Advertisment

ചുണ്ടിനും കപ്പിനുമിടയിൽ സംഭവിച്ചത് ? യഥാർത്ഥത്തിൽ വിജയിച്ചത് ആരാണ് ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ലോകകപ്പിൽ മികച്ചപ്രകടനവും സൗമ്യമായ പെരുമാറ്റവും കൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കിയ ന്യുസിലാൻഡ് ടീം വിജയകിരീടം അണിഞ്ഞില്ലെങ്കിലും അമ്പയർമാരുടെ പിഴവുമൂലമാണ് അവർക്കു കപ്പു നഷ്ടപ്പെട്ടതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

Advertisment

മാച്ചും സൂപ്പർ ഓവറും ടൈ ആകുന്നത് ഇതാദ്യമായാണ്. ഒടുവിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീം എന്ന നിലയിൽ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ വിജയിച്ചത് ന്യുസിലാൻഡ് തന്നെയാണ്.

publive-image

ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലെ അവസാനത്തെ ഓവറാണ് വിവാദമായിരിക്കുന്നത്. ഈ 50 മത്തെ ഓവറിലെ 4 -മത്തെ ബോളാണ് കേന്ദ്രബിന്ദു. ഇംഗ്ലണ്ടിനു ജയിക്കാൻ 15 റൺസ് വേണമായിരുന്നു. 4 മത്തെ ബോൾ എറിഞ്ഞത് ന്യു സിലാൻഡിന്റെ Trent Boult. ബെൻ സ്‌ട്രോക്സ് ആയിരുന്നു ബാറ്റ്സ്മാൻ. ഓവറിലെ ആദ്യ രണ്ടു ബോളുകളിലും റണ്ണൊന്നും കിട്ടിയില്ല.മൂന്നാമത്തെ ബോളിൽ സിക്സർ പറത്തിയ സ്‌ട്രോക്സ് ഇപ്പോൾ വിവാദമായിരിക്കുന്ന 4 - മത്തെ ഫുൾറ്റോസ് ബാൾ ഡീപ് മിഡ്‌വിക്കറ്റിലേക്കു പായിച്ചു.

ന്യുസിലാൻഡ് ഫീൽഡർ മാർട്ടിൻ ഗുപ്തിൽ ബോൾ ഫീൽഡ് ചെയ്തു ത്രോ ചെയ്തു. അപ്പോൾ സ്‌ട്രോക്സ് രണ്ടാമത്തെ റണ്ണിനുവേണ്ടി ഓടുകയായിരുന്നു. ഗുപ്തിൽ ത്രോ ചെയ്ത ബോൾ സ്ട്രോക്‌സിന്റെ ബാറ്റിൽകൊണ്ട് മറുഭാഗം ബൗണ്ടറി കടന്നുപാഞ്ഞുപോയി.

ഇവിടെയാണ് അമ്പയർമാർക്കു വലിയ പിഴവുപറ്റിയത്. അമ്പയർമാർ ഇരുവരും കൂടിയാലോചിച്ചശേഷം ഇംഗ്ലണ്ടിന് 6 റൺസ് അനുവദിക്കുകയായിരുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ 5 റൺസായിരുന്നു എന്നതാണ് വാസ്തവം.

publive-image

ഈ വിഷയത്തിൽ ICC നിയമാവലിയിൽ എന്താണ് പറയുന്നതെന്ന് നോക്കാം.

ICC Rules 19.8 പ്രകാരം :- ഓവർത്രോ അല്ലെങ്കിൽ ഏതെങ്കിലും ഫീൽഡറുടെ പിഴവുമൂലം ബോൾ ബൗണ്ടറി കടന്നാൽ അപ്പോൾ ബാറ്റ്‌സ്മാൻമാർ ഓടി പൂർത്തിയാക്കിയ റൺസും ആ നാലു റൺസിനൊപ്പം കൂട്ടുകയാണ് വേണ്ടത്. ത്രോ ചെയ്ത സമയത്ത് അല്ലെങ്കിൽ ആക്ഷൻ സമയത്ത് ഒരു റൺ എടുത്തശേഷം അടുത്ത റണ്ണിനായി അവർ ഓടി ക്രീസിൽ പരസ്പ്പരം ക്രോസ് ചെയ്തുവെങ്കിലും അതും റണ്ണായി കണക്കുകൂട്ടാം എന്ന് നിയമം അനുശാസിക്കുന്നു.ത്രോ കഴിഞ്ഞശേഷം ഓടുന്നത് ബോൾ ബൗണ്ടറി കടക്കുന്നുവെങ്കിൽ അനുവദനീയമല്ല.

എന്നാൽ മാച്ചിന്റെ വീഡിയോ ഫൂട്ടേജിൽ ഗുപ്റ്റിൽ ബാൾ നേരിട്ടു ത്രോ ചെയ്യുന്ന സമയത്ത് ഇംഗ്ളണ്ട് ബാറ്റ്‌സ്മാന്മാരായ ബെൻ സ്ട്രോക്‌സും ആദിൽ റഷീദും രണ്ടാമത്തെ റണ്ണിനുവേണ്ടി പരസ്പ്പരം ക്രീസിൽ ക്രോസ്സ് ചെയ്തരുന്നില്ല എന്ന് വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.അതുകൊണ്ടുതന്നെ അവർ ഓടിയെടുത്ത ഒരു റണ്ണും ബൗണ്ടറിയും ചേർത്ത് 5 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത്.

publive-image

അമ്പയർമാർ തെറ്റായി വിധിയെഴുതിയ ആ ഒരു റണ്ണാണ് ന്യുസിലാൻഡിന്റെ തലവര മാറ്റിയെഴുതിയതും ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചതും.

എന്നാൽ അമ്പയർമാരുടെ ഈ ഗുരുതരപിഴവിനെപ്പറ്റിയുള്ള ICC യുടെ പ്രതികരണം ഇതുവരെ അറിവായിട്ടില്ല.

എന്തായാലും ഒരുകാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല , അതായത് ആ ഓവർ ത്രോ യാണ് മാച്ചിന്റെ ഗതിമാറ്റിയതും ന്യുസിലാൻഡ് ജയിക്കേണ്ട മാച് കൈവിട്ടുകളഞ്ഞതും എന്നതിൽ.

Advertisment