Advertisment

നെതെർലാൻഡ്‌സ് ജനതയുടെ ചോദ്യം - "വിരുന്നുവരുന്നതിനും ഒരു മര്യാദ വേണ്ടേ ?"

New Update

നെതർലാൻഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റഡാമിന്റെ സൗന്ദര്യം അവർണ്ണനീയമാണ്. നഗരത്തിലെ വീതിയുള്ള വളരെ വൃത്തിയുള്ള കനാലുകളും അതിലൂടെയുള്ള ഉല്ലാസയാത്രകളും, ചെറിയ അതിമനോഹരമായ വീടുകളും. പൂന്തോട്ടങ്ങളും, സുഖശീതളമായ കാലാവസ്ഥയും, ശാന്തമായ അന്തരീക്ഷവും ,കണ്ണിനു കൗതുകമാർന്ന പ്രകൃതിരമണീയമായ കാഴ്ചകളും ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്നവയാണ്..

Advertisment

publive-image

ഇതുതന്നെയാണ് ഇപ്പോൾ ആ രാജ്യത്തെ ജനതയുടെ സ്വൈരം കെടുത്തിയിരിക്കുന്നത്. സഞ്ചാരികളുടെ അഭൂതപൂർവ്വമായ ബാഹുല്യം അവരെ അലോസരപ്പെടുത്തുകയാണ്. ആംസ്റ്റർഡാമിലെ ജനസംഖ്യ കേവലം 8 ലക്ഷമാണ്. എന്നാൽ ഇവിടെയെത്തുന്ന സന്ദർശകരുടെ എണ്ണം 1.8 കോടിവരെയായിരിക്കുന്നു. ഇത് ഇങ്ങനെ തുടർന്നാൽ 2030 ൽ സഞ്ചാരികളുടെ എണ്ണം 4 കോടി കവിയുമെന്നാണ് വിലയിരുത്തൽ.

കുറഞ്ഞ വിമാനച്ചാർജ്, താമസിക്കാൻ ചെലവുകുറഞ്ഞ വീടുകൾ, മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന റെസ്റ്റാറന്റുകളും ബാറുകളും, സഞ്ചരിക്കാൻ സൗജന്യ സൈക്കിളുകൾ, ആർഭാടം നിറഞ്ഞ ബോട്ടുസവാരി, നല്ല കാലാവസ്ഥ , ജനങ്ങളുടെ സഹകരണം ഇവയൊക്കെയാണ് സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്ന മുഖ്യ ഘടകങ്ങൾ.

സൈക്കിൾ സവാരിയും ,നിശബ്ദതയും ഇഷ്ടപ്പെടുന്ന നെതർലാൻഡ്‌സ് ജനതയ്ക്കു സഞ്ചാരികളുടെ വഴിവക്കുകളിലെ ഒച്ചപ്പാടും വിനോദങ്ങളും തിരക്കും തീരെ ഇഷ്ടമല്ല. വീതിയുള്ള നിരത്തുകളിൽ വാഹനങ്ങളില്ലാത്തതിനാൽ സൈക്കിളിൽ യാത്ര ചെയ്യുകയെന്നത് അവിടുത്തെ ജനങ്ങൾക്ക് വളരെ പ്രിയങ്കരമാണ്. എന്നാൽ ഇപ്പോൾ റോഡുകളിലെല്ലാം സഞ്ചാരികളുടെ ബഹളവും കളികളുമാണ്.

publive-image

ഇപ്പോൾ ആംസ്റ്റർഡാമിലെ ജനങ്ങൾ ഒന്നൊന്നായി സഞ്ചാരികളോട് നേരിട്ടും അല്ലാതെയും വിനീതമായി അപേക്ഷിക്കുന്നു..

" നിങ്ങൾ മറ്റേതെങ്കിലും രാജ്യത്തുപോകുക. ദയവായി ഇവിടേയ്ക്ക് വരരുത്, ഞങ്ങളുടെ സ്വൈരജീവിതം ഇല്ലാതാക്കരുത്."

ജനങ്ങൾ ശക്തമായി പ്രതിഷേധിക്കാൻ തുടങ്ങിയതോടെ സർക്കാരും കർമ്മനിതമായിക്കഴിഞ്ഞു. സഞ്ചാരികളെ നിയന്ത്രിക്കുന്നതിന്റെയും അവരുടെ രാജ്യത്തേക്കുള്ള വരവ് ഗണ്യമായി കുറയ്ക്കുന്ന തിന്റെയും ഭാഗമായി നെതർലാൻഡ്‌സ്‌ എന്നാൽ സഞ്ചാരികളുടെ പറുദീസ എന്നതരത്തിൽ ലോകമെമ്പാടും പ്രചാരത്തിലിരുന്ന പരസ്യങ്ങളും വീഡിയോകളും നിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ സഞ്ചാരികൾക്കു നൽകിയിരുന്ന പല ആനുകൂല്യങ്ങളും അവർ പിൻവലിക്കുകയാണ്.

ജനങ്ങളുടെ അമർഷവും പ്രതിഷേധവും ശമിപ്പിക്കാൻ തങ്ങൾക്കു വർഷാവർഷം ടൂറിസത്തിലൂടെ ലഭിച്ചുകൊണ്ടിരുന്ന 91.5 ബില്യൺ ഡോളർ (ഏകദേശം 6 ലക്ഷം കോടി ഇന്ത്യൻ രൂപ) പാതിമനസ്സോടെ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.

ഇറ്റലിയിലെ വെനീസ് നഗരത്തിലേതുപോലെ വിനോദസഞ്ചാരികളുടെ ബാഹുല്യം തങ്ങളുടെ നാടിന്റെ ആത്മാവിനെത്തന്നെ ഇല്ലാതാക്കുന്നുവെന്നാണ് നെതർലാൻഡ്‌സിലെ സാമൂഹ്യപ്രവർത്തകരുടെയും അഭിപ്രായം. തങ്ങളുടെ നാടിനെ വെനീസ് ആക്കാൻ അനുവദിക്കില്ല എന്നുറച്ച നിലപാടിലാണവർ.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് ഇത് നിരാശയുളവാക്കുന്ന വാർത്തതന്നെയാണ്.

Advertisment