Advertisment

ആമസോൺ കാടുകൾക്കു തീയിട്ടതാര് ? എന്തിന് ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

വിഷയത്തിൽ ലോകരാജ്യങ്ങളുടെ റഡാറിൽ ബ്രസീൽ പ്രസിഡണ്ട് ജെയർ ബോൾസനാരോ ( Jair Bolsonaro ) യാണ് മുഖ്യപ്രതി. സംശയമുന ഡൊണാൾഡ് ട്രമ്പിനുനേരെയും.

Advertisment

നമ്മുടെ മൂന്നാർ മേഖലയിൽ നടന്ന കയ്യേറ്റങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കുന്ന ഇപ്പോഴും ന്യായീകരിക്കുന്ന ഒരുകൂട്ടം രാഷ്ട്രീയനേതാക്കളുടെ അതേ നിലപാടുകളാണ് ആമസോൺ കാടുകളുടെ വിഷയത്തിൽ ബ്രസീൽ പ്രസിഡണ്ട് ജെയർ ബോൾസനാരോയും എടുത്തതെന്നത് അതിശയകരമായ വസ്തുതയാണ്.

publive-image

ആമസോൺ മഴക്കാടുകൾ നിന്നുകത്തുകയാണ് . സൈന്യം നടത്തുന്ന അഗ്നിശമനപ്രവർത്തനങ്ങൾ ഫലവത്താകാൻ ഇനിയും മൂന്നുമാസം അതായത് മഴക്കാലമെത്തണം. അപ്പോഴേക്കും ആയിരക്കണ ക്കിനേക്കർ വനഭൂമിയും ജീവജാലങ്ങളും കത്തിയമർന്നിട്ടുണ്ടാകും. ഒരു പക്ഷേ ലോകത്തിനു പ്രാണവായുനൽകുന്ന ഈ അമൂല്യവനം ഇല്ലാതാകണമെന്നാഗ്രഹിച്ചവരുടെ ലക്ഷ്യവും അതുതന്നെ യായിരിക്കണം...

അടുത്തിടെ മാദ്ധ്യമ -പരിസ്ഥിതിവാദികളുടെ ഒരു സംഘം ഹെലിക്കോപ്പ്റ്ററിലൂടെ ആമസോൺ വനമേഖലയിൽ നടത്തിയ പര്യടനത്തിലാണ് അവിടെ ആളിപ്പടരുന്ന അഗ്നിബാധയുടെ ഭീതിയുണർത്തുന്ന വിവരങ്ങൾ ലോകമറിയുന്നത്. ഓരോ മണിക്കൂറിലും ഏക്കർ കണക്കിന് വനമാണ് കത്തിയമർന്നുകൊ ണ്ടിരിക്കുന്നത്.

ആമസോൺ കാടുകളിൽ നിന്നുയരുന്ന പുകപടലം അവിടെനിന്നും 3000 കിലോമീറ്റർ ദൂരെയുള്ള വലിയ നഗരമായ 'സാവോ പവ്‌ലോ' യുടെ ആകാശത്തെ മേഘാവൃതമാക്കിയിരിക്കുന്നു. ആമസോണിൽനിന്നുയരുന്ന പുകപടലങ്ങൾമൂലം ബ്രസീലിലെ 'പോർത്ത് വേലെ' എയർ പോർട്ട് അടച്ചുപൂട്ടിയിരിക്കുകയാണ്.

ബ്രസീലിനുമുകളിൽ ഇടതടവില്ലാതെ ഉയരുന്ന കറുത്ത പുകപടലങ്ങൾ ദൃസ്യമാദ്ധ്യമങ്ങൾ വഴി കണ്ട യൂറോപ്യൻ ജനത കൂട്ടം കൂട്ടമായി തെരുവിലിറങ്ങി. ബ്രസീൽ പ്രസിഡന്റിനെതിരെ ലോകമെമ്പാടും ജനരോഷമിരമ്പി.ജി-7 രാജ്യ ങ്ങൾ തീകെടുത്താനായി ബ്രസീലിനു സാമ്പത്തികസഹായം വാഗ്ദാനം ചെയ്തു. ഫ്രാൻസ് ,ഫിൻലാൻഡ്, അയർലൻഡ് മുതലായ രാജ്യങ്ങൾ ബ്രസീലിനെ വിമർശിക്കാനും മടിച്ചില്ല.

