ഏഴ് വയസുകാരന്റെ മരണം അവിഹിത ബന്ധങ്ങളുടെ ദുരന്ത പൂര്‍ണ്ണമായ പരിസമാപ്തി ? കൊലയാളി എന്നറിഞ്ഞിട്ടും മക്കളെയും കൂട്ടി അരുണിനൊപ്പം പോയ യുവതിയ്ക്കും കുട്ടിയുടെ കൊലപാതകത്തില്‍ മനപൂര്‍വ്വമല്ലാത്ത പങ്കുണ്ടോ എന്നന്വേഷിക്കണം

എഡിറ്റോറിയല്‍ / വിന്‍സെന്റ് നെല്ലിക്കുന്നേല്‍
Saturday, April 6, 2019

എഡിറ്റോറിയല്‍ / കേരളത്തിന്റെ നെഞ്ച് പിടയുന്ന വാര്‍ത്തയാണ് തൊടുപുഴയിലെ 7 വയസുകാരന്റെ മരണം. ഏറ്റവും സങ്കടകരമായ സംഭവമാണ് പിഞ്ചുബാലനുണ്ടായ ദുരനുഭവവും യാതനകളും ഒടുവില്‍ മരണവും.

പുതിയ തലമുറയിലെ വഴിതെറ്റിപ്പോകുന്ന ചുരുക്കം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയാണ് കുട്ടിയുടെ അമ്മയുടെ കാമുകനായ കൊലയാളി അരുണ്‍ ആനന്ദ്. ഉത്തമമെന്ന് പറയാന്‍ കഴിയാത്ത അവിഹിത ബന്ധങ്ങളുടെ ദുരന്ത പൂര്‍ണ്ണമായ പരിസമാപ്തിയാണ് കുട്ടിയുടെ മരണം.

ഭര്‍ത്താവ് മരിച്ച യുവതി ഏഴും മൂന്നും വയസുള്ള രണ്ടു കുഞ്ഞുങ്ങളെയുമായി ഭര്‍ത്താവിന്റെ മരണത്തിന് അധികം താമസിക്കാത്ത സമയത്താണ് അരുണ്‍ ആനന്ദ് എന്ന ക്രിമിനലിനൊപ്പം ഇറങ്ങി പുറപ്പെട്ടത്.

യുവതിയുടെ മരിച്ചുപോയ ഭര്‍ത്താവിന്‍റെ പിതൃസഹോദരിയുടെ പുത്രനാണ് കൊടുംക്രിമിനലായ അരുണ്‍ ആനന്ദ്. കേരളത്തില്‍ 4 പോലീസ് സ്റ്റേഷനുകളിലായി 7 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു അരുണ്‍. അതിലൊന്ന് സുഹൃത്തായ യുവാവിനെ ബിയര്‍ കുപ്പിക്ക് അടിച്ചുകൊലപ്പെടുത്തിയ കേസാണ്.

പിതാവിന്‍റെ മരണശേഷം ബാങ്കില്‍ ജോലി ലഭിച്ച അരുണ്‍ ആനന്ദ് ആ ജോലി രാജിവച്ച ശേഷം മദ്യത്തിനും മയക്കുമരുന്നിയും അടിമയായി ക്രിമിനല്‍ ജീവിതം നയിച്ചുവരികയായിരുന്നു. തന്റെ ബന്ധുകൂടിയായ ഈ യുവാവിന്‍റെ ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് യുവതി കുട്ടികളെയും കൂട്ടി യുവാവിനൊപ്പം ഇറങ്ങിപുറപ്പെട്ടത്.

ഭര്‍ത്താവിന്‍റെ മരണത്തിന് ശേഷം അധികം വൈകാതെ തന്നെ അരുണ്‍ ആനന്ദിനൊപ്പം ജീവിക്കാനുള്ള ആഗ്രഹം യുവതി ഭര്‍ത്താവിന്റെ അമ്മയെ അറിയിച്ചിരുന്നു. ആ സമയത്ത് തന്നെ അരുണിന്റെ സ്വഭാവ ദൂഷ്യങ്ങളും ക്രിമിനല്‍ പശ്ചാത്തലവും ആ അമ്മ യുവതിയെ അറിയിച്ചതാണ്. ഇനി നിനക്ക് വിവാഹം ഉടന്‍ വേണമെങ്കില്‍ അത് ഇവനല്ലാതെ മറ്റാരെ വേണമെങ്കിലും ആകാം എന്നും അവര്‍ യുവതിയെ അറിയിച്ചതാണ്.

