Advertisment

ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഡ്രൈവർ ഇന്ന് നീതിക്കായി അലയുന്നു !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

74 കാരനായ മുൻഷിറാം ,മുൻ പ്രധാന്മന്ത്രിമാരായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഡ്രൈവറായിരുന്നു. പ്രധാനമന്ത്രിമാരുടെ ഡൽഹിയിലെ യാത്രകൾക്ക് മുൻഷിറാമായിരുന്നു ഡ്രൈവർ.

Advertisment

റിട്ടയർമെന്റിനുശേഷം അദ്ദേഹം ഡൽഹിയിലെ മന്ദിർ മാർഗിനോട് ചേർന്ന ഉദ്യാൻ മാർഗിൽ സെൻട്രൽ സ്കൂളിനടുത്ത് സ്റ്റേഷനറി കട നടത്തിവരുകയാണ്.

publive-image

ഇക്കഴിഞ്ഞ ഒക്ടോബർ 9 ന് ഉച്ചയ്ക്ക് ഒരു മണിക്ക് അദ്ദേഹത്തിൻറെ കടയിൽ ബൈക്കിലെത്തിയ രണ്ടു യുവാക്കൾ അതിസമർത്ഥമായി കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 50000 രൂപ അപഹരിച്ചു കടന്നുകളയുകയായിരുന്നു.

വലിയ പ്ലാനിംഗിലൂടെയാണ് മോഷ്ടാക്കൾ പണാപഹരണം നടത്തിയത്. മോഷ്ടാക്കളിലൊരാൾ രഹസ്യമായി മുൻഷിറാമിന്റെ കസേരയിൽ ചൂയിങ് ഗം പതിക്കുകയും അതദ്ദേഹത്തിന്റെ വസ്ത്രത്തിൽ ഒട്ടിപ്പിടിച്ചപ്പോൾ അവർതന്നെ അത് ചൂണ്ടിക്കാട്ടുകയുമായിരുന്നു.

ഉടൻതന്നെ തൊട്ടടുത്ത കടയുടമയോട് കട ശ്രദ്ധിക്കാൻ പറഞ്ഞിട്ട് തൊട്ടുമുന്നിലുള്ള ടോയ്‌ലെറ്റിൽ അത് കഴുകിക്കളയാൻ പോയ തക്കത്തിന് മോഷ്ടാക്കളിലൊരാൾ അടുത്ത കടയുടമയോട് വഴിചോദിച്ചദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കുകയും തക്കം പാർത്തുനിന്ന മറ്റേയുവാവ് മേശയിൽനിന്നു പണമപഹരിക്കുകയുമായിരുന്നു.ഇരുവരും ഞൊടിയിടയിൽ ബൈക്കിൽക്കയറി സ്ഥലം വിട്ടു.

പോലീസിൽ പരാതിപ്പെട്ടു. എഫ് ഐ ആര്‍ രെജിസ്റ്റർ ചെയ്യുകയുമുണ്ടായി.പക്ഷേ നാളിതുവരെ ഡൽഹി പോലീസിന്റെ ഭാഗത്തുനിന്നും മോഷ്ടാക്കൾക്കെതിരേ ഒരു നടപടിയുമുണ്ടായിട്ടില്ല.

മുൻഷി റാമിന്റെ കടയിലെ സി സി ടി വിയിൽ രണ്ടു മോഷ്ടാക്കളുടെയും ചിത്രങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതെല്ലാം പോലീസ് ശേഖരിക്കുകയും ചെയ്തു.ലോക്കൽ ടി.വി യിൽപ്പോലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളോ കുറ്റവാളികളുടെ ദൃശ്യങ്ങളോ പോലീസ് ഇതുവരെ കൈമാറിയിട്ടില്ല.

ഡൽഹി പോലീസിന്റെ നിഷ്ക്രിയത്വത്തിൽ കടുത്ത അമർഷത്തിലാണ് മുൻഷിറാം.ഇതുമായി ബന്ധപ്പെട്ട് പലതവണ അദ്ദേഹം പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി.അധികാരികളെ കണ്ടു.

മുൻപ്രധാന മന്ത്രിമാരുടെ ഡ്രൈവറാണെന്നും കഷ്ടപ്പെട്ട പണമാണ്, അത് നഷ്ടപ്പെട്ടാൽ സഹിക്കാനാവില്ല എന്നൊക്കെ പറഞ്ഞെങ്കിലും അന്വേഷണം നടക്കുകയാണ് എന്ന സ്ഥിരം പല്ലവിയാണ് അദ്ദേഹത്തിന് സ്ഥിരം ലഭിക്കുന്നത്.

publive-image

" പോലീസുകാർക്ക് മോഷ്ടാക്കളെ നല്ലതുപോലെയറിയാം. എവിടെ മോഷണം നടന്നാലും അതിനുപിന്നിൽ ആരാണെന്നവർക്കു വ്യക്ത്മായറിയാം. ഉദാഹരണം ഏതാനും ദിവസം മുൻപ് പ്രധാനമന്ത്രിയുടെ അനന്തിര വളുടെ ബാഗും പണവും മൊബൈലും മോഷ്ടിച്ചയാളെ 24 മണിക്കൂറിനകം ഡെൽഹിപോലീസ് പിടികൂടി.

അതുപോലെതന്നെ ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ മോഷ്ടിക്കപ്പെട്ട മൊബൈൽ 48 മണിക്കൂറി നകം പോലീസ് കണ്ടെടുത്തു. ഇതിപ്പോൾ ഒരാഴ്ചപിന്നിട്ടിട്ടും മോഷ്ടാക്കളെ CCTV യിലൂടെ തിരിച്ചറിഞ്ഞിട്ടും പോലീസ് നിസ്സംഗത പാലിക്കുകയാണ്." മുൻഷിറാം അമർഷത്തോടെ പറയുന്നു..

സാധാരക്കാരോടുള്ള പോലീസിന്റെ സമീപനം ഇതാണ്. വി ഐ പികൾക്കുവേണ്ടിമാത്രമാണോ ഇവർ ജോലി ചെയ്യുന്നത് ? മാന്യമായി ജീവിക്കാനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനുമില്ലേ? അവരുടെ ജീവനും സ്വത്തിനും ആര് സംരക്ഷണം നൽകും?

നീതിക്കായി ഞാനിനി ആരുടെ കാലുപിടിക്കണം? വളരെ രോഷത്തോടെയാണിത് പറഞ്ഞതെങ്കിലും മുൻഷി റാമിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

മൂന്നു പ്രധാനമന്ത്രിമാർക്കൊപ്പം പ്രവർത്തിച്ച ആ വയോവൃദ്ധന്റെ ചോദ്യങ്ങൾക്ക് ആരാണ് മറുപടി നൽകുക. ഈ ജീവിതസായാഹ്നത്തിൽ നീതിക്കായി ആ സാധുമനുഷ്യൻ എവിടെപ്പോകും ?

Advertisment