Advertisment

നിഷയുടെ സ്വപ്നങ്ങളിലെ നക്ഷത്രത്തിളക്കം..!! മാതാപിതാക്കൾ തെരുവിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ നിഷ ഒരു സാഹസിക മുന്നേറ്റത്തിന്റെ പ്രതീകമാണ്

New Update

നിതരോഗമായ Lamellar ichthyosis ബാധിച്ച കുഞ്ഞിനെ ജനിച്ചൊരാഴ്ച കഴിഞ്ഞപ്പോൾത്തന്നെ അജ്ഞാതരായ മാതാപിതാക്കൾ തെരുവിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. വഴിയരുകിൽ ഉപേക്ഷിക്കപ്പെട്ട അവളെ നാട്ടുകാരാണ് അനാഥാലയത്തിൽ എത്തിച്ചത്.

Advertisment

publive-image

ഇത് നിഷ, അടുത്തറിഞ്ഞാൽ അവളെ ആരുമിഷ്ടപ്പെട്ടുപോകും. 19 കാരിയായ അവൾ ഇപ്പോൾ ബാംഗ്ലൂരിൽ ബിസ്സിനസ്സ് മാനേജ്‌മെന്റ് വിദ്യാർത്ഥിനിയാണ്.

കാൺപുരികങ്ങളില്ലാത്ത ശരീരത്തെ തൊലിമുഴുവൻ മീൻചെതുമ്പൽപോലെ ഇളകിവരുന്ന അത്യപൂർവ്വരോഗത്തിനടിമയായിരുന്ന വിരൂപയായ പിഞ്ചുകുഞ്ഞിനെ ദത്തെടുക്കാൻ ആരും തയ്യാറായില്ല. കണ്ണിന്റെ കാഴ്ചയും കേവലം 15 % മാത്രമായിരുന്നു. വെള്ളപ്പുതപ്പിൽ വേദനകൊണ്ടു ഞരങ്ങുകയും മൂളുകയും ചെയ്യുന്ന കുഞ്ഞിൽനിന്ന് സന്ദർശകരും അകലം പാലിച്ചിരുന്നു.

പരിചരണവും ലാളനയും ആവശ്യമായ പ്രായത്തിൽ അവൾ എല്ലാവരാലും നിർദ്ദയം തിരസ്ക്കരിക്കപ്പെട്ടു. കുളിപ്പിക്കുമ്പോഴും പാൽ കൊടുക്കുമ്പോഴും മാത്രമായിരുന്നു ആ കുരുന്നിന്‌ ആയയിലൂടെ മാതൃസ്പർശത്തിന്റെ അനുഭവം ലഭിച്ചിരുന്നത്.

അനാഥാലയത്തിലെ സ്ഥിരം സന്ദർശകയായിരുന്ന 'ഡോക്ടർ അലോമ ലോബോ',കണ്ണിനു കാഴ്ചകുറഞ്ഞ, അപൂർവ്വരോഗത്തിനടിമയായ ആ കുഞ്ഞിനെ ശ്രദ്ധിച്ചു. അതിന്റെ മുഖത്തെ ദൈന്യഭാവവും ശരീരത്തെ വേദനമൂലമുള്ള നിർത്താത്ത ഞരങ്ങലുകളും അവരുടെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു.

ഡോക്ടർ അലോമ ലോബോ ക്കൊപ്പമുണ്ടായിരുന്ന ഇളയമകൾ കുഞ്ഞിനെ മടിയിലെത്തു ലാളിച്ചതും അവർ കൗതുകത്തോടെ നോക്കിനിന്നു.

"നമുക്കീ കുഞ്ഞിനെ വീട്ടിൽക്കൊണ്ടുപോകാം" എന്ന മകളുടെ അഭിപ്രായം അവർ തലകുലുക്കി സമ്മതിച്ചു. 5 മക്കളും ഭർത്താവുമുള്ള ഡോക്ടർ അലോമ ലോബോ ഈ വിഷയം കുടുംബത്തിൽ അവതരിപ്പിച്ചു.

