Advertisment

പ്രവാസികൾ മടങ്ങിയെത്തുക കരുതലിന്റെ കരങ്ങളിലേക്കാകണം ! സർക്കാരിന് ജാഗ്രതയുടെ കാര്യത്തിൽ വീഴ്ചയുണ്ടാകരുത് ! ഉണ്ടായാൽ തോറ്റുപോകും !

New Update

എഡിറ്റോറിയൽ/ കേരളം കാത്തിരുന്ന നമ്മുടെ സഹോദരങ്ങളായ പ്രവാസികളുടെ മടങ്ങിവരവിന് ഇനി ഒരു ദിവസത്തെ ഇടവേള മാത്രമാണ് ബാക്കിയുള്ളത്. അന്യനാട്ടിലെ ദുരിതങ്ങളിൽ നിന്നും പിറന്ന മണ്ണിന്റെ കരുതൽ കരങ്ങളിലേക്ക് അവരെത്തുകയാണ്. കേരളം ജാഗ്രത കാണിക്കേണ്ട ഏറ്റവും അനിവാര്യമായ സന്ദർഭം കൂടിയാണിത്.

Advertisment

മടങ്ങിവരുന്ന പ്രവാസികളിൽ പനിയില്ലാത്തവരെ സ്വന്തം വീടുകളിൽ ക്വാറന്റൈൻ ചെയ്യാനായിരുന്നു സർക്കാരിന്റെ ആദ്യ പദ്ധതി. പക്ഷെ എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് സംസ്ഥാനം നിലപാട് മാറ്റുന്നതായാണ് റിപ്പോർട്ട്. അഭിനന്ദനാർഹമാണ് ആ തീരുമാനം.

publive-image

അതേസമയം ഈ ജാഗ്രതയിൽ പിഴവുണ്ടാകാതിരിക്കാനുള്ള കരുതലാണ് ഇനി സർക്കാരിന് ചെയ്യാനുള്ളത്. മടങ്ങി വരുന്നവരെ അവർ എത്തുന്നിടത്ത് 14 ദിവസത്തെ ക്വാറന്റൈന് വിധേയമാക്കാൻ സർക്കാരിന് കഴിയണം. ആരോഗ്യമന്ത്രി മുമ്പ് പറഞ്ഞതുപോലെ 'ഒരു ലക്ഷം പേർ വരുമ്പോൾ ഒന്നോ രണ്ടോ പേർ അതിനിടയ്ക്ക് കൂടിയെങ്ങാൻ പുറത്തുകടന്നാൽ'... എന്ന സാഹചര്യം ഇനി ഉണ്ടാകരുത്.

മടങ്ങിവരുന്ന പ്രവാസികളെ വീടുകളിലേക്ക് ക്വാറന്റൈന് അയച്ചാൽ എല്ലാവരും ഒരേ സ്വഭാവക്കാരാക്കണമെന്നില്ല. അവരിലാരെങ്കിലും ഉപേക്ഷ കാണിച്ചാൽ അത് സാമൂഹിക വിപത്തിന് കാരണമാകും. അങ്ങനൊരു പിഴവ് ആവർത്തിക്കാതിരിക്കാൻ സർക്കാർ അതീവ ജാഗ്രത കാണിക്കണം.

മടങ്ങി വരുന്ന പ്രവാസികളെ എയർപോർട്ടിന് ഏറ്റവും അടുത്തുള്ള ലഭ്യമായ കേന്ദ്രങ്ങളിൽ ക്വാറന്റൈൻ ചെയ്യാൻ സൗകര്യം ഏർപ്പെടുത്തുക. 14 ദിവസത്തിനുശേഷമേ ഇവിടെ നിന്നും പുറത്തുപോകാൻ അനുവദിക്കാൻ പാടുള്ളൂ. അത് രോഗലക്ഷണമുള്ളവരെ മാത്രമാകരുത്.

എല്ലാവരെയും ക്വാറന്റൈൻ ചെയ്യാൻ സംവിധാനം ഒരുക്കണം. രോഗലക്ഷണമില്ലാത്തവരെ വിട്ടയയ്ക്കാൻ തീരുമാനിച്ചാൽ അവരിൽ എത്രപേർ രോഗമുള്ളവരാണെന്ന് തിട്ടപ്പെടുത്താൻ കഴിയില്ല. കാരണം കൊറോണ ലക്ഷണങ്ങളില്ലാത്തവരും വൈറസ് ബാധിതരായ നിരവധി കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

ഇവർ സഞ്ചരിക്കുന്ന വാഹനം, അതിന്റെ ഡ്രൈവർ, ലഗ്ഗേജ് എന്നിവയൊക്കെ രോഗവ്യാപനത്തിന് കാരണമാകാം. മാത്രമല്ല, എയർപോർട്ടിലെ പരിശോധന ശരീരത്തിന്റെ താപനില പരിശോധിക്കാൻ മാത്രമാണ്. അല്ലാതെ, അത് കോവിഡ് പരിശോധനയല്ല.

ഈ പരിശോധനകൾക്ക് ശേഷം മടങ്ങിവരുന്ന പ്രവാസികളെ വീടുകളിലേക്ക് അയച്ചാൽ അത് ആദ്യഘട്ടത്തിൽ സംഭവിച്ച പിഴവുകൾക്ക് തുല്യമാകും.

പകരം, രോഗ ലക്ഷണമുള്ളവരെ താമസിപ്പിക്കാൻ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ആശുപത്രി സംവിധാനങ്ങൾ പര്യാപ്തമായിരിക്കാം. രോഗലക്ഷണമില്ലാത്ത, മടങ്ങിവരുന്ന മുഴുവൻ പ്രവാസികളെയും ക്വാറന്റൈൻ ചെയ്യാൻ ഹോട്ടലുകൾ, സ്‌കൂളുകൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങി എയർപോർട്ടിന് അധികം ദൂരയല്ലാതെ ക്വാറന്റൈൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തണം.

അതിൽ അലംഭാവം ഉണ്ടാകരുത്. കേന്ദ്ര സർക്കാരും ഇക്കാര്യം ഉറപ്പ് വരുത്തണം. ഇക്കാര്യത്തിൽ പിഴവുണ്ടാകരുത്. ഉണ്ടായാൽ തോറ്റുപോകും !

- എഡിറ്റർ.

corona kerala
Advertisment