Advertisment

ഇന്ത്യയിലെ ഏറ്റവും വലിയ എഫ് ഐ ആര്‍ എഴുതിക്കൊണ്ടിരിക്കുന്നു. ഇനിയും എഴുതിത്തീരാൻ രണ്ടുദിവസം കൂടിയെടുക്കും

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

4 പോലീസ് റൈറ്റർമാർ കഴിഞ്ഞ 5 ദിവസമായി ഒരു എഫ് ഐ ആര്‍ എഴുതുകയാണ്. അത് പൂർത്തിയാകാൻ ഇനിയും രണ്ടു ദിവസം കൂടി വേണം..

Advertisment

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ കാശിപ്പൂർ പോലീസ് സ്റ്റേഷനിലാണ് രാജ്യത്തെ ഏറ്റവും വലിയ എഫ് ഐ ആര്‍ എഴുതിക്കൊണ്ടിരുന്നത്. സംസ്ഥാനത്തെ രണ്ടു വലിയ ആശുപത്രികളിൽ നടന്ന അടൽ ആയുഷ്‌മാൻ ചികിത്സാ അഴിമതിയാണ് ഈ എഫ് ഐ ആറിനു കാരണം.

publive-image

സംസ്ഥാനത്തെ എം.പി ആശുപത്രിയിലും ദേവകി നന്ദൻ ആശുപത്രിയിലും നടന്ന അഴിമതികൾ ആരെയും ഞെട്ടിക്കുന്നതാണ്. നിർധനരായ രോഗികളെ ചികില്സിച്ചുവെന്ന വ്യാജരേഖകൾ ചമച്ചു ഖജനാവിലെ പണം തട്ടിയെടുത്ത പകൽക്കൊള്ള.

രോഗികളുടെ വ്യാജ മെഡിക്കൽ ബില്ലുകൾ ഉണ്ടാക്കി ക്ലെയിം തട്ടിയെടുക്കുകയും, ആശുപത്രിയുടെ കപ്പാസിറ്റിക്കും രണ്ടിരട്ടി മൂന്നിരട്ടി രോഗികൾ അഡ്മിറ്റായ വ്യാജ റിക്കാർഡുണ്ടാക്കി ചികിത്സ നടത്താതെ പണം ക്ലെയിം ചെയ്തു ഈടാക്കുകയും ചെയ്തു.

ഡിസ്ചാർജ് ആയശേഷവും രോഗികൾ ദിവസങ്ങളോളം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നെന്നും അവരെ ചികിൽസിച്ചതായും രേഖകൾ ഉണ്ടാക്കി. ഡയാലിസിസ് നടത്തപ്പെട്ടതും വ്യാജമാണെന്ന് കണ്ടെത്തുകയുണ്ടായി. കപ്പാസിറ്റിയുടെ പലയിരട്ടിയാണ് അവിടെ ഡയാലിസിസ് നടന്നിരിക്കുന്നത്.

ഐ സി യുവിലാണ് ഏറ്റവും വലിയ അഴിമതി നടന്നിരിക്കുന്നത്. കപ്പാസിറ്റിയുടെ നാലിരട്ടി രോഗികൾ അവിടെ അഡ്മിറ്റ് ആയിരുന്നുവെന്ന റിക്കാർഡ് ഒപ്പിച്ചുകൊണ്ടാണ് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയിരിക്കുന്നത്.

സാധുക്കളായ രോഗികൾക്കായി സർക്കാർ നടപ്പാക്കിയ ഒരു ഉപകാരപ്രദമായ ചികിത്സാപദ്ധതി ധനസമ്പാദനത്തിനുള്ള ഉത്തമ മാർഗ്ഗമാക്കി മാറ്റിയിരിക്കുകയായിരുന്നു കഴുകൻ മനസ്സുകളുള്ള ഈ ആതുരാലങ്ങളുടെ അമരക്കാർ.

ഉത്തരാഖണ്ഡ് ആയുഷ്മാൻ പദ്ധതിയുടെ ഡയറക്ടർ ധനേഷ് ചന്ദ്ര ഈ ആശുപത്രികൾക്കെതിരേ സമർപ്പിച്ച 88 പേജുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ് ഐ ആര്‍ തയ്യറാക്കുന്നത്. വിശദമായ എല്ലാ വിവരങ്ങളു മടങ്ങിയ ഈ പരാതിയിൽ ഒരു മാറ്റവും വരുത്താതെ അതേപടി അവ എഫ് ഐ ആറില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പകർത്തുകയാണ് പോലീസ്.

പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറിൽ 10000 വാക്കുകൾ ടൈപ്പ് ചെയ്യാൻ മാത്രമേ കഴിയുകയുള്ളു. അതുകൊണ്ടാണ് ഈ അതിവിശാലമായ എഫ് ഐ ആര്‍ കൈകൾകൊണ്ട് എഴുതി തയ്യാറാക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും വെവ്വേറെയാണ് എഴുതുന്നത്. ഇനി രണ്ടുദിവസം കൂടി എഴുതിയാൽ മാത്രമേ എഫ് ഐ ആര്‍ പൂര്ണമാകുകയുള്ളു.

മൂന്നു മാസത്തിനകം ഈ അഴിമതിയുടെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

Advertisment