Advertisment

ട്രെയിനുകളില്‍ ഭിക്ഷയെടുക്കുന്ന - നന്മയുടെ പ്രതീകമായ ഒരു പ്രൊഫസ്സറെ പരിചയപ്പെടാം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നിങ്ങള്‍ മുംബൈ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍ തോളില്‍ ബാഗും തൂക്കി, മാന്യമായി വസ്ത്രധാരണം ചെയ്ത് കയ്യില്‍ പത്രങ്ങളുടെ കട്ടിങ്ങുകളുമായി സഹായമഭ്യര്‍ത്ഥിച്ചു വരുന്ന ഒരു വ്യക്തിയെ കാണാം.. സ്ഥിരമായി.

Advertisment

publive-image

ബീഹാര്‍ ,രാജസ്ഥാന്‍ ,മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിദൂര ഗ്രാമങ്ങളിലുള്ള ആദിവാസി കുഞ്ഞുങ്ങള്‍ക്ക്‌ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സൌകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം തുടങ്ങിവച്ച നാലു സ്കൂളുകളുടെയും അഞ്ചാമത് സ്കൂള്‍ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തുടങ്ങുന്നതിന്റെയും ധനശേഖരണത്തിനായാണ് അദ്ദേഹം ട്രെയിനുകളില്‍ ഭിക്ഷാടനം നടത്തുന്നത്. ശ്ലോക് പുബ്ലിക് ട്രസ്റ്റ്‌ ( Shlok Public Trust) എന്ന പേരിലാണ് ഈ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.

publive-image

പ്രോഫസ്സര്‍ സന്ദീപ്‌ ദേശായി (52) ഒരു മറൈന്‍ എന്‍ജിനീയറാണ്. മാന്യമായ തൊഴിലും ശമ്പളവുമുള്ള ജോലിയുപേക്ഷിച്ചു അദ്ധ്യാപികയായ അമ്മയുടെ നിര്‍ബന്ധം മൂലമാണ് അദ്ധ്യാപനം ഒരു ജോലിയായി തെരഞ്ഞെടുത്തത്. രാജ്യത്തെ പ്രസിദ്ധമായ പല മാനെജ്മെന്റ് സ്ഥാപനങ്ങളിലും അദ്ദേഹം പഠിപ്പിക്കുകയുണ്ടായി.

ഇതിന്‍റെ ഭാഗമായി വിദ്യാര്‍ഥികളെ തേടിയുള്ള അദ്ദേഹത്തിന്‍റെ പ്രയാണമാണ് മുഖ്യധാരയില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കിടക്കുന്ന വിദൂര ഗ്രാമങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഇവിടെ വികസനവും വിദ്യാഭ്യാസവും ഇനിയും മൈലുകള്‍ക്കകലെയാണെന്ന കണ്ടെത്താലാണ് തന്‍റെ ജീവിതം ഈ കുഞ്ഞുങ്ങള്‍ക്കായി ഉഴിഞ്ഞുവെക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം.

publive-image

ആദ്യമായി നാഗ്പൂരിലെ ചേരിപ്രദേശത്തെ കുഞ്ഞുങ്ങള്‍ക്കായി ഒരുഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുറന്നു. പഠനവും, പുസ്തകവും ,യൂണിഫോമും, ആഹാരവും എല്ലാം സൗജന്യമാണ്. ഇപ്പോള്‍ നാല് സ്കൂളുകള്‍ നാഗ്പൂര്‍ ഉള്‍പ്പെടെ ബീഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. 100 % സൌജന്യമായാണ് കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നത്‌.

പണമില്ലാതെ വന്നപ്പോള്‍ വീട് വീടാന്തരം കയറിയിറങ്ങി സഹായം ചോദിച്ചെങ്കിലും പലരും ആട്ടിപ്പായിച്ചു.. പോലീസില്‍ പരാതിപ്പെട്ടു. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നയാളെന്നു മുദ്രകുത്തി. മതപരിവര്‍ത്തനം നടത്താന്‍ വന്നവന്‍ എന്നുവരെ പറഞ്ഞു പരത്തി. കുട്ടികളെ സ്കൂളില്‍ വിടുന്നതിനെതിരെ പ്രചാരണം വരെ നടന്നു. ഏതു പ്രതികൂല സാഹചര്യവും നേരിടാന്‍ പക്വമായ മനസ്സിനുടമയായ അദ്ദേഹം ഇതിലൊന്നും പതറിയില്ല.

publive-image

പ്രോഫസ്സര്‍ സന്ദീപ്‌ ദേശായിയെയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റിയും മാദ്ധ്യമങ്ങളില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നു. വീടുകള്‍ തോറുമുള്ള സഹായാഭ്യര്‍ത്ഥന അവസാനിപ്പിച്ചാണ് അദ്ദേഹം ഫണ്ടിങ്ങിനായി മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ തെരഞ്ഞെടുത്തത്.

അവിടെയും പ്രശ്നങ്ങള്‍ ഉടലെടുത്തു. ട്രെയിനില്‍ ഭിക്ഷാടനം നടത്തിയെന്ന കുറ്റത്തിന് 9 തവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഭിക്ഷയെടുത്തു സ്കൂള്‍ നടത്തുന്ന ഖ്യാതിയാണ് അദ്ദേഹത്തിനിപ്പോള്‍. ഉദയപ്പൂരിലെ സീക്കറി ല്‍ അദ്ദേഹം നടത്തുന്ന സ്കൂള്‍ അന്താരാഷ്ട്ര നിലവാരമുള്ളതാണ്.

publive-image

ഇപ്പോള്‍ ധാരാളമാള്‍ക്കാര്‍ അറിഞ്ഞുകൊണ്ട് അദ്ദേഹത്തെ സഹായിക്കുന്നു. സ്കൂളുകള്‍ നില്‍ക്കുന്ന സ്ഥലത്തെ ഗ്രാമീണ പഞ്ചായത്തുകളും അദ്ദേഹത്തിനു പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷകൊണ്ട് ട്രെയിനില്‍ ഭിക്ഷാടനം നടത്തി അദ്ദേഹം സ്വരൂപിച്ചത് 50 ലക്ഷം രൂപയാണെന്ന് NDTV വെളിപ്പെടുത്തുന്നു. രത്നഗിരിയിലെ സ്കൂള്‍ അടുത്ത മാസം പൂര്‍ത്തിയാക്കിയാലുടന്‍ ബീഹാറില്‍ മറ്റൊരു സ്കൂള്‍ തുടങ്ങാനാണ് അദ്ദേഹത്തിന്‍റെ പരിപാടി.

publive-image

പ്രോഫസ്സര്‍ സന്ദീപ്‌ ദേശായിയുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ വിലയിരുത്തി റെയില്‍വേ ഇപ്പോള്‍ അദ്ദേഹത്തിനു പ്രത്യേക പാസ് നല്‍കിയിരിക്കുകയാണ്...

ട്രെയിനില്‍ സംഭാവനകള്‍ക്കായി അദ്ദേഹം ആള്‍ക്കാരെ സംബോധന ചെയ്യുന്നത് ഇപ്രകാരമാണ്..

"Good Afternoon to everybody, "Donating for education is the ultimate form of charity". My name is professor Sandeep Desai, I am the founder trustee of Shlok Public Trust, in rural areas we operate English medium schools. I invite all of you'll to join my mission."

ആര്‍ക്കും അദ്ദേഹത്തെ സഹായിക്കാം. അതുവഴി തികഞ്ഞ മനുഷ്യത്വപരമായ ഒരു സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമുമാകാം.

Advertisment