ഇതൊന്നും കേള്‍ക്കാതെ കുട്ടികളെ വിട്ടുനല്‍കണമെന്ന ഭര്‍തൃമാതാവിന്‍റെ അപേക്ഷയും തള്ളിയാണ് യുവതി അരുണ്‍ എന്ന കാപാലികനൊപ്പ൦ ഇറങ്ങി തിരിച്ചത്.

മാത്രമല്ല, അരുണിനൊപ്പം ജീവിതം തുടങ്ങിയ ശേഷം കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായ വിവരം യുവതിക്കറിയാമായിരുന്നു. നിരവധി തവണ രണ്ടു കുട്ടികളും കാമുകനില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നത് യുവതി കണ്ടുകൊണ്ടിരുന്നതാണ്. ആരെയും കൊല്ലാന്‍ പോലും മടിയില്ലാത്ത കാമുകന്‍ തന്റെ കുഞ്ഞുങ്ങളോട് കാണിച്ച ക്രൂരതകള്‍ പരിധി ലംഘിക്കപ്പെട്ടെക്കാമെന്ന ഭയം ആ ‘മാതാവിന്’ ഇല്ലാതെ പോയത് ആശ്ചര്യം ജനിപ്പിക്കുന്നതാണ്.

കുട്ടികളോട് തീര്‍ത്തും മനുഷ്യത്വ രഹിതമായാണ് അരുണ്‍ പെരുമാറിയിരുന്നതെന്നതിന് നിരവധി തെളിവുകളുണ്ട്. ഈ പിഞ്ചു കുഞ്ഞുങ്ങളെ വീട്ടില്‍ തനിച്ചാക്കിയായിരുന്നു യുവതിയും കാമുകനും രാത്രി വൈകുംവരെ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയിരുന്നത്. ആ രാത്രി സമയങ്ങളില്‍ മുഴുവന്‍ ഈ കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു. അങ്ങനെ ഇരുവരും മടങ്ങി വന്ന ദിവസം ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചതിനാണ് മൂത്ത കുട്ടിയെ എടുത്ത് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് അരുണ്‍ ക്രൂരത കാട്ടിയത്.

പരിശോധനയില്‍ രണ്ടു കുട്ടികളുടെയും ദേഹത്ത് നിരവധി പരുക്കുകള്‍ ഉണ്ടായിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും അരുണിന്റെ ക്രൂരതകള്‍ ബന്ധുക്കളുടെയോ പോലീസിന്റെയോ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയാതെ പോയത് യുവതിയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് തന്നെയാണ്.

അതേസമയം, അവര്‍ നിസഹായയായിരുന്നു എന്നതാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അരുണിനെ ഭയന്നിട്ടാണ് യുവതി പലതും പുറത്തുപറയാന്‍ മടിച്ചതെന്ന സംശയമാണ് പോലീസിന്. എന്നാല്‍ ബി ടെക് ബിരുദധാരിയായ ഒരു യുവതിയെ അത്ര അബലയായി കാണേണ്ടതുണ്ടോ എന്നും പരിശോധിക്കണം.

7 വയസുകാരന്റെ കൊലപാതകത്തില്‍ മനപൂര്‍വ്വമല്ലാത്ത ഒരു പങ്ക് അവര്‍ക്കുമുണ്ട്. അത് നിയമവിധേയമായി തന്നെ പരിശോധിക്കണം. യുവതിയുടെ ഭര്‍ത്താവിന്റെയും അരുണിന്റെ പിതാവിന്റെയും മരണങ്ങളും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. അതും അന്വേഷിക്കട്ടെ.

×