ഫ്രാൻസ് പ്രസിഡന്റിന്റെ രൂക്ഷമായ വിമർശനങ്ങൾ ബ്രസീൽ പ്രസിഡണ്ട് ബോൾസനാരോക്ക് രസിച്ചില്ല. അതുകൊണ്ടുതന്നെ അദ്ദേഹം അവർ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം അപ്പാടെ നിരസിച്ചു.

നമ്മുടെ ഇന്ത്യയുടെ രണ്ടിരട്ടി വിസ്തീർണ്ണം വരുന്ന , ലോകത്താകെ വിസർജ്ജിക്കപ്പെടുന്ന കാർബൺ ഡൈ ഓക്‌സൈഡിൻറെ 20% വും ആഗീരണം ചെയ്യുന്ന ,നമുക്ക് ജീവവായു പ്രദാനം ചെയ്യുന്ന അതിവിശാലമായ ആമസോൺ കാടുകൾക്കു കണ്ണുവച്ചത് ആരൊക്കെയാണ് ? 30000 ത്തോളം വന്യമൃഗങ്ങളുടേയും അപൂർവ്വയിനം വൃക്ഷങ്ങളുടെയും സമ്മിശ്രകേന്ദ്രം കൂടിയാണിവിടം എന്നുമോർക്കണം.

publive-image

പെറു , കൊളംബിയ,ഇക്വേഡോർ,ബൊളീവിയ,ഗയാന എന്നീ രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന ആമ സോൺ കാടുകളുടെ 60% വും ബ്രസീലിലാണ് സ്ഥിതിചെയ്യുന്നത്. ഈ വനമേഖലയിൽ ഇരുമ്പ്, ചെമ്പ് , അലുമിനിയം , കൽക്കരിയുൾപ്പെടെ അതിവിശാലമായ പലവിധ ധാതുനിക്ഷേപങ്ങളുണ്ട്. വർഷാവർ ഷങ്ങളായി പല ഭരണകർത്താക്കളുടെയും കണ്ണ് ഈ ധാതു സമ്പത്തിലുണ്ടായിരുന്നു...

ഇന്നും ആധുനികലോകവുമായി അത്ര പരിചിതരല്ലാത്ത 113 ൽപ്പരം ഗോത്രവർഗ്ഗങ്ങളുടെ വാസസ്ഥലം കൂടിയാണ് ഈ കാടുകൾ. കാട്ടുതീയണക്കാനും വനസമ്പത്തു കൊള്ളയടിക്കുന്നത് തടയുന്നതിനും ഇവർ എന്നും മുൻപന്തിയിലാണ്. അതുകൊണ്ടുതന്നെ ശത്രുക്കളുടെ തോക്കിൻമുനയിൽ ജീവൻ വെടിഞ്ഞവരും ഇവരിൽ അനേകരുണ്ട്.

1960 മുതൽ 1990 വരെ വ്യാപകമായ വനംകൊള്ളയാണ് ഈ മേഖലയിൽ നടന്നിരുന്നത്. ഇതേത്തുടർന്ന് 1992 ൽ റിയോ യിൽനടന്ന Earth Summit ൽ കൈക്കൊണ്ട നടപടികൾമൂലമാണ് അതിനു ശാശ്വതമായ ശമാനമുണ്ടായത്,..

എന്നാൽ ഇപ്പോഴത്തെ ഈ വൻ അഗ്നിബാധയ്ക്കു പിന്നിൽ ആരെന്ന ചോദ്യശരങ്ങളുടെ ലക്ഷ്യസ്ഥാനത്ത് ഇപ്പോഴത്തെ ബ്രസീൽ പ്രസിഡണ്ട് ജെയർ ബോൾസനാരോ തന്നെയാണ്. അദ്ദേഹത്തോടൊപ്പം അമേരിക്കൻ പ്രസിഡന്റും ഈ വിഷയത്തിൽ പ്രതിക്കൂട്ടിലാണ്..

ഈ വർഷം ജനുവരിയിലാണ് പ്രസിഡണ്ട് ജെയർ ബോൾസനാരോ അധികാരമേറ്റത്. അതിനുമുൻപ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽത്തന്നെ അദ്ദേഹം ആമസോൺ കാടുകൾ വെളുപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അവിടെ കൃഷിചെയ്യുകയും ഖനനം നടത്തുകയും അതുവഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കരുത്തുറ്റതാക്കുകയും ചെയ്യുന്നതുകൂടാതെ വനത്തിൽ കഴിയുന്ന ആദിവാസി സമൂഹത്തെ മുഴുവൻ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

