Advertisment

'അതിഥി' തൊഴിലാളികൾ ! ഈ പേര് സമ്മാനിച്ച മഹാന് നല്ല നമസ്ക്കാരം

New Update

രാണ് അതിഥി ? നാം സ്നേഹാദരം നൽകുന്നവർ , നമ്മുടെ ആതിഥേയത്വം സ്വീകരിക്കുന്നവർ. നമ്മെക്കാളൂം കൂടുതൽ നാമവരെ ശ്രദ്ധിക്കുകയും അവർക്കുവേണ്ട മുന്തിയ ഭക്ഷണവും താമസ സൗകര്യവും നമ്മൾ ഒരുക്കി സ്വീകരിക്കുകയും ചെയ്യുന്നു. അതാണ് യഥാർത്ഥ അതിഥി.

Advertisment

കേരളത്തിൽ അന്യസംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളും, സൗകര്യങ്ങളും, ശുചിമുറികളും, ശുചിത്വവും നോക്കിക്കാണുക. പല സ്ഥലത്തും അവരുടെ ജീവിത സൗകര്യങ്ങൾ ദയനീയമാണ്. എങ്ങനെയെങ്കിലും അവർ കഴിഞ്ഞുകൂടും എന്നതാണ് പലരുടെയും ചിന്താഗതി.അവർക്ക് തൊഴിൽ സുരക്ഷ ഒട്ടുമില്ല.

publive-image

പലവിധ അടിച്ചമർത്തലുകൾക്കും പലപ്പോഴും നിശബ്ദരായി അവർ വിധേയരാകുന്നുണ്ട്. ജോലി സ്ഥിരതയും അവകാശപ്പെട്ട മറ്റാനുകൂല്യങ്ങളും ഇവർക്കൊരു തൊഴിലുടമയും നൽകാറുമില്ല.

ഒരു വർഷം 240 ഹാജരുണ്ടെങ്കിൽ അവർക്ക് ഇ പി എഫ് ഇ എസ് ഐ മെഡിക്കൽ, 15 ദിവസത്തെ ക്യാഷ് ലീവ് മുതലായ ആനുകൂല്യങ്ങൾ നൽകണമെന്ന നിയമം പോലും ഇവിടെ പാലിക്കുന്നില്ല.

അവരുടെ ഹാജർ രജിസ്റ്റർ എത്ര തൊഴിൽ സ്ഥാപനങ്ങളിലുണ്ട് ? 8 മണിക്കൂർ ജോലി അതുകഴിഞ്ഞുള്ള മണിക്കൂറുകൾക്ക് ഇരട്ടി ഓവർടൈം. ഇതും പാലിക്കുന്നുണ്ടോ?

ആദ്യം അവരെ മനുഷ്യരായിക്കാണുക, അവർക്കുള്ള മനുഷ്യാവകാശങ്ങൾ അനുവദിച്ചുനൽകുക. അതിനുശേഷമാകട്ടെ ഈ ആതിഥ്യ മര്യാദ.

കന്യാകുമാരിക്കാരൻ ഒരു സ്നേഹിതൻ പറയുകയുണ്ടായി. ഞങ്ങളെയൊക്കെ ആളുകൾ അതിഥി എന്നതുപോയിട്ട് 'പാണ്ടി' എന്നാണ് വിളിക്കുന്നതെന്ന്.

അവർ ഇതരസംസ്ഥാനത്തൊഴിലാളികളാണ്. മുൻപ് മലയാളികൾ ഉത്തരേന്ത്യക്ക്‌ തുരുതുരാ പോയിരുന്നതുപോലെ ഇന്നവരും കുടുംബം പോറ്റാനാണ് ഇവിടേയ്ക്ക് വരുന്നത്.

publive-image

ആദ്യം നമ്മൾ അവരെ 'ബംഗാളി' എന്ന് വിളിക്കുന്നത് മാറ്റണം. അവരെല്ലാം ബംഗാളികളല്ല.ഒരു ചെറുശതമാനം മാത്രമാണ് ബംഗാളികൾ. യു പി, ബീഹാർ, ആസ്സാമി, ഒഡീഷ, രാജസ്ഥാൻ, ജാർഖണ്ഡ് സംസ്ഥാനക്കാരും ധാരാളമായുണ്ട്.

ലോകപരിജ്ഞാനമില്ലാത്ത പല ഉത്തരേന്ത്യക്കാരും ഇന്നും തെക്കേ ഇന്ത്യക്കാരെ മുഴുവൻ മദ്രാസീ എന്ന് വിളിക്കുംപോലെയാണ് നമ്മളും ചെയ്യുന്നത്.

ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് പുതിയ പുതിയ ഓമനപ്പേരുകൾ കണ്ടുപിടിക്കാതെ അവരുടെ പ്രശ്നങ്ങളും ജീവിത സാഹചര്യങ്ങളുമാണ് നാം മനസ്സിലാക്കാൻ ശ്രമിക്കേണ്ടതും പരിഹാരം കാണേണ്ടതും.

Advertisment