Advertisment

ആരാണ് ഫാ. ഫ്രാൻസിസ് ജോസഫ് ? എന്താണ് അദ്ദേഹത്തിന് സംഭവിച്ചത് ? 11 വർഷങ്ങളായി ഫാ. ഫ്രാൻസിസ് ജോസഫിനെക്കാത്ത് ഒരു ജനത ! 

New Update

ഫാദർ ഫ്രാൻസിസ് ജോസഫ്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ പ്രതീക്ഷയായിരുന്നു. കഴിഞ്ഞ 11 വർഷമായി അവർ അദ്ദേഹത്തിനായി ആ കാത്തിരിപ്പു തുടങ്ങിയിട്ട്.

Advertisment

" ഫാദറിന്റെ നേതൃത്വത്തിലുള്ള 360 പേരടങ്ങിയ സംഘം 'വട്ടുവകൾ' പാലം കടന്ന് പട്ടാള അധീനതയിലുള്ള പ്രദേശത്തെത്തി പട്ടാളത്തിനുമുന്നിൽ കീഴടങ്ങിയ ഇവരെയെല്ലാം അവിടെനിന്നും സൈന്യത്തിന്റെ ബസ്സുകളിൽ കയറ്റി ഏതോ അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

publive-image

പിന്നീട് ഫാദറുൾപ്പെടെ ഈ 360 പേർക്കും എന്തുസംഭവിച്ചു എന്നതിനെപ്പറ്റി ആർക്കും ഇന്നുവരെ ഒരു വിവരവുമില്ല."

എന്താണ് ഫാദർ ഫ്രാൻസിസ് ജോസഫിന് സംഭവിച്ചത് ? ആരായിരുന്നു അദ്ദേഹം ?

ശ്രീലങ്കയുടെ ജാഫ്‌ന പ്രവിശ്യയിലെ തമിഴ് കത്തോലിക്കാ പുരോഹിതനും മൂന്നു ദശാബ്ദക്കാലമായി സ്വതന്ത്ര തമിഴ് ഈലത്തിനു ( രാഷ്ട്രം) വേണ്ടി പോരാടിക്കൊണ്ടിരുന്ന LTTE യുടെ അനുഭാവിയുമായിരുന്നു ഫാദർ ഫ്രാൻസിസ് ജോസഫ്.

ശ്രീലങ്കൻ പട്ടാളത്തിന്റെ അതിക്രമങ്ങൾക്കും സിംഹളവംശജരുടെ അവഗണനക്കുമെ തിരേ അദ്ദേഹം പല വേദികളിലും ആഞ്ഞടിച്ചു.

ലങ്കൻ സർക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്ന അദ്ദേഹം മത പുരോഹിതൻ എന്നതിലുപരി അദ്ധ്യാപകനും സാമൂഹ്യപ്രവർത്തകനുമൊക്കെയായി ഏവർക്കും ആരാധ്യനായിരുന്നു.

LTTE യുമായി ലങ്കൻ സൈന്യത്തിന്റെ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ 10 മെയ് 2009 ന് അദ്ദേഹം വത്തിക്കാനിലേക്കെഴുതി :

His Holiness Pope Benedict XVI,

" ലങ്കൻ സർക്കാർ തമിഴ് രാഷ്ട്രവാദം ഇല്ലാതാക്കാൻ നിരായുധരായ ജനങ്ങളോട് യുദ്ധം ചെയ്യുകയാണ്. മനുഷ്യകൂട്ടക്കുരുതിയാണ് ഇവിടെ നടക്കുന്നത്.സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കൂട്ടക്കരച്ചിലുകളാണ് നാലുപാടും ഉയരുന്നത്.

publive-image

യുദ്ധം അവസാനിപ്പിക്കാൻ തക്ക കഴിവോ ആജ്ഞാശക്തിയോ ശ്രീലങ്കയിലെ ചർച്ചിനില്ല. ഒരുപക്ഷേ ഈ കത്തുമൂലം ശ്രീലങ്കൻ സർക്കാർ രോഷാകുലരായേക്കാം അതുവഴി ചിലപ്പോൾ എന്റെ ജീവനെടുക്കാനും അവർ മടിക്കില്ല " - അങ്ങയുടെ ആശീർവാദത്തിനായി പ്രാർത്ഥിച്ചുകൊണ്ട് , Rev Fr. G.A Francis Joseph. ഇതായിരുന്നു കത്തിലെ ഉള്ളടക്കം.

പക്ഷേ ആ കത്തുലഭിച്ചതായിപ്പോലും ഇന്നുവരെ വത്തിക്കാൻ പ്രതികരിച്ചിട്ടില്ല.ഒരിക്കലും ആയുധമെടു ത്തദ്ദേഹം പോരാടിയിട്ടില്ല. മൂർച്ചയുള്ള വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ ശക്തമായ ആയുധം.

