Advertisment

ഫ്‌ളക്‌സ് ബോർഡ് വീണ് ആരെങ്കിലും മരിച്ചാല്‍ കേസെടുക്കേണ്ടത് കാറ്റിനെതിരെയാണ് ! വിചിത്ര വാദങ്ങളുമായെത്തുന്ന നാടിനുപറ്റിയ നേതാക്കൾ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഫ്‌ളക്‌സ് ഹോൾഡിംഗ് വീണ് വനിതാ എഞ്ചിനീയർ മരിച്ചതിനു കാരണമായ കാറ്റിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് എ ഐ എ ഡി എം കെ നേതാവ് പൊന്നയ്യൻ.

Advertisment

ഇക്കഴിഞ്ഞ സെപറ്റംബർ 12 ന് വഴിയരുകയിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന എ ഐ എ ഡി എം കെ നേതാവ് ജയഗോപാലന്റെ മകളുടെ വിവാഹവിളംബര ഫ്‌ളക്‌സ് ബോർഡ് ഐ .ടി എഞ്ചിനീയർ ശുഭാശ്രീ രവിയുടെ (23) തലയിൽ വീഴുകയും നിലത്തുവീണ അവരുടെ മുകളിൽ പിന്നിൽനിന്നുവന്ന ടാങ്കർ ലോറി കയറിയിറങ്ങുകയും ചെയ്തതിനെത്തുടർന്ന് അവർ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു.

publive-image

പരസ്യഹോൾഡിംഗിൽ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെയും മുൻ മുഖ്യമന്ത്രി ജയാളിതയുടെയും ചിത്രങ്ങൾ പതിച്ചിരുന്നു.

ഈ വിഷയത്തിൽ തമിഴ്‌നാട് ഹൈക്കോടതിയുടെ പ്രതികരണം വളരെ രൂക്ഷമായിരുന്നു. " തമിഴ്‌നാട്ടിലെ റോഡുകൾക്ക് നിറം പകരാൻ ഇനിയെത്ര ശുഭാശ്രീമാരുടെ ചോര വേണമെന്നാണ്" സർക്കാരിനോട് ഹൈക്കോടതി ചോദിച്ചത്.

തുടർന്ന് വഴിയരുകിൽ അനധികൃതമായി ബോർഡ് സ്ഥാപിച്ച ജയഗോപാലനെതിരേ പോലീസ് കേസെടുക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിപ്പോൾ കോടതിയിലാണ്.

ഇന്നലെ തമിഴ് ന്യൂസ് ചാനൽ -7 നുമായി നടത്തിയ ഇന്റർവ്യൂവിൽ എഐഎഡിഎംകെ നേതാവ് സി.പൊന്നയ്യനാണ്‌ ഈ വിചിത്രവാദഗതി നിരത്തിയത്.

" ഫ്‌ളക്‌സ് ബോർഡുകൾ ജനങ്ങളുമായി സംവദിക്കാനുള്ള മാദ്ധ്യമമാണ്. എഞ്ചിനീയറെ കൊല്ലാൻവേണ്ടിയല്ല അവിടെ അദ്ദേഹം ബോർഡ് സ്ഥാപിച്ചത്. മകളുടെ വിവാഹം ആളുകളെ അറിയിക്കാനാണ്. ശുഭാശ്രീയുടെ മരണത്തിന് അദ്ദേഹമല്ല ഉത്തരവാദി. അതിനു കാരണം കാറ്റാണ്. കാറ്റിനെതിരെയാണ് കേസെടുക്കേണ്ടത്. ഈ വിഷയം സുപ്രീം കോടതിയിലെത്തുമ്പോൾ അവർ തീരുമാനിക്കട്ടെ ആരാണ് കുറ്റവാളിയെന്ന്.." ഇതായിരുന്നു പൊന്നയ്യൻ നേതാവിന്റെ തിരുമൊഴികൾ. അദ്ദേഹം ചാനലിലിരുന്നാക്രോശിച്ചു "Punish The Wind".

ജനങ്ങളോട് പ്രതിബദ്ധത പുലർത്തേണ്ട ഒരു ജനപ്രതിനിധിയുടെ ഇത്തരം ജൽപ്പനങ്ങൾ കേട്ട് ലജ്ജിക്കുകയല്ലാതെ എന്തുചെയ്യാൻ. നമ്മുടെ നാടിന്റെ ദയനീയ അവസ്ഥായാണിത് വരച്ചുകാട്ടുന്നത്.

ഇത്തരം അവതാരങ്ങൾക്ക് കേരളത്തിലും വലിയ ക്ഷാമമൊന്നുമില്ല...

Advertisment