലേലം മാറ്റി വയ്ക്കില്ലെന്ന് വാശി. ആ ചോദ്യങ്ങൾക്ക് ചെവികൊടുക്കാതെ ദിനംതോറും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം.

ആരോഗ്യമന്ത്രിയുടെ പ്രതിരോധ മുൻകരുതലുകൾ പുകഴ്ത്തി പ്രൊഫഷണൽ പി ആർ കമ്പനികളെ വെല്ലുന്ന വിധമാണ് ‘ടീച്ചറമ്മ’ പ്രമോഷൻ പൊടിപൊടിക്കുന്നത്. പുര കത്തുമ്പോൾ വാഴ വെട്ടുന്ന ശീലം മലയാളികൾക്കില്ലാത്തതാണ്. ഈ യുഗത്തിൽ നാമതും കാണേണ്ടി വരുന്നു.

സ്വന്തം മാതാപിതാക്കളുടെ മൃതദേഹത്തിൽ ഒരന്ത്യ ചുംബനം നൽകാൻ, അവസാനമായി ഒരു നോക്ക് കാണാൻ പോലും മടങ്ങിയെത്തുന്ന പ്രവാസികളെ അനുവദിക്കുന്നില്ല. വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവരെ അകറ്റി നിർത്തുന്നു. അതൊക്കെ അവർ സഹിക്കുന്നുണ്ട്, ഉൾക്കൊള്ളുന്നുമുണ്ട്.

അതെല്ലാം ഈ നാടിൻറെ ജാഗ്രതയോടു ചേർന്ന് നിൽക്കാനുള്ള മാനസികാവസ്ഥകളോടെയാണ്. പക്ഷെ, ഇത് കേരളം ഉൾക്കൊള്ളുന്നില്ല.

മരിച്ചടക്കിന് നാല്പത് പേരിൽ കൂടുതൽ പാടില്ല, 100 പേരെകൂട്ടി ഒരു വിവാഹം പാടില്ല, മാമോദിസ, അടിയന്തിരം എന്നുവേണ്ട മുപ്പതോ നാല്പതോ ആളുകളിലധികം എത്തിച്ചേരുന്ന ഒരാഘോഷങ്ങളും വേണ്ട. പള്ളികൾ അടഞ്ഞുകിടക്കുന്നു. മദ്രസകൾ അടഞ്ഞു കിടക്കുന്നു. ക്ഷേത്രങ്ങൾ അടഞ്ഞുകിടക്കുന്നു.

പക്ഷെ മൂവായിരത്തിലധികം ആളുകൾ ദിവസവും കൂട്ടമായി വന്നുചേരുന്ന വിദേശമദ്യ ശാലകൾ അടച്ചിടാൻ സർക്കാർ ഒരുക്കമല്ല, ബാറുകൾ പൂട്ടാൻ ഒരുക്കമല്ല.

ഇതിലധികം വൃത്തിഹീനവും പ്രതിരോധ പ്രവർത്തനങ്ങൾക്ക് അപകടകരമായ ഭീഷണിയും ഉയർത്തുന്ന വേറൊരു സ്ഥലവും കേരളത്തിലില്ല. ഈ ധിക്കാരവും ഉപേക്ഷയും ജീവൻ കയ്യിൽ പിടിച്ച് ജാഗ്രതയോടെ കതകടച്ചിരിക്കുന്ന മലയാളിക്ക് ഇനി സഹിക്കാവുന്നതിലും അപ്പുറമാണ്.

സർക്കാർ അതിന് കനത്ത വിലനൽകേണ്ടി വരും. നിങ്ങൾക്ക് ജനങ്ങളെ ഭയമില്ലാത്തത് കൊണ്ടാണിത്; നിങ്ങൾക്ക് ഭയം മദ്യ രാജാക്കന്മാരെ മാത്രമാണ്.

×