Advertisment

മനുഷ്യനെ വിട്ടകലുന്ന ആ സ്നേഹ സ്പർശം ..! പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിൽ നമുക്ക് നമ്മുടെ ചുറ്റുപാടിൽ ഒരു പുതിയ ലോകം കെട്ടിപ്പടുക്കാം ..

New Update

ഭൂമിയിൽ മനുഷ്യൻ ഒറ്റപ്പെടുകയാണോ ? കൊറോണ വൈറസ് മൂലം ഏകാന്തതയിലേക്ക് ഉൾവലിഞ്ഞ മനുഷ്യർക്ക് പരസ്പ്പര അകലം (Social Distancing), ഏകാന്തവാസം (Quarantine), ഒറ്റപ്പെടൽ (Isolation) ഇതൊക്കെ ഇനി പരിചിതമാകുകയാണ്.

Advertisment

സ്പർശനം എന്നത് നമ്മുടെ ജീവന്റെ ആദ്യപരിചയമാണ്. ജനിക്കുന്ന കുഞ്ഞ് അമ്മയുടെ ആദ്യസ്പര്ശനത്തിനാലാണ് നിശബ്ദമാകുന്നത്. അമ്മയുടെ സാമീപ്യം, തലോടൽ ഇവ കുഞ്ഞിന് സുരക്ഷയേകുന്ന ഉൾക്കാഴ്ച നൽകുന്നു.

publive-image

പിന്നീടാണ് കുഞ്ഞുങ്ങൾ കേൾക്കാനും രുചിക്കാനും മണക്കാനുമൊക്കെയുള്ള തിരിച്ചറിവ് നേടുന്നത്. അമ്മയുടെ, അച്ഛന്റെ സ്നേഹ സ്പർശം മനസ്സിന് ശാന്തിയും ഊർജ്ജവും നൽകുന്നതോടൊപ്പം ആ ഒരു തോന്നൽ നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതുമാണ്.

ഒരു തലോടൽ, ആലിംഗനം, ചുംബനം ഇവ നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ അവർണ്ണനീയമാണ്. മനസ്സിന് പുത്തനുണർവും ഊർജ്ജവും അവ സമ്മാനിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങളിൽ കണ്ണ്, നാക്ക്, ചെവി ഇവയെക്കാളൊക്കെ മഹത്തരമാണ് നമ്മുടെ ചർമ്മം.

എന്തും സ്പർശനത്തിലൂടെ നാം മനസ്സിലാക്കുന്നു. തുണി, പച്ചക്കറി, പഴം, താപം, തണുപ്പ് ഒക്കെ നമ്മുടെ ചർമ്മം വഴിയാണ് നാം വിലയിരുത്തുന്നത്. മറ്റൊരു വ്യക്തിയുടെ മാനസികാവസ്ഥയും അയാളുടെ വൈഷമ്യതയും ഒക്കെ നമ്മുടെ ഒരു സ്പർശനത്തിലൂടെ നമുക്കും ഗ്രഹിക്കാനാകും.

publive-image

നമ്മുടെ വളർത്തുമൃഗങ്ങൾവരെ മനുഷ്യസ്പർശം കാംക്ഷിക്കുന്നവയാണ്. സ്പർശനത്തിലൂടെ ശരീരത്ത് പോസിറ്റിവ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുകയും അതുവഴി മാനസിക രോഗാവസ്ഥ വരെ ഇല്ലാതാകുകയും ചെയ്യപ്പെടുന്നു എന്നതും ശാസ്ത്ര സത്യം.

സ്നേഹവും തലോടലും മനുഷ്യന് സുരക്ഷയും ആശ്വാസവും പകരുന്നതോടൊപ്പം മാനസിക സംഘർഷം ഒഴിവാക്കാനും ഉപകരിക്കുന്നവയാണ്.

