ബാങ്കുകളുടെ ഇരട്ടത്താപ്പ് നയം

പ്രകാശ് നായര്‍ മേലില
Wednesday, May 15, 2019

ബാങ്കുകളിൽ നാം സ്ഥിരം കണ്ടുവന്നൊരു കാഴ്ചയായിരുന്നു, കസ്റ്റമേഴ്സിന് എഴുതാനായി അവർ നൽകുന്ന രണ്ടു രൂപ വിലയുള്ള പേന നൂലിൽ കെട്ടിയിട്ടിരിക്കുന്നത്. അത്രയ്ക്ക് വിശ്വാസമാണ് അവർക്ക് അവരുടെ കസ്‌റ്റമേഴ്സിനെ.

എന്നാൽ വിജയ് മാല്യ,നീരാവ് മോഡി ഉൾപ്പെടെയുള്ള 50 ൽപ്പരം വമ്പന്മാർ പച്ചപ്പരവതാനിയിലൂടെ വന്ന് വിവിധ ദേശസാൽകൃത ബാങ്കുകളിൽ നിന്നായി 40,528 കോടി രൂപ ( AIBEA – ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയൻ പുറത്തുവിട്ട കണക്കാണ്) ലോണെടുത്ത് മുങ്ങിയതിനെത്തുടർന്നുണ്ടായ ജനരോഷത്താൽ ഇപ്പോൾ പല ബാങ്കുകളും പേന നൂലിൽക്കെട്ടിയിടുന്ന ഏർപ്പാട് അവസാനിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ NDA സർക്കാർ വൻകിട വ്യവസായികളുടെ 3.5 കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത് ( രാഹുൽ ഗാന്ധിയുടെ ഈ ആരോപണം ആരും നിഷേധിച്ചിട്ടില്ല).

ഒരു ബാങ്കും ഒരു രൂപയുടെ വിട്ടുവീഴ്ചയും അവരുടെ സാധാരണക്കാരായ കസ്റ്റമേഴ്സിനു നൽകാറില്ല. മറിച്ചു സമ്പന്നരോടുള്ള അവരുടെ സമീപനവും ഇടപെടലും വളരെ ഉദാരമാണ്‌താനും.

ഭാവനവായ്പ്പയെടുക്കുന്ന ഒരു വ്യക്തിക്ക് തിരിച്ചടവിനു നൽകുന്ന കാലയളവ് 15 വർഷമാണ്. ഇതിൽ 7 വർഷക്കാലം നാമടയ്ക്കുന്ന EMI പലിശയായാണ് കണക്കാക്കുക. 7 വർഷത്തിനുശേഷമേ ലോൺ തുകയിൽനിന്നുപിന്നീടടയ്ക്കുന്ന EMI കുറയുകയുള്ളു.

4% പലിശയ്ക്ക് കാർഷിക ലോണെടുക്കുന്ന ഒരു വ്യക്തി ഒറ്റ ദിവസം താമസിച്ചാൽ മതി പലിശ 12% മാകും.ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

വിദ്യാഭ്യാസ വായ്‌പ ലഭിക്കണമെങ്കിൽ ഏക്കർകണക്കിന് വസ്തു നൽകിയാലും നടക്കില്ല. താമസിക്കുന്ന വീടുൾപ്പെടെയുള്ള വസ്തുവാണ് ബാങ്കുകാർക്ക് വേണ്ടത്.അത് നൽകിയാലേ ലോൺ ലഭിക്കുകയുള്ളു. വീട് ഈടായി വാങ്ങുന്നതിന്റെ ലോജിക്ക് ഊഹിക്കാവുന്നതാണ്.

കസ്റ്റമേഴ്സിന് ബാങ്കിൽ ലഭിച്ചിരുന്ന ഫ്രീ സർവീസുകൾ പലതും അവർ നിർത്തലാക്കിയിരിക്കുന്നു.ഉദാഹരണം ക്യാഷ് പിൻവലിക്കൽ, സേവിങ്‌സ് അക്കൗണ്ടിൽ മാസം മൂന്നുതവണയിൽക്കൂടുതൽ നിക്ഷേപിച്ചാൽ ഓരോ നിക്ഷേപത്തിനും 50 രൂപ ചാർജ്, നമുക്കയക്കുന്ന SMS നും ചാർജ്, ATM വഴിയുള്ള മൂന്നിലധികം പിൻവലിക്ക ലിന് ചാർജ്, മിനിമം ബാലൻസില്ലെങ്കിൽ ചാർജ്… etc..etc

ആരെന്തൊക്കെ ബഹളമുണ്ടാക്കിയാലും പ്രതിഷേധിച്ചാലും ബാങ്കുകൾ ഈ നയമൊന്നും മാറ്റുമെന്നു കരുതുന്നില്ല.

ലോൺ തുകയുടെ ഇരട്ടിയിലധികം പലിശ പാടില്ലെന്ന നിലപാട് കേരളസർക്കാർ കൈക്കൊണ്ടിരുന്നെങ്കിലും ഇവിടുത്തെ സഹകരണസ്ഥാപനങ്ങൾ പോലും അതനുസരിക്കുന്നില്ല എന്നതാണ് വാസ്തവം.

×