Advertisment

54 വര്‍ഷത്തെ ചരിത്ര നേട്ടങ്ങളേക്കാള്‍ വലുതാണ്‌ ഇക്കാലയളവുകളില്‍ അന്തസില്ലാത്ത ഒരു വാക്കോ പ്രവര്‍ത്തിയോ ഉണ്ടായില്ലെന്നതും ! മാണി ഒരു നേതാവ് മാത്രമായിരുന്നില്ല, രാഷ്ട്രീയത്തിലെ ഒരു സംസ്കാരം കൂടിയായിരുന്നു. അനുഭവങ്ങളുടെ തമ്പുരാന്‍ !

New Update

എഡിറ്റോറിയല്‍ / രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമാകേണ്ട ജീവിതമായിരുന്നു കെ എം മാണിയുടേത്. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം തന്റെതായ അടയാളപ്പെടുത്തലുകള്‍ അവശേഷിപ്പിച്ചു പോയ ഒരാള്‍.

Advertisment

മാണി സാര്‍ ഏത് വകുപ്പ് കൈകാര്യം ചെയ്താലും ആ വകുപ്പിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട ഒരു പദ്ധതിയെങ്കിലും അവിടെ ബാക്കിയുണ്ടാകും. അദ്ദേഹം അവതരിപ്പിച്ച പല പദ്ധതികളും പിന്നീട് പല രൂപത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായി മാറി.

publive-image

വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ പെടുത്തി ഒരു എം എല്‍ എയ്ക്ക് മണ്ഡലത്തിലെ 2 റോഡുകള്‍ നന്നാക്കാനുള്ള പദ്ധതി കൊണ്ടുവന്നത് മാണി സാറാണ്. ഇപ്പോള്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് എം പിമാര്‍ക്ക് ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്കീം ഇതിന്റെ മറ്റൊരു രൂപമാണ്. എം എല്‍ എ വികസന ഫണ്ടും എം പി വികസന ഫണ്ടുമൊക്കെ വേറെ രൂപങ്ങള്‍.

രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നപ്പോള്‍ മറ്റുള്ളവരുടെ ഇസങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും പിന്നാലെ പായാതെ സ്വന്തമായി ഒരു സിദ്ധാന്തമുണ്ടാക്കി - അധ്വാന വര്‍ഗ്ഗ സിദ്ധാന്തം. ആലുവാ സാമ്പത്തിക പ്രമേയം ഉള്‍പ്പെടെ അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടുകളും ശ്രദ്ധേയമായി.

publive-image

പാര്‍ലമെന്ററി രംഗത്ത് നൂറില്‍ നൂറു മാര്‍ക്കാണ് മാണി സാറിന്. ഒരു മണ്ഡലത്തില്‍ മത്സരം തുടങ്ങി 54 വര്‍ഷങ്ങള്‍ അവിടെ തന്നെ തുടരണമെങ്കില്‍ മടുപ്പ് തോന്നാതെ ജനം അത് സമ്മതിക്കണം. അതിന് ഓരോ തവണ വിജയിക്കുമ്പോഴും അവരെ തൃപ്തിപ്പെടുത്താന്‍ കഴിയണം. ഒരു 5 വര്‍ഷം കഴിഞ്ഞാല്‍ രണ്ടാമത്തെ ടേമിന് വിയര്‍പ്പൊഴുക്കേണ്ടിവരുന്ന ഇന്നത്തെ ജനപ്രതിനിധികള്‍ക്ക് ഇനി സ്വപ്നം കാണാന്‍ കഴിയില്ല ഈ നേട്ടങ്ങള്‍.

24 വര്‍ഷം മന്ത്രിയായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക പ്രധാന വകുപ്പുകളും കൈകാര്യം ചെയ്തു. കേരളം ഇന്ന് അഭിമാനപൂര്‍വ്വം എടുത്തുകാണിക്കുന്ന പല പദ്ധതികളും മാണിയുടെ സംഭാവനയാണെന്ന് പലരും അറിയുന്നത് ഇപ്പോഴാണ്. കര്‍ഷകത്തൊഴിലാലി പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി, രാജീവ് ദശലക്ഷം പാര്‍പ്പിട പദ്ധതി, കാരുണ്യ ഫണ്ട് .. അങ്ങനെ അനവധി.

publive-image

സംസ്ഥാന ബജറ്റുകള്‍ക്ക് ജനകീയ രൂപം നല്‍കുന്നത് 1975 ല്‍ മാണി ധനകാര്യ മന്ത്രിയായിരുന്ന കാലം മുതലാണ്‌. അങ്ങനെ ഏത് വകുപ്പ് ഭരിച്ചാലും 'മാണിസാറിന്‍റെ പദ്ധതി പോലെ' എന്ന് പറയാന്‍ ചിലതുണ്ടാകും.