ഇന്ന് കൊറോണയെന്ന രാക്ഷസീയ വൈറസ് സ്വന്തവും ബന്ധവും സൗഹൃദവുമെല്ലാം തകർത്തെറിഞ്ഞ് മനുഷ്യരെ പരസ്പ്പരം അകലം പാലിക്കാൻ നിർബന്ധിതരാക്കിക്കഴിഞ്ഞു. മനുഷ്യൻ ഇത്രയും നിസ്സഹായനായ ഒരവസ്ഥ ചരിത്രരേഖകളിൽപ്പോലുമുണ്ടായിട്ടില്ല.

ഈ ഒറ്റപ്പെടൽ മരണത്തോടുകൂടിയും അവസാനിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അമ്മയ്ക്ക് മക്കളെ സ്പർശിക്കാനാകുന്നില്ല, മക്കൾക്ക് മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകുന്നില്ല. ഭർത്താവിന് ഭാര്യക്ക് സാന്ത്വനമേകാൻ കഴിയാത്ത അവസ്ഥ.

publive-image

ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിൽ വേണ്ടപ്പെട്ടവരുടെ സാമീപ്യവും സ്നേഹത്തലോടലും കൊതിക്കാത്ത ആരെങ്കിലുമുണ്ടാകുമോ? കൊറോണയെന്ന രാക്ഷ സീയത അതിനും ഭൂമിയിൽ വിലക്കുകൽപ്പിച്ചു.

നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതം കാംക്ഷിക്കുന്നുവെങ്കിൽ നാം അവരിൽനിന്നകലേണ്ട അവസ്ഥയാണിന്ന്. കൊറോണ ബാധിച്ചു മരണപ്പെട്ട ആയിരങ്ങളുടെ കുടുംബാംഗങ്ങൾക്ക് അവരെ അവസാനമായി ഒരു നോക്കു കാണാനോ, അവരുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനോപോലും കഴിഞ്ഞിട്ടില്ല. എത്ര ഹൃദയഭേദകമാണ് ആ നിമിഷങ്ങൾ.

സ്വയം രക്ഷിക്കണമെങ്കിലും മനുഷ്യൻ മറ്റുള്ളവരിൽനിന്നകലം പാലിച്ചേ മതിയാകൂ. യാത്രകളിൽ, കൂടിച്ചേരലുകളിൽ, സംവാദങ്ങളിലൊക്കെ ഇത് തുടരേണ്ടതുണ്ട്.

പുറത്തുപോയിവന്നാൽ , ആളുകളെ സ്പർശിച്ചാൽ ഒക്കെ കൈകഴുകണം. സാനിറ്റയ്‌സർ ഉപയോഗിക്കണം. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ സംശയത്തോടെ വീക്ഷിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

publive-image

കൊറോണാ വൈറസ് മൂലം നികത്തപ്പെടാനാകാത്ത നഷ്ടങ്ങളും ദുഖങ്ങളും അതിലുപരി മുറിവുകളും ഏറ്റുവാങ്ങിയാണ് ഇന്ന് ലോകം ഓരോ ദിനവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

നാം നാലുചുവരുകൾക്കുള്ളിൽ അടച്ചിടപ്പെട്ടെങ്കിലും മറ്റൊരു പുതിയ ലോകമാണ് നമുക്കായി തുറക്കപ്പെട്ടിരിക്കുന്നത് എന്ന് തിരിച്ചറിയണം. അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞാൽ നാം വിജയിച്ചു എന്ന് കരുതാം.

പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിൽ നമ്മൾ നമ്മുടെ ചുറ്റുപാടിൽ ഒരു പുതിയ ലോകം കെട്ടിപ്പടുക്കുക. അതുമായി താദാമ്യം പ്രാപിക്കുക, അതുവഴി മനസ്സിനും ശരീരത്തിനും പുതിയ ഊർജ്ജവും ഓജസ്സും സംജാതമാകട്ടെ.

Advertisment