ഏവരു ടെയും അനുവാദത്തോടെ ആർക്കും വേണ്ടാതെ അനാഥാലയത്തിൽപ്പോലും തിരസ്ക്കരിക്കപ്പെട്ട കുഞ്ഞിനെ അവർ ദത്തെടുത്തു. സ്വന്തം കുടുംബത്തിലെ ഒരംഗമെന്ന നിലയിൽ അവൾക്കു പേരിട്ടു " നിഷ ലോബോ".

5 മക്കളുള്ള ഡേവിഡ് - അലോമ ലോബോ കുടുംബത്തിൽ ആറാമത്തെ മകളായി നിഷ വളർന്നു. മാതാപിതാക്കളും കുട്ടികളും അവളെ സ്വന്തം കൂടെപ്പിറപ്പായി കണ്ടു. അവളുടെ പരിമിതികളും പരാധീനതകളും അവർ ഉൾക്കൊണ്ടു കൂടെനിന്നു. കണ്ണിന്റെ കാഴ്ച ഒരു പരിധിവരെ ചികിത്സകൊണ്ട് വീണ്ടെടുത്തു.

publive-image

"ലെമേലർ ഇച്തിയോസിസ്" ( Lamellar ichthyosis) എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ രോഗമാണ് നിഷയ്ക്ക്. മീനിന്റെ പുറത്തുള്ള ചെതുമ്പൽ പോലെ ശരീരമാസകലമുള്ള തൊലി അടർന്നുമാറുന്ന രോഗം. വേദനയാണ് അസഹനീയം.

തൊലി ഉണങ്ങിവരളുകയും ശരീരത്തുനിന്ന് അത് വേർപെടാൻ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ് അതികഠിനമായ വേദന ഉണ്ടാകുന്നത്. തണുപ്പുകാലമാണ് വളരെ ദുസ്സഹം.

ചെറുപ്പത്തിൽ വേദന താങ്ങാനാകാതെ അലറിക്കരയുമായിരുന്ന അവൾക്ക് ഇന്നാ വേദനകൾ കൂടെപ്പിറപ്പുപോലെയായി. കാലങ്ങളായുള്ള ആവർത്തനങ്ങളുടെ പരിണാമമാകാം സഹനത്തിന്റെ കരുത്താർജിച്ചവൾ ഇന്ന് പ്രാപ്തയായിക്കഴിഞ്ഞു.

ബാംഗ്ലൂർ നഗരത്തിലെ മുന്തിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണവൾ മറ്റു സഹോദരങ്ങൾക്കൊപ്പം പഠിച്ചുവളർന്നത്. ആദ്യകാലത്ത് ക്ലാസ്സിൽ കുട്ടികളാരും അവളുടെ അടുത്തിരിക്കാൻ കൂട്ടാക്കിയിരുന്നില്ല.

സ്വയം ഒതുങ്ങിമാറുന്ന പ്രകൃതമായതിനാൽ അവൾ തന്നെ ക്ലാസ്സിലെ ഏറ്റവും പിന്നിലത്തെ ആളൊഴിഞ്ഞയിടം തെരഞ്ഞെടുക്കുകയായിരുന്നു. നിഷയുടെ രോഗം പകരുന്നതാണെന്ന കാരണം നിരത്തി പല മാതാപിതാക്കളും ഇടപെട്ട് മക്കളെ മറ്റു ക്ലാസുകളിലേക്ക് മാറ്റിയിരുന്നു...

കാലം കടന്നുപോയതോടുകൂടി അകന്നിരുന്നവർ ഒന്നൊന്നായി അവളോടടുത്തു. അടുത്തിടപഴകുന്നവർക്ക് അവളെ അത്രപെട്ടെന്ന് മറക്കാനാകില്ല. പരാതിയും പരിഭവവും ഒന്നുമില്ലാതെ എല്ലാവരോടും സദാ ചിരിച്ചു കൊണ്ടിടപഴകുന്ന നിഷ കൂട്ടുകാർക്കും സ്‌കൂളിനും പ്രിയങ്കരിയായി മാറാൻ അധികസമയമെടുത്തില്ല.

