ഈ ഇരട്ടകൾക്കു 40 വയസ്സായി. ഇനിയവർക്കു നടക്കാനാകില്ല

പ്രകാശ് നായര്‍ മേലില
Wednesday, May 15, 2019

ബീഹാറിലെ ഗയ നഗരത്തിലുള്ള വിനോബാനഗർ 29 വാർഡ് നിവാസികളായ ഈ അതിശയ ഇരട്ടകൾ ( രാം -ശ്യാം ) നാട്ടുകാർക്ക് എന്നും കൗതുകമായിരുന്നു. അവർ നടക്കുന്നത് ഒരു പ്രത്യേകരീതിയിലാണ്. ഒരാൾ മുന്നോട്ടു നടക്കുമ്പോൾ മറ്റെയാൾ അയാൾക്ക് സഹായകരമായ രീതിയിൽ ശരീരം ചലിപ്പിച്ചു കൂടെ നീങ്ങുന്നു.

അവർ തനതായി ശീലിച്ച ആ നടത്തശൈലി വളരെ ആകർഷകവും ചിട്ടയോടുകൂടിയതു മായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ രോഗബാധിതരാണ്. കൈകാലുകൾ ശോഷിക്കുന്ന രോഗം. ചികിത്സയിലും അവയ്ക്കു മാറ്റമില്ല.ഉന്നതചികിത്സ നേടാൻ ശേഷിയുമില്ല.

അരക്കെട്ടിനോടു ചേർന്ന ഭാഗമാണ് ഇരുവരെയും ഒന്നിപ്പിച്ചിരിക്കുന്നത്. വേർപെടുത്തുക അസാദ്ധ്യമാണ്. കൈകാലുകളും വയറും വെവ്വേറെയാണെങ്കിലും മലദ്വാരവും ,മൂത്രവിസർജ്ജനനാളിയും ഇരുവർക്കും പൊതുവായാണുള്ളത്. രണ്ടാളുടെയും ദിനചര്യകളും ആഹാരവും ഒരേപോലെയാണ്. വിശപ്പനുഭവപ്പെടുന്നതും ഒരു പോലെത്തന്നെ.

കാഴ്ചക്കാർക്ക് ഇവരോട് അനുകമ്പ തോന്നുമെങ്കിലും ഇവർക്ക് അതൊന്നും പ്രശ്നമല്ല. ഈ ജീവിതത്തിൽ വളരെ സന്തുഷ്ടരാണെന്നും മരണം വരെ തങ്ങൾ വേർപിരിയാനാഗ്രഹിക്കുന്നില്ലെന്നും അവർ പറയുന്നു. ഇവരിൽ മൂത്തയാളായ രാം ആണ് കൂടുതൽ കരുത്തൻ.

ഇവർക്ക് മൂന്നു സഹോദരങ്ങളും രണ്ടു സഹോദരിമാരും അമ്മയുമുണ്ട്.അവരാണ് ഇവരുടെ കാര്യങ്ങൾ നോക്കുന്നതും സംരക്ഷിക്കുന്നതും.പാട്ടും സംഗീതവും ക്രിക്കറ്റുമിഷ്ടപ്പെടുന്ന ഇവരുടെ ആരാധനാപാത്രം മഹേന്ദ്രസിംഗ് ധോണിയാണ്..രണ്ടാളുടെയും വസ്ത്രങ്ങൾ പോലെയാണ് മുഖഛായയും മുടിയുടെ കെട്ടും.

ചികിത്സയ്ക്കായി തൊട്ടടുത്ത സർക്കാരാശുപത്രിയിൽ നടന്നുപോയിരുന്ന അവർക്കിപ്പോൾ നടക്കാൻ വയ്യാത്ത അവസ്ഥയാണ്.ജില്ലാ അധികാരികൾ ഇടപെട്ടതിനെത്തുടർന്ന്‌ ആംബുലന്സിലാണ് ഇപ്പോൾ പോക്കും വരവും. ഏറെനാൾ ജീവിക്കാൻ കൊതിക്കുന്ന ഇവരുടെ ആരോഗ്യസ്ഥിതി ഇപ്പോൾ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. അവർക്കിനി നടക്കാൻ കഴിയില്ലെന്ന യാഥാർഥ്യം ഡോക്ടർമാർ രാമിന്റെയും ശ്യാമിന്റെയും ബന്ധുക്കളെ അറിയിച്ചുകഴിഞ്ഞു.

×