ഇത്രയേറെ ഭരണ നേട്ടങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്ന വേറെ ഒരു രാഷ്ട്രീയ നേതാവോ ഭരണകര്‍ത്താവോ കേരളത്തില്‍ കാണില്ല, ഇന്ത്യയില്‍ പോലും. പാര്‍ലമെന്‍ററി രംഗത്തെ മാണിയുടെ നേട്ടങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ തന്നെ ചരിത്രമാണ്, അഭിമാനവും.

അത്രയൊന്നും വലുതല്ലാത്ത ഒരു പാര്‍ട്ടിയുമായിട്ടായിരുന്നു കേരളാ രാഷ്ട്രീയത്തില്‍ മാണിയുടെ പ്രയാണം. രാഷ്ട്രീയത്തില്‍ അന്തസുള്ള നേതാക്കളുടെ ഒരു കാലഘട്ടമാണ് മാണിയുടെ തലമുറ. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാറില്ല, ശത്രുക്കള്‍ക്കെതിരെ വസ്തുനിഷ്ഠമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കാറില്ല.  ആരെയും ശത്രുപക്ഷത്ത് നിര്‍ത്താറുമില്ല.

publive-image

ഈ 54 വര്‍ഷങ്ങള്‍ക്കിടെ അന്തസില്ലാത്ത ഒരു വാക്കോ പ്രസ്താവനയോ മാണിയുടെ നാവില്‍ നിന്ന് വീണതായി കേട്ടുകേള്‍വിയില്ല. മാണിയുടെ വാക്കുകള്‍ തന്നെ മുറിവേല്‍പ്പിച്ചതായി ആരും പറഞ്ഞു കേട്ടിട്ടുമില്ല. പറഞ്ഞതൊക്കെ പ്രസക്തമായ കാര്യങ്ങള്‍ മാത്രം. പ്രസംഗങ്ങളും എഴുതിയതുമൊക്കെ കാതലായ കാര്യങ്ങള്‍. ഇന്നത്തെ രാഷ്ട്രീയത്തില്‍ ഇതില്‍പ്പലതും നമുക്ക് പരിചിതമല്ല !

വളരാന്‍ ഒരു പ്രസ്ഥാനത്തിന്റെയും മറതേടിപ്പോകേണ്ട ഗതികേട് മാണിസാറിനില്ലായിരുന്നു.  അല്ലാതെ ഒരു പ്രസ്ഥാനമായി തന്നെ മാണി വളര്‍ന്നു. മാന്യതയുള്ള ഒരു ജനപ്രിയ രാഷ്ട്രീയമാണ് മാണി അടയാളപ്പെടുത്തിയത്. ആരോടും കലഹിക്കാതെ, ക്ഷോഭിക്കാതെ നമ്മളുമായി സംവദിച്ചു. രാഷ്ട്രീയത്തില്‍ ഒരു നേതാവ് മാത്രമല്ല ഒരു സംസ്കാരം കൂടിയായിരുന്നു കെ എം മാണി.

publive-image

സത്യം ഓണ്‍ലൈന് ബന്ധം കെ എം മാണി എന്ന നേതാവുമായിട്ടായിരുന്നു. ആറും ഏഴും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ വളരെ ചെറിയൊരു പ്രസ്ഥാനമായിരുന്നിരിക്കെപ്പോലും സത്യത്തില്‍ വരുന്ന വാര്‍ത്തകളില്‍ ചിലതെങ്കിലും വായിക്കാനും നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിക്കാനും അദ്ദേഹം മറന്നില്ല.

ഏതാനും മാസങ്ങള്‍ മുമ്പ് വരെ ആ വിളി ഉണ്ടായിരുന്നു. പാലായില്‍ നിന്നുമുള്ള ഒരു പ്രസ്ഥാനം എന്ന കരുതലായിരുന്നു അതും. ആ പിന്തുണയും പ്രോത്സാഹനവും ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം ചെറുതല്ല,

കേരള രാഷ്ട്രീയത്തിലെ അനുഭവങ്ങളുടെ തമ്പുരാന് ആദരാഞ്ജലികള്‍..

- സത്യം ഓണ്‍ലൈന്‍ കുടുംബാംഗങ്ങള്‍

 

Advertisment