നിഷ അവധിക്കാലത്ത് കുടുംബത്തോടൊപ്പം പല വിദേശരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഒരിക്കൽ വിമാനത്തിൽ നിഷയുടെ അടുത്തിരിക്കാൻ വിസമ്മതിച്ച വനിതയോട് വിനീതമായി സോറി പറഞ്ഞ് സീറ്റൊഴിഞ്ഞ നിഷയെ എയർ ഹോസ്റ്റസ്സുമാർ ബിസ്സിനസ്സ് ക്ലാസ്സിൽ കൊണ്ടിരുത്തി അവളോട് ക്ഷമ ചോദിക്കുകയുണ്ടായി. mമാത്രമല്ല അമ്മയ്ക്കും അവൾക്കൊപ്പം സൗജന്യമായി ബിസ്സിനസ്സ് ക്ലാസ്സ് അനുവദിക്കപ്പെട്ടു.

മറ്റൊരിക്കൽ ചർച്ചിൽവച്ച് ഒരു സ്ത്രീ നിഷയുടെ തലയിൽത്തൊട്ടുകൊണ്ടു പറഞ്ഞു." നിന്റെ മാതാപിതാക്കൾ ചെയ്തുകൂട്ടിയ ഏതോ പാപമാണ് കുഞ്ഞേ നിനക്കീ ഗതി വരുത്തിയത്.." അന്ന് കോപാകുലയായ അലോമ ലോബോ, ആ സ്ത്രീയെ തല്ലുന്നതിൽനിന്ന് തടഞ്ഞത് നിഷയുടെ സന്ദർഭോചിതമായ ഇടപെടലായിരുന്നു.

publive-image

രംഗം പന്തിയല്ലെന്ന് കണ്ടു മുങ്ങാൻ തുടങ്ങിയ അവരോട് ദൂരേയ്ക്ക് കൈചൂണ്ടിക്കൊണ്ട് അലോമ ലോബോ ഉച്ഛത്തിൽപ്പറഞ്ഞു..."താങ്ക് യൂ വെരി മച്ച്" . ആ സ്ത്രീയുടെ നിഴൽപോലും പിന്നവിടെക്കണ്ടില്ല.

ബുദ്ധിമതിയും തന്റെ പരിമിതികളെക്കുറിച്ച് പൂർണ്ണബോദ്ധ്യമുള്ളവളും എല്ലാവരോടും നിറഞ്ഞമനസ്സോടെ ഇടപെടാനും ആഗ്രഹിക്കുന്ന നിഷയുടെ അഭിലാഷം ഒരു സ്‌കൂൾ അദ്ധ്യാപികയാകണമെന്നാണ്. ഇപ്പോൾ BBA പഠനത്തോടൊപ്പം ഒരു അന്താരാഷ്‌ട്ര ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയിൽ പ്രൊമോഷൻ ജോലിയും നിഷ നോക്കിവരുന്നുണ്ട്.

നിരവധി ദേശീയ ചാനൽ ടോക്ക് ഷോകളിലും പത്ര ദൃശ്യ മാദ്ധ്യമങ്ങളിലും നമുക്ക് നിഷയെ മിക്കപ്പോഴും കാണാവുന്നതാണ്. യൂ ട്യൂബ് ചാനലുകളിലും നിഷ തന്റെ വീക്ഷണങ്ങളും അനുഭവങ്ങളും രസകരമായ ശൈലിയിൽ പങ്കുവച്ചിട്ടുണ്ട്..

നിഷ ഒരു സാഹസിക മുന്നേറ്റത്തിന്റെ പ്രതീകമാണ്. ജനിച്ചുവീണയുടൻ ഉപേക്ഷിച്ചുപോയ മാതാപിതാക്കൾ ഇന്നവളുടെ ചിന്തകളിൽപ്പോലുമില്ല. മറിച്ച് തന്നെ നിറമനസ്സോടെ സ്വീകരിച്ച ഡേവിഡ്- അലോമ അച്ഛനമ്മ മാരുടെ സംരക്ഷണവും കരുതലും പ്രോത്സാഹനവുമാണ് മുന്നോട്ടുള്ള ജീവിതയാത്രയിലും അവൾക്കുള്ള പ്രേരണയും ആത്മബലവും.

Advertisment