പ്രസിഡണ്ട് പദമേറ്റശേഷം ജെയർ ബോൾസനാരോ , ആമസോൺ കാടുകളിൽ കൃഷിചെയ്യാൻ ജനങ്ങളോട് ചെയ്ത ആഹ്വാനമാണ് ഇപ്പോഴത്തെ അഗ്നിബാധയ്ക്കുള്ള മുഖ്യകാരണം. ഈ ആഹ്വാനം ആമസോൺ കാടുകൾ കൊള്ളയടിക്കാൻ തക്കം പാർത്തിരുന്ന വനം മാഫിയകൾക്കും പ്രചോദനമായി. ഏതാണ്ട് 75 ൽപ്പരം സ്ഥലങ്ങളിലാണ് ആളുകൾ വനത്തിനു കൂട്ടമായി തീയിട്ടത്.

publive-image

ആമസോൺ കാടുകളിലെ ധാതുഖനനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പും ബ്രസീൽ പ്രസിഡണ്ട് ജെയർ ബോൾസനാരോയും രഹസ്യധാരണയുണ്ടാക്കിയിരുന്നതായി നിരവധി NGO കളും ആമസോൺ ഗോത്രവിഭാഗങ്ങളും പരസ്യമായി ആരോപണം ഉന്നയിച്ചിരിക്കുകയാണ്.ഇതിനായി അദ്ദേഹം സ്വന്തം മകൻ എഡ്വാർഡോ ബോൾസനാരോ യെ അമേരിക്കൻ സ്ഥാനപതിയായി നിയമിക്കാനും അതുവഴി അമേരിക്കൻ - ക്യാനഡ കമ്പനികളുമായി ഖനനഉടമ്പടി ഉണ്ടാക്കാനും ലക്ഷ്യമിട്ടിരുന്നതായാലും പറയപ്പെടുന്നു.

എന്തായാലും പ്രസിഡണ്ട് ജെയർ ബോൾസനാരോ യുടെയും അമേരിക്കൻ പ്രസിഡണ്ട് ട്രമ്പിന്റെയും സ്വപ്നങ്ങൾക്ക് ലോകമെമ്പാടുനിന്നും ഉയർന്ന പ്രതിഷേധങ്ങളെത്തുടർന്ന് വൻ തിരിച്ചടി നേരിടുകയും തീയണയ്ക്കാൻ സൈന്യത്തെയും വിമാനങ്ങളെയും അയക്കാനും അഗ്നിബാധയെപ്പറ്റി അന്വേഷണം നടത്താനും പ്രസിഡണ്ട് ബോൾസനാരോ നിർബന്ധിതനാകുകയായിരുന്നു. ലോകത്തിന്റെ നിരീക്ഷണം ഇപ്പോൾ സജീവമായി ഈ വിഷയത്തിലുണ്ടായതും ഇരു പ്രസിഡന്റുമാർക്കും തിരിച്ചടിയായി.

ബ്രസീലിയൻ ജനതയും ഈ വിഷയത്തിൽ എതിരായതോടുകൂടി സ്വന്തം മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായി പ്രസിഡണ്ട് ജെയർ ബോൾസനാരോ ഇപ്പോൾ NGO കൾക്കും ഗോത്രവർഗ്ഗങ്ങൾക്കുമെതിരെ തിരിയുകയും അവരാണ് ഈ അഗ്നിബാധയ്ക്കു പിന്നിലെന്ന ആരോപണമുന്നയിച്ചിരിക്കുകയുമാണ്,

ഇത് സൈന്യവും മറ്റു സ്വന്തന്ത്ര ഏജൻസികളും നടത്തുന്ന അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള പ്രസിഡന്റിന്റെ തന്ത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

നമ്മുടെ മൂന്നാർ മേഖലയിൽ നടന്ന കയ്യേറ്റങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കുന്ന ഇപ്പോഴും ന്യായീകരിക്കുന്ന ഒരുകൂട്ടം രാഷ്ട്രീയനേതാക്കളുടെ അതേ നിലപാടുകളാണ് ആമസോൺ കാടുകളുടെ വിഷയത്തിൽ ബ്രസീൽ പ്രസിഡണ്ട് ജെയർ ബോൾസനാരോയും എടുത്തതെന്നത് അതിശയകരമായ വസ്തുതയാണ്. ലോകത്തിന്റെ നിലനില്പിനുതന്നെ രാഷ്ട്രീയനേതാക്കൾ പാരയാകുകയാണോ എന്ന് തോന്നിപ്പോകുന്നു.

Advertisment