16 മെയ് 2009. LTTE യുടെ പതനത്തിനും ലങ്കൻസൈന്യത്തിന്റെ അവരുടെമേലുള്ള വിജയത്തിനും ശേഷം ഒളിവിൽപ്പോയ LTTE പോരാളികളോട് ഉടനടി കീഴടങ്ങാൻ സർക്കാർ അന്ത്യശാസനം നൽകപ്പെട്ടു.

ഫാദറും ഒളിവിലായിരുന്നു. അദ്ദേഹം ഒരു ബങ്കറിനുള്ളിലിരുന്നായിരുന്നു വത്തിക്കാന് കത്തെഴുതുയത്. ആ ബാങ്കർ നിന്നിടം ഇപ്പോൾ തമിഴ് മക്കളുടെ അരുംകൊലകൾക്ക് പ്രതീതമെന്നവണ്ണം രക്തപങ്കിലമായ രണ്ടു കൈകാളുയർത്തിനിൽക്കുന്ന രക്തസാക്ഷിമണ്ഡപമാണ്.

publive-image

സൈന്യം വിജയം നേടി 8 ദിവസത്തിനുശേഷം ഫാദർ നടത്തിയ ഒത്തുതീർപ്പു ചർച്ചകളെത്തുടർന്ന് ഒളിവിൽക്കഴിഞ്ഞ LTTE പോരാളികളും അവരുടെ കുടുംബവും കുട്ടികളുമടങ്ങുന്ന 360 പേരുടെ സംഘം പട്ടാളത്തിനുമുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചു.

ഫാദറിന്റെ നേതൃത്വത്തിലുള്ള സംഘം 'വട്ടുവകൾ' പാലം കടന്ന് പട്ടാള അധീനതയിലുള്ള പ്രദേശത്തെത്തി പട്ടാളത്തിനുമുന്നിൽ കീഴടങ്ങിയ ഇവരെയെല്ലാം അവിടെനിന്നും സൈന്യത്തിന്റെ ബസ്സുകളിൽ കയറ്റി ഏതോ അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പിന്നീട് ഫാദറുൾപ്പെടെ ഈ 360 പേർക്കും എന്തുസംഭവിച്ചു എന്നതിനെപ്പറ്റി ആർക്കും ഒരു വിവരവുമില്ല. അവരാരും മടങ്ങിവന്നതുമില്ല. അവരെപ്പറ്റി വ്യക്തമായ ഒരു വിവരം നൽകാൻ ലങ്കൻ സൈന്യവും ഇതുവരെ തയ്യാറായിട്ടില്ല.

LTTE യും ലങ്കൻ സൈന്യവുമായുള്ള യുദ്ധത്തിൽ ഒരു ലക്ഷം പേർ കൊല്ലപ്പെട്ടു എന്നാണു കരുതുന്നത്. എന്നാൽ ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 40000 പേർ കൊല്ലപ്പെടുകയും 20000 പേരേ കാണാതാവുകയും ചെയ്തു എന്നാണു വിവരം. പക്ഷേ ലങ്കൻ സർക്കാർ ഇതുവരെ ഈ കണക്കുകൾ അംഗീകരിച്ചിരുന്നില്ല.

publive-image

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (28/01/2020) കൊളോമ്പോയിലെത്തിയ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി സംഘത്തോട് , കാണാതായ 20000 പേരും കൊല്ലപ്പെട്ടുവെന്ന് ഇതാദ്യമായി ശ്രീലങ്കൻ രാഷ്ട്രപതി ഗോട്ടബയ രാജപക്സെ സമ്മതിക്കുകയുണ്ടായി. അവരുടെ ഡെത്ത് സർട്ടിഫിക്കറ്റും നൽകേണ്ട ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുമെന്നും അദ്ദേഹം അവരെ അറിയിച്ചു.

ആ കൊല്ലപ്പെട്ട 20000 പേരിൽ ഒരുപക്ഷേ ലങ്കൻ സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ഫാദർ ഫ്രാൻസിസ് ജോസഫുമുണ്ടാകാം. എങ്കിലും അത് വിശ്വസിക്കാൻ അദ്ദേഹത്തിന്റെ അനുയായികളും അദ്ദേഹം പഠിപ്പിച്ച വിദ്യാർത്ഥികളും ഇന്നും തയ്യാറല്ല. അവരുടെ സ്നേഹമയിയായ ഫാദർ മടങ്ങിവരും എന്നവർ ഉറപ്പായും വിശ്വസിക്കുന്നു.

Advertisment