തഹസീൽദാർക്ക് പണികൊടുത്ത കർഷകൻ. പണം ചോദിച്ച് വലച്ച തഹസില്‍ദാര്‍ക്ക് കൈക്കൂലിയായി എരുമ !

പ്രകാശ് നായര്‍ മേലില
Wednesday, March 13, 2019

ഭൂമി വാങ്ങിയത് പോക്കുവരവ് ചെയ്യുന്നതിനും ,ഭൂമി ഭാഗം വച്ചതിനുള്ള പ്രമാണത്തിനുമായി ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ച തഹസീൽദാർക്ക് അമ്പതിനായിരം രൂപ നൽകിയശേഷം ബാക്കിത്തുക മാപ്പാക്കണമെന്നും പ്രമാണങ്ങൾ തീർപ്പാക്കിത്തരണമെന്നും കർഷകൻ താണുവീണുപറഞ്ഞിട്ടും അദ്ദേഹം കേട്ടില്ല. 6 മാസം ഈ ആവശ്യവുമായി അയാൾ തഹസീൽദാറുടെ ഓഫീസ് കയറിയിറങ്ങി. ഒരു രക്ഷയുമുണ്ടായില്ല.

ബാക്കി അൻപതിനായിരം കൂടി കിട്ടാതെ പ്രമാണങ്ങൾ നൽകില്ലെന്ന് കട്ടായം പിടിച്ച തഹസീൽദാർക്ക് തുടർന്ന് ഉഗ്രനൊരു പണിയാണ് കർഷകൻ നൽകിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തന്റെ വീട്ടിലെ വീട്ടിലെ പാൽക്കറവയുള്ള എരുമയുമായി കർഷകൻ നേരെ തഹസീൽദാർ ഓഫിസിലെത്തി അദ്ദേഹത്തിന്റെ ഔദ്യോഗികവാഹനത്തിൽ എരുമയെ കെട്ടിയിട്ടു. ഈ ദൃശ്യം കണ്ട അഭിഭാഷകരും, ഉദ്യോഗസ്ഥരും നാട്ടുകാരും അവിടെ തടിച്ചുകൂടി.

അവരോട് പ്രമാണത്തിന്റെ പകപ്പുയർത്തിക്കാട്ടി അയാൾ വിളിച്ചുപറഞ്ഞു. ” എന്നോട് തഹസീൽദാർ ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചതിൽ പകുതി ഞാൻ കൊടുത്തു. ബാക്കിനൽകാൻ പണമില്ലാത്തതിനാൽ എന്റെ എരുമയെ ഞാൻ അദ്ദേഹത്തിന് ബാക്കിതുകയ്ക്കുള്ള കൈക്കൂലിയായി നൽകുകയാണ്.”

വിവരം കാട്ടുതീ പോലെ പടർന്നു. തഹസീൽദാർ ഓഫീസിനുചുറ്റും നാട്ടുകാർ തടിച്ചുകൂടി. സബ് കളക്ടറും എസ്‌.പി യും പോലീസുമെത്തി. കർഷകന്റെ മൊഴി അവർ രേഖപ്പെടുത്തുകയും വിശദമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും ഉറപ്പുനൽകി. തഹസീൽദാർ ഇപ്പോൾ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

മദ്ധ്യപ്രദേശിലെ ടിക്കാംഗഡ്‌ ജില്ലയിലുള്ള ഖരഗ്പ്പൂർ തഹസീൽദാർ ഓഫിസിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഈ സംഭവങ്ങൾ അരങ്ങേറിയത്. തൊട്ടടുത്ത ദേവപ്പൂർ നിവാസിയായ ലക്ഷ്മി യാദവിനോടാണ് തഹസീൽദാർ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്‌.

ലക്ഷ്മി യാദവ് തന്റെ എരുമയെ തഹസീൽദാറുടെ ജീപ്പിനുമുന്നിൽ കെട്ടിയശേഷം തഹസീൽദാർ 6 മാസമായി തടഞ്ഞുവച്ചിരിക്കുന്ന പ്രമാണത്തിന്റെ പകർപ്പ് മാദ്ധ്യമങ്ങളെ കാണിക്കുന്നു.

×